21/12/07

നഗ്നത

ഒരു ബലക്ഷയമാണ്
നോട്ടത്തിന്റെ ഉദ്ധാരണങ്ങള്‍‍
തൊലിപ്പുറത്തെ ഉടുപ്പിലും
നടപ്പിലും കിടപ്പിലും ഉരുമ്മി
ഉള്ളിലേക്കിറങ്ങാതെ
തളര്‍ന്നു പോകുന്ന രോഗം...
പ്രണയത്തിന്റെ വാര്‍ദ്ധക്യ ലക്ഷണം..

കണ്ണുകളില്‍ പ്രണയമുണ്ടെങ്കില്‍
‍നോട്ടങ്ങള്‍ മുഴപ്പുള്ള ഉടുപ്പിലും
തെന്നി നില്‍ക്കുന്ന അടിവസ്ത്രങ്ങളിലും
തുളുമ്പുന്ന മാംസളതയിലും തടയുകയില്ല
തെളിഞ്ഞ വെള്ളത്തിലൂടെ
പ്രകാശംഅരിച്ചിറങ്ങുന്ന പോലെ
ആത്മാവിന്റെ കടല്‍ത്തറയിലെത്തി
പാരസ്പര്യത്തിന്റെ പവിഴപ്പുറ്റുകളില്‍
അത് കളമെഴുത്ത് നടത്തും...
അപ്പോള്‍ കടുപ്പമുള്ള പുറന്തോടു പൊട്ടി
വിത്തുകളില്‍ വേരു വരുമ്പോലെ
തൃഷ്ണയുടെ ഉറവകള്‍ പുറപ്പെടും...

സൂര്യന്‍ പ്രണയബദ്ധമായ
കണ്ണുകളാല്‍ ഭൂമിയെ
നോക്കുകയാലാവണം
പര്‍വതങ്ങള്‍ ചുരന്ന്
പുഴകള്‍ സ്രവിക്കുന്നത്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ