നാട്ടിലെപ്പൊഴും മഴയാണ്

നന നനനന
നനനന നനയെന്ന്
ഓലപ്പുരയില്‍ വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

മീശക്കൊമ്പിലച്ഛന്‍ കെട്ടിയ
കയറു പൊട്ടിക്കും
അമ്മയുടെ കണ്ണിലെ
കനലു വെട്ടിക്കും
ഒറ്റക്കുതിപ്പില്‍ ഞാനെത്തും
മുറ്റത്തെ പൂക്കളോടൊപ്പം
നന നനനന
നനനന നനയെന്ന്
ബാല്യത്തില്‍ നനയും.

കല കലപില
കലപില കലയെന്ന്
മേച്ചിലോടില്‍ താളംതല്ലി
സ്കൂളിലും വന്നു വിളിക്കും.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

പുസ്തകക്കെട്ട് നനയാതുടുപ്പില്‍ ‍
‘പത്തര‘മായി പൊതിയും
വീടെത്തുവോളം
മാമരം പെയ്യുന്ന
വഴിലെമ്പാടും
കല കലപില
കലപില കലയെന്ന്
കൂട്ടുകാരൊപ്പം നനയും.

കുടകൊട് കുടകൊട്
കുടകൊട് കുടയെന്ന്
തോളിലൂടാകെയൊലിച്ച്
കളിവാക്കു ചൊല്ലിച്ചിരിക്കും
എങ്ങനെ ഞാന്‍ നനയാതിരിക്കും!

രണ്ടുപേര്‍ക്കിടമില്ല
നനയേണ്ട നീയെന്ന്
കുടയവള്‍ക്കേകി, അവളുടെ
ഹോസ്റ്റലിന്‍ പടിവരെ
നട നടനട
നടനട നടയെന്ന്
പ്രണയത്തിലും നനയും.

നന നനനന
നനനന നനയെന്നിതാ
ഇപ്പോഴീ ഫോണിലും
വന്നു വിളിക്കുന്നു.
എങ്ങനെ ഞാന്‍ നനയാതിരിക്കും!

നാട്ടിലെപ്പൊഴും മഴയെന്ന്,
ചൊല്ലിയാല്‍ കേള്‍ക്കാതെ
‘സന്തതി‘യെപ്പൊഴും
മുറ്റത്തുതന്നെന്നവള്‍
പരിഭവം ചൊല്ലിവയ്ക്കുന്നു
നന നനനന
നനനന നനയെന്നു ഞാന്‍
വിരഹത്തിലും നനയുന്നു.