18/9/07

ഉഭയം

തെരുവിനപ്പുറം
നിശ്ചലതയേയും
ത്വരിതവേഗങ്ങളേയും
വേര്‍തിരിക്കുന്ന മതിലിനപ്പുറം
ഇമചിമ്മിനോക്കുന്ന ജനാലക്കുമപ്പുറം
മുളച്ചുനില്‍ക്കുന്ന നിബിഢശ്യാമ മൌനത്തിന്റെ
ചില്ലയില്‍ ചിറകിളക്കുന്നു
രണ്ടു കുരുവികള്‍....

ഭയത്തിന്റെ
കൊലുസ്സുകെട്ടിയ വഴിനോട്ടങ്ങള്‍
ജനാലത്തുണിക്കൊപ്പം
പ്രണയത്തിന്റെ നൃത്തമാടുന്നു.
നിറഞ്ഞ സൂര്യന്റെ ചുടുവെയില്‍ കൊള്ളുവാന്‍
കൊതിക്കയാകാമവള്‍.....

തെരുവിനിപ്പുറം
ദേശങ്ങള്‍ക്കും ദേശാടനങ്ങള്‍ക്കുമിപ്പുറം
കടമകളേയും കടവുകളേയും വേര്‍തിരിക്കാത്ത
ജീവിതത്തിന്റെ മണല്‍പ്പുഴയില്‍
ഒരു തവള വെയില്‍ നീന്തുന്നു.
ഇല്ലാത്ത മഴയുടെ ചെണ്ടപ്പെരുക്കത്തില്‍
ഉടല്‍ നനഞ്ഞൊഴുകുന്നു..
അസ്തമയം കൊതിക്കയാവാമവന്‍.

12 അഭിപ്രായങ്ങൾ:

 1. സനാതനാ,

  "നിറഞ്ഞ സൂര്യന്റെ ചുടുവെയില്‍ കൊള്ളുവാന്‍
  കൊതിക്കയാകാമവള്‍"
  ഈ അവ‌ള്‍ ആരാണ്?

  നോക്കിയിട്ട് പറയാന്‍ പറ്റിയത് "കുരുവി". പക്ഷേ "രണ്ടു കുരുവികള്‍" എന്നു പറഞ്ഞതു കൊണ്ട് ഗണ്‍ഫ്യൂഷന്‍.

  ബാക്കിയൊക്കെ ന‌ന്ന്. :)

  മറുപടിഇല്ലാതാക്കൂ
 2. സനാതനാ,

  രണ്ടറ്റങ്ങളേയും ഒരു നൂലില്‍ കോര്‍ത്തു തന്നിരിക്കുന്നു.

  നന്നായി.

  -സുല്‍

  മറുപടിഇല്ലാതാക്കൂ
 3. സുഹൃത്തേ നിഷ്കളങ്കാ അവളെ കാണാനാകാത്തത് താങ്കളുടെ നിഷ്കളങ്കതയുടെ കുഴപ്പമാണ്. ഒന്നുകൂടി വായിക്കൂ.ശരിയാകും :))

  മറുപടിഇല്ലാതാക്കൂ
 4. പ്രിയ സ്നേഹിതാ..സനാതനന്‍

  നന്നയിട്ടുണ്ടു....

  മറുപടിഇല്ലാതാക്കൂ
 5. "ദേശങ്ങള്‍ക്കും ദേശാടനങ്ങള്‍ക്കുമിപ്പുറം
  കടമകളേയും കടവുകളേയും വേര്‍തിരിക്കാത്ത
  ജീവിതത്തിന്റെ മണല്‍പ്പുഴയില്‍
  ഒരു തവള വെയില്‍ നീന്തുന്നു.
  ഇല്ലാത്ത മഴയുടെ ചെണ്ടപ്പെരുക്കത്തില്‍
  ഉടല്‍ നനഞ്ഞൊഴുകുന്നു..
  അസ്തമയം കൊതിക്കയാവാമവന്‍."

  :)

  മറുപടിഇല്ലാതാക്കൂ
 6. സനാതനാ,

  താങ്ക‌ള്‍ മാന്യമായി പ‌റഞ്ഞുവെന്നേ ഉള്ളൂ. :) നിഷ്ക്ക‌ളങ്കത്വമല്ല. എന്റെ വിവരക്കേടാവാം.
  സത്യമായിട്ടും ഇപ്പോഴും മനസ്സിലായില്ല സുഹൃത്തേ.
  സമയവും താങ്ക‌ളുടെ സൗകര്യവും അനുവദിയ്ക്കുമെങ്കില്‍ പറയൂ.. "അവ‌ള്‍" ആരാണ്?

  മറുപടിഇല്ലാതാക്കൂ
 7. നിഷ്കളങ്കാ, രണ്ടു കുരുവികള്‍ അവളുടെ രണ്ടു കണ്ണുകളല്ലേ?
  ‘തെരുവിനിപ്പുറം
  ദേശങ്ങള്‍ക്കും ദേശാടനങ്ങള്‍ക്കുമിപ്പുറം
  കടമകളേയും കടവുകളേയും വേര്‍തിരിക്കാത്ത
  ജീവിതത്തിന്റെ മണല്‍പ്പുഴയില്‍
  ഒരു തവള വെയില്‍ നീന്തുന്നു.‘
  ഈ വരികളില്‍ ഒരു മരുഭൂമി വായിച്ചെടുക്കാമോ? എങ്കില്‍ അവനും ഇവിടെയുണ്ട്. അവളെ തിരഞ്ഞ് സമയം മിനക്കെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 8. നന്ദി കിനാവേ
  ക്ഷമിക്കു നിഷ്കളങ്കാ
  കവിതയില്‍ എല്ലാം പറയുകയാണെങ്കില്‍ അതു വെറും പറച്ചില്‍ മാത്രമായി പോവുകയില്ലേ താങ്കള്‍ക്കിഷ്ടമുള്ളതു വായിക്കു പക്ഷേ ഒരു മിനിമം ജാഗ്രത കൊതിക്കും ഏതെഴുത്തുകാരനും

  മറുപടിഇല്ലാതാക്കൂ
 9. മെന‌ക്കെടുത്തിയതില്‍ പൊ‌റുക്കൂ സുഹൃത്തേ.
  കിനാവേ..ഇപ്പോ‌ള്‍ മനസ്സിലായി. നന്ദി.
  വെറുതെ കൊള്ളാമെന്നു പ‌റയുന്നതിലും നല്ലത് മനസ്സിലാവാത്തത് ചോദിച്ച‌റിയുന്നതാണെന്നു തോന്നി.
  തീ‌ര്‍ച്ചയായും എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ പരമം. ക്ഷമയ്ക്കും അ‌റിവിനും നന്ദി. തീ‌ര്‍ച്ചയായും ഇഷ്ടമുള്ളതേ വായിയ്ക്കൂ.

  മറുപടിഇല്ലാതാക്കൂ
 10. സനാതനന്‍.. നന്നായിരിക്കുന്നു.
  ഓടോ : നിഷ്കളങ്കന്റെ നിഷ്കളങ്കമായ ഈ കമന്റ് നന്നായി.
  :)

  മറുപടിഇല്ലാതാക്കൂ