മരണവീട്ടില്‍

സത്യത്തിന്റെ മരണവീട്ടില്‍
നുണകളെല്ലാം പോയിരുന്നു
കല്ലുവച്ചവരും,കണ്ണടവച്ചവരും..

എല്ലാവരും അച്ചടക്കത്തോടെ
വരിവച്ചുനിന്ന് വായ്ക്കരിയിട്ടു.
ശവദാഹവും പുലകുളിയുമൊക്കെ
കഴിഞ്ഞപ്പോള്‍
സത്യം മരിച്ചൊഴിഞ്ഞ ചാരുകസേരക്കു
ചുറ്റും അവരെല്ലാം യോഗം ചേര്‍ന്നു
“എന്താണ് അടുത്തകര്‍മ്മം?”
ഒരുവയറന്‍ നുണ- ചോദിച്ചു.
നാട്ടുനടപ്പനുസരിച്ചുനടക്കട്ടെ”
ഒരുവയസന്‍ നുണ- പറഞ്ഞു.
മരണവീട്ടില്‍നിന്നും പിരിഞ്ഞ്
ജീവിതത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക്
എത്തിച്ചേരേണ്ടതിന്റെ തിടുക്കത്തില്‍
എല്ലാനുണകളും സമ്മതം കുലുക്കി.
അവരെല്ലാം ചേര്‍ന്ന്
ഏറ്റവും തലമൂത്ത നുണയെ
ക്ഷൌരം ചെയ്യിച്ച് കുളിപ്പിച്ചൊരുക്കി
അനാദിയായ ചാരുകസേരയിലേക്ക്
മെല്ലെ പ്രതിഷ്ഠിച്ചു.
വിപ്ലവകാരികളായ നുണകള്‍
ലാല്‍‌സലാം മുഴക്കി
ജനാധിപത്യക്കാരായവര്‍
ചൂണ്ടുവിരലില്‍ കുറിയിട്ടു.
പെണ്‍നുണകള്‍
പുതിയ സ്ഥാനാരോഹണം ഘോഷിച്ച്
കുരവയിട്ടു.
നിത്യവിശ്രമത്തിന്റെ ചാരുകസേരയിലേക്ക്
ചാഞ്ഞുകൊണ്ട് കാരണവന്‍ നുണ,
പ്രസ്താവിച്ചു .
“അഹം ബ്രഹ്മാസ്മി”
സംസ്ക്രിതം അറിയാത്ത അല്പഞ്ജാനികളായ
കുട്ടിനുണകള്‍കായി ഒരുപണ്ഡിതന്‍ നുണ
തര്‍ജ്ജമചെയ്തു.
“ഞാന്‍ സത്യമാകുന്നു”