18/8/07

മഴക്കപ്പുറം- ഒരു വായന

വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
ഞാറ്റുവേലപ്പെയ്ത്തിലാര്‍ത്തുപൊങ്ങി
ആകാശം കാണുവാനെത്തിനോക്കി
ആവാതെയപ്പൊഴേതാണിറങ്ങി

ആറ്റിലേക്കെത്താനറിഞ്ഞുകൂടാ
ആഴിത്തിരയോളം പോകവയ്യ
ആടിമാസക്കറുപ്പൊന്നുമാത്രം
ആഴക്കടല്‍‌അകത്തൊതുക്കാം

ഓളമില്ലോര്‍മതന്‍ താളമില്ല
നീരൊഴുക്കിന്റെ തിളക്കമില്ല
പാറപ്പുറത്ത്ചെന്നെത്തിനോക്കി
ച്ചാടിത്തിമര്‍ക്കാന്‍ കയങ്ങളില്ല

വെള്ളാരംകല്ലില്ല തുള്ളിനീങ്ങും
വെള്ളിപ്പരല്‍മീന്‍ കിലുക്കമില്ല
മുങ്ങിക്കിടക്കുവാന്‍ കൊമ്പനില്ല
മൂവന്തിപ്പൊട്ടിന്‍ തുടുപ്പുമില്ല

ആരുമില്ലാപ്പകല്‍‌പോയിരാവും
മൂകം നിലയ്ക്കുന്നു മേഘരാഗം
പാരിജാതത്തിന്‍ സുഗന്ധപൂരം
പാതിരാക്കാറ്റിന്റെ സ്നേഹസാക്ഷ്യം

എത്തുന്നു താഴേക്കിലത്തലപ്പിന്‍
മുത്തിറ്റുവീഴും‌പതിഞ്ഞ നാദം
ഇത്തിരിച്ചീവിടിനുള്ളിലെങ്ങു
മെത്തുന്നു ജീവന്റെ സംഘഗാനം

മാമരപ്പച്ച വകഞ്ഞുമാറ്റി
ചാരുവായാരോ ചിരിച്ചുനില്‍ക്കെ
ആവോളം കാണാന്‍ കുതിച്ചുപൊങ്ങി
ത്തൂവുമാത്തേങ്ങല്‍ പിടിച്ചടക്കി

വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
വീര്‍പ്പടക്കിക്കൊണ്ടൊതുങ്ങി നിന്നു
ആര്‍ദ്രമൌനത്തിനകത്തനന്ദം
ദീപ്ത നക്ഷത്രങ്ങള്‍ വിണ്‍‌തുറന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജുലൈ അവസാന ലക്കം പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ മഴക്കപ്പുറം എന്ന കവിതയാണിത്.ഇതേ ലക്കത്തിലെ ഈയല്‍ എന്ന കവിത ബ്ലോഗുവായനയില്‍ കാവ്യത്തിലൂടെ നമുക്ക് പരിചിതമാണ്.എന്തുകൊണ്ടെന്നറിയില്ല ഒരേലക്കത്തില്‍ വന്നിട്ടും ഈ കവിതയെ തട്ടിമാറ്റി ഈയല്‍ കാവ്യത്തില്‍ ഇടം‌പിടിച്ചു എന്ന്. ഈ കവിതക്കു അര്‍ഹിക്കുന്ന വായനയും പരിഗണനയും കിട്ടിയോ എന്നു സംശയമാണ്.കുറേക്കാലത്തിനിടക്ക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ (ഞാന്‍ വായിച്ചവയില്‍) ഏറ്റവും ശ്രേഷ്ഠമാണ് ഈ കവിതയെന്ന് മനസുപറഞ്ഞതുകൊണ്ടാണ് ഇത് ഇവിടെ പോസ്റ്റു ചെയ്യുന്നത്.പറഞ്ഞുവച്ചതില്‍ പ്രകാശിതമാകുന്ന പറയാതെ പോയവയുടെ തലങ്ങളെ കണ്ടെത്താന്‍ കഴിയുമ്പോഴാണ് അടുക്കും ചിട്ടയും ഉള്ളതോ ഇല്ലാത്തതോ ആയ ഏതാനും വരികള്‍ക്ക്കവിതയെന്ന മാനം കിട്ടുന്നത്.കവിതകളും കഥകളും നോവലുകളും എല്ലാം ചെയ്യുന്നത് ഒരേ ധര്‍മം തന്നെയാണ്.പറയുക എന്ന കേവല ധര്‍മ്മം.നോവല്‍ എല്ലാത്തിനേയും പറഞ്ഞു എല്ലാം വ്യക്തമാക്കുമ്പോള്‍ കഥയാകട്ടെ ചിലതുമാത്രം പറഞ്ഞു എല്ലാത്തിനേയും വ്യക്തമാക്കുന്നു.എന്നാല്‍ കവിതയോ ഒന്നിനെ ക്കുറിച്ചു പറഞ്ഞ് തികച്ചും വ്യത്യസ്തമായ മറ്റൊന്നിനെ വെളിച്ചപ്പെടുത്തുന്നു.ഇതാണ് കവിതയുടെ മാജിക്.ആപ്പിള്‍ ഇറക്കിയ തൊപ്പിയില്‍ നിന്ന് മുയലുകളെ പുറത്തെടുക്കുന്ന മാന്ത്രികവിദ്യ തന്നെയാണത്.ഇവിടെ നോക്കുക കിണറ്റുവെള്ളത്തെക്കുറിച്ച് പറഞ്ഞ് എത്ര ആഴങ്ങളെയാണ് വിജയലക്ഷ്മി പ്രത്യക്ഷമാക്കുന്നത്‌! മരംകൊത്തികളിലും എരുക്കുമരങ്ങളിലും ചങ്ങലക്കിടപ്പെട്ട (മാധ്യമം ജൂണ്‍ ലക്കം) പെണ്ണെഴുത്തിന്റെ വിവക്ഷകളെ മോചിതമാക്കാന്‍ കെല്‍പ്പുള്ള മന്ത്രവാദമാണ് ഈ കവിത എന്നുഞാന്‍ കരുതുന്നു.

11 അഭിപ്രായങ്ങൾ:

 1. ശ്രീ പെരിങോടന്‍,
  ഇത്തരം നല്ല കവിതകള്‍ക്ക് വായനക്കാരില്ലാതെ പോകുന്നത് ഒരു ദുരന്തമല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. ഞാനിന്ന് രാവിലെ മാതൃഭൂമിയില്‍ വിജയലക്ഷ്മിയുടെ ഈ കവിത വായിച്ചതേയുള്ളു. ശരിയാണ്‌, സ്ത്രീ വിട്ടുമുറ്റത്തെ കിണറാണ്‌, പലവീടുകളിലും.

  മറുപടിഇല്ലാതാക്കൂ
 3. njan kanathe poyathine kanichu thanna reenikku nandi.valare nannittundu.vilairuthan mathram enikkulla thala pora.aaswathikkanariyam.

  മറുപടിഇല്ലാതാക്കൂ
 4. നനാതനരേ,
  കുറുമന്റെ ‘പുസ്സപ്രാശ്ന’ത്തിനിടയ്ക്ക്
  അഡ്വ്. കൃഷ്നകുമാറും വി.കെ. ശ്രീരാമനും ഈ കവിതയെപ്പറ്റി ധാരാളം പറയുന്നുണ്ടായിരുന്നു.

  ഇപ്പോള്‍, ആഗ്രഹിച്ചത് നടന്നു.
  വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 5. സുനില്‍ കൃഷ്ണന്‍2007, ഓഗസ്റ്റ് 21 11:42 PM

  സനാതനന്‍ മാഷേ,
  ശ്രീമതി വിജയലക്ഷ്മിയുടെ ഈ കവിത എത്ര ദുര്‍ബലവും, പഴഞ്ചനും ആവര്‍ത്തനച്ചളിപ്പും നിറഞ്ഞതാണെന്നറിയുവാന്‍ അവരുടെ തന്നെ മൃഗശിക്ഷകന്‍ എന്ന കവിത(1991-ല്‍ എഴുതിയത്) കാവ്യത്തില്‍ വായിച്ചുനോക്കുമല്ലോ.
  ധാരകോരല്‍ ആരോഗ്യത്തിന് നല്ലതാണ്, കവിതയ്ക്കല്ലങ്കിലും.

  മറുപടിഇല്ലാതാക്കൂ
 6. പ്രിയ സുനില്‍,
  താങ്കള്‍ മൃഗശിക്ഷനെയുപേക്ഷിച്ച് കിണറ്റുവെള്ളത്തെയൊന്നു വായിച്ചുനോക്കൂ.മൃഗശിക്ഷകനില്‍ നിന്നും കിണറ്റുവെള്ളത്തിന് പ്രകടമായിത്തന്നെ എത്ര വ്യത്യാസമുണ്ട്! ഭയമാണങ്ങയെ എന്നത് കൊണ്ട് പ്രകൃതിയുടെ വിളിയിലേക്ക് ചാടിപ്പോകാന്‍ കഴിയാത്ത മൃഗമല്ല കിണറ്റുവെള്ളത്തില്‍ ഉള്ളത് സ്വയം അങ്ങനെ ആയിത്തീര്‍ന്നതുകൊണ്ട് ആരെയും ഭയക്കാനില്ലെങ്കിലും ആരുടെയും ചാട്ടവാര്‍ശീല്‍ക്കാരങ്ങളില്‍ കെതുങ്ങേണ്ടതില്ലെങ്കിലും അഴുകിപ്പോകാന്‍ വയ്യാതെ കെട്ടിക്കിടക്കുന്ന മനസ്സാണത്.ഒന്ന് എക്സ്റ്റേണല്‍ ആയിട്ടുള്ള ഒരു സ്വാത്ന്ത്ര്യത്തെക്കുറിച്ചും മറ്റേത് ഇന്റേണല്‍ ആയിട്ടുള്ള അടിമത്തത്തെക്കുറിച്ചുമാണ് വാചാലമാവുന്നത്.ഇത് മനസ്സിലാക്കാനാണ് ധാരകോരല്‍ വേണ്ടിവരുന്നത്...മുനകള്‍ നല്ലതുതന്നെ പക്ഷേ അതു സ്വയം കുത്തുന്നതല്ലെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
  കവിതയെക്കുറിച്ചുള്ള അഭിപ്രായത്തിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. ഇങ്ങനെയൊരു പോസ്റ്റിന്‌
  മനസ്‌ വെച്ചതിന്‌
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 8. സുനില്‍ കൃഷ്ണന്‍2007, ഓഗസ്റ്റ് 23 8:24 PM

  അമ്മയെകണ്ടിട്ട് മകളെപ്പോലെയിരിക്കുന്നു എന്നു പറഞ്ഞാല്‍ ഇനി എവിടെയാണ് രക്ഷ ?
  കിണറ്റിലേക്കച്ച്യുതാ ചാടല്ലേ ചാടല്ലേ...
  അവിടെ പോക്രോം പോക്രോം ഉണ്ട്.
  ശരി മാഷേ.

  മറുപടിഇല്ലാതാക്കൂ
 9. സുനില്‍ ഇതെപ്പോഴും പറയണം.91 ല്‍ എഴുതിയ മൃഗഷിക്ഷകനെ ഓര്‍മ്മിക്കുന്ന സുനില്‍ 2017 വരെയെങ്കിലും ഈയലിനെയും ഓര്‍മിക്കണം.:)
  കിണറ്റിലെ പോക്രോം ഇഷ്ടമായി.ഞാന്‍ ചാടുന്നില്ല!

  മറുപടിഇല്ലാതാക്കൂ