സാധ്യത എന്ന ഇന്ത്യന്‍ പെണ്‍കുട്ടി

ആറുവശവും അടഞ്ഞ
ഒരു ഇരുമ്പുപെട്ടിയിലേക്ക്
എന്നപോലെയാണ്
ഞാന്‍ പിറന്നുവീണത്.

മുഴുവന്‍ കാണാപ്പാഠമായ
ഒരു പൈങ്കിളിക്കഥയുടെ
അനുഷ്ഠാന വായനപോലെ
എന്റെ ജീവിതം തുടങ്ങി.

അവ്യക്തതകളുടെ
സാധ്യതകളൊന്നും ബാക്കിവയ്ക്കാതെ
എല്ലാം സുവ്യക്തമായി നിങ്ങള്‍
നിര്‍വ്വചിച്ചിരുന്നു.
എന്റെ ജാതി,മതം,ഭാഷ
ദേശം,രാഷ്ട്രം,വര്‍ഗ്ഗം,സമ്പത്ത് എല്ലാം.

എങ്കിലും സങ്കല്‍പ്പങ്ങളുടെ
ചില അനന്ത സാധ്യതകള്‍
ഞാന്‍ എന്നിലും കണ്ടുപിടിച്ചു.

ഒന്ന്
എന്റെ മുലക്കണ്ണുകള്‍.
രണ്ടാമത്തേത്
എന്റെ വീട്ടിലും ഉള്ള
ഒരു പഴയ പണപ്പെട്ടി.

ഉറങ്ങാന്‍ കിടക്കുമ്പോള്‍,
ഇരുമ്പുവാഷറിട്ട് പലകയില്‍
അടിച്ചുനിര്‍ത്തിയ ആണിപോലെയുള്ള
എന്റെ മുലക്കണ്ണുകള്‍
ചുരന്നു നില്‍ക്കുന്ന മുലകളായി വളരുന്നതും,
അമ്പലച്ചുമരിലെ അപ്സരകന്യയെപ്പോലെ
ഞാന്‍ പൂത്തു നില്‍ക്കുന്നതും സ്വപ്നംകണ്ട്
പലപ്പോഴും ഇക്കിളികൊണ്ടു.

ഉണരും മുന്‍പ് ചില പ്രഭാതങ്ങളില്‍,
ഞങ്ങളുടെ അയല്‍ക്കാരനെപ്പോലെ
എന്റെ അച്ഛനും ധനികനാകുന്നതും
ഇല്ലായ്മയില്‍ കറുവല്‍‌പിടിച്ച പണപ്പെട്ടി
പണം കൊണ്ടുനിറയുന്നതും,
ഞങ്ങളുടെ മോഹങ്ങള്‍ക്കൊന്നിനും
പണം ഒരു തടസമാകാതിരിക്കുന്നതും
സ്വപ്നം കണ്ട് പൊട്ടിച്ചിരിച്ചു.

രണ്ടും
സ്വപ്നങ്ങള്‍ കൊണ്ട് എഴുതിവച്ച
സാധ്യതകളുടെ ഭരണഘടനപോലെ
ബാധ്യതകളുടെ അദ്ധ്യായമായിരിക്കുമ്പോഴും
ആറുവശവും അടഞ്ഞ ഈ പെട്ടിയെ
ശബ്ദമുഖരിതമാക്കുന്നുണ്ട് ഇപ്പൊഴും.