പരോള്‍ ആദ്യപ്രദര്‍ശനം ജനുവരി 7 ന് തിരുവനന്തപുരത്ത്.

സ്നേഹം നിറഞ്ഞ കൂട്ടുകാര്‍ക്ക്,
പരോള്‍ ആദ്യ കോപ്പി സെന്‍സര്‍ഷിപ്പ് കഴിഞ്ഞ് ലഭ്യമായതിനെ തുടര്‍ന്ന്, 2009 ജനുവരി 7 ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയറ്ററില്‍ വച്ചു നടത്തുന്നതാണ്. എല്ലാ ബൂലോകരും തദവസരത്തില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു ക്ഷണമായി കണക്കാക്കാന്‍ അപേക്ഷിക്കുന്നു.
സസ്നേഹം
സനാതനന്‍
സങ്കുചിതന്‍




പുഞ്ചിരി

മഞ്ഞുമലകളുടെ മുകളറ്റം
എല്ലാ കപ്പലുകളേയും നോക്കി
പുഞ്ചിരിക്കുന്നുണ്ടാകും
ശൂന്യശൂന്യമായ കടലിനുമുകളിൽ
കാതങ്ങൾ ഓടിത്തളർന്ന
ഏകാകിയായ കപ്പലുകൾ
ആ പുഞ്ചിരിയിൽ പുളകം കൊള്ളുന്നുണ്ടാകും
കപ്പിത്താന്മാരുടെ കണ്ണുവെട്ടിച്ച് ചിലതെങ്കിലും
അതിന്റെ ലഹരിയിലേക്ക് ഒഴുകുന്നുണ്ടാകും
ഒരുനിമിഷത്തേക്ക് കടൽ ഉണരും
കരയിലേക്കെത്താത്ത നിലവിളികളെ
വായ്പിളർന്ന് വിഴുങ്ങും...

മലയാളമനോരമ ഓൺലൈനിൽ വാർത്ത

http://static.manoramaonline.com/advt/she/28Dec01/section2_article1.htm

പരോൾ ബൂലോകത്തിന് സമർപ്പിക്കുന്നു



പരോളിന്റെ ചിത്രീകരണം സമാപിച്ചു.എഡിറ്റിങ്ങ് ജോലികൾ നാളെ ആരംഭിക്കും ഏവർക്കും നന്ദി.
പരോൾ എന്ന ഹ്രസ്വചിത്രം മലയാളം ബ്ലോഗിനു സമർപ്പിക്കുന്നു.

പരോൾ ........ കണ്ണടച്ചാൽ ഇരുട്ടാവില്ല




സങ്കുചിതത്തിലെ പരോൾ എന്ന തിരക്കഥ വായിക്കുമ്പോൾ ഏറ്റവും എന്നെ സ്പർശിച്ചവ,കണ്ണൻ അമ്മുവിനോട് കണ്ണടച്ചാൽ ഇരുട്ടാവില്യേ എന്ന് ചോദിക്കുന്നതും മനുഷ്യനും മണമുണ്ടോ എന്ന് സ്വയം മണത്തുനോക്കുന്നതുമാണ്.ആ തിരക്കഥ ചലച്ചിത്രമാക്കണമെന്ന് ആലോചിച്ചുതുടങ്ങിയപ്പോഴും എന്നെ ഏറ്റവും കുഴക്കിയത് കണ്ണൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകാൻ കെൽ‌പ്പുള്ള ഒരു നടനെക്കിട്ടുമോ എന്നുള്ളതായിരുന്നു.ഭാഗ്യമെന്ന് പറയട്ടെ ഞങ്ങൾ നേരിട്ട എല്ലാ പരിമിതികളേയും പ്രതിസന്ധികളേയും തോൽ‌പ്പിച്ചുകളയുന്നതരത്തിൽ അഭിനയ സിദ്ധിയുള്ള ഒരു ബാലപ്രതിഭയെ ഞങ്ങൾക്ക് കണ്ടെത്താനായി..........ഇത് കുഞ്ചു എന്ന് വിളിപ്പേരുള്ള ആദിത്യ എന്ന ഞങ്ങളുടെ കണ്ണൻ..നാളെയുടെ താരം....

ഇവൻ എന്നോട് പറയുന്നത് കണ്ണടയ്ക്കുന്നവർ അടയ്ക്കട്ടെ ഇരുട്ടാവില്ല എന്നാണ്......

ബ്ലോഗുമുഖാന്തിരം ഉരുവം കൊണ്ടതായതുകൊണ്ട് എഡിറ്റിങ്ങ് റ്റേബിളിൽ എത്തുന്നതിനുമുൻപേ പരോളിന്റെ ഒരു റഫ്കട്ട് ഇവിടെ...നന്ദി...

മലയാളം ബ്ലോഗിടത്തില്‍ നിന്നൊരു ചലച്ചിത്രം

മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപകാലം തെളിയിക്കുന്നു.
അൻ‌വർ അലി, പി.പി.രാമചന്ദ്രൻ, എം.കെ.ഹരികുമാർ, ഗോപീകൃഷ്ണൻ, ബി.ആർ.പി.ഭാസ്കർ തുടങ്ങിയ പ്രമുഖ എഴുത്തുകാർ ബ്ലോഗിൽ സജീവസാന്നിദ്ധ്യമായതും ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങൾ ഗൌരവത്തോടെ ചിന്തിക്കാൻ തുടങ്ങിയതും ഈ ഇടക്കാലത്താണ്.

ബ്ലോഗിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങൾ എന്നതിന്റെ പ്രാരംഭചർച്ചകൾ അണിയറയിൽ നടക്കുമ്പോൾ തന്നെ ബ്ലോഗിൽ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവിൽ ജനിച്ച ഭാവനകൾ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരുപക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരിവായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തിയെഴുതാൻ ഈ സംരംഭങ്ങൾക്ക് കഴിഞ്ഞേക്കാം.

അക്ഷരാർത്ഥത്തിൽ ബ്ലോഗിൽ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് പരോൾ. പ്രവാസം കുട്ടികളിൽ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാതന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറിൽ നിർമ്മാണം നിർവഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.
തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഏറെക്കാലമായി ബ്ലോഗിൽ സജീവമായി നിൽക്കുന്ന രണ്ടുപേരാണ്

സങ്കുചിതൻ എന്ന പേരിൽ എഴുതുന്ന കെ.വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോൾ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോൾ എന്ന പേരിൽ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനൻ എന്ന സനൽ ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയിൽ ചാത്തന്നൂരിൽ വച്ച് നവംമ്പർ 25 , 26, 27, 28 തീയതികളിൽ നടക്കും.

ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ് ആണ്. കലാസംവിധാനം ഡിസ്നി വേണു.

അഭിനേതാക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരുപ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകൾ കല്യാണിയാണ്.

കരമന സുധീർ, സന്ധ്യ രമേഷ്, വിജയൻ ചാത്തന്നൂർ, വത്സല ബാലഗോപാൽ, വിപ്ലവം ബാലൻ, രെജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഡിസംബർ ആദ്യവാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദർശനം തിരുവനന്തപുരം പ്രെസ് ക്ലബിൽ വച്ചു നടക്കും.

സ്വപ്നം സ്വപ്നത്തിനു തിരികൊളുത്തുന്നു


സുഹൃത്തുക്കളേ.ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോൾ ഏതാണ്ട് ഒന്നര വർഷമായിട്ടുണ്ടാകും.ഇക്കാലത്തിനിടയിൽ ഞാൻ സഞ്ചരിച്ചത് നിങ്ങൾക്കൊപ്പമായിരുന്നു.അഭിനന്ദനങ്ങൾ സന്തോഷിപ്പിച്ചു,വിമർശനങ്ങൾ തിരുത്തി,കുന്നായ്മകൾ വേദനിപ്പിച്ചു...പക്ഷേ ഞാൻ കെട്ടിക്കിടക്കാതെ ഒഴുകി. പ്രവാസം എന്ന ഏകാന്തതയെ തകർക്കാൻ എനിക്ക് വാതിൽ തുറന്ന് തന്ന മാധ്യമമായി ബ്ലോഗ് മാറി.എന്റെ കുടുസു മുറിയിൽ നിന്ന് ഈ ജാലകത്തിലൂടെ ഞാൻ എന്നെ ഊതിപ്പറത്തിവിട്ടു. എന്റെ മുറിവുകൾ എന്റെ സൌന്ദര്യമായി,എന്റെ മുള്ളുകൾ എന്റെ വിലാസമായി,എന്റെ വാക്കുകൾ ഞാൻ തന്നെയായി.അത്ഭുതത്തോടെ ഞാൻ കാണുന്നു,ഒന്നര വർഷം മുൻപുണ്ടായിരുന്ന ഞാനല്ല ഇന്നു ഞാൻ.പേരു പറഞ്ഞാൽ മുഖം കാണാതെ തിരിച്ചറിയുന്ന ധാരാളം സുഹൃത്തുക്കളുണ്ടായി,ഒരേലക്ഷ്യത്തെക്കുറിച്ച് ഒരേ സ്വപ്നം കാണുന്ന ആയിരം പേരെ ഞാൻ കണ്ടു, ഒരേ വഴിയിലേക്ക് ചുവടുവയ്ക്കാൻ പരസ്പരം കൂട്ടുവരാൻ മനസുറപ്പുള്ള നൂറുനൂറുപേരെക്കണ്ടു.................ഇതൊക്കെ ഇപ്പോൾ പറയുന്നതിന് ഒരു കാരണമുണ്ട്.ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് ഒരു വീഡിയോ ചലച്ചിത്രം നിർമ്മിക്കുകയാണ്.കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക

ബുരി ഗൊങ്ങ

ഏറെ നാളായി ഗൂഗിൾഭൂമിയിൽ
വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു
ടീ ബോയി, ആലം ബിസു മിയാ,
അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ
മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ
ബാക്കിക്ക് മുടങ്ങാതെ വയറു മുറുക്കുന്നവൻ...

ഒരു പരീക്ഷണം

ഇവിടെ ഒരു പരീക്ഷണം നടക്കുന്നു...

സമാശ്വാസം


നിന്റെ ശബ്ദം...
വെന്തുവിങ്ങിയ നിന്റെ ശബ്ദം
പതിച്ചെന്റെ കാതുപൊള്ളി കൂട്ടുകാരാ...
നിന്റെ ശബ്ദം....
നൊന്തുപൊട്ടിയൊരഗ്നികൂടം
ഒലിച്ചെന്നപോലെയീ രാത്രികത്തി
കൂട്ടുകാരാ..
നിനക്കന്യനല്ലഞാനെന്ന തോന്നലിൽ
നീയുതിർത്ത നിലവിളി കേട്ടുഞാൻ
നീറിനിൽക്കവേ നിസഹായത,
കുത്തിനിർത്തിയ കുന്തമായി,
ഞാനതിൽ കോർത്തുപോയി
കൂട്ടുകാരാ...

പരസ്പരം വച്ചുമാറാൻ കഴിയാത്ത വേദന
പേറുന്നവർ തമ്മിലെന്തു -
ചൊല്ലുവാനാശ്വാസവാക്കായി..?

നിന്റെ ജീവിതം, നിന്റെ മുറിവുകൾ
എന്റെ ജീവിതം, എന്റെ മുറിവുകൾ
നമ്മളന്യോന്യമാശ്വസിപ്പിക്കുവാൻ
കൈകൾ നീട്ടിയാൽ കൂട്ടിത്തൊടാത്തവർ....

അഭയരൂ‍പൻ

ഉന്നതങ്ങളിലൊരാളുണ്ട്
ഉലകം നിറഞ്ഞവൻ,
കരുണാമയൻ,
അഭയരൂപേണ
കൈവിടർത്തി നിൽക്കുന്നു.
അതിനാലെനിക്കപ്പുറം കാണുന്നില്ല.

എത്ര ദൂരം

സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !

ഉപേക്ഷിക്കപ്പെട്ടപ്പോൾ

എന്നെക്കുറിച്ചുള്ള പ്രതീക്ഷകളസ്തമിച്ചപ്പോൾ
അവരെന്നെ ഉപേക്ഷിച്ചു
അങ്ങനെയെനിക്കെന്നെ കിട്ടി,
അവരെക്കുറിച്ചുള്ള പ്രതീക്ഷകളണഞ്ഞപ്പോൾ
ഞാനവരെയുമുപേക്ഷിച്ചു
അങ്ങനെ അവർക്കവരെയും കിട്ടി.

മണൽ വരയ്ക്കുന്നത്

വരണ്ട കാറ്റിലും ജലത്തിന്റെ ഓർമ്മകളെ
മണൽ വരയ്ക്കുന്നത് കാണുക.
അഴകുണ്ടെങ്കിലും ആർദ്രതയില്ലെന്നു-
പഴിക്കാതിരിക്കുക
ചിത്രം കടപ്പാട്:ഗൂഗിൾ

ഒത്തുതീർപ്പ്

കൃത്യമായി നെടുകേ പിളർക്കാ‍ൻ
പാകത്തിന് ഇങ്ങനെ കരവിരുതോടെ
ഒട്ടിച്ചു വച്ചതാരെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.

പിളർന്നെടുത്താൽ പരാതിയില്ലാത്ത വിധം,
ഏറ്റക്കുറച്ചിലുകളെക്കുറിച്ച്
തർക്കങ്ങളുയരാത്തവിധം,
ഒരുകണ്ണ് ഒരു കാത്
മൂക്കിന്റെ ഒരു ദ്വാരം
എന്നുതുടങ്ങി സഭ്യമായതും
ഒരു മുല,ഒരു വൃഷണം
പൃഷ്ഠത്തിന്റെ ഒരു കഷണം
എന്നിങ്ങനെ അസഭ്യമായതും
തുല്യം തുല്യമായി പങ്കുവെയ്ക്കാൻ പാകത്തിന്..

ഒരു പകലിന് ഒരു രാത്രി
ഒരു ചിരിക്ക് ഒരു തേങ്ങൽ
ഒരു ജന്മത്തിന് ഒരു ഒരു മരണം
ഒരു പ്രണയത്തിന് ഒരു വിരഹം എന്നിങ്ങനെ
സമതുലിതമായ ഒരു കരാർ...
ദൈവവും ചെകുത്താനും തമ്മിൽ...
എനിക്കിപ്പോൾ ഇരുവരോടുള്ളതേക്കാൾ ഭ്രമം
ഈ ഒത്തുതീർപ്പുണ്ടാക്കിയ മധ്യസ്ഥനോട് !

ഇലയും വേരും

ഒരേ മരത്തിന്റെ ഭാഗമായിരുന്നിട്ടും
ജീവിതം മുഴുവൻ പരസ്പരം കാണാതിരുന്ന
വേരും ഇലയും ഒടുവിൽ കണ്ടുമുട്ടി
മണ്ണടിഞ്ഞ ഇലയോട്
മണ്ണുമാറി വെളിപ്പെട്ട വേരുചോദിച്ചു
നീ ആകാശവിശാലതയിലേക്കെനിക്ക്
വഴികാട്ടുമോ?
ജനിച്ചനാൾ മുതൽ ആകാശം മാത്രം
കണ്ട് മടുത്ത ഇല,
ആകാശം ഒരു വലിയ മരുഭൂമിയാണെന്ന്
പറഞ്ഞ് കൊടുത്തു.
ഇലകൾക്കിടയിലൂടെ നീലവിതാനത്തെ
കൊതിക്കൺപാർത്തിരുന്ന വേര്
അതുകേട്ട് നിരാശനായി
അത് കണ്ടില്ലെന്ന ഭാവേന വേരിന്റെ
ബലിഷ്ഠമായ വിരൽ പിടിച്ച്
ഇല ചോദിച്ചു
നീ എന്നെ ഈ മണ്ണിന്റെ ആഴത്തിലേക്ക്
കൊണ്ടുപോകാമോ?
പിറന്ന നാൾ മുതൽ
മണ്ണിലൂടെ ഉഴുതുമടുത്ത വേര്,
വേരുകളുടെ ഒരു നിരന്തര-
മത്സരമാണ് മണ്ണെന്ന് പ്രതിവചിച്ചു.

കക്കൂസ്

കക്കൂസിന് കുഴിക്കുന്ന കുഴി
കിണറാകുന്നപോലെയാണ്
പലതും മലക്കം മറിയുന്നത്
കൊല്ലാൻ പോകുന്നവൻ
രക്ഷകനാകുന്നപോലെ
വേശ്യയായെത്തുന്നവൾ
പ്രേയസിയാകുന്നപോലെ
പ്രേമലേഖനങ്ങൾ
കവിതകളാകുന്നപോലെ
നിനച്ചിരിക്കാതെ പൊട്ടുന്ന ഒരുറവ
ലക്ഷ്യവും മാർഗവും മാറ്റും
ചരിത്രവും വർത്തമാനവും മാറും
ഭാവിയെക്കുറിച്ച് എന്നിട്ടും ഉറപ്പില്ല
ഉറവ വറ്റിയാൽ കിണർ
വീണ്ടും ഒരു കുഴിതന്നെയാകും
ചീഞ്ഞതൊക്കെ വലിച്ചെറിയാൻ ഒരു കുഴി
ചിലപ്പോൾ ആരെങ്കിലുമതിന്
ഒരു മൂടിയിട്ട് കക്കൂസുമാക്കും

ഉള്ളിലോ പുറത്തോ

പറയാനാവാത്തൊരു ദൂരം
മുന്നിൽ നിവർന്നു കിടക്കുന്നു
അനങ്ങാനാവാതെ ഞാനൊരു
പാറപോലെ ഇരിക്കുന്നു
ഉടച്ചൊരുക്കാനാണെങ്കിൽ ഉറപ്പില്ല
ഒഴുക്കിൽചേരാമെന്നാകിൽ അലിയുകയുമില്ല
അഴുകിപ്പോകുന്നതുവരെ ഇങ്ങനെ
മാളങ്ങളാൽ ഭരിക്കപ്പെടുന്ന
ആശയക്കുഴപ്പത്തിന്റെ കുന്നായ്
തരിശുകിടക്കുകയെന്ന വിധിയെ പഴിച്ചിരിക്കവേ
ഉള്ളിലാണോ പുറത്താണോ എന്നറിയാത്തൊരു
തേങ്ങലുണർന്നതു കേട്ടു
ഉള്ളിലാവാം പുറത്താവാം
ഉള്ളിൽത്തന്നെ പുറത്താക്കപ്പെട്ടതാവാം
പുറത്തായിരിക്കുമ്പൊഴും
ഉള്ളിലാണെന്ന് തോന്നിക്കുന്നതാവാം
പുറത്താണു ഞാനെന്നുതോന്നലാൽ
ഉള്ളിലേക്ക് നോക്കി
കണ്ടൊരാളെ പുറത്തേക്ക് നോക്കുന്നതായ്
തേങ്ങുന്നതെന്തുനീ അപരിചിതനോട് ചോദിച്ചു
തേങ്ങുന്നതെന്തുനീ എന്നുതന്നെ ഉത്തരം
ഉള്ളിലാണെങ്കിലോ ഞാനെന്നാളലാൽ
പുറത്തേക്ക് നോക്കി
കണ്ടൊരാളെ ഉള്ളിലേക്ക് നോക്കുന്നതായ്
തേടുന്നതാരെ നീ അപരിചിതനോട് ചോദിച്ചു
തേടുന്നതാരെ നീ എന്നുതന്നെ ഉത്തരം

നിങ്ങള്‍ക്കറിയില്ലല്ലോ

എന്റെ ജീവിതം എന്ന വ്യാജേന
നിങ്ങളുടെ ജീവിതത്തെക്കുറിച്ച്
എന്റെ ദുഖങ്ങള്‍ എന്ന വ്യാജേന
നിങ്ങളുടെ ദുഖങ്ങളെക്കുറിച്ച്
എന്റെ നന്മകള്‍ എന്ന വ്യാജേന
നിങ്ങളുടെ നന്മകളെക്കുറിച്ച്
ഞാനെഴുതുന്നതില്‍ പരിഭവിക്കരുത്
നിങ്ങള്‍ക്കുള്ളതൊക്കെ ലോകമറിയട്ടെ
എന്നിലൂടെ
എഴുതാന്‍,പ്രസംഗിക്കാന്‍,പാടാന്‍
നൃത്തംചെയ്യാന്‍ നിങ്ങള്‍ക്കാവില്ലല്ലോ

നിങ്ങളുടെ ജീവിതം എന്നവ്യാജേന
എന്റെ ജീവിതത്തെക്കുറിച്ച്
നിങ്ങളുടെ ദുഖങ്ങള്‍ എന്നവ്യാജേന
എന്റെ ദുഖങ്ങളെക്കുറിച്ച്
നിങ്ങളുടെ തിന്മകള്‍ എന്നവ്യാജേന
എന്റെ തിന്മകളെക്കുറിച്ച്
ഞാനെഴുതുന്നതിലും പരിഭവിക്കരുത്
എനിക്കുള്ളതൊക്കെ ലോകമറിയട്ടെ
നിങ്ങളിലൂടെ
എഴുതാന്‍,പ്രസംഗിക്കാന്‍,പാടാന്‍
നൃത്തം ചെയ്യാന്‍ നിങ്ങള്‍ക്കറിയില്ലല്ലോ

Thirty Years



Thirty years.
Is that the name
of a river?
Of whose origin I cant find,
no matter how far I raft.
Of the one that
does not fall into the ocean,
no matter how far it swam.
Of the one that
makes its presence,
though it doesnt exist.

Scientist

Woman,
I first thought you were my mother.
But when I knew
what I felt for mother
was not what mother felt for father.
then I thought
you were my nanny
who tricked me from my fathers bedroom
in the pretext of stories

The Duramen

The duramen,
It's been inside for sometime;
A surge from my inside.
A force, a strength
which can bend even nails

And I can't feel anymore
those moist rays from the wet eyes
when they touch me, like before.

Feathery seed

Mother should have known my future
While delivering me,

That in this earth,
Where the roots of trees weave mighty nets,
an ounce of land, it's hard for me.
And maybe that's why, she gave
to this miniscule body,
an abundance of wings.

മാപ്പുസാക്ഷി

കവിതയിൽ ഒളിച്ചിരുന്നു കവി..
അവന്റെ ദംശമേറ്റ്
വായനക്കാരൻ മരിച്ചു.
കൊലക്കുറ്റത്തിന്
കവിതയെയും കവിയേയും
അറസ്റ്റു ചെയ്തപ്പോഴോ
കവിതയ്ക്കെതിരെ
മൊഴികൊടുത്ത്
മാപ്പുസാക്ഷിയായി കവി !

പണിക്കുറ

ഒരു ശിൽ‌പ്പമുണ്ടാക്കുകയാണ്....
ശിൽ‌പ്പിയുടെ ശിൽ‌പ്പം !
ഉളിമുന ലക്ഷ്യത്തിൽ വെച്ച്
ചുറ്റിക കൊണ്ട് തലോടുന്ന പോസ്..

'ശിൽ‌പ്പിയുടെ ശിൽ‌പ്പി'
എന്ന വിളിപ്പേരാണെന്റെ സ്വപ്നം.
കുറ്റവും കുറവുമൊക്കെ
പൊറുക്കുമാറാകണം
ശിൽ‌പ്പം പൂർത്തിയാകും വരെ
ക്ഷമിക്കുമാറാകണം
എന്റെ കുറതീർക്കേണ്ടത്
ശിൽ‌പ്പമായ ശിൽ‌പ്പിയാകുന്നു
ഏറെ നാളായി ഞങ്ങളിങ്ങനെ
അന്യോന്യം പണിയുകയാണ്

ഇടപെടുന്നവർക്ക്

ഇടപെടുന്നവളേ
എനിക്ക് എന്നെക്കുറിച്ച് നൽകാൻ
ഉറപ്പൊന്നുമില്ല
ബില്ലും ഗാരന്റി കാർഡുമില്ലാതെ
തെരുവുകച്ചവടക്കാരനിൽ നിന്നും വാങ്ങിയ
ചൈനീസ് യന്ത്രമാണെന്ന് എന്നെ കണ്ടാൽ മതി
നിന്റെ ഹൃദയം എന്നിലോടിക്കുമ്പോൾ
ഒരുപക്ഷേ നിന്റെ സ്ക്രീനിൽ തെളിയുക
എന്റെ വിചിത്ര ഭാവനകളാവും

നീയത് കണ്ട് തളർന്ന് പോകരുത്
എന്നെ വലിച്ചെറിയരുത്
ഞാനങ്ങനെയാണ്
ഒന്നിനും ഒരുറപ്പുമില്ലാത്തവൻ
വിരലുകളുള്ളതിനാൽ സ്പർശം കൈവിട്ട് പോകുന്നവൻ
ചുണ്ടുകളാൽ ചിലപ്പോഴെങ്കിലും ഭരിക്കപ്പെടുന്നവൻ
ലിംഗം മിക്കപ്പോഴും തെറ്റായ വഴിയിലേക്ക്
ചൂണ്ടിത്തരുന്നവൻ
സ്നേഹം നിറഞ്ഞാൽ പിന്നെ
സ്വാതന്ത്ര്യത്തിന്റെ അതിർത്തികളെ
കാണാൻ കഴിയാത്തവൻ

ഇടപെടുന്നവളേ
എന്നെക്കുറിച്ച് എനിക്ക് നൽകാനുള്ളത്
ഒരു മുന്നറിയിപ്പ് മാത്രമാണ്
ലിംഗമുണ്ട് സൂക്ഷിക്കുക
സ്നേഹം അതിന്റെ കാവലിലാണ്

ചുവരുകൾ

ഉപേക്ഷിക്കപ്പെട്ടവരുടെ
ചുവരുകൾക്ക് പോലും
ജീവനുണ്ടായ് വരും
അതുകൊണ്ടാണവർ
ചുവരിൽ തലചേർത്ത്
വിതുമ്പുന്നത്

ഒന്നണച്ചുപിടിച്ചെങ്കിൽ
പുറത്തുതട്ടി മുകർന്നെങ്കിൽ
എന്നവർ ചുവരിനെക്കുറിച്ചുപോലും
കൊതിക്കുന്നുണ്ടാകും
കൈകളും കാലുകളും ഉണ്ടായിരുന്നെങ്കിൽ
ചുവരുതന്നെ അവർക്ക് ധാരാളം

കൈകളും കാലുകളും കൊണ്ട്
പുണരാറില്ലെങ്കിൽ മനുഷ്യൻ
വെറും ചുവരുപോലെ എന്നവർ
തിരിച്ചറിയും

കൈകളും കാലുകളുമില്ലാത്തതിന്റെ കുറവ്‌
ഞാനേറ്റവും കാണുന്നത്
എന്റെ പാവം തലയണയിലാണ്
മരിച്ചപെണ്ണിനെപ്പോലെ
ഞാൻ പുണർന്നാലും ഉണരാതെ
ഞാൻ കരഞ്ഞാലും കുതിരാതെ....

ഇരുട്ടേ നീ വിഴുങ്ങരുത്

എത്ര ഇരുണ്ടതാണീ പകല്‍ ലോകമേ
സൂര്യനില്ല, കിനാവിന്റെ സൌപര്‍ണജാലമില്ല
ജീവനുള്ള ശവങ്ങള്‍തന്‍ കണ്ണുകള്‍
ഭീതിയോടെ തുറന്നിരിക്കുന്ന ഭൂമിയില്‍



*ഉന്മേഷിന്റെ ഈ ചിത്രം എന്നെക്കൊണ്ട് വെറുതേ...

അത് നാൾക്ക് നാൾ വളർന്നുകൊണ്ടേയിരിക്കുന്നു

ഒരു പല്ലിയുടെ ചുംബനം
ഒരു പൂമ്പാറ്റയെ ആക്കിത്തീർക്കുന്നതാണ്
പ്രണയം...
ഉടലില്ലാത്ത രണ്ട് ചിറകുകൾ
പങ്കയുടെ കാറ്റിൽ പറന്ന് പറന്ന് പറന്ന്
ആഹാ...

അടുപ്പില്ലാതെ വേകിക്കാവുന്ന
ഒരു കഷണം ഇറച്ചി
അതുകണ്ടപ്പോൾ പറഞ്ഞു
ലബ് ഡബ്
ഐ ലവ് യൂ
എന്ന് പരിഭാഷ

ലബ് ഡബ്..ലബ് ഡബ്
എന്ന ഭാഷ
നാൾക്ക് നാൾ വളർന്നുകൊണ്ടേയിരിക്കുന്നു
ചുവരിലെ പല്ലിയെപ്പോലെ

അതിഥി

ചൊവ്വയിൽ നിന്നോ,ശനിയിൽ നിന്നോ
എന്നുറപ്പില്ല,ഒരന്യഗ്രഹ ജീവി
ഇന്നലെ രാത്രി പന്ത്രണ്ടിനും
പുലർച്ചെ അഞ്ചിനുമിടക്കെപ്പൊഴോ
വീട്ടിൽ വന്നു കയറി.

അലഞ്ഞ് തളർന്ന മട്ടിൽ
വാതിലിൽ ദുർബലമായി മുട്ടി
“വിശക്കുന്നു മനുഷ്യാ
വല്ലതും തരണേ” എന്ന് യാചിച്ചു.

വർഷങ്ങളുടെ വിയർപ്പ് നാറ്റം
സഹിക്കവയ്യാതെ
കുളിച്ച് ശുദ്ധമായിട്ട് വരൂ
എന്ന് ഞാനവന്/അവൾക്ക്/അതിന്
കുളിമുറിയുടെ വാതിൽ ചൂണ്ടിക്കൊടുത്തു.

പാചകം ചെയ്യാനാകുന്ന
എല്ലാസ്വപ്നങ്ങളും പെറുക്കിയിട്ട്
ചീഞ്ഞഭാഗങ്ങൾ മുറിച്ച് കളഞ്ഞ്,
ഞാൻ നല്ലൊരുറക്കം
കുറുക്കിയെടുത്തു.

വിളിച്ചിട്ടും വിളിച്ചിട്ടും വരാത്തതുകൊണ്ട്
കുളിച്ചിട്ടും കുളിച്ചിട്ടും തീർന്നില്ലേ
എന്ന് ശകാരിച്ച്
വാതിൽ തള്ളിത്തുറന്നപ്പോൾ
ഒലിച്ചുകൊണ്ടിരുന്ന നിലത്തൊക്കെ
അലിയാൻ ബാക്കിയായ
പരലുകൾ മാത്രം കണ്ടു.

വിയർപ്പിന്റെ മണമായിരുന്നു അതിന്
വിരൽ മുറിയുമ്പോൾ
നുണഞ്ഞാലുണ്ടാകുന്ന രുചിയും,
അവൻ,അല്ല അവൾ,അല്ല അത്
അലിഞ്ഞ് പോയിരുന്നു
വായനക്കാരേ.

കാളകൂടം കൊണ്ടുള്ള ചിത്രങ്ങള്‍

"ചിത്രകാരന്‍chithrakaran has left a new comment on the post "ബെര്‍ളിത്തരങ്ങള്‍ക്ക് മറുപടി": ചിത്രകാരവിജയത്തിന്റെ കാരണംബ്ലോഗിലെ ഒരു കവി തന്റെ പുസ്തകം വില്‍ക്കുന്നതിനായി സംഘടിപ്പിച്ച ബഹളത്തിന്റെ കഥാബീജം ഫോണ്‍ സംഭാഷണമായി താഴെ കൊടുക്കുന്നു.(തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയില്‍ നേരിട്ടു പരിചയപ്പെട്ട സനതനന്‍ എന്ന ബ്ലൊഗര്‍ ചിത്രകാരന്റെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ബ്ലോഗ് കവിക്കു വേണ്ടി നടത്തിയ സംഭാഷണമാണ്‍ താഴെ കൊടുക്കുന്നത്.)സനാതനന്‍ : “ ഹല്ലോ ചിത്രകാരനല്ലേ...ഇതു സനാതനനാണ്‍ ..ബ്ലോഗിലെ....”ചിത്രകാരന്‍ : “മനസ്സിലായി സനാതനന്‍. എന്തൊക്കെയുണ്ട് വിശേഷം ? “സനാതനന്‍ : “സാര്‍ , ഞാനൊരു സഹായത്തിനായി വിളിച്ചതാണ്‍.വിഷ്ണുവിന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ..”ചിത്രകാരന്‍ : “ഇന്നാളു പ്രകാശനം നടന്ന ‘പ്രാന്തത്തി‘.. അല്ലേ. ങാ.. !!! “സനാതനന്‍ : അതിന്റെ പ്രചരണത്തിനായി... പത്രങ്ങളിലോ...മറ്റു വല്ല.....പ്രചരണവും...”ചിത്രകാരന്‍ : അതിനൊക്കെ എന്നേക്കാള്‍ ബന്ധം വിഷ്ണുവിനുതന്നെ കാണുമല്ലോ...”സനാതനന്‍ : അതു നോക്കുന്നുണ്ട്. ഞാനുദ്ദേശിച്ചത് ബ്ലൊഗ് അക്കാദമിയുടെ ശില്‍പ്പശാല് ക് ളിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കില്ലേ എന്നാണ്.ചിത്രാകാരന്‍ : ‘’ സനാതനന്, ബ്ലൊഗ് അക്കാദമിയില് നമ്മുടെ ആരുടെയും വ്യക്തിപരമായ പ്രചരണങളൊന്നും നടത്താറില്ലല്ലൊ...’‘സനാതനന് : എന്നാല്ല് സോറി, ഒ.കെ ബൈ..’‘ (ഫോണ് കട്ടാകുന്നു)(പെട്ടന്ന് ഫോണ്‍ കട്ടായതിനാലും, ഒരു സുഹ്രിത്തിനെ പെട്ടന്നു നിരാശപ്പെടുത്തേണ്ടി വന്നതിനാലും ചിത്രകാരന്‍ സനാതനനെ അപ്പോള്‍ തന്നെ റിങ് ചെയ്യുന്നു.)ചിത്രകാരന്‍ : ‘’ ഹലോ സനാതനന്‍. എന്താ വിഷമമായൊ.സനാതനന്‍ : ഇല്ല് മാഷേ, അങനെയൊന്നുമില്ല.ചിത്രകാരന്‍ : വ്യക്തിപരമായി എടുക്കരുതെ.. ഞാന്‍ അക്കാദമിയുടെ വ്യക്തമായ നിലപാടുകാരണമാണ്‍ അങനെ പറഞത്. സനാതനനോടുള്ള വിരോധമാണെന്ന് തോന്നരുത്.സനാതനന്‍ : ഏയ് അങനെയൊന്നും ഇല്ല.കൊഴപ്പല്ല.ചിത്രകാരന്‍ : വളരെ സെല്‍ഫിഷായ അയാളുടെ കാര്യത്തില്‍ എനിക്കൊരു താല്‍പ്പര്യവുമില്ല. സനാതനന്റെ കാര്യങളെന്തെങ്കിലും ഉണ്ടെങ്കില് പറയൂ.സനാതനന്‍ : ഓ കെ ബൈ!!ചിത്രകാരന്‍ : ബൈബ്ലോഗ് കവികളുമായി ചിത്രകാരന്റെ മുഴുവന്‍ ഇഷ്യുവും ഇത്രയേ ഉള്ളു. കവികളുടെ പ്രതികാര വിത്തുകള്‍ ബ്ലോഗില്‍ പാകി മുളപ്പിച്ച് വിളവിറക്കിയവരെയും, അനോണി സൌകര്യം ദുരുപയോഗം ചെയ്ത് തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവരേയും കുറിച്ച് അടുത്ത ലക്കംചിത്രകാരന്റെ കാര്യം നിസ്സാരം ബ്ലോഗ്കാണുക. "

സുഹൃത്തുക്കളേ മുകളില്‍ കാണുന്നത് എനിക്കെതിരെ വ്യക്തമായ ആരോപണം ഉന്നയിച്ചുകൊണ്ട് ചിത്രകാരന്‍ ബ്ലോഗ് അക്കാഡമിയിലിട്ട കമെന്റാണ്.ഞാന്‍ അവിടെ എനിക്ക് പറയാനുള്ളത് കമെന്റായി ഇട്ടെങ്കിലും അതില്‍ പൊടുന്നനെ കമെന്റ് മോഡറേഷന്‍ വച്ചിട്ടുള്ളത് കാരണം പബ്ലിഷ് ആയില്ല.ബ്ലോഗ് അക്കാഡമി ഒരു സ്വതന്ത്ര സംഘടനായാണെന്നും മറ്റുമുള്ള വാദമുഖങ്ങള്‍ ആ ബ്ലോഗില്‍ പലരും ഉയര്‍ത്തുകയുണ്ടായല്ലോ.അങ്ങനെയെങ്കില്‍ ചിത്രകാരന്റെ കമെന്റിനു ശേഷം മാത്രം പൊടുന്നനെ എങ്ങനെ അതില്‍ കമെന്റ് മോഡറേഷന്‍ വന്നു?ആരാണ് അക്കാഡമിക്ക് വേണ്ടി കമെന്റ് മോഡറേറ്റ് ചെയ്യുന്നത്?എന്തിന് വേണ്ടിയാ‍ണ് ഇത്തരം ഒരു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഏകപക്ഷീയമായ ഒരു കമെന്റിന് ശേഷം കമെന്റ് മോഡറേഷന്‍ നടത്തുന്നത്?

ഇതൊക്കെ സൂചിപ്പിക്കുന്നത്

1.അക്കാഡമി ആരുടേയൊക്കെയോ -വ്യക്തമായി പറഞ്ഞാല്‍ ചിത്രകാരന്റെ-പോക്കറ്റ് സംഘടനയാണെന്നതല്ലേ?

2.അയാളുടെ താല്‍പ്പര്യങ്ങളെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേയും സംരക്ഷിക്കാനായി ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു ഗ്രൂപ്പ് മാത്രമാണ് അതെന്നല്ലേ?

3.ഇത്തരം ഒരു സ്ഥാപനത്തിന്റെ ഇടപെടല്‍ സ്വതന്ത്രമായ ബ്ലോഗിങ്ങിനെ നശിപ്പിക്കില്ലേ?

ഇനി മേല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എനിക്കുള്ള മറുപടി ഇതാണ്.

1.ഞാന്‍ തിരുവനന്തപുരം അക്കാഡമി ശില്പശാലയില്‍ വച്ച് ഇയാളെ പരിചയപ്പെടുകയും എല്ലാവരോടും ഉള്ളപോലെ ഒരു സൌഹൃദം ഉണ്ടാവുകയും ചെയ്തിരുന്നു.

2.അതിന് ശേഷം ഇയാളുടെ ഈപോസ്റ്റില്‍ ഇയാളുടെ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ഒരു കമെന്റ് ഞാന്‍ എഴുതുകയുണ്ടായി.അതേ ദിവസം ഇയാള്‍ എന്നെ വിളിക്കുകയും..സനാതനാ ഞാന്‍ അഭിനന്ദിക്കുന്നു..നമ്മള്‍ കാണുകയും ഒന്നിച്ച് ഊണുകഴിക്കുകവരേയും ചെയ്തിട്ട് ഇങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞല്ലോ.അത് എല്ലാപേര്‍ക്കും കഴിയുന്നതല്ല.അതാണ് വേണ്ടത്..എന്നൊക്കെ പതിനഞ്ച് മിനുട്ടോളം സംസാരിക്കുകയും ചെയ്തിരുന്നു.സത്യത്തില്‍ ഞാന്‍ ഇയാളെ ആദ്യമായി ആരാധിച്ചുപോയ ഒരു നിമിഷമായിരുന്നു അത്.ഇത് ഉണ്ടാക്കിയ ഒരു മാനസികാവസ്ഥയുടെ ഫലമായി ഞാന്‍ ഇയാളെ വിളിച്ചിരുന്നു.

3.വിഷ്ണുപ്രസാദിന്റെ പുസ്തകം കഴിയുന്നത്ര വായനക്കാരില്‍ എത്തണമെന്നത് എന്റെ ആഗ്രഹമായിരുന്നു എന്നത് വാസ്തവമാണ്.അത് വിഷ്ണുവിന്റെ ആയതിനാലല്ല ബ്ലോഗില്‍ മാത്രം അറിയപ്പെടുന്ന ഒര് നല്ല എഴുത്തുകാരന് മറ്റ് മാര്‍ക്കറ്റിങ്ങ് ഒന്നുമില്ലാത്തപ്പോള്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം എന്നൊരാഗ്രഹം എനിക്ക് അന്നും ഇന്നും ഉണ്ട്.അക്കാര്യത്തിനായി ഞാന്‍ പലരേയും വിളിച്ചിരുന്നു,കൂട്ടത്തില്‍ ഇയാളെയും.

4.ബ്ലോഗ് അക്കാഡമി ഇയാളുടെ കക്ഷക്കുഴിയിലാണ് ഇരിക്കുന്നതെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു.അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചത് പരിചയമുള്ള പത്രക്കാരെക്കൊണ്ട് എന്തെങ്കിലും എഴുതിക്കുക പരിചയമുള്ള വായനക്കാര്‍ക്ക് പുസ്തകം വിതരണം ചെയ്യുക ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്നുണ്ട് സഹകരിക്കാന്‍ കഴിയുമോ എന്നാണ്.അല്ലാതെ ബ്ലോഗ് അക്കാഡമി വഴി പ്രചരണം എന്നത് ഞാന്‍ സ്വപ്നത്തില്‍പ്പോലും കരുതിയിട്ടില്ല.മാത്രവുമല്ല എനിക്ക് തിരുഅവനന്തപുരത്ത് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി മുഴുകിയിരുന്ന ചിലരെ വളരെ അടുത്ത അറിയുകയും ചെയ്യാം അവരോടൊന്നും ഇന്ന് വരെ സൂചിപ്പിക്കാതിരുന്ന ഒരു കാര്യം ഇയാളോട് ചോദിക്കുന്നത് എങ്ങനെയെന്നെനിക്കറിയില്ല.

5.ഞാന്‍ വിളിക്കുകയും പുസ്തകം വിതരണം ചെയ്യുന്നതാണ് വിഷയം എന്ന് പറയുകയും ചെയ്തപ്പോള്‍ തന്നെ ഇയാള്‍ക്ക് വിഷ്ണുപ്രസാദിനോട് വ്യക്തിപരമായ എന്തോ വിരോധങ്ങള്‍ വെച്ചുകൊണ്ടാണ് ഇയാള്‍ സംസാരിച്ചത്.ഇയാള്‍ വിഷ്ണുപ്രസാദിന്റെ വീട്ടില്‍ പോവുകയും ഒക്കെ ചെയ്തിട്ടും വിഷ്ണുപ്രസാദ് ഇയാളെ ഒരുതവണപോലും വിളിച്ചില്ല എന്നും ഒരുതരത്തിലുള്ള വ്യക്തി ബന്ധവും സൂക്ഷിച്ചില്ലാ എന്നുമൊക്കെ പറയുകയുണ്ടായി.തുടര്‍ന്ന് വിഷ്ണുവിന് സ്വന്തമായി ഗ്രൂപ്പുകളുണ്ടല്ലോ..അയാള്‍ക്ക് മാര്‍ക്കറ്റിങ്ങിനുള്ള വഴിയൊക്കെ അറിയാം അതിന് നമ്മള്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല എന്നുമൊക്കെ സംസാരം വ്യക്തിദൂഷണത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ സോറി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

6.അടുത്ത നിമിഷം ഇയാള്‍ തിരികെ വിളിച്ചു,സനാതനാ ഇതൊന്നും മറ്റാരും അറിയണ്ട സനാതനനോടായതുകൊണ്ട് പറഞ്ഞതാണ്,നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നും പറഞ്ഞിരുന്നു.

7.ഇയാളുടെ വ്യക്തിവിദ്വേഷം ഞാന്‍ ആരോടെങ്കിലും വെളിപ്പെടുത്തിയിട്ടുണ്ടാകുമോ എന്ന് ഭയന്നിട്ടാകണം അതിന് ശേഷം ഇയാള്‍ കള്ളപ്പേരുകളില്‍ പോസ്റ്റുകളും കമെന്റുകളും ഇടാന്‍ തുടങ്ങിയത്.


അക്കാഡമി ആരുടേയും സ്വത്തല്ല എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന അക്കാഡമിക്കാര്‍ “ഞാന്‍ അക്കാദമിയുടെ വ്യക്തമായ നിലപാടുകാരണമാണ്‍ അങനെ പറഞത്.“ ഈ വാചകവും “വളരെ സെല്‍ഫിഷായ അയാളുടെ കാര്യത്തില്‍ എനിക്കൊരു താല്‍പ്പര്യവുമില്ല. സനാതനന്റെ കാര്യങളെന്തെങ്കിലും ഉണ്ടെങ്കില് പറയൂ“ ഈ വാചകവും ഒന്ന് പഠിക്കുന്നത് നന്നാവും ഇത് അയാള്‍ ആ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത് അല്ലെങ്കിലും.

ഇത് ഇവിടെ ഇടേണ്ടിവന്നത് ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ കമെന്റ് മോഡറേഷന്‍ ഉള്ളത്കൊണ്ട് മാത്രമാണ്.

(ഇയാളുമായുണ്ടായ ഫോണ്‍ സംഭാഷണം വിഷ്ണുപ്രസാദ് അറിഞ്ഞുകൊണ്ടുണ്ടായതല്ല )

തീവ്രം

സുഹൃത്തുക്കളേ, അവര്‍ നമ്മളെ
തീവ്രമായി സ്നേഹിക്കുകയാണ്
അവര്‍ക്ക് നമ്മളോട് ചെയ്യാവുന്നതില്‍
മഹത്തായത് അതുതന്നെയല്ലേ..

കെട്ടിക്കിടക്കുന്ന നമ്മുടെ ചോരയ്ക്ക്,അവര്‍
ഒഴുകാന്‍ ഒരവസരം കൊടുക്കുകയല്ലേ
തീവ്രമായ സ്നേഹത്തില്‍
അവര്‍ നമ്മുടെയെല്ലാം തലച്ചോറ്
സ്വന്തം ടിഫിന്‍ ബോക്സില്‍*
കൊണ്ട് നടക്കുകയല്ലേ.

അവരുടെ ജീവിതം പോലും അവര്‍
നമ്മോടുള്ള തീവ്രസ്നേഹത്തിനായി
ഉഴിഞ്ഞ് വച്ചിരിക്കുകയല്ലേ
നഗരത്തിന്റെ ഞരമ്പുകളില്‍
സൈക്കിളുകളില്‍* വരുന്ന
പോസ്റ്റുമാന്മാരെപ്പോലെ ‍അവര്‍
നമുക്കുള്ള സന്ദേശം
വിതരണം ചെയ്യുകയല്ലേ..

സുഹൃത്തുക്കളേ നിശ്ചയമായും
അവര്‍ നമ്മളെ തീവ്രമായി സ്നേഹിക്കുകയാണ്.

**One device was left in a metal tiffin box, used to carry food, while another was apparently left on a bicycle

കവിതാ വിമർശനത്തിന്റെ അപ്പോസ്തലന്മാർ വരുന്നുപോലും

കിണകിണാപ്പന്‍ said...
ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)
July 25, 2008 10:02 AM
Post a Comment

ഇത് എന്റെ അമിതം എന്ന കവിതയിൽ ഇയാൾ ഇട്ടുവരുന്ന കമെന്റുകളുടെ തുടരനാണ്.. ബൂലോകം അറിഞ്ഞിരിക്കുക..തൂത്തെറിയപ്പെടാൻ പോകുന്ന എന്നെപ്പോലുള്ളവരുടെ വെപ്രാളം


അമിതം എന്ന കവിതയും അതില്‍ വന്ന കമെന്റുകളും ഇവിടെപോസ്റ്റുന്നു.ആ കവിതയില്‍ നിന്നും ആവശ്യമില്ലാത്ത കമെന്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നു.


അമിതം
തീറ്റയാണ് എന്റെ ഹോബി
കാണുന്നതും കേള്‍ക്കുന്നതും
ഒക്കെത്തിന്നും!
എന്തു തിന്നാലും
ദഹിക്കുമോ
എന്ന് ചോദിച്ചാൽ
‍എന്തു ദഹിച്ചില്ലെങ്കിലും
ഞാന്‍ തിന്നും
എന്നാണ് ഉത്തരം..
തിന്നു തിന്ന്
ആത്മാവിന് വണ്ണം കൂടി
ആത്മാവിന്റെ
അമിതവണ്ണത്തിന്
വല്ല മരുന്നുമുണ്ടോ
എന്റെ ഈശ്വരന്മാരേ?
Posted by സനാതനന്‍ at 7/21/2008

29 comments:
നൊമാദ്. said...
തീറ്റ നല്ല ഹോബിയാണ്, കാണുന്നതും കേള്‍ക്കുന്നതും ഒക്കെ തിന്നാതെ എന്തു ചെയ്യും എന്ന ചോദ്യം ബാക്കി. വിവരം കൂടി വട്ടായ ഒരാളെ ഓര്‍മ്മ വന്നു സനലേ. പേടിച്ചിട്ട് ഓര്‍ക്കണ്ട എന്നു വച്ചിട്ടും ഓര്‍മ്മ വരുന്നു. നല്ല ഒന്നാന്തരം കവിത.
July 21, 2008 9:57 AM
സുല്‍ Sul said...
ആത്മാവിനെ ഒന്ന് ജോഗിങ്ങിനു വിട്ടാലോ?നല്ല കവിത.-സുല്‍
July 21, 2008 10:21 AM
നജൂസ്‌ said...
രക്ഷയില്ലാ...
July 21, 2008 10:28 AM
ശെഫി said...
ആ തീറ്റ ആസ്വദിക്കാനാവുന്നുണ്ടെങ്കിൽ ഇനിയും തിന്ന്,
July 21, 2008 10:28 AM
Mahi said...
എല്ലാം വാരി വലിച്ചു തിന്നുന്ന ഒരാള്‍ കൂടിയുണ്ട്‌, മരണം.എത്ര തിന്നാലും തടി വെക്കാത്തൊരാള്‍ .ചൊദിച്ചു നോക്കൂ പറഞ്ഞു തരാതിരിക്കില്ല എന്തെങ്കിലും മരുന്ന്‌
July 21, 2008 11:12 AM
സനാതനന്‍ said...
മഹീ,എന്നെ ആയുസറാതെ കൊല്ലണം അല്ലേ ;)കമെന്റിലെ കവിത ഇഷ്ടമായി..ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ടല്ലോ...എന്താ അതിന്റെ പേര് കാലഭൈരവന്‍ എന്നോ?നൊമാദേ,നിനക്കും എന്നെ കൊല്ലണോ..ഗുണ്ടകളെ വിളിച്ചു തന്നെ ചെയ്യണോ? :)സുല്‍,ജോഗിങ്ങ് കൊണ്ട് രക്ഷയില്ല ഈ വിദ്വാന്മാര്‍ നല്ല സര്‍ക്കസുകാരാണ് എന്നിട്ടും കുറയുന്നില്ല ഭാരംനജൂസേ,ശെഫീ :)
July 21, 2008 11:26 AM
കിനാവ് said...
അങ്ങാടിപ്പയ്യേ ആത്മാവിനെ അലഞ്ഞു തിരിയാന്‍ അനുവദിച്ചാല്‍ മതി...
July 21, 2008 12:20 PM
നിലാവര്‍ നിസ said...
ആത്മാവിനല്ലേ വണ്ണക്കൂടുതല്‍... സാരമില്ല.. അതിനെ ഉള്‍ക്കൊള്ളാനങ്ങു വളര്‍ന്നാല്‍ പോരേ... ഉടലിനൊപ്പിച്ചല്ലേ കുപ്പായം തുന്നുക..:)
July 21, 2008 2:13 PM
തറവാടി said...
വയറിളക്കിയാല്‍ മതി.
July 21, 2008 2:45 PM
കിണകിണാപ്പന്‍ said...
കൂടുതലെന്തിനാണ്‌ കവിതമട്ടില്‍ വരി ഉടക്കുന്നത്‌ ?ഈ ബ്ലോഗിന്റെ പേര്‌ മതിയല്ലൊ മാലോകര്‍ക്ക്‌കാര്യങ്ങളറിയാന്‍.
July 21, 2008 3:27 PM
സനാതനന്‍ said...
താങ്കളെപ്പോലെ ചില ക്ണാപ്പന്മാരെ ഒഴിവാക്കാനാണ് സാര്‍ ഈ ബ്ലോഗിന് അങ്ങനെ പേരിട്ടത്.പക്ഷേ ഇപ്പോ മനസിലാകുന്നുണ്ട് കക്കൂസ്,തീട്ടം,മൈര് ..ഇങ്ങനെയൊക്കെയുള്ളവയുടെ ഗന്ധമുള്ളിടത്ത് മാത്രം പോകുന്നവരാണ് ഇത്തരം ക്ണാപ്പന്മാരെന്ന്.(എനിക്ക് വേറെയും ബ്ലോഗുകളുണ്ടേ..താങ്കളുടെ മഹനീയ സാ‍ന്നിദ്ധ്യം അവിടെയൊന്നും കണ്ടിട്ടില്ല!!!!)ഇത്തരക്കാരെ ഞങ്ങടെ നാട്ടില്‍ വളിപിടിയന്മാരെന്നാ പറയാറ്.(നാട്ടിന്‍‌പുറത്തുകാരനാണേ സംസ്കാരം കാണില്ല)
July 21, 2008 3:43 PM
വിഷ്ണു പ്രസാദ് said...
സനല്‍,വണ്ണം കൂടിയ ആത്മാവ് നന്നായി.കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും തോന്നുന്നു.
July 21, 2008 5:47 PM
ജ്യോനവന്‍ said...
ആത്മാവ് മെലിഞ്ഞാല്‍ മനസില്‍ കെട്ടുമോ?മനസില്ലെങ്കില്‍ പനമ്പട്ട കൊടുപ്പു നിര്‍ത്താന്‍ ശരീരത്തോട് പറ. :)(ഓഫ്:- കവിതയും പ്രത്യേകിച്ച് ആശയവും വളരെ ഇഷ്ടമായി)
July 21, 2008 7:41 PM
പാമരന്‍ said...
എന്തു കഴിച്ചിട്ടും എത്ര കഴിച്ചിട്ടും എന്‍റെയാത്മാവ്‌ ഉണങ്ങിയുണങ്ങിത്തന്നെയിരിക്കുന്നു ഡോക്റ്റര്‍.. ഇതിനുണ്ടോ മരുന്ന്‌?
July 21, 2008 7:48 PM
mmrwrites said...
ആത്മാവേ.. ആഴ്ചയിലൊരിക്കല്‍ വയറിളക്കി ഉപവസിച്ചാല്‍ മതി.. നന്നായിട്ടുണ്ട്..
July 21, 2008 8:02 PM
lekhavijay said...
എന്തു ദഹിച്ചില്ലെങ്കിലുംഞാന്‍ തിന്നും.. ആത്മാവിന്റെ ഓരോരോ വാശികളേ.. :)
July 21, 2008 8:52 PM
ശ്രീലാല്‍ said...
അവനവനെത്തിന്നുന്നതിനെപ്പറ്റിയുള്ള വിഷ്ണുമാഷിന്റെ കവിത ഓര്‍മ്മ വന്നു.
July 22, 2008 8:45 AM
സുനീഷ് said...
ദേഹത്തെ ക്ഷീണിപ്പിക്കുക, ദേഹിയും ക്ഷീണിക്കുമോ എന്നു കാണാമല്ലോ? :-)അഗ്നിയും ഇങ്ങനെ തന്നെ ആണ്‍. ഒരു വ്യത്യാസം മാത്രം, ദഹിക്കാത്തത് അത് ബാക്കി വച്ചിരിക്കും. മരണവും അങ്ങനെ തന്നെ. പുകഞ്ഞു നീറിക്കിടക്കാന്‍ എന്തെങ്കിലും ബാക്കി വയ്ക്കും; കുറെ നാളെത്തേക്കെങ്കിലും.
July 22, 2008 8:48 AM
കിണകിണാപ്പന്‍ said...
നാട്ടു വര്‍ത്തമാനങ്ങളിത്രനെറികേടിലാവില്ല('സദാ ധനന്‍' ആ പറഞ്ഞത്‌ എന്റെ പിന്നാലെ വന്ന കപിയെക്കുറിച്ചാവും. അതു കേട്ടപ്പഴേ ഇഷ്ടന്‍ പെരുത്തു വേഗത്തിലെത്തിയല്ലൊ. എങ്കിലും ഇവിടെയെത്തിയ മറ്റുള്ളവരേകൂടി ഇതു ബാധിക്കുമല്ലൊ. അതേതായാലും ശരിയായില്ല.)ഇത്തരം വാക്കുകള്‍ പ്രയോഗിക്കാന്‍ വലിയ വൈദഗ്‌ദ്ധ്യമൊന്നും വേണ്ട. തിരിച്ചിതു പറയാത്തതിനു കാരണം,അവസാനിച്ച ആര്‍ത്തിയുടെ അവശേഷിപ്പുകള്‍ പുറം തള്ളാനുള്ള ഇടം തേടിയാണ്‌്‌ ഞങ്ങള്‍ കക്കൂസിലെത്തുന്നത്‌.മറിച്ച്‌ അറ്റു പോവാത്ത ആര്‍ത്തിക്ക്‌ ഇര തേടി നിങ്ങള്‍ കക്കൂസിലെത്തുന്നു.നിങ്ങളുടെ മറ്റു ബ്ലോഗുകളില്‍ എത്തിനോക്കാത്തതിനു കാരണം കക്കൂസു തലയില്‍ പേറുന്ന ഒരുവന്റെ ഫിലോസഫിക്ക്‌ ഭയങ്കരം നാറ്റം കാണുമെന്നതിനാലാണ്‌. (ഓര്‍ക്കുക, ജീര്‍ണ്ണതക്കെതിരായ പോരാട്ടം പൂണ്യവാളന്റെ മുറ്റത്തുവെച്ചല്ല നടക്കുക. -ചിലപ്പോഴത്‌ തൊട്ടുരുമ്മി നില്‍ക്കുന്നവനെ തിരുത്തുന്നതിലുമാവാം)(സഖാവെ, തെറിമതവും മല്‍സരവും മസിലുപിടുത്തവും. അങ്ങ്‌ അഴിച്ചു വെച്ചേക്കൂ. നിങ്ങളുടെ ചില നല്ല സമീപനങ്ങള്‍ക്കെങ്കിലും അര്‍ത്ഥവ്യാപ്‌തി വരട്ടെ. ലെനിനിനൊപ്പം പസ്സോളിനിയും അന്ന്‌ മരിച്ചത്‌ സനാതനന്‍ അറിഞ്ഞില്ലെ ? വ്യവസ്ഥക്കെതിരായ പ്രതികരണം ഗുണാത്മക(+വ്‌)മാവട്ടെ. ക്ഷണിച്ചെത്തുന്ന കമന്‍റിന്റെ എണ്ണപ്പെരുപ്പം സത്യത്തെ മൂടാനൊക്കില്ല) നമുക്ക്‌ വീണ്ടും കാണാം.
July 22, 2008 3:25 PM
സനാതനന്‍ said...
ഹോ!കീണക്ണാപ്പന്‍,എന്റെ കക്കൂസില്‍ മാത്രം വന്ന് മണം പിടിച്ച് പോകുന്ന താങ്കള്‍ എവിടെയാണ് എന്റെ നല്ല സമീപനങ്ങള്‍ കണ്ടത്.അതിശയം തന്നെ.ക്ഷണിക്കാതെ എത്തിയ താങ്കള്‍ക്ക് ക്ഷണിച്ചെത്തിയ(അങ്ങനെയെങ്കില്‍ അങ്ങനെ)കമെന്റുകളുടെ എണ്ണപ്പെരുപ്പം കണ്ട് ശ്വാസം മുട്ടുന്നു എങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും.ഞാന്‍ തലയില്‍ പേറി നടക്കുന്ന എന്റെ കക്കൂസ് പിടിച്ചിറക്കി രുചിച്ചുനോക്കിയതിന് ഞാനെന്ത് പിഴച്ചു.അല്ല;വ്യവസ്ഥക്കെതിരായ പ്രതികരണമോ,അതെന്താ സംഗതി എനിക്കിതൊന്നും മനസിലാകുന്നില്ല!!അധികം ബദ്ധപ്പെട്ട് ഇതൊക്കെ വായിച്ച് മെനക്കെടണമെന്നില്ല...ക്ഷണക്കത്തൊന്നും കിട്ടാത്ത സ്ഥിതിക്ക് ഒട്ടും വേണ്ട.
July 22, 2008 3:42 PM
കിണകിണാപ്പന്‍ said...
ആര്‍ക്കാണ്‌ ശ്വാസംമുട്ടുന്നതെന്ന്‌ ഏതൊരാള്‍ക്കും ഇവിടെ ഊഹിക്കാം.ഈ തറ തെറി ഭാഷണങ്ങള്‍ കൊണ്ട്‌ സനാതനന്‍ എന്തിനാ സ്വയം കണ്ണാടി നോക്കി കൊഞ്ഞനംകുത്തുന്നത്‌ ?വ്യവസ്ഥയെക്കുറിച്ചധികം അറിയാനിടയില്ല. മുടിഞ്ഞ രാജഭക്തിയും, ജാത്യാഭിമാനവും നാടുവാഴിബോധവും ഉള്ള ചുറ്റുപാടില്‍ നിന്നാണല്ലൊ ഈ എഴുന്നള്ളത്ത്‌. (ബ്ലോഗര്‍മാരോടും ഈ സമീപനം തന്നെ) പോരാടിയ നാട്ടില്‍നിന്നും വരുന്ന എന്നെപ്പോലുള്ളവര്‍ക്ക്‌ നിങ്ങളുടെ രോഗം നന്നായറിയാം, ചികില്‍സയും.
July 23, 2008 11:26 AM
സനാതനന്‍ said...
ഈ ഏതൊരാള്‍ക്കും എന്നു പറഞ്ഞതില്‍ താങ്കളെ മാത്രമല്ലേ കണ്ടുള്ളൂ സാര്‍.എന്തിനാ സാര്‍ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്.ഇഷ്ടമില്ലാത്തവര്‍ വരണ്ട വായിക്കണ്ട.ഞാന്‍ തല്‍ക്കാലം നന്നാവാന്‍ ഉദ്ദേശമില്ല.ഉടന്‍ തന്നെ വലിയൊരു തെറിക്കവിത എഴുതാന്‍ പ്ലാനുണ്ട്.നിലപാടില്‍ ഒരല്‍പ്പമെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ വരാതിരിക്കുക വായിക്കാതിരിക്കുക.ഞാന്‍ കവിത എഴുതിയേ എന്ന് അങ്ങോട്ട് വന്ന് ക്ഷണിച്ചോണ്ട് വന്നുമില്ലല്ലോ...പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു.കഷ്ടം!
July 23, 2008 11:37 AM
കിനാവ് said...
സനല്‍, അയാളെ വിട്ടേക്കൂ...
July 23, 2008 12:13 PM
കിണകിണാപ്പന്‍ said...
ഇങ്ങിനെ മനുഷ്യന്‍മാര്‍ സംസാരിക്കുന്നതുപോലെ സംസാരിക്കൂ..പിന്നെ, പറഞ്ഞതിലെ കാര്യനിര്‍ണ്ണയം നിങ്ങള്‍ക്ക്‌ തെറിയുടെ ഏറ്റക്കുറച്ചിലുകളാണല്ലൊ. (ഞാന്‍ പറഞ്ഞതൊക്കെ നിങ്ങള്‍ക്കുള്ള മറുപടി മാത്രമാണ്‌. ക്ഷോഭിക്കാതെ അതൊന്നുകൂടി വായിച്ചു നോക്കു)ക്ഷണിച്ചിട്ടല്ലല്ലൊ നിങ്ങള്‍ മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റുന്നത്‌. -എത്ര പേരെ നിങ്ങള്‍ ശല്യം ചെയ്‌തു.- വിയോജിപ്പുകള്‍ രുചിക്കുന്നില്ലെങ്കില്‍ അതിനുള്ള വകുപ്പു നോക്കൂ..... വരാനിരിക്കുന്ന കക്കൂസ്‌കൂര്‍ക്കം വലിക്കും കമന്റും. (കവിതെ എന്നൊന്നും അതിനു പേരു കൊടക്കല്ലേ....)
July 23, 2008 3:43 PM
സനാതനന്‍ said...
കീണക്ണാപ്പാ,താങ്കളെ അഭിസംഭോധന ചെയ്തുകൊണ്ടുള്ള അവസാന കമെന്റായിരിക്കും ഇതെന്ന് തുടക്കത്തിലേ പറഞ്ഞ് കൊണ്ട്.ചിലത് സത്യസന്ധമായിട്ട് പറയട്ടെ.എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.ബ്ലോഗ് ആര്‍ക്കും എഴുതുകയും ആര്‍ക്കും വായിക്കാവുകയും ചെയ്യുന്ന ഒരു മാധ്യമമാണ് എന്നത് സത്യമാണ്,എന്നാലും മനസിലാകാത്ത ഒരു വിഷയത്തെക്കുറിച്ച് വെറുതേ കയറി അഭിപ്രായം പറഞ്ഞ് അന്തരീക്ഷം മലീമസമാക്കരുത്.ഇങ്ങനെ സൌമ്യമായി പറഞ്ഞത് താങ്കള്‍ക്ക് മാനസികമായി എന്തോ വലിയ രോഗമുണ്ടെന്ന് മനസിലായതുകൊണ്ടാണ്,താങ്കള്‍ക്ക് മനസിലായില്ലെങ്കിലും താങ്കളെ വ്യക്തിപരമായി അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യട്ടെ എന്ന് കരുതിയാണ്.ഇനിയും ഇതില്‍ കമെന്റിയാലും എനിക്കൊന്നുമില്ല,ഒരു മാനസികരോഗിയുടേ ചുവരെഴുത്തായി അതവിടേ കിടക്കും.എനിക്കെന്ത് ചെയ്യാന്‍ കഴിയും.സഹതാപത്തോടെസനാതനന്‍
July 23, 2008 4:15 PM
കിണകിണാപ്പന്‍ said...
ഹാ ഹാ... സനാതനന്‌ വെപ്രാളം ബാധിച്ചല്ലൊ. വിമര്‍ശനമോ നീ കണ്ടോ നിന്നെ കൂടാതെ ഞാനെവിടേയെങ്കിലും വിമര്‍ശിച്ച്‌ കമന്റിട്ടത്‌. (ആകെ കമന്റിട്ടതു തന്നെ പത്തോ പതിനഞ്ചോ -നീ കണ്ട ബ്ലോഗെന്നു പറയുന്നത്‌ പെട്ടെന്നുള്ള ഒരു പ്രതികരണം മാത്രം.)ഈ അളിഞ്ഞ ഭാഷണങ്ങള്‍ അധിഗഹനമാണെന്ന നിന്റെ തോന്നല്‍ താന്‍പോരിമ കൊണ്ടും നാടുവാഴിത്ത-അപ്രമാദിത്വബോധം കൊണ്ടും ഉണ്ടായതാണ്‌.മലയാളത്തിലെ നാട്ടുകൂട്ടങ്ങളിലേക്കും, കുഞ്ഞു കൈകളിലേക്കും ബുലോഗം വരോട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്‌. അതിനിടയില്‍ നിന്നെപോലുള്ള വെണ്മണി അവതാരങ്ങളെ തൂത്തെറിയേണ്ടതുണ്ട്‌. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. നിന്നേപോലെയുള്ള വളിഞ്ഞ ബ്രാഹ്മണ്യത്തിന്റെ കക്കൂസ്‌ തലയില്‍ പേറി പൊതു ഇടങ്ങളിലേക്കു വരുന്നവരെ പുലഭ്യം പറയുമ്പോള്‍ നീ മനോരോഗിയെന്നു മുദ്ര കുത്തുക സ്വാഭാവികം. (പക്ഷേ, കക്ഷിരാഷ്ട്രീയ കൂട്ടികൊടുപ്പുകള്‍ പോലും നിന്നെ രക്ഷിച്ചെന്നു വരില്ല.)
July 25, 2008 10:02 AM
പാമരന്‍ said...
സനാതനന്‍ജി,ഇവനെ അര്‍ഹിക്കുന്ന അവജ്ഞയോടെ ആദ്യമേ ഡിലീറ്റണമായിരുന്നെന്നാണ്‌ എന്‍റെ അഭിപ്രായം. മറുപടി അര്‍ഹിക്കുന്നേ ഇല്ല.(പേരെടുക്കാനുള്ള ഏറ്റവും നല്ല വഴി നാലാളു കൂടുന്നിടത്ത്‌ തുണിപൊക്കിക്കാണിക്കുകയാണല്ലോ..)
July 25, 2008 4:54 PM
യാരിദ്‌~Yarid said...
കവിതയുടെ പേരിലും അടിയൊ..!
July 25, 2008 7:48 PM
കൌടില്യന്‍ said...
"ചിലത് സത്യസന്ധമായിട്ട് പറയട്ടെ.എന്തോ വലിയ വിമര്‍ശകനാണെന്ന ധാരണയോടെ താങ്കള്‍ താങ്കളുടെ ബ്ലോഗിലും മറ്റുള്ളവരുടെ ബ്ലോഗുകളിലും നടത്തുന്ന പല അഭിപ്രായപ്രകടനങ്ങളും കണ്ടിട്ടുണ്ട്.വിമര്‍ശനം പോയിട്ട് കാര്യമായൊരു ആസ്വാദന ശേഷി പോലും താങ്കള്‍ക്കില്ല എന്ന് മനസിലാക്കണം.പിന്നെ എന്തുകൊണ്ട് താങ്കളുടേ വിലകുറഞ്ഞ കമെന്റുകള്‍ക്കൊക്കെ മറുപടി പറയുന്നു എന്ന് ചോദിച്ചാല്‍ ഇത്ര ലാഘവത്തോടെ കവിതകളില്‍ ആധികാരികമെന്ന ഭാവത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് എപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലാവും എന്ന് പ്രതീക്ഷിച്ചു.അതുണ്ടാകുന്നില്ല എന്ന് മാത്രമല്ല.വെറുതേ കവിതയുമായി പുലബന്ധം പോലുമില്ലാതെ പുലഭ്യം പറഞ്ഞ് നടക്കുകയും ചെയ്യുന്നു.ആദ്യം സ്വന്തം നിലവാരം മനസിലാക്കുക.ആസ്വാദന ശേഷി അളക്കുക.വിമര്‍ശനങ്ങളില്‍ ഉത്തരം മുട്ടുമ്പോള്‍"സനാതന്‍‌ജീ,ഇത്തരം വില കുറഞ്ഞ പ്രയോഗങ്ങളിലൂടെതരം താഴ്ത്തുന്ന വിദ്യ നല്ലതല്ല.ആരോഗ്യകരമായ മറുപടിയിലൂടെആരാധ്യനാകൂ....ഓ.ടോ. : താങ്കളുടെയോ കിണകിണാപ്പന്റെയോകംന്റുകളുടെ ആധികാരികതയെക്കുറിച്ചല്‍ലസൂചിപ്പിച്ചത്

കാണികൾ സംവിധാനം ചെയ്യുന്ന നാടകം

ഉള്ളവരെപ്പോലെ ഇല്ലാത്തവരും
ഇല്ലാത്തവരെപ്പോലെ ഉള്ളവരും
തന്മയത്വത്തോടെ അഭിനയിക്കേണ്ടുന്ന
ഒരു നാടകത്തിൽ,
ഉള്ളതോ ഇല്ലാത്തതോ
എന്നറിയാത്ത ഒരു
സംഘർഷത്തിന്റെ
സന്നിവേശ ഘട്ടത്തിൽ
പെട്ടെന്നൊരു
പ്രധാന നടൻ
അഭിനയം മറന്നു.

നാടകത്തിലേക്ക്
സ്വയം മറന്ന്, ഭാവം പകർന്ന്
അരങ്ങുവാണിരുന്ന
കഥാപാത്രങ്ങളെ അയാൾ
നടീനടന്മാരുടെ പേരുവിളിച്ച്
സംബോധന ചെയ്യാൻ തുടങ്ങി

കർട്ടൻ താഴ്ത്തി,
അയാളെ വലിച്ചു പുറത്താക്കി-
കളി തുടരാൻ കഴിയാത്ത
മുഹൂർത്തമായതിനാൽ
നാടകം അങ്ങനെതന്നെ തുടർന്നു.

എഴുതപ്പെട്ട സ്ക്രിപ്റ്റിനെ
ഉല്ലംഘിച്ച്, അത് വിപ്ലവകരമായ
ഒരു സ്വാതന്ത്ര്യത്തെ പുൽകി

നടന്മാരുടെ ദ്വന്ദ്വഭാവം കണ്ട്
കാണികൾ അമ്പരന്നു

എടേ പ്രകാശാ
നിന്റെ റോള്
ചങ്കരൻ കണിയാന്റെ അല്യോടെ എന്നും
എടീ കൊച്ചമ്മിണീ നിന്റെ റോള്
സാവിത്രിക്കൊച്ചമ്മേരെ അല്ല്യോടീ
എന്നുമൊക്കെ അവർ സംവിധാനം തുടങ്ങി

അമിതം

തീറ്റയാണ് എന്റെ ഹോബി
കാണുന്നതും കേള്‍ക്കുന്നതും
ഒക്കെത്തിന്നും!

എന്തു തിന്നാലും ദഹിക്കുമോ
എന്ന് ചോദിച്ചാല്‍
എന്തു ദഹിച്ചില്ലെങ്കിലും
ഞാന്‍ തിന്നും
എന്നാണ് ഉത്തരം..

തിന്നു തിന്ന്
ആത്മാവിന് വണ്ണം കൂടി
ആത്മാവിന്റെ അമിതവണ്ണത്തിന്
വല്ല മരുന്നുമുണ്ടോ
എന്റെ ഈശ്വരന്മാരേ?

കഴുതകളും കുതിരകളും

കഴുതകളും
കുതിരകളും തമ്മിൽ
തർക്കത്തോടുതർക്കം

കഴുതകളോടുള്ള
ആദ‌മ്യമായ ഈർഷ്യകൊണ്ട്
കുതിരകൾ കഴുതകളെ
മുഖത്തുനോക്കി
കഴുതകളേ..കഴുതകളേ
എന്ന് വിളിച്ചു

അഗാധമായ
വംശസ്നേഹം കൊണ്ട്
കഴുതകൾ നെഞ്ചുവിരിച്ച്
ഞങ്ങൾ കഴുതകളാണ്
കഴുതകളാണ്
എന്ന് ഘോഷിച്ചു

എന്നാൽ പിന്നെ എന്താണ്
പ്രശ്നമെന്ന് ചില കോവർകഴുതകൾ
മൂക്കത്ത് വിരൽ‌വച്ച് നിന്നു...

ഒരേ സമയം കഴുതകളുടേയും
കുതിരകളുടേയും ഭാഷ
അവർക്ക് മാത്രമല്ലേ പക്ഷേ
അറിയുമായിരുന്നുള്ളു!

അതിശയലോകം


ഇത് പഴയ ഒരു ഭ്രാന്താണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നഗരത്തിലല്ലായിരുന്നു ആരും.നഗരത്തിലെ ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയുള്ളവരായിരുന്നു എല്ലാം.ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.(ഇപ്പോൾ കേരള സർക്കാർ പറയുന്നത് തമാശയായി തോന്നും 2008 ലാണ് കേരളത്തിലെ ആദ്യത്തെ വീഡിയോ ചലച്ചിത്രോത്സവം എന്നാണ് പുതിയ കണ്ടെത്തലുകൾ)കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.ഹോളണ്ടിലെ ഒരു ടൂറിങ്ങ് ഫെസ്റ്റിവലിൽ പങ്കെടുത്തതായി അറിയിപ്പുകിട്ടി (മറ്റൊന്നും കിട്ടിയില്ല)മറ്റൊന്നും സംഭവിച്ചുമില്ല.ഞങ്ങൾ പലരായി പിരിഞ്ഞു,പലവഴിക്ക് തിരിഞ്ഞു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..

നിർമ്മാണം : കാഴ്ചചലച്ചിത്രവേദി
തിരക്കഥ ,സംവിധാനം: സനൽ
കാമറ :സണ്ണി ജോസഫ്
എഡിറ്റിങ്ങ് :ബീനാ പോൾ
അഭിനേതാക്കൾ :സുജിത്,ചന്ദ്രബാബു...അരുവിപ്പുറം,മാരായമുട്ടം,
പെരുങ്കടവിള,കീഴാറൂർ എന്നിവിടങ്ങളിലെ നാട്ടുകാർ

ഈ ഭ്രാന്തിലേക്ക് ഇതുവഴി പോയിനോക്കൂ

ഇതുവഴിയും

അതിശയ ലോകം

ഇവിടെ അനുവദിക്കപ്പെട്ട
ഒരു ജന്മമാണ് ഞാനെന്ന് തോന്നുന്നില്ല
തടഞ്ഞുവയ്ക്കപ്പെട്ട ഏതോ
മരണമാണെന്ന് കരുതാനേ കഴിയുന്നുള്ളു.......
മുന്നറിയിപ്പ്:
ഞെട്ടൽ ഉളവാക്കുന്ന ചില രംഗങ്ങളുണ്ട് ഇതിൽ..നിത്യജീവിതത്തിൽ ഒരുപക്ഷേ ഇതൊക്കെ നമുക്ക് താങ്ങാനായേക്കുമെങ്കിലും ഒരു സിനിമയിലാവുമ്പോൾ അതിനു കഴിയണമെന്നില്ല
നിർമ്മാണം : കാഴ്ച ചലച്ചിത്ര വേദി
തിരക്കഥ സംഭാഷണം : സനൽ
ഛായാഗ്രഹണം : സണ്ണി ജോസഫ്

ചിത്ര സംയോജനം : ബീനാ പോൾ

കലാ സംവിധാനം : ഡിസ്നി വേണു,പട്ടാമ്പി

സഹ സംവിധാനം :അനിൽ,ശ്രീജി

അഭിനേതാക്കൾ : സുജിത്, ചന്ദ്ര ബാബു, ഉണ്ണിക്കൃഷ്ണൻ ,പ്രജില,ഗോപാലകൃഷ്ണൻപെരുംകടവിള,കീഴാറൂർ,അരുവിപ്പുറം,മാരായമുട്ടം പ്രദേശത്തെ നാട്ടുകാർ

ഗ്രാഫിക്സ് :മജു സൈമൺ

സ്റ്റുഡിയോ : ആഡുനിക് ഡിജിറ്റൽ

യൂണിറ്റ് :കലാഭവൻ ഡിജിറ്റൽ

ഓർമ്മിക്കേണ്ട പേരുകൾ നിരവധിയാണ് കണ്ണൻ,രതീഷ്,അജിത്,സതീഷ്,അജയൻ,പോൾ പി ചാക്കോ,ഹരികിഷോർ...ഹാ..അത് നിലയ്ക്കുകില്ല..എഴുപതുകളിൽ മാത്രമല്ല രണ്ടായിരത്തിലും യുവത്വത്തിന്റെ ചോരക്ക് ചൂടും ചുവപ്പുമുണ്ടായിരുന്നു കാലമേ.... അല്ല വയസന്മാരുടെ കാലമേ..നീ കണ്ടില്ല എന്ന് മാത്രം....
ഇത് പഴയ ഒരു ഭ്രാന്തിന്റെ കഥയാണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.
ഞങ്ങൾക്ക് എല്ലാപേർക്കും പത്തൊൻപതിനും ഇരുപത്തി നാലിനും ഇടയ്ക്ക് പ്രായം . ഗ്രാമവാസികൾ ആയിരുന്നു എല്ലാവരും. നഗരത്തിലല്ലായിരുന്നു ആരും, അതുകൊണ്ടുതന്നെ ബുദ്ധിജീവികളായോ ബുദ്ധിയുള്ളവരായോ പോലും ആരും പരിഗണിച്ചിരുന്നില്ല .ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയായിരുന്നു എല്ലാവർക്കും.അതുകൊണ്ട് ചലച്ചിത്രകുലപതിമാരുടെ പേരുകൾ ഞങ്ങൾക്ക് കാണാപ്പാഠമായിരുന്നില്ല.സിനിമ തുടങ്ങിയ ശേഷം എത്താനും ടൈറ്റിൽ വരുന്നതിനുമുൻപേ മടങ്ങിപ്പോകാനും വിധിക്കപ്പെട്ടവർക്ക് അതല്ലേ പറ്റൂ...
ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.
അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.
തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.മറ്റൊന്നും സംഭവിച്ചില്ല.ഞങ്ങൾ പലരായി വളർന്നു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..
ഇനി അത്....ആ മഹാത്ഭുതം ഇതാ ഇവിടെയുണ്ട്.ഒന്ന് കണ്ട് നോക്കൂ....

അഭിപ്രായം പറയണം...കാരണം ഞങ്ങൾ ജീവിച്ചത് എഴുപതുകളിലല്ല.... ഇതാ ഇന്നലെ..ഇന്നലെക്കുരുത്ത തകരകൾക്ക് നിങ്ങളെന്താണ് പറയുന്നതെന്ന് കേൾക്കാൻ കൊതിയുണ്ട്.....

ജീവിതം ഒരു കൊതിപ്പിക്കലാണ് സുഹൃത്തേ.....

നാവുകള്‍

"അതെയതെ...അതെയതെ"
ഞങ്ങള്‍ പരസ്പരം ശരിവച്ചു
ഊഴം വച്ചെന്നപോലെ
ഓരോരുത്തരും പറയുകയും
ഉറച്ച സത്യമെന്നവണ്ണം
എല്ലാവരും തലകുലുക്കുകയും
ചെയ്തുകൊണ്ടേയിരുന്നു
അതെയതെ..അതെയതെ...

അതെയതെ..അതെയതെ
എന്നവാക്കുകള്‍ കൂടിച്ചേര്‍ന്ന്
ഒരു വലിയമരത്തിന്റെ
ചില്ലകള്‍ പോലെ പടര്‍ന്നു

ഇലകള്‍ കാറ്റിലെന്നപോലെ
നാവുകള്‍ താളത്തില്‍
ആടിക്കൊണ്ടേയിരുന്നു
അതെയതെ..അതെയതെ..

പറഞ്ഞും കേട്ടും മടുത്തപ്പോള്‍,
ഉറക്കം വന്നുവിളിച്ചപ്പോള്‍
എല്ലാവരും കിടക്കമുറികളിലേക്ക്
പിരിഞ്ഞുപോയി

അപ്പോഴാണതു കാണുന്നത്

അല്ലയല്ല..അല്ലയല്ല
എന്ന് ആഴത്തില്‍
എഴുതിയിരുന്ന ചിലനാവുകള്‍
തളിരിലകളെന്നപോലെ
മണ്ണില്‍ ചവിട്ടേറ്റ് കിടക്കുന്നത്....

താരാട്ട്

ഞാനാരോ ഞാനാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരാരോ
ഞാനാരീരാരാരോ
ഞാനാരോ ഞാനാരോ
ഞാനാരീരാരീരോ
ഞാനാരീരാരീരോ
താനാരോ താനാരോ
താനാരീരാരീരോ
താനാരീരാരീരോ..
താനാരീരാരീരോ..

നിറവിലുള്ളപ്പോഴും
ഞാന്‍ വെറും റ
കുറവിലുള്ളപ്പോഴും
ഞാന്‍ വെറും റ

മുറിവുകള്‍

മുറിച്ചു മുറിച്ചു നോക്കിയാല്‍
ഒന്നുമില്ല ഒന്നിലും.

അഞ്ചു വിരലുകളും
ഇത്തിരിപ്പോന്നൊരു
പപ്പടപ്പരപ്പുമാണോ
ഒരു കൈ !

രണ്ടു ചെവി,
രണ്ടു കണ്ണ്,
ഒറ്റ മൂക്ക്,
ഒറ്റ വായ
ഇത്രയേ ഉള്ളോ
ഒരു മുഖം !

നാലു ചുവര്,
ഒരു വാതില്‍,
ഒരു ജനാല,
ഒരു മേല്‍ക്കൂര
ഇത്രയുമാണോ
ഒരു മുറി !

ഒരു ആശുപത്രി,
ഒരു സ്കൂള്‍,
ഒരു ജയില്‍,
ഒരു ചിത
ഇത്രമാത്രമോ
ഒരു ജീവിതം !

മുറിച്ചു മുറിച്ചു നോക്കിയാല്‍
മുറിവുകള്‍ മാത്രം മിച്ചം.

കുഴി കുഴി

ചത്തവരെ
കുഴിച്ചിട്ടു കുഴിച്ചിട്ടു
വിളഞ്ഞ മണ്ണായതു കൊണ്ടാണ്
ഭൂമിയില്‍ എന്തിനെക്കുറിച്ചറിയാനും
നമ്മള്‍ കുഴിച്ചുനോക്കുന്നത്.

ചരിത്രം കുഴിയിലാണ്
സാഹിത്യം കുഴിയിലാണ്
രാഷ്ട്രീയം കുഴിയിലാണ്
കുഴിച്ചു കുഴിച്ച് ഏറെ താഴെ
പോയതു കൊണ്ടാണ് ഇപ്പോള്‍
മുകളില്‍ നടക്കുന്നതൊന്നും
കാണാന്‍ കഴിയാത്തത്.

എന്റെ വീട്

ഒരു വീടായാല്‍
ഒരോരുത്തര്‍ക്കും
ഓരോ കിടപ്പുമുറി വേണം
അവനവന്റെ
സ്വപ്നങ്ങള്‍ കാ‍ണാന്‍
ഓരോ‍ അടുക്കള വേണം
അവനവനെ
പാചകം ചെയ്യാന്‍

ഓരോ ജനാല വേണം
അവനവന്റെ
കാഴ്ച്കകള്‍ കാണാന്‍
ഓരോരോ വാതിലു വേണം
അവനവനെ
കയറ്റിയും ഇറക്കിയും
കതകടക്കാന്‍

എല്ലാം ഓരോന്നു
വേണമെങ്കിലും
എല്ലാരും ഒറ്റ ശ്വാസത്തില്‍
എന്റെ വീട് എന്റെ വീട്
എന്നു പറയുകയും വേണം
ഇന്ത്യ എന്റെ രാജ്യം എന്റെ രാജ്യം
എന്ന് പറയുന്നതുപോലെ

ചെമ്പരത്തി




ജനിച്ചനാള്‍ മുതല്‍
തൊടിയിലെ ചെമ്പരത്തി
അവിടെത്തന്നെ നില്‍ക്കുന്നു
പൂക്കുന്നു പൊഴിയുന്നു,
കായ്ച്ചിട്ടില്ലിതേവരെ.

ആഴത്തിലുള്ളവേരില്ല
ആകാശത്തിലില്ല ചില്ലകള്‍
ആരും കൊതിക്കും മണമില്ല
അഞ്ചിതളില്‍ ഒരു പുഞ്ചിരി.

ഊരുചുറ്റി പടര്‍ന്നില്ല
ഉള്‍ക്കാമ്പില്‍ കരുത്തില്ല
മഴയില്‍ ചായ്ഞ്ഞതും
വെയിലില്‍ തളര്‍ന്നതുമല്ലാതെ
തീക്ഷ്ണമായൊരനുഭവത്തിന്റെ
കനവുമില്ലാത്ത കുറ്റിച്ചെടി.

ഇലയിലാരും തുഴഞ്ഞിട്ടില്ല
പ്രളയത്തിന്റെ വിസ്താരം
ചുവട്ടിലില്ല പ്രബുദ്ധമാകും
വിശ്വപ്രണയത്തിന്റെ തണല്‍,
പുലരിതോറും പൂക്കാലം
പോറ്റി നില്‍ക്കുന്നുവെന്നല്ലാതെ
പറയുവാനില്ല പെരുമകള്‍.

കായ്ക്കുകില്ല എന്നുകാലം
ആവര്‍ത്തിച്ചു തോല്‍പ്പിച്ചിട്ടും;
പേരിനെങ്കിലും ഒരു ഫലം
കാട്ടുവാനില്ല നിനക്കെങ്കിലും
ദിനം തോറുമിപ്പൊഴും
പൂക്കുന്നതെന്തേ ചെമ്പരത്തീ
ഏതു ദര്‍ശനത്തിന്റെ
അമ്ലമാനം വിളിച്ചോതും
ലിറ്റ്മസ്‌പേപ്പറാകുന്നു നീ....


*ജൂണ്‍ 2008 തര്‍ജ്ജനിയില്‍ വന്നത്

ദൈവശാസ്ത്രം

ഞാനൊരു തികഞ്ഞ
ദൈവഭക്തനാണ്
ഭക്തികൊണ്ട്,
എന്നെക്കുറിച്ചുള്ള
എല്ലാ ആധികളില്‍ നിന്നും
എനിക്ക് മുക്തികിട്ടി
എന്നെക്കുറിച്ചിപ്പോള്‍
എനിക്ക് ആധികളേയില്ല
എല്ലാ ആധികളും
ദൈവത്തെക്കുറിച്ചോര്‍ത്താണ് !

സമാധാനമാണ്
എന്റെ മതം
സമാധാനമാണത്രെ
അവന്റെ മതവും
ഒരേ സ്ഥലത്ത്
ഒരേ സമയം
രണ്ട് സമാധാനങ്ങളെന്തിന്?
അതാണിപ്പോള്‍ ആകെ
ഒരസമാധാനം !

ശാന്തി ശാന്തി എന്നാണ്
അവരുടെ മന്ത്രം
ശാന്തി ശാന്തി എന്നുതന്നെ
ഞങ്ങളുടെ മന്ത്രവും
അവരുടെ ഭാഷയില്‍
അവരും
ഞങ്ങളുടെ ഭാഷയില്‍
ഞങ്ങളും
ശാന്തി ശാന്തി എന്ന്
പറയുമ്പോഴാണ്
എല്ലാം അശാന്തമാകുന്നത്!

വറ്റിപ്പോയി....

വേനല്‍ക്കാലത്തെ
കിണറു പോലെ
ചിലപ്പോള്‍ ഞാന്‍
വറ്റിപ്പോകും.
അപ്പോഴാണ് ഞാന്‍
എന്റെ ആഴമറിയുന്നത്
എന്തൊരു ശൂന്യതയാണിത് !
എത്ര കുന്നിടിച്ചു നിറച്ചാലും
നികരാത്ത കുഴി...

അകാരണം

ഉറങ്ങുമ്പോള്‍ അകാരണമായി
കരയാറുണ്ട് മകന്‍,
ചെറുപ്പത്തില്‍ ഞാനും
ഉറക്കത്തില്‍ കരഞ്ഞിരുന്നത്രേ
മരുന്നിനും മന്ത്രത്തിനും പിടിതരാത്ത കരച്ചില്‍.

കുഞ്ഞുങ്ങളേ,
അകാരണമായി ജനിച്ചതിന്റേയും
അകാരണമായി ജീവിക്കേണ്ടിവരുന്നതിന്റേയും
അകാരണമായി പ്രണയിക്കേണ്ടതിന്റേയും
അകാരണമായി ജനിപ്പിക്കേണ്ടിവരുന്നതിന്റേയും
അകാരണമായ വേദനകള്‍
അകാരണമായ ആകുലതകള്‍
അകാരണമായ ആഴഭീതികള്‍
ഒക്കെ ഉറക്കത്തില്‍,
അകാലത്തില്‍,
അകാരണമായി
അനുഭവിക്കുന്നതുകൊണ്ടാകുമോ
നിങ്ങളിങ്ങനെ
അകാരണമായി കരയുന്നത്;
ചിലനേരങ്ങളില്‍
ഒറ്റക്കുണര്‍ന്നിരിക്കുമ്പോള്‍
ഞങ്ങള്‍ മുതിര്‍ന്നവര്‍
അകാരണമായി കരയുന്നതുപോലെ..

വഞ്ചകന്റെ മാനിഫെസ്റ്റോ

വിശ്വസിക്കുക എന്ന
അവരുടെ ദൌര്‍ബല്യത്തെ
വഞ്ചിക്കുക എന്ന
എന്റെ ദൌര്‍ബല്യം കൊണ്ട്‌
ഞാന്‍ സമര്‍ത്ഥമായി നേരിട്ടു.
അല്ലായിരുന്നെങ്കില്‍
കുരക്കുന്ന പട്ടി കടിക്കില്ലെന്നും
ഒരുമയുണ്ടെങ്കില്‍
ഉലക്കമേലും കിടക്കാമെന്നും
കാക്കയ്ക്കും തന്‍കുഞ്ഞ്‌
പൊന്‍കുഞ്ഞാണെന്നുമൊക്കെയുള്ള
കിഴട്ടു വചനങ്ങള്‍ കണ്ണടച്ചു
വിശ്വസിക്കുന്ന പോങ്ങന്‍മാരെക്കൊണ്ട്‌
ഈ ലോകം നിറഞ്ഞുപോയേനെ

നായകൻ

നട്ടുച്ചയ്ക്ക്
നാട്ടുവഴിയിലെ
നെട്ടൻ വെയിലിലൂടെ
ബാലൻ.കെ.നായരുടെ
സിനിമയിൽ നിന്നും
പുറത്തുചാടിയ
ഒരു നിലവിളി
ഓടിപ്പോവുകയായിരുന്നു;
പെട്ടെന്ന്
കലാഭവൻ മണിയുടെ
സിനിമയിൽ നിന്നുമിറങ്ങി
പാട്ടും പാടി
കറങ്ങിനടന്ന
അട്ടഹാസം
അവളെ കയറിപിടിച്ചു.
എവിടെനിന്നെന്നറിയില്ല
ഉടനേ ഒരു കമേഴ്സ്യൽ ബ്രേക്ക്
ചാടിവന്ന് രസം മുറിച്ചു.

ജനഗണമനഃ

നിന്നിലുണ്ട്
വ്യക്തമായൊരു വ്യക്തിത്വം
അതിനാലാണ് നിന്നോടെനിക്കിത്ര
ഇഷ്ടം
എല്ലാത്തിലും നിനക്കുണ്ട്
വ്യത്യസ്തമായ വീക്ഷണങ്ങൾ
വ്യത്യസ്തമായ തീർപ്പുകൾ
വ്യത്യസ്തമായ വഴി
എനിക്ക് നീയില്ലാതെ വയ്യ
ഒന്നിച്ചുകഴിയാം

***************

നീയെന്നെ
ഒട്ടുമേ അനുസരിക്കുന്നില്ല
അതിലാണ് നിന്നോടെനിക്കുള്ള
വിയോജിപ്പ്
എല്ലാത്തിലും നിനക്കുണ്ട്
നിന്റേതായ വീക്ഷണങ്ങൾ
നിന്റേതായ തീർപ്പുകൾ
നിന്റേതായ വഴി
നിന്നെക്കൊണ്ടെനിക്ക് വയ്യ
പിരിയാം

ബ്ലോഗ് മോഷണം-ഇന്ത്യൻ എക്സ്പ്രെസ്സിന്റെ വാർത്ത

ബ്ലോഗ് മോഷണത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വാർത്ത ഇവിടെ

പ്രതിഷേധവാരം ബാലെ-വിഷ്കംഭം

മാന്യമഹാജനങ്ങളേ എന്റെ വീടുകയറി മോഷ്ടിക്കുകയും,അതേപ്പറ്റി സൗമ്യമായി ചോദിച്ചു എന്ന കുറ്റത്തിന്‌ എന്നേയും എന്റെ വീട്ടുകാരെയും തെറി പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പകൽക്കള്ളനോട്‌ ഞാൻ ഇതിനാൽ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു..ഡും..ഡും..ഡും....
എന്റെ വീടിനു മുന്നിൽ കരിങ്കൊടി കെട്ടി അവനോടുള്ള പ്രതിഷേധം ഞാൻ ലോകസമക്ഷം പ്രകടിപ്പിച്ചുകൊള്ളുന്നു....ഡും..ഡും..ഡും....
പ്രതിഷേധം പ്രതിഷേധം
മോഷണത്തിൽ പ്രതിഷേധം
ഭീഷണിയിൽ പ്രതിഷേധം....
(എന്റെ പ്രതിഷേധത്തിന്റെ തിരനാടകം തയ്യാറാകാൻ ഇത്രയും താമസിച്ചതിൽ ക്ഷമിക്കുക,ആരെയും നോവിക്കാതെയും അധ്വാനമില്ലാതെയും എന്റെ വീടിന്റെ വാതിൽ തുറന്നു പുറത്തിറങ്ങാതെയും ഏറ്റവും ലളിതമായി എങ്ങനെ പ്രതിഷേധിക്കാമെന്ന് കൂലങ്കഷമായി ചിന്തിക്കുകയായിരുന്നല്ലോ ഞാൻ)
പ്രതിഷേധം..
പ്രതിഷേധം...
മോഷണത്തിൽ പ്രതിഷേധം
ഭീഷണിയിൽ പ്രതിഷേധം...
ഡും..ഡും..ഡും...
കാട്ടുകള്ളാ നീ മാപ്പു പറയുന്നോ ഇല്ലയോ..ഇല്ലെങ്കിൽ ഞാൻ എന്റെ സ്വന്തം വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ചത്തുകളയും കട്ടായം..
കള്ളാ ഇതു സത്യം സത്യം സത്യം
(കാഴ്ചക്കാരോട്‌ ഒരപേക്ഷ:സഹൃദയരേ നിങ്ങൾക്കിടയിലെവിടെയെങ്കിലും ഈ കള്ളനിരുപ്പുണ്ടെങ്കിൽ ഈ ബാലേ കണ്ട്‌ അവന്റെ കണ്ണ്‌ നിറയുന്നുണ്ടെങ്കിൽ താമസം വിനാ ഈ കലാപരിപാടിയുടെ സംഘാടകരെ അറിയിക്കണമെന്നൊരപേക്ഷയുണ്ട്‌....പാവമാമക്കള്ളന്‌ കൂടുതൽ മനക്ലേശത്തിനിടവരുത്താതെ മാപ്പുകൊടുത്ത്‌ തിരശീലവലിക്കേണ്ടതുണ്ട്‌)

പഞ്ചതന്ത്രം




തോട്ടുവരമ്പത്തൂടെ
നടക്കാന്‍ വയ്യ.
‘ഞങ്ങടെ പള്ള കീറി
പഠിച്ചതെന്തെങ്കിലും
ഓര്‍മ്മയുണ്ടോ സാര്‍..’
തവളകള്‍ പരിഹസിക്കുന്നു.

നാട്ടിടവഴിയേയും
നടക്കാന്‍ വയ്യ.
ചെമ്പരത്തിപ്പൂക്കള്‍
പരിഹസിക്കുന്നു
‘പിളര്‍ന്നെടുത്ത ഗര്‍ഭപാത്രങ്ങളും
ജനിദണ്ഡുകളും
എന്തു ചെയ്തു സാര്‍..’

വേലിപ്പുറത്ത്
വെയില്‍ കായാനിരുന്ന
ഓന്തുകള്‍ മുഖം കറുപ്പിച്ചു
ഇരുണ്ടവിടവുകളില്‍ നിന്നെത്തിനോക്കി
പാറ്റകള്‍ മീശവിറപ്പിച്ചു
ഒച്ചുകള്‍,പുല്‍ച്ചാടികള്‍
പൂമ്പാറ്റകള്‍ പുഴുക്കളൊക്കെയും
പുച്ഛഭാവത്തില്‍ ചോദിക്കുന്നു
‘ഞങ്ങളുടെ ശാസ്ത്രനാമം
എന്താണു സാര്‍..’

ഉത്തരമില്ലാതെ
തലയും തൂക്കി നടക്കുമ്പോള്‍
തെങ്ങിന്‍ തടിമേലിരുന്ന്
‘ഷെയിം ഷെയിം’വിളിക്കുന്നു
അണ്ണാറക്കണ്ണന്മാര്‍
പൂവാലന്‍ കോഴികള്‍ വിളിക്കുന്നു
‘ഗോ ബാക്ക്..ഗോ ബാക്ക്‘

വീട്ടിലെത്തിയപാടെ
ഞാനെന്റെ ജന്തുശാസ്ത്ര പുസ്തകം
പൊടിതട്ടി തുറന്നു നോക്കി
ഉള്ളടക്കം...പഞ്ചതന്ത്രം കഥ.

Photo: Will Simpson

വഴി

മുകളിലോട്ടുള്ള വഴിയാണ്‌
താഴോട്ടുമുള്ള വഴി
മുകളിലോട്ട്‌ നടക്കുമ്പോൾ
മുകളിലോട്ടുള്ള വഴി
താഴോട്ട്‌ നടക്കുമ്പോൾ
താഴോട്ടുള്ള വഴി
മുകളിലോട്ട്‌ നടക്കുന്നവരാണ്‌
താഴോട്ടു നടക്കുന്നവരും
മുകളിലോട്ട്‌ നടക്കുമ്പോൾ
മുകളിലോട്ട്‌ നടക്കുന്നവർ
താഴോട്ട്‌ നടക്കുമ്പോൾ
താഴോട്ട്‌ നടക്കുന്നവർ
എങ്ങോട്ടും നടക്കാതെ
കുത്തിയിരിക്കുന്നവരാണ്‌
വഴിയേയും വഴിപോക്കരേയും
വെറുതേ പഴി പറയുന്നത്‌

മടുപ്പ്

കെട്ടിക്കിടന്ന് മടുക്കുമ്പോഴാണ്
പൊട്ടിപ്പിളര്‍ന്ന് ഒഴുകുന്നത്
ഒഴുകി ഒഴുകി മടുക്കുമ്പോഴാണ്
കടലില്‍ ചാടി മരിക്കുന്നത്

ബഹുമാന്യന്‍

ചവുട്ടി നില്‍ക്കാനൊരു
ശിരസ്സു കിട്ടണം.
വളച്ചുകുത്താനൊരു
നട്ടെല്ലു കിട്ടണം.
മനസു തുറന്നൊന്നു
സഹതപിക്കാനൊരുത്തന്റെ
മുഴുത്ത രോദനം മുഴുവന്‍ കിട്ടണം.
തലയുയര്‍ത്തി നോക്കുവാന്‍
ഒരു മുഴുനീളന്‍ കുമ്പിടല്‍.
ഞെളിഞ്ഞു നടക്കുമ്പോള്‍
അടക്കം പറയണം
വഴിനീളെയാളുകള്‍,
മടക്കു കുത്തഴിച്ചു നടപ്പാത
മിഴിച്ചുനോക്കിക്കൊണ്ടെണീറ്റു
നില്‍ക്കണം.

രണ്ടു നദികള്‍





എന്റെ നാട്ടിലൂടെ
രണ്ടു നദികളൊഴുകുന്നുണ്ട്‌
ഒന്ന്, കന്യാകുമാരിത്തിര പുരണ്ട്‌
വടക്കോട്ട്‌
മറ്റേത്‌, അഗസ്ത്യവനം തിരണ്ട്‌
പടിഞ്ഞാട്ട്‌..

ഒന്ന്, ഒളിച്ചും പാത്തും
കാടിനും പടലിനും ഇടയിലൂടെ
കള്ളിക്കാട്‌,പൂഴനാട്‌
പൂവാർ,പൊഴിയൂർ എന്ന്
നാട്ടുമലയാളം മൊഴിഞ്ഞ്‌
അറബിക്കടലിലേക്ക്‌.

മറ്റേത്‌ കറുത്ത ഉടലിൽ
കാളകൂടം കലക്കി
വേഗത്തിന്റെ കാഹളം മുഴക്കി
മാർത്താണ്ഡം,തിരുവനന്തപുരം
കൊല്ലം,കോട്ടയം,എറണാകുളം
തൃശൂർ,പാലക്കാട്‌,കോയമ്പത്ത
ൂർ
എന്നിങ്ങനെ സേലത്തേക്ക്.

ഒന്നിന്റെ പേര്‌ കേട്ടാൽ
ഒരു പക്ഷേ നിങ്ങളറിയില്ല.
നിളയെപ്പോലെ നീളമോ
പെരിയാറിനെപ്പോലെ പരപ്പോ ഇല്ലതിന്‌
തീരത്ത്‌ മാമാങ്കവും മല്ലയുദ്ധവും
നടന്നതിന്റെ ഐതീഹ്യങ്ങളില്ല
കവിസംഗമങ്ങളില്ല
കെട്ടുകാഴ്ചകളില്ല
മലയാളത്തെയോ
തമിഴിനെയോ എന്നല്ല
ഒരുഭാഷയേയും നനച്ചുവളർത്തിയിട്ടില്ല
കുറുകേ കുറ്റിപ്പുറം പാലമില്ല.
പേര്‌ നെയ്യാർ..

മറ്റേതിന്റെ പേര്‌ നിങ്ങൾക്ക്
സുപരിചിതമായിരിക്കും
മഴയിലും വെയിലിലും
കുത്തൊഴുക്കൊഴിയാത്ത
കൈവഴികളേറെയുള്ളൊരു
മഹാ കാളിന്ദി
തീരത്ത്‌ പെരുമപെറ്റൊരു നദീതടസംസ്കൃതി
തലയെടുത്തു നിൽക്കുന്നു,
ഇളം തമിഴ്‌മുതൽ കൊടും തെറിവരെ
വിളയുന്ന മലയാളമെന്ന നാഗരികത.
പേര്‌ എൻ.എച്ച്‌47.

അരികുകകൾ കുഴിച്ചുനോക്കി
സംസ്കാരം പഠിക്കുന്നവർ
പടർന്നു പന്തലിച്ചൊരു
നദീതട സംസ്കൃതിയും
ശാസ്ത്രീയമായൊരഴുക്കുചാലും കൂടി
കണ്ടെടുക്കുമായിരിക്കും

നാരായണൻ

ഒരു വെറുമീറത്തണ്ടു തരൂ
ഞാനതിന്റെ നാഭിച്ചുഴിയിലുറങ്ങിന
നാ‍ദം കുയിലായുണരും ജാലം കാട്ടാം.

ചുടുനിശ്വാസം പുകയും കരളിൽ
കനവുകളൂതിക്കാച്ചിയെടുത്തൊരു
കവിതയൊരുക്കിപ്പാടാം.

പാട്ടിൻ പൊറുതിയിൽ വറുതിക്കാട്ടിൽ
പശിതൻ പയ്ക്കളെ മേച്ചുനടക്കാം

ചെറുതൊരു പീലിത്തൂവൽ തരൂ
മാനം കാണാതുള്ളിലൊളിപ്പിച്ച-
വളെപ്പോറ്റി മെരുക്കി വളർത്താം

അവളുടെ ചിറകിൽ ഉലകം ചുറ്റി
പാറിനടക്കാം ഉയിരിന്നുണ്മകളാരായാം
ഉറവുകൾ തേടി മടുക്കുമ്പോളൊരു
ശയ്യയൊരുക്കി മൃതിയെക്കാത്തുകിടക്കാം.

-26/12/98-

പനി

പനിക്കിടക്കയിൽ
തനിച്ചിരുന്നു ഞാൻ
കൊലക്കുരുക്കുകൾ
അഴിച്ചെടുക്കുന്നു
മുഖം മിനുക്കുന്നു;
സുഖം നടിക്കുന്നു.

പനിപൊടുന്നനെ
നഖം വളർത്തിയാഞ്ഞു-
റഞ്ഞടുക്കുന്നു
കരൾ പിളർന്നെടു-
ത്തെറിഞ്ഞുടക്കുന്നു;
വിറതുടങ്ങി.

കനവിൻ കല്ലറ
തുരന്നെടുത്തവൻ
പകൽകിനാക്കളെ
കവർന്നു പോകുന്നു
ഇരുളിൻ പുസ്തകം
തുറന്നു താളുകൾ
ഇരുപുറങ്ങളും
വരഞ്ഞു കീറുന്നു;
പനിതുടങ്ങി.

പനിച്ചെരാതിൽ മെയ്
തിരി തെറുത്തിട്ടു
കഫം കുറുക്കി നെയ്
നിറച്ചൊഴിച്ചിട്ടു
നേർച്ചനാണയം
തലക്കുഴിഞ്ഞിട്ടു
ബലിയിതെന്നാണു
പറയുമോ നീ...?

-13/1/99-

ചില ക്ഷുദ്രജന്തുക്കളുടെ സ്വകാര്യഭാഷണത്തിൽ നിന്നും

1.
കണ്ണടച്ചുഞാൻ കുടിച്ചു
പൂച്ചയെപ്പോലെ
ഞാൻ ആരെയും കണ്ടില്ല
ആരും എന്നെയും കണ്ടില്ലെന്ന്...
കലക്കിത്തന്നത് വിഷമായിരുന്നു.

2.
അറിഞ്ഞപ്പോഴും ഞാൻ കുരച്ചു
പട്ടിയെപ്പോലെ
സ്നേഹത്തോടെയെങ്കിൽ
വിഷമായാലും അമൃതാണെന്ന്...
സ്നേഹത്തെക്കുറിച്ച്
എനിക്ക് ഭ്രാന്തായിരുന്നു.

3.
പാലുപോലെ നിന്നവൾ ചിരിച്ചു
വെളുക്കെ വെളുക്കെ
വെളുപ്പിൽ ഞാനെന്നെത്തിരഞ്ഞു
ഒരു കണികയായെങ്കിലും കണ്ടെക്കുമെന്ന്.
വെളുപ്പിൽ മറഞ്ഞിരുന്നത്
വെറുപ്പായിരുന്നു.

-26/1/99-

ഹിംസ്രം

എനിക്കുതന്നെ ഭയമാണെന്നെ..
ഇരുൾക്കയങ്ങൾ,കടലുകൾ,ചുടല-
ക്കാടുകൾ,ഘോരത നിറയുന്നെന്നിൽ
ഒളിച്ചിരിക്കും പച്ചക്കെന്നെ
കടിച്ചുതിന്നും വ്യാഘ്രം ഞാൻ

വിശന്നിരിക്കും ക്രൂരതമസ്സിൻ
കൂരപ്പല്ലുകളാഴുന്നെന്നിൽ,പറിഞ്ഞ
മാംസം കുടഞ്ഞെറിഞ്ഞിട്ടലറി-
ക്കൊണ്ടെൻ പിറകേ പായുന്നവന്റെ
കണ്ണിൽ തീപാറുന്നുണ്ടവന്റെ
നാവിൽ ചോരക്കൊതിയുണ്ടവന്നു
ഞാനിന്നിരയായ്‌ തീരും
ബലിക്കിടാവല്ലോ

തെളിഞ്ഞ നീരുറവുണ്ടെൻ കരളിൽ
കനവിൽ തേൻകുടമകിടിൽ നറുമ്പാൽ,
ഹൃദയത്തിന്റെ തുരുത്തിൽ നിറയെ
കനികൾ കായ്കൾ,കനിവിൻ കൽപ്പക
വനികൾ,പൊലിവുകൾ അവനതു പോരാ...
പോരുവതെന്റെ കുടൽ നാര്‌,
അകിടിലെ ചോരച്ചൂര്‌,
ദുരയുടെ പിത്തച്ചീര്‌
പ്രേമത്തിന്റെ കൊലച്ചോറ്‌

അവനെൻ പിറകേ പായുന്നയ്യോ
അവന്നു ഞാനിന്നിരയായ്ത്തീരും
ബലിക്കിടാവല്ലോ...

ആരുടെ നിഴലിലൊളിക്കും
ഞാനിന്നാരുടെ തണലിലിളക്കും
ആരും കാണാക്കഥയുടെ(വ്യഥയുടെ)
പൊരുളുകൾ കാണാൻ
ആരുടെ കണ്ണു കടംകിട്ടും!



(15/12/1998 ൽ എഴുതിയത്‌. മനശാസ്ത്രം മാസികയിൽ അച്ചടിച്ചുവന്നു.അച്ചടിച്ച ഒരേ ഒരു കവിത.)

കള്ളിയോട്‌

കള്ളിയുടെ പൂക്കളെക്കണ്ടാൽ
ആമ്പൽപ്പൂവെന്നേ പറയൂ;
മുള്ളുമില്ല മുരടുമില്ല.
വെളുത്ത വെളുത്ത നിറം,
പതുത്ത പതുത്ത ഇതൾ,
നിലാവിൽ മനസുറക്കും മണം.

ജനനം മുതൽ മരണംവരെ,
സർവ്വത്ര കുളിരിൽ നീരാടുന്ന
ആമ്പൽപോലെ പൂക്കാൻ,
നൂറ്റാണ്ട്‌ പൊരിഞ്ഞു നിന്നാലും
ദാഹം തീരാൻ കിട്ടാത്ത,
പട്ടിണിപ്പാവം കള്ളീ
നീയെന്തിനു ബദ്ധപ്പെടുന്നു?

മുള്ളും മുരടുമായി
നീ പൂക്കാത്തതെന്തേ;
മുറ്റിയ വെയിലിൽ
ഉള്ളുപൊള്ളി പണിയുന്നവരുടെ,
കക്ഷക്കുഴി നാറ്റം
കാറ്റിൽ കലക്കാത്തതെന്തേ?

അവൻ വരുന്നു

അവൻ വരുന്നു..അവൻ വരുന്നു...
നെറ്റിക്കുചൂണ്ടിയ കൈത്തോക്കുപോലെ
അവർ ഓർക്കുന്നുണ്ട്‌.
മഴനനഞ്ഞ കരിയിലകൾക്കടിയിൽ
പൂപ്പലോടിയപോലെ വെളുത്ത പുഞ്ചിരി
കരുതിവച്ചിട്ടുണ്ട്‌.
എന്നാ മടക്കയാത്ര എന്ന സ്നേഹം
അണകെട്ടിയപോലെ മുറുക്കിനിർത്തിയിട്ടുണ്ട്‌.
മരങ്ങളിൽ കെട്ടിത്തൂങ്ങിയ മറുപിള്ളകൾ
അവർക്കൊപ്പം പിറന്നവയെക്കുറിച്ചെന്നപോലെ
ആശ്ചര്യത്തോടെ പിറുപിറുക്കുന്നുണ്ട്‌.
അവൻ വരുന്നു..അവൻ വരുന്നു..
അവർ മറന്നുപോയിരിക്കുമോ, അവൻ ചവുട്ടിയ
തീട്ടംകണ്ട്‌ ആർത്തുചിരിച്ചകാലം!

അപക്വം

ഒരു വിത്തിന്‌ ചെയ്യാവുന്നതില്‍ ഏറ്റവും അപക്വമായ കൃത്യമാണ്‌ മുളയ്ക്കുക എന്നത്‌.കട്ടിയുള്ളതും സുരക്ഷിതവുമായ പുറന്തോട്‌ തകര്‍ത്ത്‌,വിശപ്പടങ്ങാത്ത പുഴുക്കളും പുല്‍ച്ചാടികളും നിറഞ്ഞ അരക്ഷിതമായ മണ്ണിലേക്ക്‌ നഗ്നവും മൃദുലവുമായ മുകുളവുമായി ഇറങ്ങിച്ചെല്ലുക എന്നതില്‍പ്പരം അപകടകരമായ അവിവേകം എന്താണുള്ളത്‌?

സര്‍വ്വാദരണീയമായ മൗനത്തിന്റെ തിളങ്ങുന്ന കവചമുപേക്ഷിച്ച്‌ അപഹാസ്യത്തിന്റെ മുനകൂര്‍ത്ത അമ്പുകളിലേക്ക്‌ തഴമ്പിക്കാത്ത വാക്കുകളുമായി നഗ്നരാകുന്ന വിഢികളെ ഓര്‍മ്മിപ്പിക്കുന്നില്ലേ അത്‌?

കാറ്റ്‌

ദുര്‍ബലരായ പച്ചിലകളുടെ
നിശ്വാസമാണ്‌
കൊടുങ്കാറ്റുകളെ
സൃഷ്ടിക്കുന്നത്‌

ശൂന്യതയുടെ പാരമ്യതയില്‍
ഉറുമ്പുകള്‍ക്ക്‌ പോലും
സ്പൃശ്യമല്ലാതെ
നിശ്വാസങ്ങള്‍ സംഘം ചേരും

പൊഴിഞ്ഞുവീണ
ഇലകളെയോര്‍ത്ത്‌
കാറ്റിന്റെ തന്മാത്രകള്‍
ഒരു നിമിഷം മൗനമാചരിക്കും

കൈകോര്‍ത്ത്‌
കൂറ്റന്‍ കെട്ടിടങ്ങളേയും
പടുകൂറ്റന്‍ മരങ്ങളേയും
ഉന്നംവച്ച്‌ അഞ്ഞുവീശും

മരങ്ങള്‍ക്ക്‌ ചുവട്ടില്‍
കാറ്റുകൊണ്ട്‌ കിടക്കുന്നവരും
മാളികയില്‍ ഉച്ചയുറങ്ങുന്നവരും
മരണഭയം അനുഭവിക്കും

വിസര്‍ജ്യം കൊണ്ട് ചെയ്യുന്നത്

ആഴിത്തറയില്‍
കടല്‍പ്പൂവുകള്‍
വിസര്‍ജ്ജ്യം കൊണ്ട്‌
ചെയ്യുന്നതാണ്‌
ഈ വെളുത്ത പ്രതലത്തില്‍
വളഞ്ഞ വരകള്‍ കൊണ്ട്‌
ഞാനും ചെയ്യുന്നത്‌

വിചിത്രമായ ആകൃതികളിലുള്ള
പവിഴപ്പുറ്റുകളെ നോക്കി
വിസ്മയം കൊള്ളുമ്പോലെ തന്നെയാണ്‌
ഗുഹാഭിത്തികളിലെ
പ്രാചീന ലിഖിതങ്ങള്‍ക്ക്‌ മുന്നില്‍
ഞാന്‍ മിഴിച്ചുനിന്നിട്ടുള്ളതും

അവശിഷ്ടങ്ങളില്‍
അടയിരിക്കാനുള്ള കൊതികൊണ്ടാണോ
എന്നറിയില്ല,
മണലില്‍ കുഴിയാനകള്‍
പൃഷ്ടംകൊണ്ടുവരക്കുന്ന
ഭൂപടങ്ങളില്‍
ഞാനെന്നെ ഈര്‍ക്കില്‍ കൊണ്ട്‌
സനല്‍ എന്ന്‌
അടയാളപ്പെടുത്തിയിരുന്നു

കൗമാരത്തില്‍
അള്ളിപ്പിടിച്ചുകയറിയ
ഉയരംകൂടിയ പാറകളുടെ ശിരസിലൊക്കെ
സനല്‍...സനല്‍ എന്ന് ആഴത്തില്‍,
പൊള്ളുന്ന വെയില്‍ കൊണ്ട്‌
കൊത്തിവച്ചിരുന്നു

കാലാന്തരത്തില്‍
പാറകള്‍ ഭൂകമ്പങ്ങളെ
അതിജീവിച്ചാല്‍
സനല്‍ എന്നത്‌ ഒരുമരത്തിന്റേയോ
മൃഗത്തിന്റേയോ പേരായിരുന്നു എന്ന്
വ്യാഖ്യാനിക്കപ്പെട്ടേക്കാം
അതുമല്ലെങ്കില്‍ ശരീരത്തില്‍
മൂന്നുഖണ്ഡങ്ങളുള്ള
ഒരു വിചിത്രജീവിയുടെ
ചിത്രമാണതെന്ന്‌ അനുമാനിച്ചേക്കാം

ബാം

അജീര്‍ണ്ണം
എന്ന ആശയം
ദഹനവ്യവസ്ഥക്കെതിരെ
പോരാടുകയാണ്

വായ
അന്നനാളം
ആമാശയം
ചെറുകുടല്‍
വന്‍‌കുടല്‍
മലാശയം എന്നിങ്ങനെ
വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ക്കെതിരെ
പൊരുതി

മലാശയം
വന്‍‌കുടല്‍
ചെറുകുടല്‍
ആമാശയം
അന്നനാളം
വായ എന്ന പുരോഗമനപാതയില്‍
‘ബാം’
എന്ന മുദ്രാവാക്യം മുഴക്കി
വിമോചനം തേടുന്നു

അതത്രേ
ഏമ്പക്ക വിപ്ലവം

തിരക്കുവണ്ടി

പാളം തെറ്റിയൊരു
തിരക്കുവണ്ടിയെക്കണ്ടോ?
ഏതാം‌ഗിളില്‍ നിന്നുമെടുക്കാം
അതിന്റെ തകര്‍ച്ചയുടെ
മിഴിവുറ്റ ചിത്രങ്ങള്‍.
ആളപായമില്ല എന്ന
ആശ്വാസം
അടിക്കുറിപ്പായി കൊടുക്കാം.
കൂടിയ വേഗം,
ഏറിയ പഴക്കം,
മാറിയ സിഗ്നല്‍
എന്നിങ്ങനെ ചികഞ്ഞാല്‍
ഒരു മൂന്നുകോളം നിരത്താം.

പേറ്

സ്നേഹത്തിന്റെ മാലാഖമാര്‍
വെറുപ്പിന്റെ ചീങ്കണ്ണികളെ പെറ്റു

തലയണ

ചാണകത്തറയുടേയും
തഴപ്പായയുടേയും കാലത്ത്‌
സാരിവെട്ടിത്തയ്ച്ച ഉറയില്‍
പഴന്തുണി തിരുകിവച്ച്‌
തലയണയുണ്ടാക്കിയിരുന്നു അമ്മ

കക്ഷം കീറിയ ബ്ലൗസുകള്‍
ബട്ടണ്‍ പോയ ഉടുപ്പുകള്‍
അരയ്ക്കു പാകമാകാത്ത പാന്റ്സുകള്‍
ഹുക്കുപോയ അടിവസ്ത്രങ്ങള്‍
നരച്ചുപോയ മഞ്ഞക്കോടികള്‍
കരിപുരണ്ട സാരിത്തുണ്ടുകള്‍
കറപിടിച്ച തൂവാലകള്‍
കുട്ടിയുടുപ്പുകള്‍
വള്ളിനിക്കറുകള്‍

പരുപരുത്ത തലയണയില്‍
ഉറക്കം അസ്വസ്ഥമായിരുന്നു
പൊട്ടിപ്പോയ ബട്ടണിലോ
നൂര്‍ന്ന് ധിക്കാരിയായ
ഹുക്കുകളിലോ
ഓര്‍മ്മയുടെ നൂലുകള്‍
കൊളുത്തിപ്പിടിച്ചിരുന്നു

അസ്വസ്ഥതയില്‍ ഭാരിച്ച
തല താങ്ങി താങ്ങി
പിഞ്ഞിപ്പോയാല്‍
തലയണയില്‍ നിന്നും
കാലം പുറത്തിറങ്ങി നടന്നിരുന്നു

അച്ചന്റെ പാന്റ്സും
അമ്മയുടെ ബ്ലൗസുമൊക്കെ
ദീര്‍ഘയാത്രക്കിടെ
ബസിലിരുന്ന് ഉറങ്ങിപ്പോയവര്‍
സ്ഥലമേതെന്ന്
വെളിയിലേക്ക്‌ വെപ്രാളപ്പെടുമ്പോലെ
വളര്‍ന്നുപോയ ഞങ്ങളെ നോക്കി
കൗതുകം കൊണ്ടിരുന്നു
അച്ചനായി ഞാന്‍ കരിമീശവച്ചു
അമ്മയായനുജത്തി ചിരട്ടവച്ചു
കുറഞ്ഞൊരിടവേളയില്‍
ചരിത്രം വര്‍ത്തമാനത്തിന്റെ
ഭാവിയായി അഭിനയിച്ചു

കട്ടിലിന്റേയും
പഞ്ഞിമെത്തയുടേയും
കാലം വന്നശേഷം
തലയണതയ്ച്ചിട്ടില്ല അമ്മ
വെള്ളപ്പൊക്കത്തിന്റെ
ദീനക്കാര്‍ഡുകള്‍ക്ക്‌
ദാനം കൊടുത്തു
പഴയ ഉടുപ്പുകള്‍,
സാരികളൊക്കെയും.
കൊടുക്കാന്‍ നാണമുണ്ടായെങ്കിലും
വാങ്ങാന്‍ നാണമില്ലാത്ത ദാരിദ്ര്യം
അടിവസ്ത്രങ്ങള്‍ വരെ
കൊണ്ടുപോയിരുന്നു

ഇന്‍സ്റ്റാള്‍മെന്റായി വീടുവന്നു
ഇന്‍സ്റ്റാള്‍മെന്റായിത്തന്നെ വന്നൂ
പഞ്ഞിമെത്തയും തലയണയും
ടി.വി.വന്നൂ
ടേപ്പുവന്നൂ
പ്രഷറുവന്നൂ
കൊളസ്ട്രോളുവന്നൂ
വെള്ളെഴുത്തിന്റെ കണ്ണടവച്ച്‌
അമ്മയും അച്ഛനും
ടിവികാണാനിരുന്നു

കനമില്ലെങ്കിലും
വീര്‍ത്തുതന്നെയിരിക്കുന്ന
പഞ്ഞിത്തലയണകളും
കട്ടിലില്‍ നിന്നിറങ്ങി
അവര്‍ക്കൊപ്പമിരുന്നു‍
ടി.വി കാണാന്‍ കസേരയില്‍
കൂടെയുണ്ടായി ഞാനും
സിക്സര്‍..ഫോര്‍
ഹൗ സാറ്റ്‌ എന്ന് ആരവമായി
എനിക്കൊപ്പം കൂടീ അച്ഛനും

പിന്നീടൊരിക്കലും
ഉറക്കത്തില്‍ വന്നസ്വസ്ഥപ്പെടുത്തിയില്ല
വക്കുപൊട്ടിയ കാലം
ഇരുന്നുറങ്ങുന്നവര്‍ ഇരുന്നുറങ്ങി
കിടന്നുറങ്ങുന്നവര്‍ കിടന്നുറങ്ങി
സദസില്ലാതെ കവലയില്‍
പ്രസംഗിക്കുന്ന നേതാവിനെപ്പോലെ
ടി.വി.തനിയേയിരുന്നു പാടി.

പഞ്ഞി നിറച്ച പതുപതുത്ത നിദ്രയില്‍
കാലം എത്രയൊഴുകി
ഓര്‍മ്മയില്ല സഖേ !

പുനര്‍ജന്മം

ബൊലോ
ഭാരത്‌ മാതാക്കീ
എന്ന് തൊണ്ടയില്‍
ബോംബ്‌ പൊട്ടിമരിച്ചവന്‍
ഹലോ
മേ ഐ ഹെല്‍പ്പ്‌ യൂ...
എന്ന് കാള്‍ സെന്റെര്‍ കാബിനില്‍
പുനര്‍ജനിച്ചു.

ഇന്‍..‌ക്വിലാബ്‌
സിന്ദാബാദ്‌
എന്ന് ലഹരിയില്‍
മുഷ്ടി കത്തിച്ചെറിഞ്ഞവന്‍
ദിസ്‌ പാര്‍ട്ട്‌
ഓഫ്‌ ദി പ്രോഗ്രാം ഈസ്‌...
എന്ന് കൊമേഴ്സ്യല്‍ ബ്രേക്കുകളില്‍
അവതരിച്ചു.

ഒറ്റാന്തടികള്‍

വഴിയരികില്‍
നില്‍ക്കുന്നവരേ
ഈന്തപ്പനകളേ
ശല്‍ക്കങ്ങളുള്ള
മനുഷ്യരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

ഒറ്റാന്തടികളേ
ഒട്ടകങ്ങളുടെ
വൃക്ഷപ്പതിപ്പുകളേ
ശിഖരങ്ങളില്ലാതെ
കുത്തനെ മാത്രം
വളരുന്നവരുടെ
പിതാമഹന്മാരേ
നിങ്ങളാരുടെ
ശില്‍പ്പങ്ങളാണ്‌ !

അടിമുടി
വെയില്‍തിന്നു
മധുരം വിളയിക്കുന്ന
വേനല്‍ക്കരിമ്പുകളേ
എന്റെ നാട്ടില്‍
മുളയ്ക്കുമോ
നിങ്ങളുടെ
ഒറ്റപ്പൊളിവിത്തുകള്‍ !

എന്റെ പൊന്നുമരമല്ലേ
എന്നു വന്നൊന്നു പുല്‍കാന്‍ ഒരു
സുന്ദര്‍ലാല്‍ ബഹുഗുണയെങ്കിലും
ഉണ്ടോ നിങ്ങള്‍ക്ക്‌

തുള

ഫ്രിഡ്ജിനുള്ളില്‍
തണുത്തിരിക്കുന്നു
നാവു പിഴുത
വിശപ്പ്‌

ഫ്രീസറില്‍
തൊലിയുരിച്ച
പച്ചക്കറി

കുപ്പിയില്‍
പാസ്ചറൈസ്ഡ്‌
മുലപ്പാല്‍

അറകളില്‍
പൂവണിയാത്ത
റൊട്ടി

അടയിരിക്കാത്ത
പക്ഷികള്‍ തന്‍
തന്തയില്ലാത്ത
മുട്ട

ധമനിയില്‍
വൈദ്യുതോഷ്ണം
നെഞ്ചില്‍
കഠിന ശിശിരം

ഫ്രിഡ്ജിനുള്ളില്‍
വിറങ്ങലിക്കുന്നു
നാളെയുടെ
ഇറച്ചി

ഓര്‍ത്തിരിക്കെ
ഉയരുന്നു
ഫ്രിയോണ്‍
നിശ്വാസങ്ങള്‍

ജാരനാരോ
തുളയ്ക്കുന്നു
കന്യകാ ചര്‍മ്മം

മരം മരം

മരം മരം
എന്നാവര്‍ത്തിച്ച്
രാമ രാമ എന്ന്
കണ്ടെത്തിയവന്‍
രാമ രാമ എന്നു ജപിച്ച്
ആദികവിയായി.

മരം മരം
എന്നാവര്‍ത്തിച്ച്
അരം അരം എന്ന്
കണ്ടെത്തിയവന്‍
അരം അരം എന്നു ജപിച്ച്
ആയുധങ്ങള്‍ രാകി.

മരം മരം
എന്നാവര്‍ത്തിച്ച്
റം റം എന്ന്
കണ്ടെത്തിയവന്‍
റം റം എന്നുജപിച്ച്
ഉന്മാദത്തിലാറാടി.

രാമ രാമ
എന്നാവര്‍ത്തിച്ച്
മരം മരം
എന്ന് കണ്ടെത്തുന്നവര്‍
മരം മരം എന്നുജപിച്ച്
ആധിയിലുമായി.

പിടുക്കന്‍

നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാന്‍
ടീച്ചറെന്നെ പഠിപ്പിച്ചു

നന്ദി
നന്ദി
നന്ദിയെന്നു ചൊല്ലാഞ്ഞാല്‍
അമ്മയെന്നെ അടിച്ചു

നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാരോടും ചൊല്ലി

നന്ദി
നന്ദി
നന്ദിയെന്നു ഞാന്‍
എല്ലാത്തിനും ചൊല്ലി

മിടുക്കന്‍
മിടുക്കന്‍ എന്നെന്നെ
എല്ലാരും പുകഴ്ത്തി

നന്ദി
നന്ദിയെന്നു ചൊല്ലിച്ചൊല്ലി
ദൈവാനുഗ്രഹവുമുണ്ടായി

നാലുകാലും
വാലും
ഭാരിച്ചൊരു പിടുക്കുമുള്ളൊരു*
ദൈവം പ്രത്യക്ഷനായി

നാഴികയ്ക്ക്‌
നാല്‍പ്പതുവട്ടം
എന്റെ പേര്‌ ജപിച്ചതിനാല്‍
അനുഗ്രഹിക്കുന്നു
എന്ന് വെളിപാടുണ്ടായി

അതിനു ശേഷമെല്ലാരുമെന്നെ
പിടുക്കന്‍
പിടുക്കന്‍
എന്നു വിളിച്ചുതുടങ്ങി.

*വൃഷണം

കുബ്ബൂസ്

ആഹാരത്തിന്റെ
രാഷ്ട്രീയം എന്ന
കാവ്യമീമാംസയില്‍
കുബ്ബൂസിനെക്കുറിച്ചും
കവിതയുണ്ട്‌

പപ്പടം മുതല്‍
പരിവട്ടം വരെയുള്ള
വിശപ്പിന്റെ എല്ലാ
വ്യാപ്തങ്ങളേയും
ഒരു റിയാലിന്റെ
ഒറ്റവട്ടം കൊണ്ട്‌
ഓര്‍മ്മിപ്പിക്കുന്നു
കുബ്ബൂസ്‌.

മഗല്ലനും
മലയാളിയും
കണ്ടെത്തിയ
വൃത്തപരിധികള്‍
കുബ്ബൂസിലൊന്നിക്കുന്നു
എന്നു തോന്നും.

റിയാദ്‌-തിരുവനന്തപുരം-
റിയാദ്‌ എന്ന
സ്വസ്ഥതക്കേടിന്റെ
ചുറ്റളവിലേക്ക്‌
ദഹിച്ചുചേരും മുന്‍പ്‌
പറയൂ കുബ്ബൂസേ

ഇനിയും
പരത്തിയിട്ടില്ലാത്ത
ഉരുളകളാണോ
നക്ഷത്രങ്ങള്‍ക്ക്‌ ചുറ്റും
കറങ്ങി നടക്കുന്നത്‌ ?


*അറബിനാട്ടിലെ റൊട്ടി

അച്ഛന്റെ ഉമ്മ

എത്ര ശ്രമിച്ചിട്ടും
അച്ഛന്‍ എന്നെ
ഏറ്റവും ഒടുവില്‍
ഉമ്മവച്ചതെന്നാണെന്ന്
ഓര്‍മ്മ കിട്ടുന്നില്ല.

ഒരുപക്ഷേ
എനിക്ക്‌ മീശരോമങ്ങള്‍
കിളിര്‍ത്തുതൂടങ്ങിയതില്‍ പിന്നെ
അദ്ദേഹം സാധാരണ
ചെയ്യാറുള്ള പോലെ,
ഞാന്‍ ഉറങ്ങിയെന്ന്
ഉറപ്പുവരുത്തിയശേഷമാവും
അത്‌ ചെയ്തിട്ടുണ്ടാവുക

പതിവുപോലെ
രാത്രിവൈകി
പുകയില മണമുള്ള ചുണ്ടുകള്‍
എന്റെ കവിളിലും നെറ്റിയിലും
പുരളുന്നതും
കുരുടന്‍ നഖമുള്ള
മുരട്ടു വിരലുകള്‍
എന്റെ മുടിയിഴ വകയുന്നതും കാത്ത്‌
ഉറക്കം നടിച്ച്‌
ശ്വാസം പിടിച്ച്‌ കിടന്നിരുന്ന ഞാന്‍
അപ്രതീക്ഷിതമായി
ഏതോ നശിച്ച ഉറക്കത്തിന്റെ
നീലച്ചുഴിയിലേക്ക്‌
പിരിഞ്ഞ്‌ പോയിട്ടുണ്ടാകാം

പിന്നീട് ഞാന്‍
വെണ്ടക്കപോലെ മുറ്റി
വിത്തിനും കൊള്ളാതാവുകയും
വയസ്സന്‍ കാഞ്ഞിരം പോലെ അദ്ദേഹം
വിറകിനും കൊള്ളാതാവുകയും ചെയ്തു.

അതുകൊണ്ടാവാം
ചരിത്രത്തില്‍ രേഖപ്പെടുത്താത്ത
വമ്പിച്ച പ്രളയങ്ങള്‍പോലെ
മുങ്ങിയ കൊട്ടാരങ്ങളെക്കുറിച്ചുള്ള
കെട്ടുകഥകളും
ഒലിച്ചുപോയ അടുക്കളപ്പാത്രങ്ങളുടെ
അഭ്യൂഹങ്ങളും മാത്രമായി
ഞാന്‍ അച്ഛന്റെ ഒടുവിലത്തെ
ഉമ്മയെ ഭാവന ചെയ്യുന്നത്‌.