ഭരണകൂടതഭീകരതയെയാണ് കൂടുതൽ ഭയക്കേണ്ടത്..


ചിത്രം കടപ്പാട്: മാതൃഭൂമി ദിനപത്രം 8/12/2014
ചുംബനസമരത്തിനിടയാക്കിയ സാഹചര്യത്തേയും അതിനെതിരെയുള്ള ശാരീരികമായ അടിച്ചമർത്തലിനെയും അതിന് പോലീസ് പ്രത്യക്ഷത്തിൽ തന്നെ നൽകുന്ന പിന്തുണയേയും അർഹിക്കുന്ന ഗൗരവത്തോടെയാണോ നമ്മുടെ സമൂഹം കാണുന്നതെന്ന് പത്രവാർത്തകളും ഫെയ്സ്‌ബുക്ക് പോസ്റ്റുകളും മറ്റും വായിക്കുമ്പോൾ സംശയം തോന്നുന്നു. പൊതുസ്ഥലത്ത് പരസ്പരം ഇഷ്ടപ്പെടുന്ന മനുഷ്യർക്ക് സ്നേഹപ്രകടനം നടത്തുന്നതിനുള്ള സാഹചര്യമില്ലായ്മക്കെതിരെയുള്ള തികച്ചും സമാധാനപരമായ സമരത്തിനു നേരെയുള്ള ആക്രോശങ്ങൾ കേവലം മതതീവ്രവാദികളുയർത്തുന്ന പ്രശ്നമായാണ് ബഹുഭൂരിപക്ഷവും ഇപ്പോഴും കാണുന്നതെന്ന് തോന്നുന്നു. വാസ്തവത്തിൽ മതതീവ്രവാദികളെ ഇങ്ങനെ അഴിഞ്ഞാടാൻ അനുവദിക്കുന്നതിൽ "സ്റ്റേറ്റ്" വഹിക്കുന്ന പങ്കാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടത്.

ഫെയ്സ്‌ബുക്ക് ചിത്രം

പൗരന് ഭരണഘടനാപരമായി ലഭ്യമായ മൗലീക അവകാശങ്ങൾ ഉറപ്പാക്കേണ്ടുന്നതിന് ചുമതലപ്പെട്ട "സ്റ്റേറ്റ്" ഉം അതിന്റെ ഉപകരണമായ "പോലീസ്" ഉം ക്രിമിനലുകളായ യാഥാസ്തിതികർക്ക് സഹായകരമായ നിലപാടെടുക്കുന്നതാണ് കൊച്ചിയിലും കോഴിക്കോടും നാം കണ്ടത്. സമാധാനപരമായി സമരം ചെയ്തവരെയും അവരെ ശാരീരികമായി കയ്യേറ്റം ചെയ്തവരേയും കരുതൽ എന്ന രീതിയിൽ അറസ്റ്റ് ചെയ്യുകയും രണ്ടുകൂട്ടരേയും ഒരേ സമയം ജാമ്യത്തിൽ വിടുകയും ചെയ്യുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ല. (ജാമ്യത്തിൽ പുറത്തുവന്ന സമരക്കാരെ വീണ്ടും സദാചാരഗുണ്ടകൾ തല്ലിയെന്നും വാർത്തയുണ്ടായിരുന്നു) ക്രിമിനൽ നിയമങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിധത്തിൽ സംഘം ചേർന്ന് സമാധാനപരമായി സമരം ചെയ്യുന്നവരെ ശാരീരികമായി കയ്യേറ്റം ചെയുന്നവരെ എന്തടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ വിടുന്നത്? സത്യത്തിൽ ഈ വിഷയത്തിൽ പ്രതിപക്ഷപാർട്ടികളുടെ ഉള്ളിന്റെ ഉള്ളിൽ നുരപൊന്തുന്ന സദാചാരചായ്‌വാണ് സർക്കാരിനെതിരെ ഗൗരവമായ ചർച്ചകളും സമരങ്ങളും ഉയർന്നുവരാത്തതിനു കാരണം.


ഫെയ്സ്ബുക്ക് ചിത്രം
വാനരസേനയോ ശിവസേനയോ മാത്രമല്ല ഭരണപക്ഷവും പ്രതിപക്ഷവും ഒന്നടങ്കം ഈവിഷയത്തിൽ ഭരണഘടനയേയും നിയമങ്ങളേയും കാറ്റിൽ പറത്തുകയാണ്. ആരെങ്കിലും കോടതിയെ സമീപിക്കുന്ന പക്ഷം ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്ന കാരണത്തിൽ സ്റ്റേറ്റ് ഗവർൺമെന്റിനെതിരെ ഒരു വിധിയുണ്ടാകാൻ പോലും ഇടയുണ്ടാക്കിയേക്കാവുന്ന വിഷയമാണിത്. ഈ വിഷയത്തെ ഗൗരവമായി സമീപിക്കുകയാണെങ്കിൽ അടുത്തപടിയായി ചെയ്യേണ്ടത് ഇതുതന്നെയാണെന്നാണ് എന്റെ അഭിപ്രായം. പ്രതീകാത്മകസമരങ്ങളെ എത്ര ലാഘവത്തോടെയാണ് സർക്കാരും എതിരാളികളും കാണുന്നതെന്ന് മനസിലാക്കാൻ സെക്രട്ടേറിയേറ്റിന്റെ മുന്നിൽ കഴിഞ്ഞ നൂറു ദിവസങ്ങളിലേറെയായി നടക്കുന്ന നിൽപു സമരം തന്നെ ധാരാളമാണ്. സമരങ്ങളുടെ പ്രതീകാത്മകതയെ പാരഡിവൽക്കരിക്കാനുള്ള ശ്രമങ്ങളും കണ്ടില്ലെന്ന് നടിച്ചുകൂടാ.. ഡിവൈഎഫൈ ഈയിടെ ആഹ്വാനം ചെയ്ത ഒരു സമരത്തിന്റെ പേരാണത്രേ "ചായകുടി സമരം"!!

*എല്ലാ ചിത്രങ്ങളും ഇന്റർനെറ്റിൽ നിന്നും 

നിഷ്കാസിതൻ

നിർത്തൂ
ഞാൻ എന്റെ ഹൃദയത്തോട് പറയുന്നു
അത് കേൾക്കുന്നില്ല
നിർത്താതെ നിർത്താതെ അത് മിടിക്കുന്നു
എന്റെ ശരീരത്തിനുള്ളിൽ എങ്ങനെയോ കടന്നുകൂടിയ
ഒരു പരാദജീവിയെപ്പോലെ അത് എന്റെ ചോരകുടിക്കുന്നു
എന്നെ പരവേശപ്പെടുത്തുന്നു

എന്നിൽനിന്നുടൻ പുറപ്പെടും...

കുട്ടിക്കാലത്ത്  ഞങ്ങൾ ഒരു കുസൃതിക്കളി കളിക്കുമായിരുന്നു
കല്ലോ കുപ്പിച്ചില്ലോ ഒരു കടലാസിൽ
വൃത്തിയായി പൊതിഞ്ഞ്
നടവഴിയിലേക്ക് എറിഞ്ഞ്
മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കലാണ് പരിപാടി
ആറ്റിൽ ചൂണ്ടയിട്ടു മീൻപിടിക്കുന്ന പോലെ
അസാമാന്യക്ഷമ വേണ്ടിവരുന്ന ഒരു വിനോദം
വഴിപോക്കരാരെങ്കിലും പൊതികാണും
കാത്തിരിപ്പിന്റെ വിരസത ഉടനടി
ചൂണ്ടലിൽ മീൻകൊത്തിവലിയുന്ന  
പിരിമുറുക്കത്തിലേക്ക് വഴിമാറും
പിന്നെ ഒന്നുരണ്ടുനിമിഷത്തെ നാടകമാണ്
കളിയുടെ കാതൽ
വരത്തന്റെ നടത്തയുടെ വേഗത ഒന്നുകുറയും
കരിയില ചുഴിക്കാറ്റിൽപ്പെട്ടപോലെ നിന്നു കറങ്ങും
ആരും കണ്ടില്ല എന്നുറപ്പാക്കി പൊതി കുനിഞ്ഞെടുക്കും
മരങ്ങളുടെ നിഴലുകൾക്കിടയിലൂടെ
സ്വപ്നത്തിലെന്നപോലെ മുന്നോട്ടു നടക്കും
പാത്തുപാത്ത് പൊതിയഴിക്കാൻ തുടങ്ങും
കാണുന്നതിനും അഴിക്കുന്നതിനും
ഇടയ്ക്കുള്ള ആ നിമിഷങ്ങളിൽ
അവർ കാണുന്ന സ്വപ്നങ്ങൾ മുഴുവൻ
ആ നടത്തയിലുണ്ടാവും
വിരലുകളുടെ വിറയലിലുണ്ടാവും
ഒരു കള്ളത്തരം ആരിലുമുണ്ടാക്കുന്ന ആദിമലഹരി
ആ മുഖത്തെ പകൽനിലാവിലുണ്ടാവും
പൊതി തുറക്കുന്നമാത്രയിൽ 
വെടിച്ചീളുപോലെ ഞങ്ങളുടെ പൊട്ടിച്ചിരി
അവരുടെ തലതകർത്ത് പായും
നാണംകെട്ട് മൃതമായി
പുളിച്ച തെറിയിൽ ഞങ്ങളെ മാമോദീസാ മുക്കി
അവർ ധൃതിയിൽ നടന്നു മറയും
കൂസലില്ലാതെ ഞങ്ങൾ കല്ലോ
കുപ്പിച്ചില്ലോകൊണ്ട് അടുത്ത സ്വപ്നം പൊതിയും..


കാലമേറെക്കഴിഞ്ഞു
അന്നത്തെ ഇടവഴി മണ്ണുമാന്തികൾ തിന്നു
മരത്തണലുകൾ വെയിൽ തിന്നു
അന്നത്തെ കുട്ടിയെ ഞാൻ തന്നെ തിന്നു
എങ്കിലും എത്രമുതിർന്നാലും പഴയകളികൾ മറക്കുമോ?
ഇപ്പൊഴും വിരസത എന്നെ തിന്നാനടുക്കുമ്പോൾ
ഞാനൊറ്റയ്ക്ക് പഴയ കളി കളിക്കും
വൃത്തിയായി ഞാനെന്നെ പൊതിയും
ആൾസഞ്ചാരമധികമില്ലാത്ത
നടപ്പാതയിലേക്ക് നീട്ടിയെറിയും
എനിക്കുമാത്രം ഒളിച്ചിരിക്കാവുന്ന
എന്റെ മാളത്തിലേക്ക് ചൊരുകിക്കയറി
സന്യാസപർവം നയിക്കും
ഏറെക്ഷമയാവശ്യമുള്ള കളിയാണത്
ആറ്റിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നപോലെ തന്നെ
വിരസതയെ ആകാംക്ഷയിലേക്ക്
വിവർത്തനം ചെയ്യുന്നയന്ത്രമായില്ലെങ്കിൽ
ബോറടിച്ച് മരിച്ചുപോകും, ആരും..
ഒടുവിൽ തീർച്ചയായും ഒരുവൾ അതുവഴി വരും
ചുഴിക്കാറ്റിലെ കരിയിലപോലെ ഒരുനിമിഷം നിന്നു കറങ്ങും
ഒച്ചയുണ്ടാക്കാതെ ഞാനിരിക്കും
ആരും കാണുന്നില്ലെന്നുറപ്പാക്കി
അവൾ പൊതി കുനിഞ്ഞെടുക്കും
നിലാവിലൂടെ പൊഴിയുന്ന പക്ഷിത്തൂവൽ പോലെ
നൃത്തം ചെയ്ത് മുന്നോട്ടു നീങ്ങും
ചിരപുരാതനമായൊരു കള്ളത്തരത്തിന്റെ ആദിമലഹരി
അവളിൽ നുരയും 
ഞാൻ അതുകണ്ടുകുളിരും
രഹസ്യമായി, ഏറ്റവും രഹസ്യമായി
അവൾ എന്നെ അഴിക്കും
പൊതിയഴിഞ്ഞുഞാൻ വെളിപ്പെടുന്നമാത്രയിൽ
എന്നിൽനിന്നു പുറപ്പെടും
അവളുടെ നെഞ്ചുപിളർക്കുമാറ് 
ഒരു പൊട്ടി.....

തിത്തിരുത്തിക്കളി...

ഞാനൊരു മുയലാണെന്ന്
എല്ലാവരും പറഞ്ഞപ്പോൾ
ഞാൻ ഒരു മുയലിനെപ്പോലെ അഭിനയിച്ചു
ഞാനൊരു മാനാകുന്നുവെന്നവർ തിരുത്തി
ഞാനൊരു മാനിനെപ്പോലെ നടന്നു
അവരെന്നെ തിരുത്തിത്തിത്തിരുത്തി
ഞാനവരെ പ്രീതിപ്പെടുത്തി
കാടായി, പുഴയായി, പൂവായി പുഴുവായി
അട്ടയായി,പഴുതാരയായി,പാമ്പായി
എന്നെ എനിക്കെന്തുമാക്കിമാറ്റാൻ കഴിവുണ്ടായി
അവർ കുട്ടികൾ ചിരിക്കുമ്പോലെ ചിച്ചിരിച്ചിരിപ്പായി
അവർ തിരുത്തും മുന്നേ ഞാൻ മറിമായാൻ തുടങ്ങി
എലിയായി പൂച്ചയായി,പുലിയായി, സിംഹമായി
മറിമറിഞ്ഞ് മറിമറിഞ്ഞ് ഞാനൊടുവിൽ ഞാനായി
ഒന്നടങ്കം അവർ തിരുത്തപ്പെട്ടു...

തിത്തിരുത്തിക്കളി...

ഞാനൊരു മുയലാണെന്ന്
എല്ലാവരും പറഞ്ഞപ്പോൾ
ഞാൻ ഒരു മുയലിനെപ്പോലെ അഭിനയിച്ചു
ഞാനൊരു മാനാകുന്നുവെന്നവർ തിരുത്തി
ഞാനൊരു മാനിനെപ്പോലെ നടന്നു
അവരെന്നെ തിരുത്തിത്തിത്തിരുത്തി
ഞാനവരെ പ്രീതിപ്പെടുത്തി
കാടായി, പുഴയായി, പൂവായി പുഴുവായി
അട്ടയായി,പഴുതാരയായി,പാമ്പായി
എന്നെ എനിക്കെന്തുമാക്കിമാറ്റാൻ കഴിവുണ്ടായി
അവർ കുട്ടികൾ ചിരിക്കുമ്പോലെ ചിച്ചിരിച്ചിരിപ്പായി
അവർ തിരുത്തും മുന്നേ ഞാൻ മറിമായാൻ തുടങ്ങി
എലിയായി പൂച്ചയായി,പുലിയായി, സിംഹമായി
മറിമറിഞ്ഞ് മറിമറിഞ്ഞ് ഞാനൊടുവിൽ ഞാനായി
ഒന്നടങ്കം അവർ തിരുത്തപ്പെട്ടു...
ഞാനൊരു മുയലാണെന്ന്

എല്ലാവരും പറഞ്ഞപ്പോൾ

ഞാൻ ഒരു മുയലിനെപ്പോലെ അഭിനയിച്ചു

ഞാനൊരു മാനാകുന്നുവെന്നവർ തിരുത്തി

ഞാനൊരു മാനിനെപ്പോലെ നടന്നു

അവരെന്നെ തിരുത്തിത്തിത്തിരുത്തി

ഞാനവരെ പ്രീതിപ്പെടുത്തി

കാടായി, പുഴയായി, പൂവായി പുഴുവായി

അട്ടയായി,പഴുതാരയായി,പാമ്പായി

എന്നെ എനിക്കെന്തുമാക്കിമാറ്റാൻ കഴിവുണ്ടായി

അവർ കുട്ടികൾ ചിരിക്കുമ്പോലെ ചിച്ചിരിച്ചിരിപ്പായി

അവർ തിരുത്തും മുന്നേ ഞാൻ മറിമായാൻ തുടങ്ങി

എലിയായി പൂച്ചയായി,പുലിയായി, സിംഹമായി

മറിമറിഞ്ഞ് മറിമറിഞ്ഞ് ഞാനൊടുവിൽ ഞാനായി

ഒന്നടങ്കം അവർ തിരുത്തപ്പെട്ടു...

കടുത്ത മുഹൂർത്തങ്ങളെ വിരൽ പിണച്ചു ഫ്രെയിം ചെയ്യുന്ന രോഗം!

ക്രിസ്തോഫ് കീസ്‌ലോസ്കിയുടെ കാമറാ ബഫ് എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ഫിലിപ് മോസ് ആകസ്മികമായാണ് സിനിമാ രചനയിലേക്ക് ചെന്നു ചേരുന്നതെങ്കിലും ഏറെ താമസിയാതെ അദ്ദേഹം അതിൽ പൂർണമായും വ്യാപൃതനാവുന്നു. സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ മാത്രം മുഴുകുന്ന അയാൾ കുടുംബത്തെ ശ്രദ്ധിക്കാതെ വരുമ്പോൾ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുന്നു. തന്റെ സിനിമകളുമായുള്ള ഊരുചുറ്റലിനൊടുവിൽ ഒരുനാൾ വീട്ടിലെത്തുന്ന ഫിലിപ്പ് മോസിനോട് താൻ വേർ പിരിയുകയാണെന്ന് ഭാര്യ പറയുന്നു. ആകെ തകർന്നു പോകുന്ന ഫിലിപ് “എന്തുകൊണ്ടിപ്പോൾ? എല്ലാം പച്ചപിടിച്ചുവരുന്ന ഈ സമയത്തുതന്നെ എന്തിനാണിത്?” എന്ന് വിലപിച്ചുകൊണ്ട് കസേരയിലേക്ക് വീണുപോകുന്നു. “നാം ഒടുവിൽ ശാരീരികമായി ബന്ധപ്പെട്ടത് ആറുമാസങ്ങൾക്ക് മുൻ‌പാണ് പക്ഷേ ഞാനിപ്പോൾ അഞ്ചുമാസം ഗർഭിണിയാണ്. എന്റെ ഒരു സുഹൃത്താണ് അച്ഛൻ“ എന്ന് മറുപടി പറഞ്ഞ് ഭാര്യ ഇറങ്ങിപ്പോവുകയാണ്. പ്രേക്ഷകനെക്കൂടി ഞെട്ടിക്കുന്ന ആ ഇറങ്ങിപ്പോക്കിന് ഫിലിപ് മോസിന്റ്റെ പ്രതികരണം വിചിത്രമാണ്. ശക്തമായ പ്രഹരമേറ്റിട്ടും അയാൾ ചെയ്യുന്നത് നൊടിയിടകൊണ്ട് വിരലുകൾ ചതുരാകൃതിയിൽ പിടിച്ച് സ്വന്തം ഭാര്യ ഇറങ്ങിപ്പോകുന്ന രംഗത്തിന്റെ ഫ്രെയിം നോക്കുകയാണ്. ഭാര്യ തിരിഞ്ഞുനോക്കുമ്പോഴേക്കും തന്റെ പ്രവൃത്തി അവൾ കാണാതിരിക്കാൻ ബദ്ധപ്പെടുകയും ചെയ്യുന്നുണ്ടയാൾ. ഒരു ചലച്ചിത്രകാരന്റെ നിഗൂഢമായ മനസ് ഇത്ര കൃത്യമായി മറ്റാരെങ്കിലും വരച്ചിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.