അള്‍ഷിമേഴ്സ്

ഇന്ന് ഇട്ടുപോകാനായി
ഇന്നലെ കണ്ടുവച്ച സോക്സ്
ഇപ്പോള്‍ കാണുന്നില്ല.

എന്നെ പറ്റിക്കാന്‍
എവിടെയോ ഒളിച്ചിരിക്കുകയാകും

ചില നേരങ്ങളില്‍
റ്റൂത്ത്പേസ്റ്റും ഷേവിങ്ങ് ബ്രഷുമൊക്കെ
എന്നെയിങ്ങനെ കളിപ്പിക്കും

പേന,കടലാസുകള്‍,
പുസ്തകങ്ങള്‍,കവിത.....
അയ്യോ.....
എന്നെ കളിപ്പിച്ചുരസിക്കുന്നവയുടെ
ഒരു പട്ടികതന്നെയുണ്ട്.

ചിലപ്പോള്‍ വെറും നാലോ അഞ്ചോ
അക്ഷരങ്ങളുള്ള എന്റെ പേര്
തലച്ചോറിന്റെ വെയിലുവീഴാത്ത
മടക്കുകളിലെവിടെയെങ്കിലും
പോയൊളിക്കും....

ആളുകളുടെ മുമ്പില്‍ വച്ച്
എനിക്കവനെ തേടിത്തിരഞ്ഞു
പോകാനാകുമോ....?

പേരെന്തെന്ന
അവരുടെ ചോദ്യത്തിനു മുന്നില്‍
മൌനത്തിന്റെ ചുട്ടികുത്തിയ
കോമാളിയായി ഞാന്‍ നിന്നു പരുങ്ങും...

“അതെന്താ പേരില്ലേ ?”
അവര്‍ ചിരിക്കും.

ആരോടെങ്കിലും പറഞ്ഞാല്‍
അവര്‍ പേടിപ്പിക്കും
അള്‍ഷിമേഴ്സ്...

ഓ..ഒന്നുമല്ല...
എനിക്കറിയാം
എന്റെ താന്തോന്നിത്തം പകര്‍ന്നുകിട്ടിയ
മൂര്‍ത്തവും അമൂര്‍ത്തവുമായ വസ്തുതകളുടെ
തെമ്മാടിക്കളിയാണിതെന്ന്...

അല്ലെങ്കില്‍‌പിന്നെ
ഉറങ്ങാന്‍ കിടക്കുമ്പോള്‍
മൂട്ടകള്‍ വരുന്നപോലെ
എവിടുന്നു വരുന്നു ഓര്‍മ്മക്കൂട്ടം.

ആദ്യം സ്കൂളില്‍ പോയ ദിവസം
ആദ്യം കണ്ട സിനിമ
ആദ്യം കിട്ടിയ കിഴുക്ക്
ആദ്യം കിട്ടിയ ആനമുട്ട...

എന്റമ്മേ..
ആദ്യം ചുമ്പിച്ച കടലില്‍
എത്ര തിരകളുയര്‍ന്നെന്നു വരെ
ഓര്‍മ്മ വരും....