13/11/07

അതിരാത്രം

ചിലരാത്രികളില്‍
ചില മരങ്ങള്‍
മരിച്ചുപോയ
ചിലമനുഷ്യരുടെ
പ്രതിരൂപമാകാറുണ്ട്.

ഉറക്കത്തില്‍നിന്നും
മൂത്രം‌മുട്ടിയെണീറ്റ്
ആടിയാടിയങ്ങനെ
ഒഴിച്ചുകൊണ്ടു
നില്‍ക്കുമ്പോള്‍ കാണാം
ഒരു കറുത്തരൂപം
നമ്മളെനോക്കി
കൈവീശുകയോ
തലകുലുക്കിയും
ഉടലിളക്കിയും
ചിരിക്കുകയോചെയ്യും.
പിന്നെ ഉറക്കം പേടിച്ചോടും..

മരിച്ചുപോയവര്‍ക്ക്
ശരീരങ്ങളില്ലാത്തതു കൊണ്ടാവാം
അവര്‍ ഇങ്ങനെ മരങ്ങളില്‍
‍ആവേശിക്കുന്നത്.

മറ്റുചിലരാത്രികളില്‍
മരിച്ചുകൊണ്ടിരിക്കുന്ന
ചിലമനുഷ്യര്‍,
ജീവിച്ചുകൊണ്ടിരിക്കുന്ന
ചില ദൈവങ്ങളുടെ
പ്രതിരൂപമാകാറുമുണ്ട്.
ദൈവത്തിന്റെ ഭയങ്ങളുടെയും
വേവുകളുടെയും
തീവെട്ടികളെഴുന്നളിച്ച്
ഉറക്കത്തിന്റെ അതിരാത്രപ്പുരയില്‍
തീപിടിപ്പിച്ച്, അത്
രാത്രിയെഹോമിച്ചുകളയും.

അപരന്റെ നോവുകളും
സമ്മര്‍ദ്ദങ്ങളുമെല്ലാം,
അണപൊട്ടിയ വെള്ളം
വയലുകളെ മുക്കിക്കളയുന്ന പോലെ
ചിന്തകളെ ശ്വാസം‌മുട്ടിച്ചുകളയും..

ജീവിച്ചുകൊണ്ടിരിക്കുന്ന
ദൈവങ്ങള്‍ക്ക്
ശരീരങ്ങളുണ്ടായിട്ടും
അതില്‍ താങ്ങാവുന്നതിലേറെ
നിറയുന്നതിനാലായിരിക്കും
അവയങ്ങനെ
പ്രകാശവര്‍ഷങ്ങള്‍കടന്ന്
മറ്റുശരീരങ്ങളില്‍ ‍ആവേശിക്കുന്നത്.

7 അഭിപ്രായങ്ങൾ:

 1. "ചിലരാത്രികളില്‍
  ചില മരങ്ങള്‍
  മരിച്ചുപോയ
  ചിലമനുഷ്യരുടെ
  പ്രതിരൂപമാകാറുണ്ട്."

  ഈ വരികള്‍ വല്ലാതെ മനസ്സിനെ പിടിച്ചുലക്കുന്നുണ്ട്‌. നല്ല കവിത നന്നായിരിക്കുന്നു. ഇനി മുതല്‍ രാത്രിയില്‍ മരങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചാലെന്തെന്ന് തോന്നിപ്പോകുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ഉറക്കത്തില്‍നിന്നും
  മൂത്രം‌മുട്ടിയെണീറ്റ്
  ആടിയാടിയങ്ങനെ
  ഒഴിച്ചുകൊണ്ടു
  നില്‍ക്കുമ്പോള്‍ കാണാം....

  കലക്കന്‍ വിഷ്വല്‍.എനിക്കെന്തു പരിചയം ഈ ആടിയാടി ഒഴിക്കല്‍...

  മറുപടിഇല്ലാതാക്കൂ
 3. അതിരാത്രം കവിത വായിച്ചു.

  അവസാന പാരഗ്രാഫ് ഒഴിച്ചു നിര്‍ത്തിയാല്‍ കവിത വായനാ സുഖം നല്‍കുന്നു.

  കവിത എങ്ങിനെയെങ്കിലും അവസാനിപ്പിക്കണമല്ലോന്ന് കവിക്ക് തോന്നിയതു പോലെ അനുഭവപ്പെടുകയും ചെയ്യുന്നു അതു കൊണ്ടാണ് ആദ്യവരികള്‍ ഇത്ര നല്ല ഒരു ഒഴുക്ക് തന്നിട്ടും അവസാനം അത് നിന്ന് പോയത്. കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

  സ്നേഹപൂര്‍വ്വം
  ഇരിങ്ങല്‍

  മറുപടിഇല്ലാതാക്കൂ
 4. വേറിട്ട ചിന്ത
  കവിത ഓരോ ഭാഗവും മനോഹരം
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 5. ചിലരാത്രികളില്‍
  ചില മരങ്ങള്‍
  മരിച്ചുപോയ
  ചിലമനുഷ്യരുടെ
  പ്രതിരൂപമാകാറുണ്ട്.


  ആദ്യ വരികള്‍ തന്നെ കലക്കന്‍.
  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. ഇരിങ്ങലിന്റെ വിമര്‍ശനം അം‌ഗീകരിക്കുന്നു.
  പക്ഷേ അവസാനത്തെ വരി സത്യമായ ഒരു തോന്നലിന്റെ-അനുഭവത്തിന്റെ-ഉറവയായിരുന്നു.കവിത എങ്ങനെയെങ്കിലും ഒന്നു തുടങ്ങണമല്ലോ എന്ന തോന്നലായിരുന്നു ആദ്യവരിയെ കുത്തിച്ചാടിച്ചത്.
  എന്തായാലും അതു അവസാനത്തെ വരിയെ പരാജയപ്പെടുത്തി .വിമര്‍ശനങ്ങളിലും അഭിനന്ദനങ്ങളിലും മറയില്ലാതെ സന്തോഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ