ഒരുവിലാപം

താഴ്ചയേറെയുള്ളൊരാറ്റുവക്കത്തൂടെ
നടക്കുന്നു ഞാൻ.
ആകാശം കനം തൂങ്ങിനിൽക്കു-
മൊരാഴത്തുള്ളിയായ് മുകളിൽ.
കാറ്റിൽ മേഘങ്ങൾ പരസ്പരം
ഉരിയാടിയൊന്നായലിഞ്ഞും
പിഞ്ഞിപ്പിരിഞ്ഞുപലതായ്
പറിഞ്ഞുമലയുന്നു.....
മിന്നൽ വാറ്റിയെടുത്തൊരു കുളിരു,
ചേമ്പിലക്കുമ്പിളിൽ
പകരുന്നു.

ശാന്തമെന്നെ മുഖം നോക്കാൻ
ക്ഷണിക്കുന്നു,
നീ;
ആഴജലം...
ഞാൻ;
ദാഹം കുമിഞ്ഞ്
ഭ്രാന്തായ് ചമഞ്ഞ മാൻ‌കുട്ടി..

നിന്നിലെന്നെക്കണ്ടു ഭയന്നു
ചിതറിഞാനോടി
നീയോ, നിന്നെ തളച്ചൊരാഴം-
പിഴുതെന്റെ പിന്നാലെ..
നാം,തൊട്ടു തൊട്ടില്ലെന്ന മട്ടിൽ
വെയിൽ പാളികൾക്കിടയിൽ
ഓട്ടത്തിന്റെ ഒരു ഫോസിലായി
ഉറഞ്ഞു.
നമുക്കുമുകളിൽ,
കാലഘട്ടങ്ങളിടിഞ്ഞുവീണുനാമടിഞ്ഞു..
ആരോ കുഴിച്ചെടുക്കുംവരെ
ഉറങ്ങിപ്പോകുന്നു പിൽക്കാല ജീവിതം..