കുഞ്ഞു കുഞ്ഞു മരണങ്ങൾക്കിടയിൽ ഒരു വലിയ മരണം

മറവി ഒരർത്ഥത്തിൽ മരണം തന്നെയാണ്. കുഞ്ഞുകുഞ്ഞുമറവികൾ ചേർന്നാണ് ഒരു വലിയ മരണം സംഭവിക്കുന്നത്. ഹൃദയം രക്ത ചംക്രമണം മറന്നു പോവുന്നു. കിഡ്നികളും കരളുമൊക്കെ അതതിന്റെ ജോലികൾ മറന്നു പോവുന്നു. പേശികൾ ചലനം മറന്നു പോവുന്നു. അസ്ഥികൾ സന്ധികളിൽ വെച്ച് പരസ്പരം അറിയാത്തവരെപ്പോലെ നിൽക്കുന്നു. മറവികളുടെ മാഹാ സമ്മേളനം നടക്കുമ്പോൾ നമ്മൾ ഒരാൾ മരിച്ചു എന്ന് അനൗൺസ് ചെയ്യുന്നു. 

വെളിയം ഭാർഗവൻ മരിച്ചിരിക്കുന്നു. അതറിഞ്ഞതു മുതൽ അദ്ദേഹത്തെക്കുറിച്ചുള്ള ഒര് ഓർമ തിരിച്ചുപിടിക്കാൻ ഞാൻ ശ്രമിക്കുകയാണ്. ഇല്ല. ഞാൻ അത് ഒട്ടു മുക്കാലും മറന്നു പോയിരിക്കുന്നു. എന്റെ ഒരു കുഞ്ഞു മരണം എന്ന് ഞാൻ അതിനെ മനസിലാക്കുന്നു. ഒന്നു രണ്ട് സുഹൃത്തുക്കളെ വിളിച്ചു ചോദിച്ചു. ആർക്കും കൃത്യമായി ഓർമയില്ല. ഇങ്ങനെ എത്രയെത്ര കുഞ്ഞു മരണങ്ങൾ കഴിയുമ്പോഴാണ് ഒരു വലിയ മരണം നമ്മെ തലോടുന്നത്! നമ്മൾ മരിച്ചു എന്ന് ആളുകൾ അനൗൺസ് ചെയ്യുന്നത്!

ഒട്ടുമുക്കാലും മറന്നു പോയ ആ സംഭവം നടക്കുന്നത് 1998 ലോ 99 ലോ ആണ്. അന്ന് ഞാൻ തിരുവനന്തപുരം ലോ കോളേജിൽ പഠിക്കുന്നു. അന്നു ഞാൻ എബിവിപിയിൽ സജീവ പ്രവർത്തകൻ. എന്നുവെച്ചാൽ കലാക്ഷേത്രയുടെ കൺവീനറോ എബിവിപിയുടെ ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയോ...(ഒരു ചെറിയ മരണം അവിടെയും സംഭവിച്ചിരിക്കുന്നു). എന്തോ ഒരു വലിയ പരിപാടി സംഘടിപ്പിച്ചത് ഓർമയുണ്ട്. ഒരു പായസം വിതരണം. ഒരു ഡിബേറ്റ്. പിന്നെയും എന്തൊക്കെയോ.. അതുമായി ബന്ധപ്പെട്ടാണ് വെളിയം ഭാർഗവന്റെ ഓർമയുടെ എടുപ്പുകൾ. പരിപാടിയ്ക്ക് അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വരാമെന്നേറ്റു. വന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ഡ്രൈവറുടെ പക്കലാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വകയായി നാലോ അഞ്ചോ ആറോ... (ഓർമയില്ല) പേജുള്ള ഒരു കുറിപ്പ് കൊടുത്തയച്ചു. ഞാനതു വായിച്ചു... എന്തായിരുന്നു ഉള്ളടക്കം! മറന്നുപോയി.. അല്ല ഞാൻ അൽപം മരിച്ചുപോയി..

തിളക്കമുള്ള ആ ജീവിതത്തിന് ആദരാഞ്ജലികൾ..