കാക്കകളുടെ നിലവിളി

കാക്കകളാണ് കാറിയുണര്‍ത്തിയത്..
പാതി തുറന്നിട്ട ജനാലയിലൂടെ
ആറുമണി സമയം
ഉള്ളിലേക്ക് എത്തിനോക്കുന്നു,
എണീറ്റില്ലടാ ! എന്നു ചോദിക്കുന്നു..
വിറകുകൂനയ്ക്കുമുകളില്‍
ഉറങ്ങിയെണീറ്റ പൂച്ചയെപ്പോലെ വെളിച്ചം,
നഖം ഉള്ളിലേക്ക് വലിച്ചുവെച്ച്
മുഖം വൃത്തിയാക്കുന്നു..
മരക്കൊമ്പുകളില്‍ നിന്നുയരുന്നു
നെഞ്ചത്തലച്ച നിലവിളി.
അക്കരെനിന്നും
കറുത്ത പൊട്ടുകള്‍
ആകാശം തുഴഞ്ഞെത്തി
മരച്ചില്ലകളില്‍ നങ്കൂരമിടുന്നു.
ചില്ലകളിലുറങ്ങുന്ന കാറ്റുകള്‍
അലോസരത്തോടെ ഉണര്‍ന്ന്
മറ്റൊന്നിലേക്ക് മാറിയിരിക്കുന്നു.
കലുഷമാണല്ലോ പ്രഭാതമെന്നോര്‍ത്ത്
കണ്‍തിരുമ്മി ഞാനെണീറ്റു
കാക്കകളുടെ ഗ്രാമസഭയിലേക്ക് നടന്നു.
തെങ്ങിന്‍ ചുവട്ടിലെ
കറുത്തൊരു തൂവലിനെച്ചൊല്ലിയാണ്
ഇത്ര വലിയ മേളം
കാക്കത്തൂവലാണതെന്ന് ഉറപ്പൊന്നുമില്ല
കോഴിയുടേതാവാം
കുയിലേന്റേതാവാം
കറുത്ത മറ്റേതെങ്കിലും പക്ഷിയുടെതാവാം..
ഒരു തൂവലിനുചുറ്റും
ഒരു വെറും തൂവലിനു ചുറ്റും
കാക്കകളുടെ പട്ടാളം, പടയൊരുക്കം നടത്തുന്നു
ഇരതേടാന്‍ പോകുന്നവര്‍
ഇണതേടാന്‍ പോകുന്നവര്‍
ആകാശങ്ങള്‍ താണ്ടി
വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു..
ഒരു തൂവലിനെച്ചൊല്ലിയുള്ള
അമ്പരപ്പും അഭ്യൂഹങ്ങളും
കായെന്ന ഒറ്റയക്ഷരം കൊണ്ടും
ദിഗന്തം മുഴക്കുന്ന വര്‍ത്തമാനമാകുന്നു..
കാക്കകള്‍ മനുഷ്യരുടെ ആത്മാക്കള്‍ തന്നെ..