21/12/07

ഉദിക്കാത്ത സൂര്യന്

അര്‍ദ്ധരാത്രിയില്‍ വിളിച്ചുണര്‍ത്തി
പട്ടിണിവിളമ്പിയ ജനതക്ക്
അറുപതിന്റെ നര.

പല്ലുകൊഴിഞ്ഞവന്‍ സ്വപ്നം കണ്ട
വില്ലുകുലച്ചവന്റെ വിശുദ്ധരാജ്യത്തിന്
കയ്പ്പുനീരിന്റെ ഷഷ്ഠി സദ്യ.

തെരുവിലിപ്പൊഴും വറ്റാത്ത
നിലവിളിയുടെ കിണറുകള്‍...
കൊടികളില്‍ നിന്നുമിറങ്ങി
കൊട്ടാരഭിത്തികള്‍ തേടി
മാര്‍ച്ചുചെയ്യും നിറങ്ങള്‍.....

തേഞ്ഞുപോയ ചെരുപ്പുകള്‍പോലെ
വലിച്ചെറിഞ്ഞ ആദര്‍ശത്തിന്റെ
ചവറ്റുകൂനകള്‍....

അയല്‍‌വാസിതന്‍ നെഞ്ചളവൊപ്പിച്ച്
രാകിവയ്ക്കുന്ന വിദ്വേഷങ്ങള്‍..
നീട്ടിവയ്ക്കലിന്റെ കോടതിമുകളിലും
കാത്തിരുപ്പിന്റെ സര്‍ക്കാരാപ്പീസിലും
മരണം ചീട്ടെഴുതുന്നൊരാതുരാലയത്തിലും
ഒടിഞ്ഞുകുത്തിയ സ്വാതന്ത്ര്യത്തിന്റെപ്രാവുകള്‍......

നിലച്ചിട്ടില്ലല്ലോ ഇപ്പൊഴും
പിറന്നാള്‍ ദിനത്തിലെ
ആചാരവെടികള്‍‍അതിര്‍ത്തിയില്‍.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ