ദ്വൈതം

ഒറ്റക്കണ്ണന്‍ കാഴ്ചകളും
കരിനാക്കിന്‍ വാക്കുകളും ഭരിക്കും
അദ്വൈതത്തിന്‍ നാട്ടില്‍
നിന്നൊരുവന്‍ പോയി
ഡോക്ടറെ കാണുവാന്‍

“ഇടം കണ്ണു കാണുന്നതല്ല
വലം കണ്ണു കാണുന്നത്
ഇടം ചെവി കേള്‍ക്കാത്ത ഭൂഗര്‍ഭരോദനം
കേള്‍ക്കുന്നു വലം ചെവി..

കാഴ്ചകള്‍
പിളര്‍ന്നൊരുപടയണി കണ്‍കളില്‍,
വാക്കുകള്‍
‍പെരുമ്പാമ്പിന്‍ നാക്കുപോല്‍ കാതില്‍..


ആനയെ കാണുമ്പോഴവര്‍
‍തുമ്പി കാണിക്കുകയില്ല
തുമ്പില്‍ നീറും പക കാണിക്കുകയില്ല

കൊമ്പു കാണിക്കുന്നു
ചോരകാണിക്കുന്നു
മണ്ണോടു മണ്‍ചേര്‍ന്ന
കൂര കാണിക്കുന്നു

വലംകണ്ണുകാണുന്നു
കുറുമ്പെങ്കിലും വെറുപ്പിന്‍
പീരങ്കി നിറയ്ക്കും മുമ്പീയിടം
കണ്ണു കാണും തുമ്പിക്കയ്യിന്‍ വ്രണം.

ചതിതന്‍ കരി‌മരുന്നടക്കം
ചെയ്താരോ നല്‍കും
പ്രണയംനുണയുമ്പോഴാകാം
ചിതറിപ്പോയീപാവമെന്നശ്രു നിറയുന്നു

വലംകണ്ണു കാണുന്നതല്ല
ഇടം കണ്ണിന്‍ കാഴ്ച
വലം ചെവികേള്‍ക്കാത്തതിന്‍
‍പൊരുള്‍ കേള്‍ക്കുന്നിടം ചെവി

ഭൂഖണ്ഡങ്ങളിലഗ്നിയാടും
വിശപ്പുകാണുമ്പോഴൊറ്റക്കണ്ണന്‍
കാണാത്തതെന്തീയടുപ്പില്‍തിളക്കും
പട്ടിണിയെന്നുതേങ്ങുന്നിടം കണ്ണ് .
വലം കണ്ണോ ചിരിക്കുന്നു ..
പൂര്‍വദുഷ്കൃതം തന്നെ വിളയും
വയല്‍ക്കാഴ്ചയല്ലോയിതെന്ന് ..
വിതക്കുമ്പോളറിയണംഅരിവാളിന്‍
ശൈഥില്യമെന്ന് ..

വലം ചെവിയില്‍ സ്ഖലിക്കുന്നു
വികാരവൈവശ്യം
തുണിപറിച്ചെറിഞ്ഞമര്‍ത്തി
ക്കടിച്ചമറും സുരതസ്വരം
ഇടം ചെവിയിലോ കടല്‍..
ഒരുവെറും
ഗാന്ധിക്കായാത്മാവുവിറ്റതിന്‍
വിഷം കുടിച്ചുഴറും പെണ്മനം”

“നിര്‍ത്തുക ജല്‍പ്പനം
തുറക്കു വായെന്നു" ഡോക്ടര്‍
‍പിടിക്കുന്നു കവിളില്‍
വിരല്‍ കുത്തിത്താഴ്ത്തി

കണ്ണും കാതും മൂക്കുമൊക്കെ
നോക്കി ശുശ്രുതവീരന്‍മൊഴിഞ്ഞു
ദയാപൂര്‍വം.
“കുഴപ്പം ഇന്ദ്രിയങ്ങള്‍ക്കല്ലല്ലോ
സഹോദരാ-ഉള്ളിലിപ്പോഴും
മിടിക്കുന്നുണ്ടാ സാധനം
കാണിച്ചു നോക്കൂ ഹാര്‍ട്ടിന്‍
‍ഡോക്ടറെ വൈകാതെ”

സത്യമേവ ജയതേ.

രണ്ടാംക്ലാസില്‍
ഒരുകൊല്ലം കഴിഞ്ഞ്
ഒരവധിക്കാലവും കഴിഞ്ഞാല്‍
മൂന്നാംക്ലാസിലെന്ന അവന്റെ
തുഷാരഹൃദയത്തെ
“തോറ്റുപോയി നീ” എന്ന
സത്യത്തിന്റെ ചൂരല്‍കൊണ്ട്
ക്ലാസ് ടീച്ചര്‍ തല്ലിയുടച്ചു.
നിരാശയുടെ സ്ലേറ്റുകല്ലും ചുമന്ന്
അവന്‍ രണ്ടാം ക്ലാസിലെ
പിന്‍ബെഞ്ചിലേക്കൊരശ്രുബിന്ദുവായി.

എല്ലാജീവികളും വിശക്കുന്നവരും
വേദനിക്കുന്നവരുമാണെന്ന
അവന്റെ ആര്‍ദ്രതയെ തകര്‍ത്തത്
അച്ഛനായിരുന്നു.
“എല്ലാപട്ടികള്‍ക്കും പേയുണ്ടാകാം”
എന്ന സത്യത്തിന്റെ ചരല്‍‌വര്‍ഷിച്ച്,‍
നിലവിളിക്കുന്നൊരിടവഴിയില്‍നിന്ന്
അവന്‍ നെ‍ഞ്ചടക്കി കൊണ്ടുവന്ന
പട്ടിക്കുട്ടിയെ അയാള്‍
പെരുവഴിയിറക്കി.

ഓരോ പ്രണയവും
പൂവുപോലെ വിശുദ്ധമെന്ന താരള്യത്തില്‍‍
അവന്‍ വിരല്‍ പിന്‍‌വലിച്ചപ്പോള്‍
“എല്ലാപൂക്കളും കായാകുകയില്ല”
എന്നസത്യത്തിന്റെ വാതില്‍ തുറന്ന്
കാമുകി ഇറങ്ങിപ്പോയി.

ഒരു യുഗം വെയില്‍ കാഞ്ഞു കിടന്ന
ജീവബീജത്തിനുമേല്‍
പതിച്ചൊരമൃതവൃഷ്ടിയാണു
ജീവിതമെന്നവന്‍ കുളിര്‍ന്നപ്പോള്‍
“ആറിയകഞ്ഞി പഴങ്കഞ്ഞി”
എന്നചിരിയുടെ ഓപ്പണര്‍ കൊണ്ട്
ലഹരിയുടെ ചൂടുള്ള സത്യങ്ങള്‍
പൊട്ടിച്ചു, സൌഹൃദം.

ദൈവം അരൂപിയായ
ഒരു സ്നേഹമാപിനിയാണെന്ന
അവന്റെ ആദ്ധ്യാത്മികതക്കുമേല്‍
ഇപ്പോള്‍ ധനികരായ
ആള്‍ ദൈവങ്ങളുടെ സത്യം
ചെരുപ്പിട്ടു നടക്കുന്നു...

ആര്‍ക്കും വേണ്ടാത്ത ഒരു ഹൃദയം

സ്വപ്നക്ഷോഭത്തില്‍
ഉറക്കത്തിന്റെ പുരാഗോപുരം
വീണു.
ഉണരുമ്പോള്‍ ഞാനില്ല.
എന്റെ ഭൂതകാലം
അഴിച്ചുവച്ച മുഖക്കോപ്പുകള്‍
മാത്രം.
ഒരു വെറും തവളയെ എന്നപോലെ
എന്നെ വിഴുങ്ങിക്കളഞ്ഞ
എന്റെ നടവഴികള്‍
മാത്രം.
ഞാന്‍ ചുവരുകളില്‍
എന്നെ തടഞ്ഞു നോക്കി
ഇരുട്ടിന്റെ മുടിയിഴകള്‍
വകഞ്ഞുനോക്കി
എന്റെ ശ്വാസമോ ചൂടോ
ചൂരോ ഇല്ല
എവിടെപ്പോയി...
എവിടെപ്പോയി....
ആഴങ്ങളില്‍ ഒരു ഹൃദയം
മുറിഞ്ഞുതേങ്ങി...
ചുട്ടെടുത്തപ്പോള്‍ ‍കറുത്തുപോയ
മണ്‍പാത്രം പോലെ..
ആര്‍ക്കും വേണ്ടാത്ത
ഒരു ഹൃദയം.

പാലം കടക്കുമ്പോള്‍

എനിക്കും എനിക്കും
ഇടക്കുള്ള പാലം
തനിച്ചു കടക്കുമ്പോഴാണു
ഞാന്‍ അറിയുന്നത്
എന്റെ നിഴലിനെക്കാള്‍
ചെറുതാണു ഞാനെന്ന്.

എന്നെക്കാള്‍ വലുതും
എന്നെക്കാള്‍ ചെറുതുമായ
എത്രയോ പ്രതിബിംബങ്ങളുടെ
ഒരു പുഴയാണു ഞാനെന്ന്.

നടന്നിട്ടും തളര്‍ന്നിട്ടും
പാലം തീരാത്തതെന്തെന്നു
കുഴയുമ്പോഴാണ്
എനിക്കും എനിക്കും ഇടയിലേക്ക്
കടപുഴകി കിടക്കുന്നൊരു
ഞാന്‍ തന്നെയാണ്
പാലമെന്നറിയുന്നത്..

അഥകേന പ്രയുക്തോയം..

ഒരു ചെറുമന്‍
കറു കറുത്ത കുറുമന്‍
കയ്യില്‍ കാപ്പിരിക്കുഴലുള്ള
കന്നാലിചെറുക്കന്‍
അമ്പലം തീണ്ടാനെത്തി പോലും

ഒരു കുടുമന്‍
കുടവയറുള്ളവന്‍
ഒരുമുഴം നൂലില്‍ ബ്രഹ്മനെ
അളന്നവന്‍;പൂജാരി
അവനെത്തുരത്തിപോലും

ചിത്രത്തൂണിലെ കല്പ്രതിമകളും
അമ്പലമുറ്റത്തെ ചെന്തുളസികളും
നാണത്തില്‍ കുളിക്കവേ,അയാള്‍
അവന്‍‌റ്റെ നിഴല്‍ വീണിടവും
കഴുകിത്തെളിച്ചുപോലും

നിത്യവും അവന്‍‌റ്റെ പാട്ടേറ്റുപാടി
അഹമഴിയാന്‍ അകമഴിയുന്ന
പൂജാരി അറിഞ്ഞില്ലല്ലോ..
അവന്‍‌റ്റെ പാദപതനത്തില്‍
മണല്‍ത്തരികള്‍ കുളിര്‍ന്നതും..
പുല്‍ക്കൊടി പുഷ്പിച്ചതും..
അവന്‍‌റ്റെ കുഴല്‍പ്പാട്ടില്‍
പയ്ക്കള്‍ ചുരന്നതും..
അവന്‍‌റ്റെ മന്ദസ്മിതം
ചിദാകാശമായുണര്‍ന്നതും..

അമ്പലപ്രാവുകള്‍
ജീവനില്ലാ വിഗ്രഹത്തോടു
കുറുകി....
“അഥകേന പ്രയുക്തോ/യം
പാപം ചരതി പൂരുഷ:“

ഹ..കാക്കേ..

ചതിയുടെ കുളിരറിഞ്ഞ
ഒരു പുഴമീന്‍ ഒരിക്കല്‍
കാക്കയോടു പറഞ്ഞു...

ജനനതീയതി അറിയാത്ത
ഒരുപഴഞ്ചൊല്ലിന്‍‌റ്റെ
ഉല്‍പ്പത്തികാലം മുതല്‍
കൊക്കിലേക്കുള്ള
പരിണാമം കൊതിച്ച്
കുളിച്ചുകൊണ്ടേയിരിക്കുന്ന
കാക്കേ...
ഇരുട്ടുകടഞ്ഞെടുത്ത ഉടലും
ചതിയുടെ ഉലയൂതിയ
ചുഴിഞ്ഞ കണ്ണും,ഉറയൂരിയ
കഠാരപോലെ തുറിച്ച
ചുണ്ടുമുള്ള കള്ളനായ
കാക്കേ....
പകല്‍ വെളുപ്പുള്ള മിനുത്ത
മെയ്യും,തെച്ചിക്കുഴല്‍
പോലെ ചുവന്ന ചുണ്ടും,
ജ്ഞാനവൃദ്ധന്‍‌റ്റെ പ്രശാന്ത
മിഴികളുമുള്ള..
തപോരൂപിയായ
കൊക്കിനെക്കാള്‍
തമോരൂപിയായ
നീയല്ലോ നന്ന്...

ചോദ്യം

നന്നായി റിഹേഴ്സല്‍ ചെയ്ത്
അകവും പുറവും
അറിഞ്ഞാടുന്നവരുടെ സ്റ്റേജിലേക്ക്
കളിയും കഥയും അറിയാത്ത
ഒരുവനെ പൊടുന്നനെ
തള്ളിവിടുന്നതു നീതിയോ?
ആത്‌മാര്‍ത്ഥമായ അഭിനയവും
ആത്മാര്‍ത്ഥതയും തമ്മിലുള്ള
അതിര്‍ത്തിയറിയാതെ
ആശയക്കുഴപ്പത്തിന്‍‌റ്റെ
നോമാന്‍‌സ് ലാന്‍‌ഡില്‍
അയാള്‍ കുരങ്ങു കളിക്കുമ്പോള്‍
കാണികള്‍ക്കിടയിലിരുന്നു
കൂക്കിവിളിക്കുന്നതു നീതിയോ?
ഒടുവില്‍ കഥയറിഞ്ഞ്
അയാള്‍ കളിതുടങ്ങും മുമ്പ്
പരാജയത്തിന്‍‌റ്റെ ഭാരം മുഴുവന്‍
അയാളുടെ തലയില്‍ താങ്ങി
പകുതിയില്‍ തിരശീല വലിക്കുന്നതും
നീതിയൊ...?

അല്ലയോ സര്‍‌വ്വസമ്മതനായ
സംവിധായകാ അങ്ങയോടാണു
ചോദ്യം..!

എന്‍റ്റേത്‌

ഈ കാണുന്നതൊക്കെ
എന്‍റ്റേതായിരുന്നു..
ഈ വലിയ പുരയിടവും
തലയെടുപ്പുള്ള കൊട്ടാരവും..
അതിനുള്ളിലെ ഷോക്കേസില്‍
‍തിളങ്ങുന്ന പുരസ്കാരങ്ങളും..
അലമാരയുടെ അടിയില്‍,
എനിക്കു മാത്രം അറിയാവുന്ന
അറയില്‍,
ടാക്സു വെട്ടിച്ചു പൂഴ്ത്തിയ
നോട്ടുകെട്ടുകളും പണ്ടങ്ങളും....
ടൌണിലെ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌..
സിനിമാ തിയേറ്റര്‍..
പോളിടെക്നിക്‌, ആശുപത്രി..
----------------------
നിയമത്തിലുണ്ടായിരുന്നപ്പോള്‍
‍കണ്ണൊന്നടച്ചതിനു കിട്ടി
കോടികള്‍
‍നീതിയിലായപ്പോള്‍
ക്ണ്ണുതുറന്നതിനും
കോടികള്‍
‍പിന്നീടു "രാജ്യസേവനത്തിന്‍റ്റെ"
കാലത്തു'ചില്ലറ സഹായങ്ങള്‍'ക്കു
കിട്ടിയ'ചെറിയ ഉപഹാരങ്ങള്‍'..
--------------------------
കാടു കയറിയ നൂറേക്കര്‍..
പുഴയിറങ്ങിക്കോരിയതും,
മലയിടിച്ചു വാരിയതും,
ലക്ഷങ്ങള്‍
‍ബസുകള്‍, ലോറികള്‍, ജെസിബി..
പിന്നെ ആ പുതിയ ബെന്‍സ്‌,
അതിനു പിന്നിലെ ടൊയോട്ട,
അതാ ആ കാണുന്ന ഫോര്‍ഡ്‌...
ഹൊ...?
ഇപ്പോള്‍ എന്‍റ്റേതായി
എന്താണുള്ളത്‌..!
കത്തിത്തീരാന്‍ വൈകുന്ന
നെഞ്ചിന്‍ കൂടും
കരിപിടിച്ച ഈ കുഴിയും
കുറെ ചാരവും മാത്രം...

തെറ്റ്‌

ഞാന്‍ ഒരു തെറ്റാണ്‌ !
ശരിയായിട്ടെഴുതിയിടും
മുരടന്‍ വാദ്ധ്യാന്‍മാര്‍ മനപ്പൂര്‍വം
ചുവപ്പില്‍വളഞ്ഞിട്ട ഒരു വമ്പന്‍ തെറ്റ്‌ !
ശരിയാണെന്നുറപ്പുണ്ടായിട്ടും
പുനര്‍നിര്‍ണയത്തിനപേക്ഷിക്കാന്‍
‍തുനിഞ്ഞില്ല
ശരിയാണു ഞാനെന്നുറക്കെ
കരഞ്ഞില്ല
തെറ്റുകളിലേക്കുള്ള വഴിതുടങ്ങുന്നിടത്തു
ചത്തുകിടന്ന ശരികളെച്ചവുട്ടി
ഞാന്‍ മുന്നോട്ടു നടന്നു
ഒടുവില്‍ തെറ്റുകള്‍കൊണ്ടൊരു
ഘോഷയാത്ര തീര്‍ന്നപ്പൊള്‍
‍എന്നെ തിരുത്താന്‍വന്നവരെ
ഞാന്‍ ആട്ടിയോടിച്ചു
എന്‍റ്റെ തെറ്റുകള്‍ക്കു മാര്‍ക്കിടാന്‍
‍ഞാന്‍ ആരെയും അനുവദിച്ചില്ല
അതിലൊട്ടും പശ്ചാത്തപിച്ചില്ല
തെറ്റുകള്‍കൊണ്ടൊരു
മഹത്തായശരിയുടെ തത്വശാസ്ത്രം
ഞാന്‍ തീര്‍ത്തു..
ജീവിതം...!