പരിശീലനക്യാമ്പില്‍....

പച്ചക്കറി നുറുക്കുന്നതിനുള്ള
പരിശീലനക്യാമ്പില്‍ വച്ചാണ്
ഞങ്ങള്‍ കണ്ടുമുട്ടുന്നത്
മുനയും മൂര്‍ച്ചയും കണ്ട്
എനിക്കു വല്ലാതെയങ്ങ്
ഇഷ്ടപ്പെട്ടുപോയി.

ഒരു ചെറിയ കാബേജ്
നാലായി മുറിച്ചുവച്ചാലും
ചോരകഴുകി
ഡിസ്‌പ്ലേ ചെയ്ത
തലച്ചോറുപോലെയിരിക്കും.

കോടതികളില്‍
തലയെടുപ്പുള്ള
തൊണ്ടിമുതലാവാനും
അടുക്കളകളില്‍
വിരലു കണ്ടിക്കുന്ന
ഫെമിനിസമാകാനും
യോഗ്യതയുള്ള ഉഭയലിം‌ഗത്തെ
പ്രണയിച്ചുപോയി
ഒറ്റനോട്ടത്തില്‍ത്തന്നെ.

ക,ക,കൊ,കാ...

കടല പൊതിയുന്ന
കടലാസായിപ്പിറന്നാലും മതി
കൊറിച്ചു തീരുംവരെ
കാത്തിരിക്കണമെന്നല്ലേ ഉള്ളു.

പൊരിക്ക

വാതിലിനു വെളിയില്‍
രണ്ടു ചെരുപ്പുകള്‍
കാത്തുകിടക്കുന്നു
പാവങ്ങള്‍ക്ക് എങ്ങോട്ടു
പോണമെങ്കിലും ഞാന്‍ വേണം
മുറിക്കുള്ളില്‍ കട്ടിലും
മേശയും കസേരയും ഒക്കെയുണ്ട്
ഇരുന്ന ഇരുപ്പില്‍ ഇരിക്കാനും
കിടന്ന കിടപ്പില്‍ കിടക്കാനും
മാത്രമേ കഴിയൂ
വല്ലപ്പോഴും ഞാന്‍
അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ
മാറ്റിയിരുത്താറും കിടത്താറുമുണ്ട്
അലമാരക്കാണെങ്കില്‍
ഇടയ്ക്കൊക്കെ തുറന്നടയ്ക്കാവുന്ന
ഒരു അന്തരാര്‍ഥമുണ്ട്
ബെഡ്‌ഷീറ്റിനും തലയണയ്ക്കുമൊക്കെ
ഒന്നു ചുളിയുകയെങ്കിലും ചെയ്യാം
ജനാലക്ക് കാറ്റുമായി
ചില്ലറ അവിഹിതബന്ധമുണ്ട്
ഇങ്ങനെയൊക്കെയാണെങ്കിലും
പൂര്‍ണ അര്‍ഥത്തില്‍
ചലനശേഷിയുള്ള ഒന്നുമില്ലാത്ത
ഒരു മുറിയാണിത്
കാലം കിണഞ്ഞുശ്രമിച്ചിട്ടും
പൊറുത്തിട്ടില്ലാത്ത ഒന്ന്
പൊരിക്കയാവുമ്പോഴേ
പൊറുക്കാന്‍ സമ്മതിക്കാതെ ഞാന്‍
കുത്തിപ്പൊളിക്കുന്ന ഒന്ന്
എന്തിനെന്ന് ചോദിക്കരുത്
ചുമ്മാ ഒരു രസം.

ദീര്‍ഘദര്‍ശനം

അച്ഛാ
ദൈവത്തിന്റെ
മാതൃഭാഷയെന്താണ്?

അച്ഛാ
സ്വര്‍ഗ്ഗത്തിന്റെ
രാഷ്ട്രഭാഷയെന്താണ്?

അച്ഛാ
ഒന്നുകില്‍ നമുക്ക്
ദൈവത്തിന്റെ കോളേജില്‍
ചേര്‍ന്ന് സ്വര്‍ഗ്ഗത്തിന്റെ
രാഷ്ട്രഭാഷപഠിക്കാം

അച്ഛാ
അല്ലെങ്കില്‍ ദൈവത്തെ
നമ്മുടെ കോളേജില്‍
ചേര്‍ത്ത് നമ്മുടെ
മാതൃഭാഷ പഠിപ്പിക്കാം

അച്ചോ
ഉടനേ എന്തെങ്കിലും ചെയ്തില്ലെങ്കില്‍
നിത്യജീവനെ സംബന്ധിച്ച
ഗുരുതരമായ ഭവിഷ്യത്തുകള്‍
ഞാന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നു
അച്ഛോ....പൊന്നച്ചോ....

സൂത്രച്ചരട്

എല്ലാം വെറും
കള്ളമാണെന്നേ
കണ്ണാടിയിലെ വെളിച്ചം.
വെള്ളമില്ല്ലാത്ത പുഴയില്‍
നീന്തുന്നവരുടെ വീമ്പ്.
മനസിലാക്കല്‍
എന്ന മത്സരപ്പരീക്ഷയിലെ
നാണംകെട്ട കോപ്പിയടി.
നൂറുശതമാനം വിജയമെന്ന
വാര്‍ത്താക്കുറിപ്പ്.

ആളെപ്പറ്റിക്കുന്ന ഈ
മന്ത്രവാദച്ചരടിന്
മം‌ഗല്യസൂത്രമെന്നല്ലാതെ
എന്തുപേരാണ്
യോജിക്കുക.

പക്ഷേ
ഈ സൂത്രപ്പണികൊണ്ട്
സ്വയം പറ്റിക്കുന്നവരുടെ
സ്ലേറ്റിലുമുണ്ടല്ലോ
നൂറില്‍ നൂറ്
അതെങ്ങനെ വരുന്നു
എന്നതാണ് അത്ഭുതം.

ഓര്‍മ്മപ്പെടുത്തല്ലേ...

പണ്ടു പണ്ടാണ്
എന്നു വച്ചാല്‍
ഇന്നും ഇന്നലെയുമൊന്നുമല്ല
മിനിഞ്ഞാന്നും ആണെന്നു തോന്നുന്നില്ല
അതിനും മുന്‍പ് എപ്പൊഴോ ആണ്.

ആരോ ഒരാളാണ്
എന്നു വച്ചാല്‍
ഞാനല്ല
എന്റെ ഭാര്യയും
കുഞ്ഞുങ്ങളുമൊന്നുമല്ല
വേറെ ആരോ ഒരാളാണ്.

എവിടെയോ വച്ചാണ്
എന്നു വച്ചാല്‍
അമേരിക്കയിലും
ബ്രിട്ടണിലും
ചൈനയിലും ഒന്നുമല്ല
സൌദി അറേബ്യയിലുമല്ല
മറ്റെവിടെയോ വച്ചാണ്.

എന്തോ ഒന്നാണ്
എന്നുവച്ചാല്‍
ഷെയര്‍ മാര്‍ക്കറ്റ് പൊട്ടിയതും
ക്രിക്കറ്റില്‍ തോറ്റതും ഒന്നുമല്ല
മറ്റെന്തോ ഒന്നാണ്

സത്യം പറയട്ടെ
എനിക്കിപ്പോള്‍
വ്യക്തമായി ഒന്നുമോര്‍ക്കാന്‍
കഴിയുന്നില്ല.
ഓര്‍മ്മപ്പെടുത്തല്ലേ
ഓര്‍മ്മപ്പെടുത്തല്ലേ
ഞാനൊന്നു സ്വസ്ഥമായി
ജീവിച്ചു പൊയ്ക്കോട്ടെ.

കള


ഇല്ല മറ്റൊരാള്‍
എന്നെപ്പോലെങ്ങും
ചുറ്റിലുമുള്ളവര്‍
എല്ലാമൊരുപോലെ.
ഒരേ രൂപം ഒരേ ഭാവം
ഒരേ നിറം ഒരേ സ്വഭാവം
സ്വരം പോലുമൊന്നാണവര്‍ക്ക്

വിതക്കാതെ മുളച്ചവന്‍
നനയ്കാതെ വളര്‍ന്നവന്‍
താങ്ങുകമ്പില്ലാതെ
തനിയേ പടര്‍ന്നവന്‍
ചുറ്റിലുമില്ല എന്നെപ്പോലൊരാള്‍.

എന്റെ മാത്രം രൂപമെനിക്ക്
എന്റെ മാത്രം ഭാവമെനിക്ക്
എന്റെ മാത്രം പൂക്കള്‍
എന്റെ മാത്രം കായ
എന്റെ മാത്രം വിത്തുവിതരണ
സമ്പ്രദായങ്ങള്‍
ഇവിടെയീ കണ്ണെത്തും
ദൂരത്തില്‍ ഞാനേയുള്ളൂ
വ്യത്യസ്തനായൊരാള്‍

ഒരുപോലെയിലയുള്ളവര്‍
ഒരുപോലെ പൂവുള്ളവര്‍
വളവും നനയും കിട്ടി
തഴച്ചു കൊഴുത്തവര്‍
പൂത്തുമലച്ചവര്‍
കായ്ച്ചുമറിഞ്ഞവര്‍.
അവരോടു ചിറികോട്ടി
ഞാന്‍ ചോദിച്ചു.
പുളുന്താന്മാരേ എന്തവകാശം
നിങ്ങള്‍ക്കെന്നെ വിമര്‍ശിക്കാന്‍ ?

നാവിറങ്ങിയപോലെയവര്‍
അനങ്ങാതെ നിന്നപ്പോള്‍
കരുതി ഞാന്‍
മുട്ടിയല്ലോ ഉത്തരം !
ചിരിപൊട്ടിയുന്മത്തനായി
മരുവുമ്പോളഹോ കഷ്ടം
ഞാനറിഞ്ഞില്ലല്ലോ
അവരെപ്പോലെ
അല്ലായ്കയാലെന്നെ
പിഴുതെറിയാനൊരു
കൈ നീണ്ടു നീണ്ടു
വരുന്ന കാര്യം.

Image by Will Simpson

അടിയന്തിരാവസ്ഥയില്‍ ഒരുറക്കം

കടുത്ത യാഥാര്‍ഥ്യങ്ങളുടെ
അപ്രഖ്യാപിതമായ
അടിയന്തിരാവസ്ഥയില്‍
മര്‍ക്കടമുഷ്ടിക്കാരനായ
ഒരുറക്കം കൃത്യനിഷ്ഠയോടെ
കൂര്‍ക്കം വലിയുടെ
നിശാനിയമം
നടപ്പാക്കിവരുകയായിരുന്നു

അന്നേരമാണ്
താന്തോന്നികളായ
ചില സ്വപ്നങ്ങള്‍
ചട്ടവിരുദ്ധമായി
സംഘം ചേരുന്നതായും
ചിട്ടയുള്ള യാഥാര്‍ഥ്യ
വ്യവസ്ഥക്കെതിരെ
മുദ്രാവാക്യം മുഴക്കി
ധിക്കാരപൂര്‍വ്വം ആക്ഷേപങ്ങള്‍
ചൊരിയുന്നതായും
ടിയാന് അവിശ്വസനീയമായ
രഹസ്യവിവരം ലഭ്യമായിട്ടുള്ളത്.

കണ്ടാലുടന്‍ വെടിവെച്ചിടാനുള്ള
ഉന്നതതല ഉത്തരവിന്റെ
പിന്‍ബലവും
യാഥാര്‍ഥ്യസ്ഥാപനത്തിനുവേണ്ടി
പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ള
അത്യന്താധുനിക ആയുധങ്ങളുടെ
മുന്‍ബലവും
ഉണ്ടാക കൊണ്ടാകണം
കണ്ടാല്‍ മുണ്ടനും
കാര്യക്കാരനുമായ
ഉറക്കം ഒറ്റക്കുതന്നെ
സ്വപ്നവേട്ടക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്

അമ്പലക്കമ്മിറ്റി വക
രക്തസാക്ഷിമണ്ഡപത്തിന്റെ കരയിലും
പൊതുമേഖലാസ്ഥാപനമായ
ഷെയര്‍ മാര്‍ക്കറ്റിന്റെ കടവിലും
നടത്തിയ സുദീര്‍ഘമായ
അന്വേഷണത്തിനൊടുവില്‍
തന്റെ സഹ ഉറക്കങ്ങളെ
സ്വപ്നങ്ങളുടെ വേഷഭൂഷാദികളോടെ
കാണാനിടയാക കൊണ്ട്
ടിയാന്‍ തോക്കെടുക്കട്ടോ
ഉണ്ട നിറക്കട്ടോ
കാഞ്ചിവലിക്കട്ടോ
എന്ന ശങ്കയില്‍
തരിച്ചു നിന്നുപോകയും
ശേഷിയും ശേമുഷിയും ഉള്ളവരും
ചട്ടമ്പികളുമായ എതിരാളികള്‍
ടിയാനെ കിട്ടിയ തക്കത്തിന്
കുനിച്ചുനിര്‍ത്തി
കുറുക്കിലിടിക്കുകയും
നൂറ്റൊന്നാവര്‍ത്തി സ്വപ്നത്തിനു
മുദ്രാവാക്യം വിളിപ്പിക്കുകയും
ചെയ്തശേഷം
ആയുധങ്ങളും അണപ്പല്ലും
അടിച്ചു പറിച്ച്
ഇരുട്ടിലേക്ക് ഓടിമറയുകയും
ചെയ്തിട്ടുള്ളതാകുന്നു.

അടിസ്ഥാനപ്രമാണങ്ങളുടെ
നഗ്നമായ ലംഘനത്തില്‍
വെളുക്കുവോളം ലജ്ജിച്ചു-
തലതാഴ്ത്തുകയും
നിശിതമായി അപലപിക്കുകയും
ശക്ക്തമായി പ്രതിഷേധിക്കുകയും
ചെയ്തുവെങ്കിലും
തീവ്രമായ ഒരു
സ്വപ്നാനുഭവമുണ്ടാകുക എന്നതേക്കാള്‍
വലുതായുള്ള മേന്മയൊന്നും
കേവലമായ ഒരു ഉറക്കത്തിന്
വന്നുചേരാനിടയില്ലെന്ന
വെളിപാടുണ്ടായിട്ടോ എന്തോ
സ്വപ്നപക്ഷക്കാരുടെ
ഈ അതിക്രമത്തെക്കുറിച്ച്
ടിയാന്‍ നാളിതുവരെ
ഉന്നതതലത്തില്‍ പരാതിയൊന്നും
കൊടുത്തിട്ടില്ല എന്നാണ്
അറിവാന്‍ കഴിഞ്ഞിട്ടുള്ളത്.

മുക്കുറ്റി

നാട്ടില്‍ച്ചെല്ലുമ്പോള്‍
മുക്കുറ്റിയോട്
ചോദിക്കണം
ചുരുങ്ങിയ
സ്ഥലത്തു നിന്ന്
ചുരുങ്ങിയ
ഇലകള്‍ കൊണ്ടും
ചുരുങ്ങിയ
ഇതളുകള്‍ കൊണ്ടും
ചുരുങ്ങിയ
നിറങ്ങള്‍ കൊണ്ടും
ചുരുങ്ങിയ
കാലത്തിനുള്ളില്‍
ഇത്ര വിശാലമായ സൌന്ദര്യം
വിരിയിക്കുന്നതെങ്ങനെയെന്ന്

നാട്ടില്‍ച്ചെല്ലുമ്പോള്‍
മുക്കുറ്റിയോട്
ചോദിക്കണം
ചുരുങ്ങിയ
ജീവിതത്തിലെ
ചുരുങ്ങിയ
അനുഭവങ്ങളുടെ
ചുരുങ്ങിയ
ഓര്‍മ്മകള്‍ വെച്ച്
ചുരുങ്ങിയ
വാക്കുകള്‍ കൊണ്ടും
ചുരുങ്ങിയ
ഈണങ്ങള്‍ കൊണ്ടും
ചുരുങ്ങിയ
കാലത്തിനുള്ളില്‍
ഒരു വിശാലമായ കവിത
എഴുതാന്‍ പഠിപ്പിക്കുമോ എന്ന്

മായ

നില്‍ക്കുന്നേടത്തു നില്‍ക്കുമ്പോള്‍
ഞാനുണ്ടെന്നൊരുതോന്നല്‍
എന്റെ കാല്‍ക്കീഴിലൊരു മണ്‍‌തരി
അതിന്മേല്‍ എന്റെ ഭാരങ്ങള്‍.
പാപങ്ങള്‍ നഖങ്ങളും
പുണ്യങ്ങള്‍ തൂവലുമായ
ഒരു മുള്‍മരമാണു ഞാന്‍

നില്‍ക്കുന്നേടത്തു നില്‍ക്കാത്തപ്പോള്‍
ഞാനുണ്ടോ എന്നൊരു തോന്നല്‍
എന്റെ കാല്‍ക്കിഴിലില്ലൊരു നിഴല്‍
ആകാശത്തു ജെറ്റ് വിമാനം വരച്ച
വെളുത്ത വരമ്പു പോലെ
ഉള്ളതോ ഇല്ലാത്തതോ
എന്നറിയുംമുമ്പ്
മാഞ്ഞു മാഞ്ഞുപോകുന്നൊരു
വേഗതയാണു ഞാന്‍.

പൊങ്ങുതടി

ഒരു കണക്കിന്
എല്ലാ ജീവിതങ്ങളും
നീട്ടിവയ്ക്കപ്പെടുന്ന,
തീരുമാനിച്ചുറപ്പിച്ച
വധശിക്ഷകളാണ്.

ഏകതാനമായ
സമയത്തിന്റെ
ശീതീകരണപ്പെട്ടിയില്‍
മരവിപ്പിച്ചു സൂക്ഷിച്ചിട്ടുള്ള
മരണത്തിന്റെ
വിത്തുകോശങ്ങള്‍.

കട്ടിലിന്റെ ആകൃതിയുള്ള
ഈ നിശ്ചലതടാകത്തില്‍
ആരോ എറിഞ്ഞുകളഞ്ഞ
ഒരു പൊങ്ങുതടിക്ക്
അങ്ങനെയൊക്കെയാണ്
അതേക്കുറിച്ച് തോന്നുന്നത്.

വായന

കണ്ണുകൊണ്ടല്ല
മിക്കപ്പോഴും
എന്റെ വായന;
പേനകൊണ്ടാണ്.
പുസ്തകങ്ങളെയല്ല
മിക്കപ്പോഴും ഞാന്‍
വായിക്കുന്നത്;
എന്നെത്തന്നെയാണ്.
അതുകൊണ്ടാവും
എനിക്കിതുവരെ
വായിക്കാന്‍ കണ്ണട
വേണ്ടിവരാത്തതും
വായിക്കുമ്പോള്‍
വേദനിക്കുന്നതും.

ചുഴുപ്പ്


ഇന്നുവരെ
ഇതാ ഈ നിമിഷം വരെ
ഈ പറമ്പിന്റെ
പുറമ്പോക്കിലൂടെ
ഒളിഞ്ഞും തെളിഞ്ഞും
ഒലിച്ചുകൊണ്ടിരുന്ന പുഴയെ
ഒരു നൊടികൊണ്ടുഞാന്‍
അപ്രത്യക്ഷമാക്കി

നനക്കാനില്ലാതെ
കുളിക്കാനില്ലാതെ
കുടിക്കാനില്ലാതെ ആളുകള്‍
അലമുറയിട്ടുംകൊണ്ടോടി
വന്നപ്പോളവര്‍ക്കു ഞാനതിനെ
ആരോ മറന്നു നിര്‍ത്തിയ
ആറ്റുവഞ്ഞിയുടെ
കരിഞ്ഞ കൊണ്ടയില്‍
കാട്ടിക്കൊടുത്തു.

പച്ചനിറത്തില്‍ നനവുകള്‍
കട്ടപിടിച്ചപോലെയൊരു
മെലിഞ്ഞ പുഴുവിനെ
മിഴിച്ചുകണ്ടവര്‍ തരിച്ചു നിന്നു.

ഇന്നുവരെ
ഇതാ ഈ നിമിഷം വരെ
ഈ വയലിനക്കരെ
തെങ്ങുകള്‍ക്കു മുകളില്‍
പകലിനെത്താങ്ങിയുയര്‍ന്നു
നിന്നൊരു മലയെ
ഒരു നൊടികൊണ്ടുഞാന്‍
അപ്രത്യക്ഷമാക്കി

കലങ്ങിക്കരഞ്ഞും
ഉരുള്‍പൊട്ടിയപോലെ
കുത്തിയൊലിച്ചും
ആളുകള്‍ കുതിച്ചുവന്നപ്പോള്‍
ഞാനവര്‍ക്കതിനെ
തിരണ്ട പെണ്ണുങ്ങളുടെ
നിറഞ്ഞ നെഞ്ചിന്മേല്‍
കാട്ടിക്കൊടുത്തു

ഇടിഞ്ഞതും ഇടിയാനുള്ളതും
ഉടഞ്ഞതും ഉടയാനുള്ളതുമായ
മുലകളുടെ ജനാവലി
കണ്ടുകണ്ടവരമ്പരന്നു

അറിയുന്നുണ്ടോ അവര്‍
ചുഴിഞ്ഞ കണ്ണുള്ളവര്‍
അറിയുന്നുണ്ടോയെന്റെ
അത്ഭുത സിദ്ധികള്‍
ഒരു കൊലക്കയറിന്റെ
ആകൃതിയുള്ളൊരു
വെറും ചുഴുപ്പിന്റെ
മാസ്മര വിദ്യകള്‍.

നന്ദിവേണം

കഴുതേ
നിനക്കു ഞാന്‍
രാജ്യസ്നേഹമെന്ന് പേരിട്ടതും
പൊന്നാടയും പൂമാലയും
കൊണ്ടലങ്കരിച്ചതും
വീരഗാഥകള്‍ പാടിയും
ധീരകഥകള്‍ പറഞ്ഞും
താരാട്ടി പാരാട്ടി
പാലും പഴവും തന്നിത്രടം
വളര്‍ത്തിക്കൊണ്ടു വന്നതും
നീ മറന്നു പോകരുത്
വേണ്ടപ്പോള്‍ വേണ്ടും വണ്ണം
നന്ദികാണിച്ചേക്കണം കേട്ടോ.

കുറ്റം

ഡോക്ടറാകാന്‍ കൊതിച്ച്
ഭരതനാട്യം പഠിക്കുന്ന
പെണ്‍കുട്ടീ
സിനിമാക്കാരനാകാന്‍
കൊതിച്ച്
ജന്തുശാസ്ത്രം പഠിച്ച്
വക്കീലായിത്തീര്‍ന്ന്
ഗുമസ്തനായി
ജീവിക്കുന്നവന്‍ നിന്നെ
കുറ്റപ്പെടുത്തുന്നതെങ്ങനെ ?

വെടി

പഴയ വാരികകള്‍
തുറന്നപ്പോള്‍
ഉള്ളില്‍ കനപ്പെട്ട
സാഹിത്യത്തില്‍
ശ്വാസംമുട്ടി ചത്തുപോയ
ഒരു ജനതതി.

ഈച്ച,കൊതു,
വിളക്കുപക്കി,
കഥ,കവിത,
ലേഖനങ്ങള്‍.
എട്ടുകാലികള്‍,
ഇരട്ടവാലികള്‍,
സാഹിത്യനിരൂപണം,
വാരഫലം.
ചര്‍ച്ചകള്‍,ചാര്‍ച്ചകള്‍,
ചലച്ചിത്ര ചര്‍വ്വണം.
ജീവനറ്റവയുടെ
വംശാവലി നീളുന്നു.

വേണ്ട വേണ്ട
വിമ്മിട്ടപ്പെട്ടു ഞാന്‍
ശവപ്പെട്ടി ധൃതിയില്‍
അടച്ചുവയ്ക്കാനൊരുങ്ങവേ
പഴയ കോട്ടയിലെ
പീരങ്കിക്കുഴല്‍ പോലെ
ഒരു വലിയ വെടി
നീണ്ടുവന്നെന്നെത്തൊട്ടു.
കാബൂളുപോലെ
ബാഗ്ദാദ് പോലെ
പുതിയ കാലത്തിന്റെ
മ്യൂസിയമായി ഞാന്‍
ചിതറിപ്പോയി.

തക്കോല്‍ക്കൂട്ടം

നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന സിനിമ ഇറങ്ങിയ ശേഷമാണ്‌ വിശ്വംഭരനെക്കുറിച്ച്‌ നാട്ടുകാര്‍ നന്മനിറഞ്ഞവന്‍ വിശ്വംഭരന്‍ എന്ന്‌ പറഞ്ഞു തുടങ്ങിയത്‌. എന്നാല്‍ സിനിമക്കും വിശ്വംഭരനും തമ്മില്‍ ഒരു ബന്ധവുമില്ല. ആകെയുള്ളത്‌ നന്മയാണ്‌. നിറഞ്ഞ്‌ നിറഞ്ഞ്‌ കവിഞ്ഞ്‌ കവിഞ്ഞ്‌ വിശ്വംഭരനെ വിശ്വംഭരനാക്കുന്ന നമ. പക്ഷേ നാട്ടുകാര്‍ക്കയാളോടുള്ള മതിപ്പ്‌ വീട്ടുകാര്‍ക്കില്ല കെട്ടോ. വിശ്വംഭരനെക്കുറിച്ച്‌ അച്ഛന്‍ പറയുന്നതിങ്ങനെയാണ്‌.

ബ്‌ഭ.. ഒരു മകന്‍.. വീടറിയാതെ നാടലഞ്ഞുനടക്കുന്ന...
എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌.

പുരയും പുരയിടവും നിറഞ്ഞു നില്‍ക്കുന്ന അനുജത്തി ഇങ്ങനെയും:

യ്യ.. ഒരു ചേട്ടന്‍.. ഹുമ്മ്മ്മ്..

അമ്മക്കാണെങ്കില്‍ പുകയുന്ന അടുപ്പൂതിക്കത്തിക്കുമ്പോള്‍ കണ്ണുകളില്‍ കാണുന്ന ഒരു ഭാവം മാത്രമേ വരൂ.. അവര്‍ക്ക്‌ വാക്കുകളുമായി അത്ര ചങ്ങാത്തമില്ല.

അതെന്തോ ആകട്ടെ. നാട്ടുകാര്‍ക്ക്‌ വിശ്വംഭരന്‍ പ്രഭാതവും നട്ടുച്ചയും സായഹ്നവുമൊക്കെയാണ്‌. ഉത്തമനായ ചെറുപ്പക്കാരന്‍. അമ്പലത്തിലെ പാട്ടുപെട്ടിയിലൂടെ സ്വിച്ചില്‍ വിരലമര്‍ത്തി അയാള്‍ നാടിനെ ഒരു സംഗീതമാക്കി ഉണര്‍ത്തും. ഉച്ചക്ക്‌ ഗവണ്‍മന്റ്‌ സ്കൂളിന്റെ കഞ്ഞിപ്പുരയില്‍ ഉപ്പും വിയര്‍പ്പും പോലെ അയാളുണ്ടാകും. സായാഹ്നങ്ങളില്‍ വായനശാലയിലെ പഴകിദ്രവിച്ച പുസ്തകങ്ങള്‍ക്കിടയില്‍ ഒരു കഥാപാത്രം പോലെ നിന്നു ചിരിക്കും. അങ്ങനെ സര്‍വഭരിതമായ ഒരു നമയായി വിശ്വംഭരന്‍ നിറഞ്ഞൊഴുകുന്നതിനിടെയാണ്‌ പഴുത്തു നിന്ന കുരു പൊട്ടുന്നപോലെ അതങ്ങുസംഭവിച്ചത്‌. വിശ്വംഭരന്റെ സര്‍വ്വ താഴുകളും തുറന്നു കൊടുത്ത ഒരു താക്കോല്‍ കൂട്ടം അയാളെ തേടിയെത്തിയത്‌.

ഗവണ്‍മന്റ്‌ സ്കൂളില്‍ അവധിദിവസത്തില്‍ ഒരു കല്യാണം. ഉത്സവപ്പറമ്പിലെ കതിന പോലെ വിശ്വംഭരന്‍ ഇവിടെ കത്തി, അവിടെ ചീറ്റി ,എവിടേയോ പൊട്ടി ഓടി പുകഞ്ഞു നടക്കുന്നു. എല്ലാത്തിനും വേണം വിശ്വംഭരന്‍.
വിശ്വംഭരോ ഇലയിട്ടോ...
വിശ്വംഭരോ ആളെ വിളിക്കട്ടോ?
വിശ്വംഭരോ എവിടെ സാമ്പാറ്‌
അയ്യോ വിശ്വംഭരോ മുഹൂര്‍ത്തമാകാറായി...
വിശ്വംഭരോ മാലയെട്‌..
വിശ്വംഭരോ മേളമെവിടെ..
വിശ്വംഭരോ വിശ്വംഭരോ.. വിശ്വംഭരോ..

എല്ലാം കഴിഞ്ഞ്‌ ഊട്ടുപുര വീണ്ടും ക്ലാസ്സുമുറിയാക്കി ബഞ്ചും ഡസ്കുകളുമൊക്കെ പുനഃസ്ഥാപിക്കുന്നതിനിടയിലാണ്‌ ഏതോ ഒരുത്തന്‌ അത്‌ കിട്ടിയത്‌. ഒരു താക്കോല്‍ കൂട്ടം.
വിശ്വംഭരേട്ടാ... ഒരു വിളിയുടെ കുന്തപ്പുറത്തുകേറി ആ ലുട്ടാപ്പിയെത്തി വിശ്വംഭരന്റെയടുത്ത്‌.
വിശ്വംഭരേട്ടോ.. പാവം.. ആരുടേയോ താക്കോല്‍ക്കൂട്ടം കളഞ്ഞു പോയി. ഊട്ടുപുരയില്‍ നിന്നും കിട്ടിയതാണ്‌.
വിശ്വംഭരന്‍ താക്കോല്‍ക്കൂട്ടം കൈകൊണ്ടുവാങ്ങി. നൂറ്റാണ്ടുകളുടെ തണുപ്പ്‌ അയാളുടെ ശരീരത്തിലൂടെ ഒഴുകി. അയാളത്‌ തിരിച്ചും മറിച്ചും നോക്കി. ചെറുതും വലുതുമായ പത്തിരുപത്‌ താക്കോലുകള്‍ പഴകിയ ഒരു പിത്തളവളയത്തില്‍ കിടന്നു കിലുങ്ങുന്നു. താക്കോലുകളുടെ കൂട്ടത്തില്‍ ചിരപുരാതനന്മാര്‍ മുതല്‍ ഉത്തരാധുനികള്‍ വരെയുണ്ട്‌. ആരുടേതായാലും കഷ്ടമായിപ്പോയി പത്തായത്തിന്റെ മുതല്‍ മനസ്സിന്റെ വരെ പൂട്ടുകള്‍ തുറക്കാനാവാതെ അവര്‍ പകച്ചുനില്‍ക്കുന്ന ചിത്രം വിശ്വംഭരന്റെ മനസ്സിലെത്തി.

വിശ്വംഭരന്‍ നേരെ സ്കൂള്‍ മുറ്റത്തെത്തി. ആളുകള്‍ പോയിക്കഴിഞ്ഞിരിക്കുന്നു. ആകെയുള്ളത്‌ വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രം. എന്നാലും ചോദിച്ചു നോക്കാം. അയാള്‍ താക്കോല്‍ക്കൂട്ടം തന്റെ ചൂണ്ടാണി വിരലില്‍ കൊളുത്തി മുകളിലേക്കുയര്‍ത്തി സുദര്‍ശനം പോലെ കറക്കി.
ഊട്ടുപുരയില്‍ നിന്നും കിട്ടിയതാണ്‌. ആരുടെതെങ്കിലും ആണോ?

ആളുകള്‍ പരസ്പരം നോക്കി. അവരുടേതല്ല എന്നുവ്യക്തം. വിശ്വംഭരന്‍ ബസ്‌സ്റ്റോപിലേക്കോടി. ദൂരങ്ങളില്‍ നിന്നും വന്ന കുറച്ചുപേരുണ്ട്‌ അവിടെ. പക്ഷെ ചരക്ക്‌ അവരുടേതുമല്ല. വിശ്വംഭരന്‍ ഒരുവിധപ്പെട്ട എല്ലാവരോടും ചോദിച്ചു. അവര്‍ക്കൊന്നും അറിയില്ല. ഇനിയിപ്പോ എന്തു ചെയ്യും? തിരികെ സ്കൂളിലെത്തി.

അളൊഴിഞ്ഞു. ഒരു സുഹൃത്തു പറഞ്ഞു:
അതു വിശ്വംഭരന്‍ വച്ചോ ആരെങ്കിലും തിരഞ്ഞു വരും.

അതുശരിയാണ്‌. പക്ഷെ തന്നെ തിരഞ്ഞ്‌ ആളുകളെ വരുത്തുക അല്ലല്ലോ വിശ്വംഭരന്റെ ശൈലി. അവരെ തിരഞ്ഞ് അങ്ങെത്തിക്കുക എന്നതല്ലേ. അതല്ലേ നന്മ.

അതു ശരിയാവില്ല. ഞാനൊന്നു കൂടി നോക്കട്ടെ.
വിശ്വംഭരന്‍ വീണ്ടും നിരത്തിലേക്കിറങ്ങി. കണ്ണില്‍ കണ്ടവരോടൊക്കെ ചോദിച്ചു. പക്ഷെ സാധനം ആരുടെതുമല്ല. ഉച്ച കഴിഞ്ഞു. സന്ധ്യയാകാന്‍ തുടങ്ങുന്നു. പരാജിതമായ ഒരന്വേഷണം നടത്തുന്ന പോലീസുദ്യോഗസ്ഥന്റെ ഹൃദയഭാരം വിശ്വംഭരനില്‍ നിറഞ്ഞു. ആളുകളുടെ മുഖത്ത്‌ അപരിചിതമായ ഒരു ഭാവം. ഒരു പുച്ഛത്തിന്റെ ചിരി

ആളെ കിട്ടിയോ വിശ്വംഭരോ?

പതിയെപ്പതിയെ ഒന്നുകൂടി അയാള്‍ മനസ്സിലാക്കി. താക്കോല്‍ക്കൂട്ടം കൊരുത്തിട്ടിരിക്കുന്ന പിത്തള വളയത്തിന്‍ പല്ലുകളുണ്ട്‌. അത്‌ അയാളുടെ ചൂണ്ടാണി വിരലില്‍ കടിമുറുക്കിയിരിക്കുന്നു. താക്കോലുകളുടെ ഭാരം കൂടി ക്കൂടി വരുന്നു. അത്‌ താക്കോലുകളുടെ അല്ലാതാവുകയും പൂട്ടുകളുടെയും പൂട്ടപ്പെട്ടവയുടേയും മൊത്തം ഭാരമായിത്തീര്‍ന്ന്‌ അയാളെ കീഴോട്ട്‌ വലിക്കുകയും ചെയ്യുന്നു. വിശ്വംഭരനു ദാഹിച്ചു തുടങ്ങി. ഒരു വല്ലാത്ത ദാഹം. വെള്ളം എത്ര കുടിച്ചിട്ടും തീരാത്ത ദാഹം. അയാളാദ്യമായി വിരലൊന്നു കുടഞ്ഞു. ഇല്ല, താക്കോല്‍ക്കൂട്ടം കടിച്ചു തൂങ്ങിക്കിടക്കുകയാണ്‌.
അയാള്‍ക്ക്‌ ആ വൃത്തികെട്ട വളയം പറിച്ചെടുത്ത്‌ ദൂരെ എറിഞ്ഞാല്‍ കൊള്ളാമെന്നു തോന്നി. അപ്പോഴാണ്‌ എതിരേ വന്ന ആരോ ചോദിച്ചത്‌.
ആളെക്കിട്ടിയോ വിശ്വംഭരോ..
വിശ്വംഭരന്‍ ഒന്നു ഞെട്ടി.
ഏതാളെ?
താക്കോലിന്റെ...
ഒരു ചെറുചിരിയുമായി അയാള്‍ നടന്നകന്നു.

ഒരു വലിയ കുരുക്കിന്റെ മുറുക്കം അയാളറിഞ്ഞു. അങ്ങനെ വലിച്ചെറിയാന്‍ കഴിയില്ല. ഇപ്പോള്‍ ഈ തക്കോല്‍ക്കൂട്ടത്തിന്റെ കൈവശാവകാശം വിശ്വംഭരനാണെന്ന് നാടറിഞ്ഞു കഴിഞ്ഞു. ഏത്‌ ഉറക്കത്തിന്റേയും വാതില്‍ കൊട്ടിവിളിച്ച്‌ ആരെങ്കിലും വന്നെന്നിരിക്കും... എവിടെ താക്കോല്‍?

വിശ്വംഭരന്‍ ആകെ തളര്‍ന്നുപോയി. ഇരുട്ട്‌, മുഖങ്ങളില്ലാത്ത രൂപങ്ങളുടെ രാത്രിയെ സൃഷ്ടിച്ചു കഴിഞ്ഞപ്പോഴേക്കും താക്കോല്‍ ക്കൂട്ടം വിശ്വംഭരന്റെ ഹൃദയത്തില്‍ നിന്നും പകുതി ചോര കുടിച്ചു കഴിഞ്ഞിരുന്നു. എന്തും വരട്ടെ, അയാള്‍ തീരുമാനിച്ചു. ഇത്‌ താങ്ങാന്‍ വയ്യ. അയാള്‍ കൈവിരല്‍ മുകളിലേക്കുയര്‍ത്തി വഴിവിളക്കിന്റെ വെളിച്ചത്തില്‍ താക്കോല്‍ക്കൂട്ടത്തെ അവസാനമായി നോക്കി. താക്കോലുകള്‍ മഞ്ഞക്കറവീണ പല്ലുകളിളിച്ചു കാട്ടി. അയാള്‍ സൂക്ഷിച്ചു നോക്കി. എവിടേയോ ഒരു പരിചിതഭാവമുണ്ട്‌ അവയ്ക്ക്‌ തന്നോട്‌. നാശം അയാള്‍ പിറുപിറുത്തു. വളരെ പാടുപെട്ട്‌ അയാള്‍ ആ വളയം പറിച്ചെടുത്തു ചുറ്റും നോക്കി. ആരും വരുന്നില്ല. അയാള്‍ വിളക്കുകാലിന്റെ ചുവട്ടില്‍ താക്കോല്‍ക്കൂട്ടം വച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ നടന്നു തുടങ്ങി. ഇരുട്ടിന്റെ നിബിഡതയില്‍ എത്തിയപ്പോള്‍ ആരോ എതിരേ വന്നു.

ആളെക്കിട്ടിയോ വിശ്വംഭരോ?
അയാള്‍ ചോദിച്ചു.
വിശ്വംഭരന്‍ ഷോക്കേറ്റപോലെ വിറച്ചു.
ഏതാളെ?
എതിരന്‍ പൊട്ടിച്ചിരിച്ചു. താക്കോലിന്റെ ആളെ..
ഇ..ഇ..ഇല്ല.. വിശ്വംഭരന്‍ വിയര്‍ത്തു.
വല്ല പത്രത്തിലും പരസ്യം കൊടുത്തേക്കൂ.
അയാള്‍ ഒന്നുകൂടി ഉച്ചത്തില്‍ ചിരിച്ചിട്ട്‌ നടന്നകന്നു.

വിറയല്‍ നിന്നപ്പോള്‍ വിശ്വംഭരന്‍ ഓടാന്‍ തുടങ്ങി. വഴിയില്‍ കണ്ണുതൊടാതെ ഇരുട്ടിന്റെ നിറഞ്ഞ നദി നീന്തി വിളക്കുകാല്‍ പിടിക്കാന്‍.ഭാഗ്യം.. അതവിടെത്തന്നെയുണ്ട്‌. അയാള്‍ കിതച്ചുകൊണ്ട്‌ നിന്നു.വീണ്ടും താക്കോല്‍ വളയം കൂടുതല്‍ ആര്‍ത്തിയോടെ വിശ്വംഭരന്റെ വിരലില്‍ കടിയിട്ടു. നേരെ ടെലെഫോണ്‍ ബൂത്തിലേക്കു നടന്നു വിശ്വംഭരന്‍. പത്രമോഫീസിലെ സുഹൃത്തിന്റെ പൊട്ടിച്ചിരി പാറവെടി പോലെയാണ്‌ അയാള്‍ക്കു തോന്നിയത്‌. ഒരു താക്കോല്‍ കളഞ്ഞുകിട്ടി എന്ന വാര്‍ത്തക്കു സ്കോപ്പില്ലത്രെ. സ്ഥലം ഒഴിവുണ്ടെങ്കില്‍ കൊടുക്കാമെന്ന്‌. പോലീസ്‌ സ്റ്റേഷനില്‍ കൊടുത്തേക്കാന്‍.സ്റ്റേഷനെങ്കില്‍ സ്നേറ്റ്ഷന്‍. പാതിരാനേരത്ത്‌ വിളിച്ചുണര്‍ത്തിയതിന്റെ മുഷിപ്പില്‍, രാത്രി ജോലിക്കാരനായ പോലീസുകാരന്‍ വിശ്വംഭരന്‍ പറഞ്ഞതൊക്കെ എഴുതിയെടുത്തു. സമാധാനത്തോടെ പഴക്കം മെഴുക്കുപുരട്ടിയ മേശപ്പുറത്ത്‌ വിശ്വംഭരന്‍ താക്കോല്‍ക്കൂട്ടത്തെ അടര്‍ത്തി വെച്ചു. വിരലിലെ കുതയില്‍ തലോടിക്കൊണ്ട്‌ സ്റ്റേഷനില്‍ നിന്നിറങ്ങി.

പാടം കടന്നുവേണം വീട്ടിലേക്കെത്താന്‍. വീട്ടിലെ പലകക്കട്ടിലില്‍ നീണ്ടുനിവര്‍ന്നു കിടന്ന്‌ നശിച്ച ഒരു പകലിന്റെ ഓര്‍മ്മകള്‍ ഉറങ്ങിത്തീര്‍ക്കണം. വിശ്വംഭരന്‍ നടന്നു. വയലിനക്കരെ നില്‍ക്കുമ്പോഴേ കാണാം വീട്‌. തലമുറകളുടെ സര്‍പ്പശാപവും ദൈവകോപവുമൊക്കെപ്പേറി മലര്‍ന്നുകിടക്കുന്ന ഒരു വാസ്തുപ്പെണ്ണ്‌. പഴകിയ മണം കാറ്റിന്‌ ചാര്‍ത്തിക്കൊണ്ട്‌ അതങ്ങനെ കിടക്കുന്നു. അതിനുമുണ്ട്‌ വാതിലുകള്‍, അറകള്‍, അറപ്പുരകള്‍, പത്തായങ്ങള്‍, പണ്ടപ്പെട്ടികള്‍.. വിശ്വംഭരനു ചിരിവന്നു. എല്ലാത്തിലും ദരിദ്രമായിപ്പോയ പൂര്‍വ്വകാലത്തിന്റെ പെരുമക്കഥകളേയുള്ളൂ നിക്ഷേപമായി.

അങ്ങനെ നടക്കുമ്പോഴാണ്‌, വിശ്വംഭരന്‍ ശ്രദ്ധിച്ചത്‌. വീട്ടുമുറ്റത്ത്‌ പതിവില്ലാത്ത ഒരു വെളിച്ചം.. ചൂട്ടുകറ്റകളുടെ..!
അമ്മക്ക്‌..?
അതോ അച്ഛനോ..?

അയാള്‍ ഓടി. വീട്ടുമുറ്റത്ത്‌ നല്ലൊരു കൂട്ടം. അയാളെ കണ്ടപ്പോള്‍ ആളുകള്‍ വഴിമാറിക്കൊടുത്തു. പെണ്ണുങ്ങള്‍ വാപൊത്തി ചിരിയടക്കുന്നതു കാണാമായിരുന്നു. അച്ഛന്‍ ഉമ്മറത്തുണ്ട്‌. അമ്മയും. സമാധാനമായി.

വാതില്‍ക്കലെന്താണ്‌...?
വാതില്‍ക്കല്‍...?

രണ്ടാശാരിപ്പിള്ളേര്‍ ചൂട്ടുകറ്റവെട്ടത്തില്‍ ഉളിപ്പണി ചെയ്യുന്നു.
തുറന്നു..
നെറ്റിയിലെ വിയര്‍പ്പു വടിച്ചുകൊണ്ട്‌ ആശാരിപ്പിള്ളേര്‍ എണീറ്റു. വാതിലിന്റെ കരകരശബ്ദത്തെ ഭേദിച്ച്‌ അച്ഛന്‍ നീട്ടിയ കാറല്‍ ദൂരത്തില്‍ തുപ്പി. വിശ്വംഭരന്റെ തലക്കുമീതെ അതു പാഞ്ഞുപോയി.

വരികളുടെ അഭാവത്തില്‍ ഒരു കവിത

ഓഫീസില്‍ നിന്നും
സ്റ്റാഫ് വില്ലയിലേക്കുള്ള
അരമണിക്കൂര്‍ യാത്ര
കവിതയെ വിരസമാക്കുന്നു സാര്‍.

മണിയടിക്കുന്നു
കാര്‍ഡ് പഞ്ച് ചെയ്യുന്നു
പുറത്തിറങ്ങുന്നു
ഗേറ്റില്‍ നില്‍ക്കുന്നവനോട്
ചിരിച്ചുകാട്ടുന്നു.
കാത്തു നില്‍ക്കുന്ന
ബസില്‍ കയറുന്നു
സര്‍ക്കസുകാരന്റെ സൈക്കിളില്‍
കുരങ്ങനിരിക്കുമ്പോലെ
പുറത്തേക്കുമിഴിച്ച്
അരമണിക്കൂര്‍.

അതുഞാനങ്ങു വെട്ടി സാര്‍
ഇപ്പൊഴെങ്ങനുണ്ടെന്നു
നോക്കണം.

അഹോ!
ഗം‌ഭീരം,അതിഗം‌ഭീരം!
ഉഗ്രന്‍, അത്യുഗ്രന്‍!
ഓഫീസ് .
സ്റ്റാഫ് വില്ല.
ഇങ്ങനെ രണ്ടേ രണ്ട്
പദങ്ങള്‍കൊണ്ടുള്ള കവിത
ലോകസാഹിത്യത്തില്‍
ആദ്യമായിരിക്കും.

അതേയോ സാര്‍
എന്നാല്‍പ്പിന്നെ
ജനനം
മരണം
ഈ രണ്ടുപദങ്ങള്‍ക്കിടയിലുള്ള
അതിവിരസമായ വരികള്‍ കൂടി
ഞാനങ്ങുവെട്ടിക്കളയട്ടോ സാര്‍...?