11/9/07

ശാസ്ത്രജ്ഞന്‍

സ്ത്രീയേ,
ഞാന്‍ ആദ്യം കരുതിയത്
നീയെന്റെ അമ്മയാണെന്നാണ്.

അമ്മയ്ക്ക് അച്ചനോടുള്ളതല്ല
എനിക്ക് അമ്മയോടുള്ളത് എന്നറിഞ്ഞപ്പോള്‍
കഥപറഞ്ഞുതരുന്നു എന്ന വ്യാജേന
അച്ചന്റെ കിടപ്പുമുറിയില്‍ നിന്നും എന്നെ മാറ്റി
കൂടെ കിടത്തിയുറക്കിയ മുത്തശ്ശിയാണ്
നീയെന്നു കരുതി.

എത്ര നിര്‍ബന്ധിച്ചാലും എന്നോടൊപ്പം
മണ്ണില്‍ക്കളിക്കാന്‍ വരില്ല മുത്തശ്ശിയെന്നറിഞ്ഞപ്പോള്‍
‍ഞാന്‍, അയല്‍ വീട്ടിലെ കളിക്കൂട്ടുകാരിയാണ്
നീയെന്നു കരുതി.

കാമുകിക്ക് കല്യാണത്തെക്കാള്‍ വലുതല്ല
കാമുകനെന്നറിഞ്ഞപ്പോള്‍
‍എന്റെ വിരലില്‍ മൂര്‍ച്ഛിച്ച ഭോഗമാണ്
നീയെന്നു കരുതി.

വിചാരങ്ങളില്‍ നിന്നു വിപ്ലവം കൊടിയിറങ്ങിയപ്പോള്‍
‍കിടപ്പറത്താഴിട്ട സ്വാതന്ത്ര്യത്തിലേക്ക്
ഞാന്‍ മാലയിട്ടു വാഴിക്കുന്ന ഭാര്യയാണു
നീയെന്നു കരുതി.

അറിയാനുള്ള ആഗ്രഹങ്ങളില്‍
എന്റെ പരാക്രമങ്ങളില്‍ നീ പെറ്റു കഴിഞ്ഞപ്പോള്‍
‍വീണ്ടുമറിയുന്നു നീയൊരമ്മയാണെന്ന്...

സ്ത്രീയെ,
രുചിയറിയാനായിസയനൈഡ് കഴിച്ച
ശാസ്ത്രജ്ഞന്റെഗതിയായെനിക്ക്...

8 അഭിപ്രായങ്ങൾ:

 1. വേണ്ടാത്തതെടുത്ത്.....  അവസാനത്തെ വരികള്‍ ഒഴിച്ചെല്ലാം ഇഷ്ടമായി...

  മറുപടിഇല്ലാതാക്കൂ
 2. നല്ല വരികള്‍. ആശയം അതിലേറെയും.

  ഓ ടോ : കണ്ട്പ്പോഴൊക്കെ അടി വീണത് കൊണ്ട് കവിതകളൊക്കെ ഇപ്പോഴാ വായിക്കുന്നത് :)

  മറുപടിഇല്ലാതാക്കൂ
 3. ആരോ ഒരാളേ,
  ഞാന്‍ ആരെയും അടിച്ചിട്ടില്ല.നിഴലുകളെ ചിലപ്പോള്‍ ശകാരിച്ചിട്ടുണ്ടാകും.നിഴലുകളില്‍ നാലടികിട്ടിയാലും കുഴപ്പമില്ല.പൊടിപോകും.
  വന്നതിനും വായിച്ചതിനും എഴുതിയതിനും പെരുത്തു സ്നേഹം
  സസ്നേഹം.

  മറുപടിഇല്ലാതാക്കൂ
 4. ഈ കവിതയുടെ അവസാന ഭാഗത്തോട് അല്പം വിയോജിപ്പുണ്ട് സനാതനന്‍.

  സ്ത്രീയുടെ അമ്മ, മുത്തശ്ശി, കളീക്കൂട്ടുകാരി, കാമുകി, ഭാര്യ എന്നീ രുചികളൊക്കെ നുണഞ്ഞിട്ടും രുചിയറിയാനായി സയനൈഡ് കഴിച്ച ശാസ്ത്രജ്ഞന്റെ ഗതിയായി എന്ന പ്രയോഗം ശരിയായില്ല എന്നെനിക്ക് തോന്നി.

  ഒരു ഭാവത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ കഴിയാതെ പല വേഷങ്ങളില്‍ പ്രത്യക്ഷയാകേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥയാണോ താങ്കള്‍ ഉദ്ദേശിച്ചത്? അതോ അമ്മ എന്നതാണ് സ്ത്രീയുടെ സ്ഥായിയായ രൂപം എന്നോ? അതോ ഇത്രയേറെ ജീവിതാനുഭവങ്ങള്‍ ഉണ്ടായിട്ടു സ്ത്രീ എന്താണെന്ന് താങ്കള്‍ക്ക് മനസിലായില്ലെന്നാണോ?

  മറുപടിഇല്ലാതാക്കൂ