വിശാല മനസ്കന്‍

പൊതുവേ എന്റെ വേദനകള്‍
വിശാലമാണ്...
ഒറ്റപ്പെട്ട ഒന്നും തന്നെ
എന്നെ നോവിക്കാറില്ല.

ഒറ്റപ്പെട്ട മരണങ്ങള്‍
-അതെന്റെ അച്ചന്റെയോ
അമ്മയുടേയോ സഹോദരന്റേയോ
അല്ലെങ്കില്‍ പ്രത്യേകിച്ചും-
ഞാന്‍ അറിയുകപോലും
ചെയ്തെന്നു വരില്ല.

കൂട്ടമരണങ്ങള്‍
കൂട്ട ആത്മഹത്യകള്‍
കൂട്ട കൊലപാതകങ്ങള്‍...
അതാണെങ്കില്‍
ഒരു കൂട്ട മണിയടിപോലെ
ആഴ്ചകള്‍ എന്നെ ഉറങ്ങാന്‍
വിടാതെ പിന്തുടരും......
ഞാനതേക്കുറിച്ചെഴുതും
പ്രസം‌ഗിക്കും ചര്‍ച്ചകള്‍
സം‌ഘടിപ്പിക്കും.
എന്റെ കണ്ണീര്‍
ഒലിച്ചു കൊണ്ടേയിരിക്കും.

അതുപോലെ
ഒറ്റപ്പെട്ട ബലാത്സം‌ഗങ്ങള്‍
-അതിലെന്റെ ഭാര്യയോ
മകളോ ഇരയല്ലെങ്കില്‍
പ്രത്യേകിച്ചും-
ഞാനറിയാറില്ല.

കൂട്ട ബലാത്സം‌ഗങ്ങളാണെങ്കില്‍
ലോകെത്തെവിടെയായാലും
ഞാനറിഞ്ഞിരിക്കും
പ്രതിഷേധിച്ചിരിക്കും
കവിതകള്‍ പോലും
എഴുതിയെന്നിരിക്കും.

ഒറ്റപ്പെട്ട മുറിവുകള്‍
ഒറ്റപ്പെട്ട സമരങ്ങള്‍
ഒറ്റപ്പെട്ട നിലവിളികള്‍
ഒറ്റപ്പെട്ട അഭയാര്‍ഥികള്‍
ഒറ്റപ്പെട്ട പട്ടിണികള്‍
-അതെന്റെ അയല്‍ വീട്ടിലായാലും-
ഞാനറിയാതെ പോകുന്നത്
എന്റെ കുറ്റമല്ല കേട്ടോ

ഞാന്‍ വിശാല മനസ്കനാണ്
കേവലം ഒരു മനുഷ്യനെ കുറിച്ചല്ലല്ലോ
വിശാലമായ മനുഷ്യ രാശിയെക്കുറിച്ചല്ലേ
എന്റെ ഉത്കണ്ഠകള്‍ മുഴുവന്‍....