ഈച്ച

നാണമഴിഞ്ഞ്-
എളുപ്പം വെടിപ്പാവുന്നത്
പെണ്‍സത്തയാണ്.
പത്തോ പന്ത്രണ്ടോ
കഴിയുമ്പോഴേക്കും
തുടവഴി പൊട്ടിയൊഴുകിയും
എത്രയമര്‍ത്തിക്കെട്ടിയാലും
നെഞ്ചില്‍ കുലുങ്ങിച്ചിരിച്ചും
നാട്ടുകാരെയറിയിക്കും
അവളുടെ നാണത്തിന്റെ
രഹസ്യങ്ങള്‍.

അങ്ങാടിപ്പാട്ടുകളിലേക്ക്
അഴിഞ്ഞുപോയിട്ടും
ബാക്കിയുള്ള നാണത്തിന്റെ
കറയാണ് മാസാമാസം
അയയില്‍ കാ‍ണുന്നത്.
പുറം മോടിയുള്ള
തുണികള്‍ക്കടിയില്‍,
ഉണക്കാനിട്ട കൊടിക്കൂറകളില്‍.

അതുകൂടി കൊണ്ടുപോകാന്‍
‍പേറ്റുനോവിന്റെ കൊടുങ്കാറ്റെത്തും.
അവളുടെ അടിപ്പാവാട
അടിച്ചുപറത്തും.
തുടകള്‍ കവച്ച്
യോനിപിളര്‍ത്തി
അവള്‍ വിളമ്പിക്കൊടുക്കും,
തുറന്നുപിടിച്ച
പകല്‍ക്കണ്ണുകള്‍ക്കു മുന്നില്‍
അവളുടെ നാണത്തിന്റെ
അവസാനത്തെ ഇറച്ചി.

ആണിന്റെ നാണം
എവിടെയാണുള്ളതെന്ന്
ഇനിയും കണ്ടെത്തിയിട്ടില്ല.
ഗവേഷണങ്ങള്‍ നടക്കുന്നു.

അവന്റെ തുണിപൊക്കിയാല്‍
കാണുന്നില്ല
അതുകൊണ്ട്
അവന്റെ രഹസ്യങ്ങളുടെ
അറകള്‍ പൊളിച്ചുനോക്കുന്നു.
അവന്റെ നെഞ്ചിലുള്ളത്
നാണത്തിന്റെ മയിരുകളാണോ
എന്ന് പിഴുതുനോക്കുന്നു
കാണുന്നില്ല
അതുകൊണ്ട്
അവന്റെ ആത്മാവ്
കുഴിച്ചുനോക്കുന്നു.
അവനെ തിരിച്ചും മറിച്ചും
അളന്നും പിളര്‍ന്നും നോക്കുന്നു
കാണുന്നില്ല.
കാണുകയുമില്ല.

മരിച്ചുകുളിച്ചു വരുന്നതുവരെ
കണ്ടെത്താനും
കഴുകാനുമാവില്ല
അവന്റെ നാണം.
അത്രയും കാലം
തീട്ടത്തിനു ചുറ്റും
ഈച്ചകളെപ്പോലെ
അവന്റെ തലയെടുപ്പിനു ചുറ്റും
പറന്നു നടക്കും ആണിന്റെ നാണം