വിത്തിന്റെ പാട്ട്

മുളയ്ക്കുകില്ല ഞാന്‍
വിതച്ചതില്ലെന്നെ
മെതിച്ചിരിക്കുന്നു
പുഴുക്കല്‍ പായയില്‍

മൊരിഞ്ഞവേനലില്‍
‍കരിഞ്ഞുപോകാനോ
തിരഞ്ഞതെന്‍ മനം
അരിവാ‍ളുള്ള കൈ !
എനിക്കുസ്വന്തമാ-
യൊരു തരിമണ്ണു-
മൊരു വസന്തവും
കൊതിച്ചതല്ലെ ഞാന്‍ !

എനിക്കുമുണ്ടുള്ളില്‍
‍നനഞ്ഞൊരു സൂര്യന്‍
‍ചിരിക്കുമ്പോള്‍ മുഖം
തുടുക്കുന്ന ചന്ദ്രന്‍
നടക്കുമ്പോള്‍ പാദം
പുതയുന്ന വഴി
എനിക്കു സ്വന്തമാ-
യൊരു വയല്‍ പക്ഷി,
പാടും മരത്തണല്‍.....

കിനാവുകാണുവാന്‍
‍മറന്നതല്ലഞാന്‍
കിനാവിനെ വലി-
ച്ചെറിഞ്ഞതല്ലെ ഞാ-
നെനിക്കെന്റെ ഭാഷ
എനിക്കെന്റെ മണം
എനിക്കെന്റെ ചോര
ചുരത്തിനേടണം
എനിക്കൊരു വയല്‍,
മുളക്കണം,പൂത്തു-
ജ്വലിക്കണം
എനിക്കു ഞാനായ്
മരിക്കണമെന്നു
പിടഞ്ഞതല്ലെ ഞാന്‍.

ഒരു കതിരിന്റെ
തലയ്ക്കലിങ്ങനെ
പതിരുകള്‍ക്കിടെ
നിലച്ചുപോകുമെ-
ന്നുഴന്നു ഞാനാര്‍ത്തു
വിളിച്ചതല്ലയോ
അരിവാളിന്‍ മൂര്‍ച്ച
കൊതിച്ചതല്ലയോ

അനന്തമായൊരീ
ചുടലപ്പായയില്‍
‍മെതിക്കുവാനാണോ
അറുത്തെടുത്തെന്നെ
ചുമന്നുവന്നു വന്നു
നീകടുത്ത കാലമേ...

ഉറച്ചമണ്ണിലേ-
ക്കുഴുതു പോകുവാ-
നൊളിച്ചുവച്ച വേരു-
ണങ്ങിപ്പോകുന്നു
വരണ്ടകാറ്റിലേക്കു-
യര്‍ത്തിവീശുവാ-
നിരുന്ന പച്ചപ്പുമു-
ണങ്ങിപ്പോകുന്നു
കൊടും ശിശിരത്തില്‍
‍നിറഞ്ഞുപൂക്കുവാ-
നമര്‍ത്തിവച്ചവാക്കു-
ണങ്ങിപ്പോകുന്നു...

ഉണങ്ങിപ്പോകട്ടെ
ഉറവുകളെല്ലാം
ഉണങ്ങിപ്പോകട്ടെ
ഉയിരിന്‍ വേദന
ഉണങ്ങുവാനൊന്നു-
മിനിയില്ലായെന്നു
മുറങ്ങള്‍ വന്നെന്നെ-
ക്കൊഴിച്ചെടുക്കട്ടെ

ഉണങ്ങിയെത്തണം
എനിക്കിനി നിന്റെ
ചുവട്ടില്‍ നിന്നുകൊ-
ണ്ടെരിഞ്ഞു തീരണം
കറുത്ത കാലമേ-
വെറുപ്പിന്‍ ജ്വാലയില്‍
തപിച്ചുകൊണ്ടെനി-
ക്കുമിത്തീയായ് നിന്നെ
യെരിച്ചു തീര്‍ക്കണം.

മരിച്ചവന്‍

കണ്ണുകളിങ്ങനെ
തുറിച്ചു നോക്കിയാല്‍
ഇനിയും കാണാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
കണ്ടുകൊള്ളാമെന്നാണു ഭാവം

നാവിനെയിത്രയും
തള്ളിപ്പുറത്തിട്ടാല്‍
ഇനിയും രുചിക്കാനുള്ളതൊക്കെ
ഈ നിമിഷം കൊണ്ട്
രുചിച്ചുകൊള്ളാമെന്നും കാണും

കൈകളിങ്ങനെ
വിടര്‍ത്തിയള്ളിയാല്‍
ഇതുവരെ കിട്ടാത്തതെല്ലാം
ഈ നിമിഷം കൊണ്ട്
നേടിക്കോള്ളാമെന്നുമുണ്ടാകും.

ജീവിച്ചിരിക്കുമ്പോള്‍
‍ചത്തുപോകാനും
ചത്തുപോകുമ്പോള്‍
‍ജീവിച്ചിരിക്കാനും
കൊതിച്ചു ചാഞ്ചാടും
വിചിത്ര ജീവിയീശവം.

മറ്റൊരുയുഗം

സുഹൃത്തേ
വിനിമയങ്ങളുടെ
അന്തരാളഘട്ടം
കഴിഞ്ഞുപോയോ?
മറ്റൊരു യുഗത്തിനെ
പെറ്റുവോ ഈ ആശുപത്രി ?

നോക്കൂ
ചുണ്ടുകള്‍ മാത്രമല്ലേ
നമുക്കുള്ളു !
കാതുകള്‍
പരിണാമത്തില്‍
നഷ്ടമായിരിക്കുന്നില്ലേ!

വിനിമയം
ചെയ്യാനാവാത്ത
ആശയങ്ങളുടെ
വിരുദ്ധ സമുദ്രങ്ങളായി
വിങ്ങുന്നതു
നമ്മളല്ലേ !

കണ്ടെത്തപ്പെടാത്ത
കപ്പല്‍ച്ചാലുകളായി
വാസ്കോഡഗാമയെ
കാത്തുകിടക്കുന്നത്
നമ്മളല്ലേ!

സുഹൃത്തേ
നീയവിടെ നിന്ന്
പറയുന്നതെല്ലാം
എന്നെ കേള്‍പ്പിക്കാനാണോ?
നിന്റെ ആശയങ്ങള്‍
‍അതിന്റെ സൗന്ദര്യം
ഹാ.!,ആസ്വദിക്കുകയല്ലെ നീ !

സുഹൃത്തേ
ഞാനിവിടെ നിന്ന്
പറയുന്നതെല്ലാം
നിന്നെ ക്കേള്‍പ്പിക്കാനാണോ?
എന്റെ വാചകങ്ങള്‍
‍അതിന്റെ സൗന്ദര്യം
ഹാ.!,ആസ്വദിക്കുകയല്ലെ ഞാന്‍ !

ഇന്നുമിപ്പൊഴും

കയ്യേ കയ്യേ നീയെന്റെ
വായെ പൊത്തല്ലെ
ഞാനൊന്നുറക്കെ
പറഞ്ഞോട്ടെ
ഞാനുമുണ്ടിവിടെ-
യെന്നവരറിഞ്ഞോട്ടെ

കാലേ കാലേ നീയെന്നെ
വലിച്ചുകൊണ്ടോടല്ലെ
ഞാനുമീ മണ്ണി-
ലൊന്നുറച്ചു നിന്നോട്ടെ
അവരെന്നെയും
പറിച്ചങ്ങെറിഞ്ഞോട്ടെ

കണ്ണേ കണ്ണേ നീയെന്റെ
കാഴ്ചയില്‍ കണ്ണീരൊഴുക്കല്ലേ
കണ്ടുതന്നെയെല്ലാം
ഞാനറിഞ്ഞോട്ടെ
അവര്‍ വന്നെന്റെ കാഴ്ചയും
കുത്തിപ്പൊടിച്ചോട്ടെ

നാവേ നാവേ നീയെന്റെ
ശബ്ദങ്ങളെ പാടി-
ക്കിടത്തിയുറക്കല്ലെ
ഈണമില്ലാതെ
ഞാനൊന്നുറക്കെ കൂക്കട്ടെ
അവര്‍ എന്റെശബ്ദങ്ങളും
പിഴുതെടുത്തോട്ടെ

എന്റെ ജീവനായ്
മരണവെപ്രാളപ്പെടും
പാവം ശരീരമേ
മരിക്കും വരെയീ
കുപ്പത്തൊട്ടിയില്‍
‍നീ ഒളിച്ചിരിക്കല്ലെ
എന്നെ ഒളിപ്പിച്ചിരുത്തല്ലെ

ഞാനുമിവിടെ-
യൊന്നുണ്ടായിരുന്നോട്ടെ
ഇന്നുമിപ്പൊഴും
ഉണ്ടായിരുന്നോട്ടെ.....

കരയാനാകുന്നില്ല

പെയ്യാനായിട്ടല്ല
എല്ലാ മേഘങ്ങളും
ഉണ്ടാകുന്നത്

വെറുതേ
കുന്നുകള്‍ക്ക് മുകളില്‍
കെട്ടിക്കിടക്കാനും
അസ്തമയങ്ങളെ
ചുവപ്പിക്കാനുമായി
അതിനെ സൃഷ്ടിക്കുന്നതാര്?

പെയ്യാനാകുമായിരുന്നെങ്കില്‍
‍അതിങ്ങനെ
പൂവില്‍നിന്നും നിന്നും
പൊഴിഞ്ഞു പോയ
ഇതളു പോലെ
അനാഥമായി
പറന്നു നടക്കുമായിരുന്നില്ല.

പെയ്യുന്നതിനു മുന്‍പ്
അതിനെയിങ്ങനെ
ഊതിക്കളിക്കുന്നതാര്?


ചൈനീസ് പാവ

വളരെ ക്ഷീണിതനായിരുന്നു ചന്ദ്രദാസ് അന്ന്.ദൂരെനിന്നും ബസ് വരുന്നതും കാത്തുനില്‍ക്കുകയായിരുന്നു അയാള്‍.ഒന്ന് ഇരുന്നുകളയാമെന്നു കരുതി വെയിറ്റിം‌ഗ് ഷെഡ്ഡിനുള്ളിലേക്കു നോക്കുമ്പോഴാണ് അയാളുടെ കണ്ണില്‍ അത് ചെന്നുപെട്ടത്.ഒരു കൊച്ചു കളിപ്പാവ.അയാള്‍ ഇവിടെവരുന്നതിനു തൊട്ടു മുന്‍‌പ് ഏതോ ബസ് കടന്നുപോയിട്ടുണ്ടാകണം.ബസ് സ്റ്റോപ്പില്‍ തിരക്കില്ല്ല ആകെയുള്ളത് അയാളും രോമം കൊഴിഞ്ഞ് വൃഷണം വലിഞ്ഞു തൂങ്ങി തറയില്‍ മലര്‍ന്നു കിടന്ന് ഈച്ചപിടിക്കുന്ന ഒരു നായയും ആളുപോയ തക്കത്തിന് ഇരിപ്പുബഞ്ചില്‍ തൂറിയിടാനെത്തിയ കാക്കകളും പിന്നെ ആ പാവയും മാത്രം.

ആരോ വാങ്ങിവച്ച് വീട്ടിലേക്ക്പോകാന്‍ ബസ് കാത്തിരുന്നതാവണം ബസ് വന്നപ്പോള്‍ മറന്നു വച്ചിട്ടുപോയതായിരിക്കും.നല്ല ഭം‌ഗിയുള്ള കണ്ണുകള്‍, സ്വര്‍ണത്തലമുടി, പളുങ്കുപോലെയുള്ള മിനുത്ത ശരീരം... എന്തായാലും പത്തുനൂറു രൂപയെങ്കിലും ആയിട്ടുണ്ടാകും പാവത്തിന്.ചന്ദ്ര ദാസ് ചുറ്റും നോക്കി ആരും ഇല്ല.അതിന്റെ ഉടമ ഇതിനകം ഏതോ ബസില്‍ കയറി ഏതോ ദൂരത്ത് എത്തിയിട്ടുണ്ടാകും .അയാള്‍ തിരക്കിവരുന്നതുവരെ അത് ഇവിടെ ഇരിക്കുമെന്ന് യാതൊരുറപ്പുമില്ല.അയാള്‍ ആരെന്നും എന്തെന്നും അറിയാതെ അയാളെ തിരഞ്ഞു പോകാനും കഴിയില്ല തന്നെക്കൊണ്ട്.അപ്പോള്‍ പിന്നെ തനിക്കു ചെയ്യാവുന്ന ഒരേ ഒരു സല്‍ക്കര്‍മ്മം അതിനെ ദാ ഇങ്ങനെ മെല്ലെയെടുത്ത് തന്റെ ഓഫ്ഫീസ് ബാഗിന്റെ ഉള്ളില്‍ ഭദ്രമായി വയ്ക്കുക എന്നതു തന്നെ.

ബസ്സിനുള്ളില്‍ തിങ്ങി ഞെരുങ്ങി നില്‍ക്കുമ്പോളാണ് പാവയ്ക്ക് നിലവിളിക്കാനുള്ള കഴിവുകൂടിയുണ്ടെന്ന് ചന്ദ്രദാസ് മനസ്സിലാക്കിയത്.അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.കുറെ നാളായി മകള്‍ പറയുന്നു അച്ഛാ ഒരു പാവ വാങ്ങിത്തരൂ എന്ന്.അതുകേള്‍ക്കുമ്പോഴൊക്കെ അയാള്‍ പറയും മോളൂ ഈ പാവയിലൊക്കെ വിഷമാ.എല്ലാം ചൈനയില്‍ നിന്നു വരുന്നതല്ലേ അതിന്റെ പുറത്തെ പെയിന്റില്‍ ഉമ്മാക്കിയുണ്ട്....അയാളുടെ അടവുണ്ടോ അവളുടെ അടുത്തു നടക്കുന്നു.അവള്‍ കരയാന്‍ തുടങ്ങും അപ്പോള്‍ അയാള്‍ പതിയെ അവളെ മടിയിലേക്കിരുത്തും കൊഞ്ചിച്ച് കൊഞ്ചിച്ച് ചിരിപ്പിക്കും.അപ്പോളും അവള്‍ പറയും അച്ചാ എനിക്ക് ഒരു പാവ വാങ്ങിത്തരൂ...അയാള്‍ പറയും വാങ്ങിത്താരാം നാളെയാവട്ടെ..അച്ഛനു ശമ്പളം കിട്ടട്ടെ...നാളെകള്‍ ഒരുപാടു കഴിഞ്ഞു ശമ്പളങ്ങളും ഒരുപാടു കിട്ടി.അവള്‍ക്ക് പാവമാത്രം വാങ്ങിക്കൊടുത്തില്ല.അയാള്‍ തന്റെ പിശുക്കിനെക്കുറിച്ച് ചിലപ്പോഴൊക്കെ അങ്ങനെ അവജ്ഞയോടെ ഓര്‍ക്കാറുണ്ട്.ചെറിയ ചെറിയ കാര്യങ്ങള്‍ക്കുള്ള പിശുക്ക്.അതുകൊണ്ട് അയാള്‍ ഒന്നും സമ്പാദിക്കുകയില്ലെന്നറിയാമെങ്കിലും അതൊരു ശീലമായി വളര്‍ന്നു പോയി...
കീയ് കീയോ....
പാവയുടെ വിളിയാണ്.ആരോ ബസിന്റെ തിക്കിത്തിരക്കിനിടയില്‍ ബാഗിന്റെ പുറത്തു ചാരിയതാണ്.നല്ല ശബ്ദം. അയാള്‍ ചിന്തിച്ചു..... മകള്‍ക്കെന്തായാലും ഇന്നു സന്തോഷമാകും.ഇങ്ങനെ ആരുടെയെങ്കിലും സാധനങ്ങള്‍ സ്വന്തമാക്കുന്നത് ഒരു നല്ല ശീലമല്ല അയാള്‍ ഓര്‍ത്തു.പാവം ആരോ കൊതിച്ചു വാങ്ങിയതാകും.ഒരു നിമിഷത്തെ മറവി കൊണ്ട് അവര്‍ക്കത് നഷ്ടമായി.അത് തന്റെ നേട്ടവും ആയി.ധാര്‍മ്മികമായി അത് ശരിയല്ല.മറ്റൊരാളിന്റെ നഷ്ടത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നത് കുടിലമാണ് അയാള്‍ക്ക് അവജ്ഞ തോന്നി...ഒരിക്കല്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പത്തുരൂപാ നോട്ടും പൊക്കിപ്പിടിച്ച് നാടുമുഴുവന്‍ അന്വേഷണം നടത്തിയ ചന്ദ്രദാസ് എവിടെ പോയി..?അന്ന് തനിക്ക് ഇരുപതുവയസ്സോ മറ്റോ കാണും.ഒരു പക്ഷേ മനുഷ്യനു പ്രായം കൂടുന്തോറും വലിയമരങ്ങളുടെ പുറംതൊലി ഇളകി പോകുന്ന പോലെ ആദര്‍ശം പടം‌പൊഴിക്കുമായിരിക്കും...അയാള്‍ക്ക് തോന്നി. ഉള്ളില്‍ ഒരു വല്ലാത്ത നഗ്നതയുടെ നാണം അയാളെ പൊതിഞ്ഞു.പക്ഷേ “നാണവും വച്ചിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല“ അയാള്‍ അച്ചന്റെ വാക്കുകള്‍ ഓര്‍ത്തു.

പെട്ടെന്നാണ് യാതൊരു സാധ്യതയുമില്ലാത്തവിധം തിങ്ങി ഞെരുങ്ങിയിരുന്ന ബസിനുള്ളില്‍ അയാള്‍ക്ക് ഒരു സീറ്റുകിട്ടിയത്.അയാള്‍ സ്വപ്നം കണ്ടുകൊണ്ട്‌ ചാരിനിന്ന സീറ്റില്‍ നിന്നും ഒരുയാത്രക്കാരന്‍ അയാളെ തള്ളിക്കൊണ്ടു പറഞ്ഞു.അങ്ങോട്ടു നീങ്ങി നിന്നേ ഒന്നിറങ്ങട്ടേ.ചന്ദ്രദാസ് സന്തോഷവും നന്ദിയും കലര്‍ന്ന ഒരു പുഞ്ചിരിയോടെ സീറ്റിനിടയിലുള്ള സ്ഥലത്തേക്ക് ഞെരുങ്ങിക്കയറി.ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ നിന്നും വളരെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.ഇരുന്നു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് പാവയെ ഒന്നു കയ്യിലെടുത്ത് വ്യക്തമായി കാണാന്‍ കൊതിയായി.നല്ല ഭം‌ഗി! ചന്ദ്ര ദാസ് ബാഗുതുറന്ന് പാവയെ പുറത്തെടുത്ത് തിരിച്ചും മറിച്ചും നോക്കി.അപ്പോഴാണ് അടുത്തിരിക്കുന്ന ആളുടെ നോട്ടം അയാള്‍ ശ്രദ്ധിച്ചത്.വല്ലാത്ത ചമ്മലോടെ ഒരു അയഞ്ഞചിരി ചുണ്ടിനു തുമ്പില്‍തൂക്കിക്കൊണ്ട് പാവയെ ഉള്ളില്‍ വയ്ക്കാന്‍ തുടങ്ങിയതായിരുന്നു ചന്ദ്രദാസ്.പൊടുന്നനെയാണ് അപരിചിതനായ ആ മനുഷ്യന്‍ ചിരപരിചിതനെ പോലെ ചിരിച്ചുകൊണ്ട് പാവയെ പിടിച്ചു പറിക്കുമ്പോലെ കയ്ക്കലാക്കിയത്.
പത്ത് മുന്നൂറു രൂപായായോ..?
അയാള്‍ പാവയുടെ ചന്തം നോക്കുകയാണ്.ചന്ദ്ര ദാസ് ഒന്നുകൂടി പരുങ്ങി.
ആ..ആ..
ആണെന്നോ അല്ലെന്നോ പറയാതെ ആയില്‍ മാത്രം ചന്ദ്രദാസ്‌ മറുപടി ഒതുക്കിയപ്പോള്‍.അപരിചിതന്‍ ചിരിച്ചു.
എല്ലാം ചുമ്മാ പറ്റിപ്പാണെന്നേ... ചൈനീസ്.രണ്ടു ദിവസം കഴിയുമ്പോള്‍ പൂയും...
അയാള്‍ പൊട്ടിച്ചിരിച്ചു.ചന്ദ്രദാസ് തല കുലുക്കി..
കീയ്..കീയോ...
അയാളുടെ വിരലുകള്‍ പാവയുടെ വയറില്‍ പതിഞ്ഞപ്പോള്‍ അതു വീണ്ടും നില വിളിച്ചു.ആളുകളെല്ലാം നോക്കുന്നു.ചന്ദ്രദാസ്സിന് ചമ്മല്‍ കൂടി.പുറത്തെടുക്കണ്ടായിരുന്നു..അയാള്‍ കരുതി.പറഞ്ഞിട്ടെന്തെങ്കിലും കാര്യമുണ്ടോ പോയബുദ്ധിയെ പിടിക്കാന്‍ ആനക്കും പറ്റില്ലെന്നല്ലേ ചൊല്ല്.അപ്പോഴേക്കും മറ്റൊരു കൈകൂടി പാവയുടെ നേര്‍ക്കു നീണ്ടുവരുന്നത് കണ്ടു.
എത്ര രൂപായായി..?
ചന്ദ്രദാസ് പാവയില്‍ കൈവയ്ക്കുന്നതിനു മുന്‍പേ അപരന്‍ അതു വാങ്ങിക്കഴിഞ്ഞിരുന്നു.അയാളുടെ ചോദ്യത്തിനു മറുപടി പറയാന്‍ ചന്ദ്ര ദാസ് നാവുയര്‍ത്തുന്നതിനു മുന്നേ വന്നു അരികിലിരിക്കുകയായിരുന്ന അപരിചിതന്റെ ഉത്തരം
പത്തു നാനൂറു രൂപാ ആയിക്കാണും...
ചൈനീസ് ആണ് അല്ലിയോ..?
ഉം...
ചന്ദ്രദാസിനു കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല.ബസിനുള്ളിലെ എല്ലാ ആളുകളുടെയും ശ്രദ്ധ ഇപ്പോള്‍ പാവയ്ക്കു മേലാണ്.
കീയോ കീയോ...
അതിന്റെ ശബ്ദം ഓരോ വിരലുകളുടെയും മര്‍ദ്ദത്തിനനുസ്സരിച്ച് വ്യത്യാസപ്പെടുത്തിക്കൊണ്ട് അത് നിലവിളിക്കുന്നു.ചന്ദ്രദാസിന് ചാടിയെണീറ്റ് അവരുടെ കയ്യില്‍ നിന്നും അതു പിടിച്ചുവാങ്ങി ബാഗില്‍ വയ്ക്കണമെന്നുണ്ടായിരുന്നു.പക്ഷേ ആരെങ്കിലും അത് തന്റെയാണോ എന്നു കടുപ്പിച്ചു ചോദിച്ചാല്‍ എന്തു പറയും.ചന്ദ്രദാസ് കുഴങ്ങി.അയാള്‍ അപേക്ഷാഭാവത്തില്‍ അടുത്തിരുന്ന ആളെനോക്കി അയാളാണെങ്കില്‍ തനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍ ഉറക്കം തൂങ്ങുന്നു.ചന്ദ്രദാസ് നിരാശയോടെ തിരിഞ്ഞു. പാവയെ കാണാനേയില്ല.അതിന്റെ ശബ്ദം മാത്രം കേള്‍ക്കാം.ഇപ്പോഴാണെങ്കില്‍ അടുത്തമുറിയിലെ ടി.വിയില്‍ ബലാത്സം‌ഗസീനുകള്‍ വരുമ്പോള്‍ കേള്‍ക്കുന്ന മാതിരിയായിട്ടുണ്ട് അത്. എന്നെ വിടൂ..എന്നെ വിടൂ.....
പാവം പാവ, അതു നില വിളിക്കുന്നു.ചന്ദ്രദാസിന് എണീറ്റുപോയി അതിനെ രക്ഷിച്ച്കൊണ്ടുപോരണമെന്നുണ്ട്.മനസ്സുപോര.ഉറപ്പില്ല.ചിലപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഉടമയോടായിരിക്കും താന്‍ ചെന്ന് അതിനുവേണ്ടി വഴക്കിടുന്നത്.പോയതു പോയി.തിരിച്ചെത്തുകയാണെങ്കില്‍ എത്തട്ടെ അയാള്‍ സ്വയം ശപിച്ചുകൊണ്ട് ബാഗും മടിയില്‍ വച്ച് പുറത്തേക്ക് നോക്കിയിരുപ്പായി...പതിയെ കണ്ണുകള്‍ അടഞ്ഞുതുടങ്ങി.ക്ഷീണം....ക്ഷീണംകൊണ്ട് അയാള്‍ മയങ്ങിപ്പോയി....മയക്കത്തില്‍ അയാള്‍ നീണ്ടുവളഞ്ഞു പാമ്പിനെ പോലെ ഒഴുകുന്ന ബസ്സിനേയും അതു നിറയെ പാവകളേയും സ്വപ്നം കണ്ടു.പാവകള്‍ എന്തോ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.കീയൊ കീയൊ എന്നല്ല.അയാള്‍ കാതോര്‍ത്തു അവര്‍ ഏതോ പഴയ മുദ്രാവാക്യം വിളിക്കുകയാണെന്ന് തോന്നി.പെട്ടെന്ന് അയാള്‍ ഞെട്ടിയുണര്‍ന്നു. സ്ഥലം കഴിഞ്ഞോ.അയാള്‍ പുറത്തേക്കു നോക്കി അപരിചിതമായ സ്ഥലം.ഒന്നും മനസ്സിലാകാതെ ചന്ദ്രദാസ് കണ്ണു തിരുമ്മി.മഞ്ഞുവീണു കിടക്കുന്ന മലനിരകള്‍.അയാള്‍ തണുത്തു വിറച്ചു.
അയ്യോ ഇറങ്ങണം.എന്നെ ഇറക്കിവിടൂ.....
അയാള്‍ വിളിച്ചുപറഞ്ഞു.
ഇനി അടുത്ത സ്റ്റോപ്പിലേ നിര്‍ത്തൂ......
അടുത്തിരുന്നയാളുടെ ശബ്ദം. ചന്ദ്രദാസ് വമ്പിച്ച അങ്കലാപ്പോടെ ചാടിയെണീറ്റു. റോഡിനു വശത്തായി ചപ്പമൂക്കുള്ള കുറേ പട്ടാളക്കാരെ അയാള്‍ കണ്ടു.തോക്കുകളും പിടിച്ച് അവര്‍ തന്നെ ചുഴിഞ്ഞു നോക്കുന്നു.
എനിക്കിറങ്ങണം എന്റെ സ്ഥലം കഴിഞ്ഞു എന്നെ ഇറക്കി വിടൂ.
ചന്ദ്രദാസ് ഉറക്കെ വിളിച്ചു.ഒരു കൂട്ടച്ചിരി ഉയരുന്നത് കണ്ട് അയാള്‍ ബസിനുള്ളിലേക്കു നോക്കി.നിറയെ പാവകള്‍ .......ചൈനീസ് പാവകള്‍...........
കണ്ടക്ടറേ......!!!
അയാള്‍ വിളിച്ചുകൊണ്ട് തിരിഞ്ഞുനോക്കി.കണ്ടക്ടര്‍ സീറ്റില്‍ തന്റെ കയ്യില്‍ നിന്നും പോയ പാവയെ അയാള്‍ കണ്ടു.ചുണ്ടില്‍ വിസിലുമായി ........

പെടയാട്ടം



പറക്കാനറിയില്ല
പറന്നാലൊട്ടാകാശം മുട്ടുകയില്ല
ചിറകുള്ളതു വെറുതേ കുഴലിന്നു താളം വയ്ക്കാന്‍....

പൂക്കാനറിയില്ല
കായ്ക്കയുമില്ല
പൂവെന്ന പേരുള്ളതു പോരില്‍ ‍
കൊത്തിക്കുടയാന്‍ ചോരത്തൊപ്പി...

കാമരൂപനാണത്രേ !
സൂത്രങ്ങളറിയില്ല
നൊടിനേരത്തെ സുരതം
നേടുവാനോടുന്നു ലോകം ചുറ്റി...

അറിവും നിനക്കില്ല...
കൊത്തിക്കൊടുത്തും
കുറുകിരക്ഷിച്ചും നീ
വളര്‍ത്തുന്നതും കണ്ടാലറിയില്ല...

നിനക്കുള്ളതെന്താണെന്ന് അറിയാം
നിനക്കൊഴിച്ചെല്ലാവര്‍ക്കും
ചവിട്ടാന്‍ തുടങ്ങിയാല്‍
കുറയും കനം മാത്രം,
പനിക്കും പരാധീനതക്കും
ഉഴിയാന്‍ നേര്‍ച്ചപ്പാത്രം....

ഉണരാത്തവരെക്കൂടി
കൂക്കിയുണര്‍ത്തി നീ
എന്തിനു തുടരുന്നു
ദിനവും പെടയാട്ടം..!

ചരിത്രം

പൂവുകള്‍ക്കു മുന്നില്‍ വച്ച്
പച്ചിലകള്‍
പൂമ്പാറ്റയെ നോക്കി പറയും
“ഇവന്റെയൊക്കെ ചരിത്രം ഞങ്ങള്‍ക്കറിയാം !”
ആ ഒറ്റ വരി പ്രസ്താവനയില്‍
പൂമ്പാറ്റ ചിറകടര്‍ന്നു മണ്ണില്‍പ്പതിക്കും....

കരളുടച്ച കരികലക്കി
പുഴു കവിതയെഴുതാന്‍ തുടങ്ങും.

പ്രസാധകര്‍ക്കു മുന്നില്‍ വച്ച്
പുഴുവിനെ നോക്കി
പഴയ വായനക്കാര്‍ ചോദിക്കും
“ഇവനൊക്കെ എന്തു ചരിത്രമിരിക്കുന്നു ?”
ആ ഒറ്റവരിച്ചോദ്യത്തിന്റെ തുമ്പിലാടുന്ന
ചിഹ്നം നവകവിത....

സ്വയം മറന്നു തപസ്സു ചെയ്തിട്ടും
നിറം മാറിയിട്ടും
ചിറകു വച്ചിട്ടും
ചരിത്രം വിട്ടുപോകുന്നില്ലെന്നത്
പൂമ്പാറ്റയുടെ ദു:ഖം.

തപസ്സുപോലെ കവിതയെഴുതിയിട്ടും
കണ്ഠം‌പിളര്‍ന്നത് പാടിനടന്നിട്ടും
ധിക്കാരിയായി നടിച്ചിട്ടും
ചരിത്രം വന്നുചേരുന്നില്ലെന്നതു
പുഴുവിന്റെ ദുഖം.

പാവത്താന്‍


പാവം ദൈവം
അവനു മുന്നില്‍ വരാന്‍
ഒരു ശരീരമില്ലാഞ്ഞിട്ടല്ലേ.....

പണ്ടായിരുന്നെങ്കില്‍
‍അവന് ആനയുടേയോ
സിംഹത്തിന്റെയോ
തലയെങ്കിലും കിട്ടുമായിരുന്നില്ലേ
ഇന്നതൊക്കെയും നമ്മുടേതല്ലേ
ചോദിക്കാന്‍ അവനു നാണമുണ്ടാകില്ലേ...

അവനു വേണ്ടി മരിക്കാന്‍
‍നാമൊരുക്കിവച്ചതില്‍
ഒരു മെല്ലിച്ച ശരീരമെങ്കിലും
നമുക്കവനു കൊടുത്തുകൂടേ....

പാവം ദൈവം
അവന് അരികില്‍‌വരാന്‍
‍ഒരു വണ്ടിയില്ലാഞ്ഞിട്ടല്ലേ.....

പണ്ടായിരുന്നെങ്കില്‍
‍അവന്‍ വല്ല കാളയുടെയോ
ചുണ്ടെലിയുടേയോ പുറത്തേറി
വരുമായിരുന്നില്ലേ
ഇന്ന് നമുക്ക് മേനകാ ഗാന്ധിയില്ലേ...
കണ്ടുപോയാല്‍ അവനകത്താകില്ലേ....

അവനുവേണ്ടി തകര്‍ക്കാന്‍
‍നാമൊരുക്കി വച്ചതില്‍
ഒരു തുരുമ്പിച്ച വണ്ടിയെങ്കിലും
നമുക്കവനു കോടുത്തുകൂടേ...

പാവം ദൈവം
അവന് പറയാനുള്ളതറിയിക്കാന്‍
‍എഴുത്തും വായനയും അറിയാഞ്ഞിട്ടല്ലേ...

പണ്ടായിരുന്നെങ്കില്‍
അവന്‍ വല്ല വാത്മീകിക്കും
പറഞ്ഞുകൊടുത്ത് നമുക്കായി
എഴുതിക്കുമായിരുന്നില്ലേ...
ഇന്നു നമ്മള്‍ കൂലിചോദിക്കില്ലേ....

അവനു വേണ്ടി കത്തിക്കാന്‍
‍നാം കണ്ടുവച്ചതില്‍
ഒരെഴുത്തുകാരനെയെങ്കിലും
നമുക്കവനു വിട്ടു കോടുത്തുകൂടേ...

പാവം ദൈവം..
അവന്‍ വരുമ്പോള്‍
‍ചാണകം കത്തിച്ച ചാരവും
സ്വര്‍ണ്ണ ലോക്കറ്റുകളുമെങ്കിലും
നമുക്കു തരുമായിരുന്നില്ലേ....
പാവം പാവം ദൈവം.
********************
വര: സിമി

തനിയാവര്‍ത്തനം.

പുലര്‍ച്ചെ എണീറ്റ്
നനച്ചുണക്കി
തേച്ചു മിനുക്കി
കണ്ണാടിക്കു മുന്നില്‍
നിന്നണിഞ്ഞിറങ്ങുമ്പോള്‍
‍ഉള്ളില്‍ നിന്നുയരും
ഒരു ശാസന.

ചുളിയാതെ
ചളി പുരളാതെ
എത്തണം ഇന്നെങ്കിലും..

ചുളിയരുതേ
ചളിപുരളരുതേ...
അറിഞ്ഞുപ്രാര്‍ഥിച്ചാലും
ചുളിയും
പുരികം ചിറകൊടിഞ്ഞൊരു
കാക്കയായ് പറക്കും
പുഞ്ചിരി ഏറുകൊണ്ടൊരു നായ്ക്കുട്ടി....

തീരുന്നില്ലല്ലോ
തീരുന്നില്ലല്ലോഎന്നു
കാത്തു കാതോര്‍ത്തിരിക്കും.
ബെല്ലടികേള്‍ക്കുമ്പോള്‍ ‍നോക്കും
ചുളിവുണ്ടോ ചളിയുണ്ടോ....

തെറ്റിയ കണക്കിന്റെ മിച്ചം...
തൂവിയ കറികളുടെ കറകള്‍...

അറിയാന്‍ വയ്യാത്ത
പദപ്രശ്നം പൂരിപ്പിച്ചതു പോലെ
എല്ലാം ചേരുമ്പടി ചേര്‍ത്ത
ഒരു ചോദ്യക്കടലാസിന്റെ വിഡ്ഡിച്ചിരി....

പാത്തുപതുങ്ങി വീട്ടിലെത്തും.
നൊടിയിടയില്‍ എല്ലാം ഊരി
കിടക്കയിലെറിഞ്ഞ്
ഒറ്റ ഓട്ടമാണ്.....

വിമാനമില്ലാതെ നാട്ടിലെത്തും.
പുഴവെള്ളത്തില്‍ കുളിക്കും
കുട്ടികള്‍ക്കൊപ്പം കളിക്കും.
ഭാര്യയെ പുണര്‍ന്ന് മയങ്ങും.

പുലരുംമുമ്പിങ്ങെത്തണം...
ആരും കാണാതെ
പൂച്ചയെ പോലെ ഉള്ളില്‍ കടക്കണം....
പുലരുമ്പോള്‍ ‍തുടങ്ങണ്ടേ
നനയ്ക്കലും ഒരുക്കലും...!

ഭക്തന്‍- ഒരു വായന

എന്റെ ഭക്തന്‍ എന്ന കവിതക്ക് കിനാവിന്റെ ബൂലോഗ വാരഫലത്തില്‍ ഒരു ആസ്വാദനം വന്നിരിക്കുന്നു.എന്നോട് ദയകാണിച്ചിരിക്കുന്നു.സന്തോഷം. നിറഞ്ഞ സന്തോഷം

ഭക്തന്‍



വാവടുത്താല്‍
വിളിതുടങ്ങും
അമ്മ.

ഉരുക്കു കാലുകള്‍ക്കിടയില്‍
കഴുത്തു ചേര്‍ത്തുകെട്ടി
മൂക്കണയില്‍ എതിര്‍പ്പുകളെ
തളച്ച്,വാലുവളച്ച്
മുതുകില്‍ പിടിച്ചുകൊടുക്കും
അച്ഛന്‍.

ഉറയിട്ടൊരു മുട്ടന്‍ കൈ
മുട്ടോളം താഴ്ത്തി
ഭോഗിക്കും
അയാള്‍.

തണുത്ത ബീജത്തിന്റെ
വിത്തു കുത്തിക്കഴിഞ്ഞാല്‍
കഴുകിത്തുടക്കാന്‍
സോപ്പും ടവ്വലുമായി
അരികിലുണ്ടാകും
ഞാനും.

വാവുകളില്‍ പിന്നെ
വിളിക്കാതുറങ്ങും.
പത്താം മാസം
പെറും.

ആണ്‍ കുഞ്ഞെങ്കില്‍
വരും
അറവുകാരന്‍.

പിന്നെ പാലെല്ലാം
എനിക്ക്
അതു കുടിച്ചു കുടിച്ച്
ഞാനൊരമ്മ ഭക്തനായി....

വിശാല മനസ്കന്‍

പൊതുവേ എന്റെ വേദനകള്‍
വിശാലമാണ്...
ഒറ്റപ്പെട്ട ഒന്നും തന്നെ
എന്നെ നോവിക്കാറില്ല.

ഒറ്റപ്പെട്ട മരണങ്ങള്‍
-അതെന്റെ അച്ചന്റെയോ
അമ്മയുടേയോ സഹോദരന്റേയോ
അല്ലെങ്കില്‍ പ്രത്യേകിച്ചും-
ഞാന്‍ അറിയുകപോലും
ചെയ്തെന്നു വരില്ല.

കൂട്ടമരണങ്ങള്‍
കൂട്ട ആത്മഹത്യകള്‍
കൂട്ട കൊലപാതകങ്ങള്‍...
അതാണെങ്കില്‍
ഒരു കൂട്ട മണിയടിപോലെ
ആഴ്ചകള്‍ എന്നെ ഉറങ്ങാന്‍
വിടാതെ പിന്തുടരും......
ഞാനതേക്കുറിച്ചെഴുതും
പ്രസം‌ഗിക്കും ചര്‍ച്ചകള്‍
സം‌ഘടിപ്പിക്കും.
എന്റെ കണ്ണീര്‍
ഒലിച്ചു കൊണ്ടേയിരിക്കും.

അതുപോലെ
ഒറ്റപ്പെട്ട ബലാത്സം‌ഗങ്ങള്‍
-അതിലെന്റെ ഭാര്യയോ
മകളോ ഇരയല്ലെങ്കില്‍
പ്രത്യേകിച്ചും-
ഞാനറിയാറില്ല.

കൂട്ട ബലാത്സം‌ഗങ്ങളാണെങ്കില്‍
ലോകെത്തെവിടെയായാലും
ഞാനറിഞ്ഞിരിക്കും
പ്രതിഷേധിച്ചിരിക്കും
കവിതകള്‍ പോലും
എഴുതിയെന്നിരിക്കും.

ഒറ്റപ്പെട്ട മുറിവുകള്‍
ഒറ്റപ്പെട്ട സമരങ്ങള്‍
ഒറ്റപ്പെട്ട നിലവിളികള്‍
ഒറ്റപ്പെട്ട അഭയാര്‍ഥികള്‍
ഒറ്റപ്പെട്ട പട്ടിണികള്‍
-അതെന്റെ അയല്‍ വീട്ടിലായാലും-
ഞാനറിയാതെ പോകുന്നത്
എന്റെ കുറ്റമല്ല കേട്ടോ

ഞാന്‍ വിശാല മനസ്കനാണ്
കേവലം ഒരു മനുഷ്യനെ കുറിച്ചല്ലല്ലോ
വിശാലമായ മനുഷ്യ രാശിയെക്കുറിച്ചല്ലേ
എന്റെ ഉത്കണ്ഠകള്‍ മുഴുവന്‍....

ന്യായവിധി

ദൈവമേ....
ശരി തെറ്റുകളുടെ നിയമപുസ്തകം
വൈരുദ്ധ്യങ്ങളുടെ എഞ്ചുവടിയാണല്ലോ!

ഒരു പുറത്ത് ശരിയെന്നെഴുതിയതു തന്നെ
മറു പുറത്ത് തെറ്റെന്നെഴുതി വച്ചിരിക്കുന്നു.

ഏറ്റവും തിരക്കു പിടിച്ച
നീതിമാനായ ന്യായാധിപനേ
ആശയക്കുഴപ്പത്തിന്റെ ഈ പഴംപുരാണവും
തുറന്നു പിടിച്ചാണോ നീ എന്നെ വിധിക്കാന്‍
ഇരിക്കുന്നത്?

നിന്റെ വിധി!
അല്ലാതെ ഞാനെന്തു പറയാന്‍...