7/2/08

മലയാളം ബ്ലോഗ്: പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥയില്‍

ബ്ലോഗിനെക്കുറിച്ച് എന്തെഴുതിയാലും സൂപ്പര്‍സ്റ്റാറുള്ള സിനിമപോലെ ഒരു മിനിമം ഗ്യാരന്റി ഹിറ്റ് കിട്ടും എന്നുള്ളതുകൊണ്ടല്ല ഇങ്ങനെയൊരു കുറിപ്പെഴുതാമെന്നുവച്ചത്.ഇത് എഴുതണമെന്ന് നാളുകളായി കരുതുന്നതാണ് സ്വതവേ ഉള്ള മടികാരണം അതങ്ങനെ നീണ്ടു നീണ്ടുപോയി.ഇന്നത്തെ ‘പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ‘യില്‍ ഈ കുറിപ്പിന് അത്യാവശ്യം പ്രസക്തി ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഇപ്പോഴിത് കുറിക്കുന്നു.

ബ്ലോഗ്,അച്ചടിമാധ്യമം എന്നിങ്ങനെ രണ്ട് മേഖലകളായി തിരിഞ്ഞ് നിന്ന് അക്ഷരലോകം പോരാടുകയാണെന്നും മൂരാച്ചികളായ അച്ചടിത്തമ്പ്രാന്മാര്‍ നവമാധ്യമമായ ബ്ലോഗിന്റ്റെ മുന്നേറ്റം കണ്ട് വെകിളിപിടിച്ചിരിക്കുകയാണെന്നൊക്കെയുള്ള വാസ്തവമോ അവാസ്തവമോ അതിവാസ്തവമോ ആയ ചില ആശയക്കുഴപ്പങ്ങളില്‍ പെട്ടിരിക്കുന്നു,താന്‍ ഒരു ബ്ലോഗ്ഗറാണെന്നോ തനിക്കും ഒരു ബ്ലോഗുണ്ടെന്നോ അതുചില്ലറക്കാര്യമല്ലെന്നോ ചിന്തിക്കുന്ന ഒട്ടുമുക്കാല്‍ പേരും.കഴിഞ്ഞ രണ്ടുനാലുമാസങ്ങളിലെ സംഭവഗതികളില്‍ മാതൃഭൂമി,കലാകൌമുദി,വനിത തുടങ്ങിയ ചില മുഖ്യധാരാ അച്ചടിക്കച്ചവടക്കാരും തങ്ങളാല്‍ കഴിയുന്നരീതിയില്‍ ഇടപെട്ടിട്ടുണ്ട്.അവര്‍ക്ക് പക്ഷേ ഒരു പുതിയ മാധ്യമത്തെ മുഖ്യധാരയില്‍ക്കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് എനിക്ക് തോന്നിയിട്ടില്ല.കുറച്ചൊരു വ്യത്യസ്തമായ വിഭവത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്‍ കിട്ടിയതുബ്ലോഗായതുകൊണ്ട് കാച്ചിയെന്നേ കാണുകയുള്ളു.എന്നുവച്ച് ഇക്കൂട്ടര്‍ ബ്ലോഗിനെ ഒരു ഗുണപരമായ മാധ്യമമായി അവതരിപ്പിക്കുമെന്നോ അതിന്റെ ഉയര്‍ച്ചക്കായി എന്തെങ്കിലും ചെയ്യുമെന്നോ കരുതുന്നത് വിഡ്ഡിത്തമാണ്.അവരുടെ മുഖസ്തൂതിയില്‍ ഭ്രമിച്ച് അക്ഷരവിനിമയ രം‌ഗത്ത് ഇനിയുള്ളകാലം ബ്ലോഗിന്റെയാണെന്ന് ദിവാസ്വപ്നം കണ്ട് “എനിക്കും.....ഒരു ബ്ലോഗുണ്ടെങ്കില്‍.....എന്തുഞാന്‍ എഴുതും“ എന്ന് മൂളിപ്പാട്ടുമായി പുതുതായി ബ്ലോഗിലെത്തിയവരും.ഒന്നോ രണ്ടോ വര്‍ഷമായി ബ്ലോഗിലുള്ളതുകൊണ്ട് ഒരു ബ്ലോഗ്ഗറെന്നനെഞ്ചെടുപ്പോടെ മീശയും പിരിച്ച് അച്ചടിപ്രസ്ഥാനങ്ങളുമായി മല്ലയുദ്ധത്തിനിറങ്ങുന്നു എന്നുതോന്നിക്കുന്നവരും യാഥാര്‍ഥ്യത്തെ കാണുന്നുണ്ടോ എന്ന് സംശയമാണ്.

ഒരു മാധ്യമത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രസക്തിയുണ്ടാകുന്നത് അത് ഒരു ജനസമൂഹത്തിന്റെ ചിന്താരീതിയില്‍ സ്വന്തം പ്രഭാവം പ്രകടിപ്പിക്കുമ്പോഴാണ്.ഒരു ജനതയുടെ സാമൂഹികവും രാഷ്ട്രീയവും കലാസ്വാദനപരവുമായ കാഴ്ചപ്പാടുകളില്‍ സ്വാദിന്റെ വ്യത്യസ്തമായ ഒരു തരിയെങ്കിലും വിതറാന്‍ അതിനുകഴിയുമ്പോഴാണ്. അഭിപ്രായരൂപീകരണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു ചെറുകാറ്റായി വന്നെങ്കിലും അനങ്ങാപ്പാറകളില്‍ തന്റെ തള്ളല്‍ ചെലുത്താന്‍ കെല്‍പ്പുകാണിക്കുമ്പോഴാണ്.അത്തരം ഒരു പ്രഭാവം മലയാളം ബ്ലോഗിനു കൈവന്നിട്ടുണ്ടോ എന്ന് ചിന്തിക്കണം.ഇവിടെ ദിനം‌പ്രതി വന്നുപോകുന്ന നിലവിളികളില്‍,ഇടിമുഴക്കങ്ങളില്‍,പിറുപിറുപ്പുകളില്‍ ഒന്നിനെങ്കിലും അങ്ങനെ ഒരു ദൌത്യം നിര്‍വഹിക്കാന്‍ കഴിയുന്നുണ്ടോ എന്നു ചിന്തിക്കണം.സമൂഹത്തിന്റെ ചിന്തയെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാത്ത ഒരു മാധ്യമവും വിലകല്‍പ്പിക്കപ്പെടില്ല.ഇന്ന് മാതൃഭൂമിക്കും മനോരമക്കും കേരളാകൌമുദിക്കും മം‌ഗളത്തിനും,മാധ്യമത്തിനും,ദീപികയ്ക്കുമൊക്കെ എന്തിന് രാഷ്ട്രദീപികയുടെ സായാഹ്നപത്രത്തിനുപോലും വിലകല്‍പ്പിക്കപ്പെടുന്നത് അവ അച്ചടിച്ചുവിടുന്ന ഉത്കൃഷ്ടമായ ആശയങ്ങളുടെ മഹത്വം കൊണ്ടല്ല.സമൂഹം എന്ന കടലില്‍ സാരമായ ഒരുവിഭാഗത്തിലേക്കെങ്കിലും തങ്ങള്‍ അച്ചടിച്ചുവിടുന്നത് എത്തിക്കാന്‍ അവയ്ക്ക് കഴിയുന്നതുകൊണ്ടാണ്.അങ്ങനെ അച്ചടിച്ചുവിടുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ ഉത്കൃഷ്ടമോ അധമമോ ആയിക്കൊള്ളട്ടെ,അതിന് ഒരു വലിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടാണ്.എത്രമാത്രം ജനങ്ങളിലേക്കാണ് എത്താന്‍ സാധിക്കുക എന്നത് മാത്രമല്ല ഇവിടെ വിഷയം.എവിടെയുള്ള ജനതയിലേക്കാണ് എത്തുന്നത് എന്നതുകൂടിയാണ്.മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല,താന്‍ എഴുതുന്നത് തന്റെ കുടുംബത്തിലുള്ളവര്‍പോലും വായിക്കും എന്നുറപ്പിക്കാന്‍ മിക്കവാറും‌ പേര്‍ക്ക് കഴിയുന്നില്ല.തന്റെ അഭിപ്രായം ഒരു വൃത്തത്തിനുള്ളിലെ നാലുപേരുടെ ചിന്തയില്‍ ജ്വലിപ്പിക്കാന്‍ അവന് കഴിയുന്നില്ല.യുദ്ധത്തില്‍ ചിതറിപ്പോയ ഒരു സൈന്യം‌പോലെ അവിടെയും ഇവിടെയും നിന്നുള്ള ഉള്ളുരുകലുകള്‍ അവനവനില്‍ത്തന്നെ വീണടിയുന്ന അവസ്ഥയാണ് ഉള്ളത്.ഇതു തന്നെയാണ് മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ തടസ്സമെന്ന് കരുതണം.

കേരളത്തില്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവര്‍തന്നെ വലിയൊരുപങ്കും ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്ന ചലനങ്ങള്‍ ശ്രദ്ധിക്കുന്നില്ല.നിരന്തരം കവിതകള്‍ എഴുതി മാസംതോറും ഏറ്റവും കുറഞ്ഞത് അഞ്ച്പ്രസിദ്ധീകരണങ്ങള്‍ക്കെങ്കിലും അയക്കുന്ന ഒന്നിലധികം സുഹൃത്തുക്കള്‍ എനിക്കുണ്ട്.കൃഷിമുതല്‍ വൈദ്യശാസ്ത്രം വരെ ആധികാരികമായി സംസാരിക്കാനും എഴുതാനും കഴിയുന്ന ഒട്ടേറെപ്പേരെ എനിക്കറിയാം.അവര്‍ക്കൊക്കെ ഇന്റെര്‍നെറ്റ് ഉപയോഗിക്കാനുള്ള ഭൌതീക സാഹചര്യങ്ങളുമുണ്ട്.പക്ഷേ എന്തുകൊണ്ടോ അവര്‍ ബ്ലോഗിനെക്കുറിച്ച് ചിന്തിക്കുന്നില്ല.ബ്ലോഗ് എന്നത് ഒരു തമാശയായോ സമയംകൊല്ലിയായോ മാത്രമാണ് ഇപ്പോഴും പലരും കാണുന്നത്.വായന ബ്ലോഗിലേക്ക് വരികയും വായിക്കുന്നവര്‍ക്ക് കേരളം എന്ന ഭൂപ്രദേശത്തിന്റെ ജൈവീകവും വൈകാരികവുമായ അഭിപ്രായരൂപീകരണത്തില്‍ ഭൌതീകമായ സ്വാധീനം ഉണ്ടാകുകയും ചെയ്യാത്തിടത്തോളംകാലം ബ്ലോഗ് അച്ചടിമാധ്യമങ്ങളുടെ ഏഴയലത്തെങ്കിലുംവരും എന്ന് കരുതുന്നത് മണ്ടത്തരം മാത്രമാണ്.

“വായുവില്‍ വളരുന്ന മലയാളം“ പോലെയുള്ള അലങ്കാര പദങ്ങള്‍ സമ്മാനിച്ച് കുടിയനെ കുപ്പികൊടുത്തൊതുക്കുന്ന മട്ടിലാണ് ബ്ലോഗിനെ വാരിപ്പുണരുന്നു എന്നു നടിക്കുന്ന അച്ചടിയില്‍ അല്‍പ്പമെങ്കിലും സ്വാധീനമുള്ളവര്‍ പെരുമാറുന്നത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബ്ലോഗിന്റെ സംവാദപരമായ യാതൊരു സാധ്യതകളിലേക്കും വരാതെ അതിന്റെ പ്രചാരണപരമായ സാധ്യതകള്‍ മാത്രം മുതലെടുക്കുന്ന ഇത്തരക്കാര്‍ ബ്ലോഗ് ഒരു കീഴാളമാധ്യമമാണ് എന്നരീതിയിലല്ലേ കാണുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിന്റെ സമരപ്പന്തലില്‍ വിളക്കുകൊളുത്താനെത്തുന്ന സവര്‍ണ്ണപ്രമാണിമാരെ ഓര്‍മ്മിപ്പിക്കും ഇവരുടെ പ്രവര്‍ത്തികള്‍.

ഇവിടെയാണ് ഹരികുമാറിനെ ചിലകാര്യങ്ങളിലെങ്കിലും ന്യായീകരിക്കേണ്ടിവരുന്നത്.തലയില്‍ മുണ്ടിട്ടു കൂവുന്നു തുടങ്ങിയ പ്രയോഗങ്ങളും തന്റെ മാന്യപരിവേഷത്തിനിണങ്ങാത്തതായ പല പ്രവര്‍ത്തികളും ഹരികുമാറില്‍ നിന്നുണ്ടായി എന്നത് വിസ്മരിക്കാതെ തന്നെ ബ്ലോഗിന്റെ സംവാദപരമായ സാധ്യതയില്‍ ഹരികുമാര്‍ സജീവമായി പങ്കാളിയായി എന്ന് സമ്മതിക്കാതിരിക്കുന്നത് ശരിയല്ല.ഹരികുമാറിന്റെ വിവാദപ്രസ്താവനകള്‍ പോലും അയാള്‍ കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നതുവരെയും സംവാദപരമായിരുന്നു എന്ന് കാണണം.കമെന്റ് ഓപ്ഷന്‍ അടച്ചുപോകുന്നത് അയാളുടെ മാത്രം കുറ്റമായി വ്യാഖ്യാനിക്കുന്നത് ശരിയുമല്ല.ഞാനുള്‍പ്പെടെ പലരും അങ്ങനെ ഒരഭിപ്രായം(താല്‍പ്പര്യമില്ലെങ്കില്‍ കമെന്റ് ഓപ്ഷന്‍ അടക്കുക എന്ന അഭിപ്രായം) വ്യക്തമാക്കിക്കൊണ്ട് അവിടെ കമെന്റും ഇട്ടിട്ടുണ്ട്.ഹരികുമാര്‍ സ്വയം ബ്ലോഗെഴുതുന്നയാള്‍ മാത്രമല്ല എന്നും പല ബ്ലോഗുകളും വായിക്കുകയും കമെന്റെഴുതുകയും ചെയ്തിട്ടുണ്ടെന്നും വിസ്മരിക്കരുത്.ഞാനുള്‍പ്പെടെ പലരേയും ഹരികുമാര്‍ അനാവശ്യമായി വിമര്‍ശിച്ചിട്ടുണ്ട്.അയാള്‍ക്ക് അനുകൂലമായി സംസാരിച്ച ചിത്രകാരനേയും ഗുണമോ ദോഷമോ ആയി ഒന്നും മിണ്ടാത്ത ലാപുടയേയും അയാള്‍ അധിക്ഷേപിച്ചു.തന്നെ വിമര്‍ശിച്ചു എന്ന ഒറ്റക്കാരണം കൊണ്ട്‌ താന്‍ തന്നെ അവതാരികയിലൂടെ പുകഴ്ത്തിയ കൂഴൂരിനെ തള്ളിപ്പറഞ്ഞു.ഇത്തരം ചപലമായ പ്രവൃത്തികളിലൂടെ വ്യക്തിപരമായി തന്റെ പരിവേഷങ്ങള്‍ നശിപ്പിക്കാനല്ലാതെ ഹരികുമാറിന് ബ്ലോഗ് പ്രവേശം കൊണ്ട് ഒന്നും സാധിച്ചിട്ടില്ല.

എന്നാല്‍ മലയാളം ബ്ലോഗില്‍ ഹരികുമാറിന്റെ ഇടപെടല്‍ ആത്മാര്‍ഥതയുള്ളതായിരുന്നു എന്നാണ് എന്റെ ചിന്താഗതി.താന്‍ എഴുതുന്നത് തെറ്റോ ശരിയോ എന്നുനോക്കാതെ ദിനം‌പ്രതി അയാള്‍ പോസ്റ്റുകളിട്ടു.മറ്റു ബ്ലോഗ്ഗര്‍മാരെപ്പോലെതന്നെ പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തു.ഇതൊക്കെ പ്രചാരണത്തിനുള്ള മാര്‍ഗ്ഗം മാത്രമായി തള്ളിക്കളയുന്നത് ശരിയല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.ഗോപീകൃഷ്ണനെപ്പോലെയുള്ള പേരെടുത്ത കവികളും ബി.ആര്‍.പി ഭാസ്കറെപ്പോലുള്ള ലബ്ധപ്രതിഷ്ഠരായ മാധ്യമപ്രവര്‍ത്തകരും ഇവിടെയുണ്ടെങ്കിലും അവരൊക്കെ എത്രമാത്രം ഇന്റെറാക്റ്റീവ് ആണ് ബ്ലോഗില്‍ എന്ന് ശ്രദ്ധിച്ചുനോക്കുക.
സ്വന്തം കവിതകള്‍ അച്ചടിമാധ്യമത്തിലേയുള്ളു എന്ന മട്ടില്‍ എഴുതുന്ന ഗോപീകൃഷ്ണനും,ബ്ലോഗില്‍ കവിതകള്‍ മാത്രമേയുള്ളു എന്നമട്ടിലെഴുതുന്ന കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ബ്ലോഗിന്റെ സാധ്യതയെ ഉപയോഗിക്കുന്നു എന്നല്ലാതെ അതിന്റെ വളര്‍ച്ചക്ക് ഉതകും വിധം ഒരു ഇടപെടല്‍ നടത്തുന്നുണ്ടോ എന്ന് വസ്തുനിഷ്ഠമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

പറഞ്ഞുവന്നതെന്തെന്നാല്‍ ബ്ലോഗ് ഇപ്പൊഴും ഒരു കീഴാളമാധ്യമം(ഈ വാക്കിന് കടപ്പാട് വിഷ്ണുപ്രസാദ്) എന്ന നിലയിലാണ് അച്ചടിമാധ്യമങ്ങളും അതോടടുപ്പമുള്ള ഒട്ടുമിക്ക എഴുത്തുകാരും കാണുന്നത് എന്നാണ്.ഈ അവസ്ഥമാറണമെങ്കില്‍ ബ്ലോഗിന്റെ സാന്നിദ്ധ്യം മലയാളമണ്ണില്‍ ഭൌതീകമായി സംഭവിക്കണം. പത്രപ്രവര്‍ത്തന തലം തുടങ്ങി സാഹിത്യ അക്കാഡമി തലം വരെ ബ്ലോഗ് എന്ന മാധ്യമത്തിന് ഒരു സ്ഥാനം ഉണ്ടാകണം.അച്ചടിമാധ്യമത്തിലേക്കും തിരിച്ചും വാര്‍ത്തകളുടെയും ആശയങ്ങളുടെയും ഒരു വിനിമയം ഉണ്ടാകണം.ആശയവിനിമയ മാധ്യമം എന്ന കൂട്ടായ്മയില്‍ ഒരം‌ഗത്വം ബ്ലോഗിനും ഉണ്ടാകണം.അതിന് ഹരികുമാര്‍-കലാകൌമുദി വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച് ഒരു യുദ്ധപ്രഖ്യാപനമല്ല വേണ്ടത്.ഒരു നയ രൂപീകരണം ആണ്.അതിന് നമുക്ക് കഴിഞ്ഞാല്‍ ഈ പോസ്റ്റ് ഹരികുമാര്‍ കാലാവസ്ഥ പുരോഗമനപരമായിരിക്കും.

ഓ.ടോ: 1.ഇതിന്റെ പേരില്‍ എനിക്ക് കിട്ടാവുന്ന കല്ലേറുകള്‍ക്കായി ഞാന്‍ തയ്യാറായിരിക്കുന്നു.കല്ലെറിയുന്നവര്‍ ഓര്‍മ്മിക്കുക ഹരികുമാര്‍ തൊടുത്ത അമ്പുകള്‍ പലതും എനിക്കുനേരെയും ആയിരുന്നു.ബ്ലോഗില്‍ എനിക്ക് ശരീരം ഇല്ലാത്തതിനാല്‍ മുറിവേറ്റില്ല എന്നേയുള്ളു.

48 അഭിപ്രായങ്ങൾ:

 1. സനാതനാ,

  പേരില്‍ ഹരികുമാറിരിക്കുന്നെങ്കിലും ബ്ലോഗിനെക്കുറിച്ചെഴുതിയതെല്ലാം ശരിതന്നെയാണ്. ഓരോ മാധ്യമത്തിനും ഒരോ രീതികളും ചട്ടങ്ങളുമുണ്‍ട് എന്ന് അവ അതില്‍ സഞ്ചരിക്കുന്നുവോ അന്നേ പൂര്‍ണ്ണതയിലെത്തൂ.

  ഒരു ബ്ലോഗുണ്ട് എന്നത് ഒരു വല്യ സംഭവമായി കരുതുന്ന നല്ലൊരു കൂട്ടം ബൂലോകത്തെത്തിയീട്ടുണ്ട് , അതില്‍ നല്ലൊരു പങ്കും അതിന്‍‌റ്റെ സാധ്യതെകളെക്കുറിച്ചൊ മറ്റോ അറിവില്ലാത്തവരും ആണ് എന്നു വെച്ച് പലരും ചെയ്യുന്നതുപോലെ ഇവരെ തള്ളിക്കളയാന്‍ പാടില്ലെന്നാണെന്‍‌റ്റെ പക്ഷം , നാളെ തിരിച്ചറിവിലൂടെ മാറ്റങ്ങള്‍ സംഭവിക്കാവുന്നതുതന്നെയാണ്.

  ഹരികുമാര്‍ ആദ്യമയി ബ്ലോഗിലെത്തിയിതിന്നും ഒര്‍ക്കുന്നു ഞാന്‍ , സ്വാതന്ത്ര വിമര്‍ശനത്തില്‍ അയാള്‍ ശ്രദ്ധപതിപ്പിക്കും എന്നൊരു ആഗ്രഹം ഞാന്‍ കമന്‍‌റ്റായി ഇടുകയും ചെയ്തിരുന്നു. എന്നാല്‍ എവിടെയോആയാള്‍ക്ക് ചുമട് പിഴച്ചു.

  ഹരികുമാറിന് തെറ്റു പറ്റി എന്നത് സത്യം തന്നെയാണ് പക്ഷെ ഇതേ വിഷയത്തില്‍ പല ബ്ലോഗേര്‍സിനും അതിനേക്കാള്‍ തെറ്റ് പറ്റിയെന്നുതന്നെയാണെന്റെ അഭിപ്രായം.

  എന്നില്‍ എനിക്കഭിമാനം എന്നു പറയുന്നതു പോലെ എന്‍‌റ്റെ ബ്ലോഗ് എന്‍‌റ്റെ അഭിമാനം എന്ന ഒരു തലത്തിലേക്കാദ്യം വരികയും , വിഭാഗീയതയില്ലാത്ത , ആത്മര്‍ത്ഥതയുള്ള , ബ്ലോഗിന്‍‌റ്റെ സാധ്യതകള്‍ മനസ്സിലാക്കാനും അതുപയോഗിക്കാനും തയ്യാറാവുന്ന ഒരു സമൂഹമുണ്ടാകുന്നതോടെ മാത്രമേ മലയാളം ബ്ലോഗിനെ നല്ലൊരു മാധ്യമമായി അംഗീകരിക്കുകയും ഉയര്‍ത്തപ്പെടുകയുമുള്ളൂ.

  നല്ല അടക്കും ചിട്ടയുമുള്ള എഴുത്ത് :)

  മറുപടിഇല്ലാതാക്കൂ
 2. ഞാനും പൂര്ണ്ണമായ് യോജിക്കുന്നു.
  ഒരു നല്ല വായന സംസ്കാരം ഇവിടെ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്‌ .നല്ല വായനകള്‍ നല്ല കൃതികളെ സൃഷ്ടിക്കും എന്ന് പറയേണ്ടതില്ലലോ.

  സത്യം പറഞ്ഞത് കൊണ്ടാകും ആരെയും ഇങ്ങോട്ട് കാണാത്തത് :)

  മറുപടിഇല്ലാതാക്കൂ
 3. നന്ദി സനാതനാ .. ഞാന്‍ പറയാനുദ്ദേശിച്ചതാണ് വളരെ വസ്തുനിഷ്ടമായും വിശദമായും സനാതനന്‍ ഇവിടെ അവതരിപ്പിച്ചത് . എന്റെ മനസ്സില്‍ ഇത്രയും കാര്യങ്ങള്‍ ഉണ്ടായിരുന്നു . എന്നാല്‍ ടൈപ്പ് ചെയ്യാനുള്ള ക്ഷമ എനിക്കില്ലായിരുന്നു . മലയാളം ബ്ലോഗ് അതിന്റെ അടിത്തറ ഇനിയും ഉറപ്പിച്ചിട്ടില്ല . മുന്‍പ് ഓര്‍ക്കുട്ടിനെ പറ്റി എഴുതിയ പോലെ വളര്‍ന്ന് വരുന്ന ഒരു സമാന്തരമാധ്യമം എന്ന നിലയിലേ ബ്ലോഗിനെ പറ്റി ചില മാധ്യമങ്ങള്‍ എഴുതിയിട്ടുള്ളൂ എന്നാണെന്റെ അഭിപ്രായം . ഒരു കീഴാളമാധ്യമം എന്ന നിലയിലാണ് അച്ചടിമാധ്യമം ബ്ലോഗിനെ കാണുന്നത് എന്ന സനാതന്റെ നിരീക്ഷണത്തോട് എനിക്ക് യോജിപ്പില്ല എന്നും പറയട്ടെ . അങ്ങനെയൊന്നും നമ്മള്‍ കാണേണ്ടതില്ല . ഹരികുമാര്‍ ബ്ലോഗില്‍ സജീവമായി ഇടപെട്ടു എന്ന് തന്നെയാണ് എന്റെ കണ്ടെത്തലും . പിന്നീട് സംഭവിച്ചതെല്ലാം ദൌര്‍ഭാഗ്യകരമയിരുന്നു എന്നും കരുതാനാണെനിക്കിഷ്ടം . പഴയ യാഹൂ കലാപത്തിന്റെ ഹാംഗോവറിലേക്ക് ബ്ലോഗിനെ തിരിച്ചു കൊണ്ടെത്തിക്കാനേ അഞ്ചല്‍ക്കാരന്റെ പോസ്റ്റിന് കഴിഞ്ഞിട്ടുള്ളൂ എന്നാണെനിക്ക് തോന്നിയത് . ആശംസാപോസ്റ്റുകള്‍ക്കും പ്രതിഷേധപോസ്റ്റുകള്‍ക്കും ഒരു കടമ എന്ന നിലയിലാണ് പലരും വന്ന് കമന്റ് പാസ്സാക്കി പോകുന്നത് . യാഹൂ വിരുദ്ധ പോരാട്ടത്തിന്റെ ഫലമായ ചില സംഭവവികാസത്തെ തുടര്‍ന്നാണ് പി‌ന്‍‌മൊഴി പൂട്ടിപ്പോയതെന്ന് തോന്നുന്നു . ഇപ്പോഴത്തെ ഈ ഹരികുമാര്‍ വിരുദ്ധ പ്രതിഷേധം മലയാളം ബ്ലോഗിന്റെ ആരോഗ്യകരമായ വളര്‍ച്ചക്കോ അതിന്റെ സോകോള്‍ഡ് കൂട്ടായ്മക്കോ യാതൊരു വിധത്തിലുമുള്ള പ്രയോജനവും ചെയ്യില്ല എന്ന് ഞാന്‍ കരുതുന്നു .

  മറുപടിഇല്ലാതാക്കൂ
 4. സനാതനന്‍,
  എഴുതിയിരിക്കുന്ന മിക്ക കാര്യങ്ങളോടും യോജിക്കുന്നു. നാലും മൂന്നും ഏഴുപേര്‍ വായിക്കുന്ന ഇവിടെ സ്വന്തമായി ഒരു ബ്ലോഗുള്ളത് ആനക്കാര്യമായൊന്നും എനിക്കു തോന്നിയിട്ടില്ല. പ്രിന്റ് മീഡിയയേയും ബ്ലോഗിങ്ങിനെയും താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നിടത്താണ് നമുക്കൊക്കെ തെറ്റു പറ്റുന്നത്. രണ്ടും രണ്ടായിത്തന്നെ കാണാനാണെനിക്കിഷ്ടം.മറ്റു മാധ്യമങ്ങളെപ്പോലെ ജനങ്ങളില്‍ ബ്ലോഗുകള്‍ സ്വാധീനം ചെലുത്തുന്ന നാള്‍ വരുന്നതു വരെ ആരും ബ്ലോഗിങ്ങിനെ കാര്യമായെടുക്കുകയുമില്ല.

  “മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല”

  സ്വന്തം നാടിന് ഒരഞ്ചുപൈസ ടാക്സ് പോലുമടക്കാതെ നമ്മുടെ നാട്ടിലെ റോഡുകളുടെ സ്ഥിതിയെക്കുറിച്ചും ഇവിടത്തെ സാമൂഹിക രാഷ്ടീയ ചുറ്റുപാടുകളെക്കുറിച്ചും കുറ്റം പറയുന്നവരുടെ വാക്കുകള്‍ വിലകല്പിക്കപ്പെടാതെ പോകുന്നത് ആരുടെ കുറ്റമാണ്??

  മറുപടിഇല്ലാതാക്കൂ
 5. ബ്ലോഗ്ഗുകള്‍ക്കു മാധ്യമരംഗത്തു വലിയ സ്വാധീനമെന്നും ചെലുത്തുവാന്‍ ഒരിക്കലും സാധിക്കുകയില്ല.ബ്ലോഗുകളില്‍ സജ്ജീവമായി പങ്കെടുക്കുന്നവര്‍ കൂടാതെ വളരെ ചുരുങ്ങിയ ഒരു ശതമാനം വായനക്കാരെ പുറ്ത്തുനിന്നും ബ്ലോഗ്ഗില്‍ എത്തപ്പെടാറുള്ളു എന്നു തോന്നുന്നു. ധാരാളം പ്രചാരം കിട്ടി മലയാളത്തില്‍ ദിവസവും ആയിരക്കണക്കിനു ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നാല്‍, ഇതെല്ലാം വായിക്കാന്‍ ഒരാള്‍ക്കു എവിടന്നു സമയം കിട്ടും? പലതരം ജോലികള്‍ക്കിടയില്‍ കിട്ടുന്ന സമയം ആണു ഒരു ഹോബി എന്ന നിലയിലും, ആശയപ്രകടനം നടത്തുന്നതിലെ ചാരിതാര്‍ത്ഥ്യത്തിനു വേണ്ടിയും അധികപങ്കും ആളുകള്‍ ഇതിനെ ഉപയോഗിക്കുന്നത്. അതിനോടൊപ്പം എഴുതുന്ന ആളുടെ വ്യക്തിത്വം കൂടി ആളുടെ ലേഖനത്തില്‍ പ്രതിഫലിക്കപ്പെടും. എല്ലാം ഒരു സംതൃപ്തിക്കു വേണ്ടീ - അല്ലാതൊന്നും പ്രതീക്ഷിക്കണ്ടാ!

  മറുപടിഇല്ലാതാക്കൂ
 6. ഞാനും പൂര്ണ്ണമായ് യോജിക്കുന്നു.
  ഒരു നല്ല വായന സംസ്കാരം ഇവിടെ ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 7. സനാതനാ.. സധൈര്യം ആറ്റിക്കുറുക്കി പറഞ്ഞിരിക്കുന്നു. കൊടുകൈ!

  മറുപടിഇല്ലാതാക്കൂ
 8. പൊതുവെ പറഞ്ഞകാര്യങ്ങളില്‍ യോജിപ്പുണ്ട്. സ്വന്തം പരസ്യം ഒട്ടിക്കാനായി മാത്രം മറ്റു ബ്ലോഗുകളില്‍ പോവുകയും ഡെഡിക്ക്കേറ്റഡ് പോസ്റ്റ് എന്ന ഗിമ്മിക്ക് ഇറക്കി സ്വന്തം പേജില്‍ ആളെക്കുട്ടാന്‍ ശ്രമിക്കുകയും ചെയ്തതിനെ ആത്മാര്‍ത്ഥത എന്ന് വിളിച്ചതൊഴികെ.

  എഴുതുന്ന ഡ്രാഫ്റ്റ് ഒന്നുകൂടി വായിക്കാനുള്ള ആത്മാര്‍ത്ഥത പൊലും ഹരികുമാര്‍ ബ്ലോഗിനോട് കാണിച്ചിട്ടില്ല. നിരൂപകന്‍ എന്ന നിലയില്‍ സ്വന്തം വായനയോട് ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല (ഉമ്പാച്ചി ‘വടിവ്’ എന്നെഴുതിയതിനെ വിടവ് എന്നുവായിച്ച് വീമര്‍ശിച്ചതോര്‍ക്കുക; വെറും മൂന്നാം ക്ലാസ്സ് കവിത എഴുതുന്നൊരാളെ മുന്‍പരിചയത്തിന്റെ പേരില്‍ ബ്ബ്ലൊഗില്‍ പുകഴ്ത്തിയതും)ഉത്തരവാദിത്തം ഉള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് അയാളോട് എന്താണ് പറയാനുള്ളതെന്ന് ശ്രദ്ധിക്കാനുള്ള ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല. ബൌദ്ധികമായ സത്യസന്ധത തൊട്ടുതെറിച്ചിട്ടില്ല എന്ന് വിളിച്ചോതുന്നതായിരുന്നു അയാളുടെ ഓരോ നിലപാടും. എന്തിനാണ് ആത്മാര്‍ത്ഥത എന്നവാക്ക് ആ നെറ്റിക്ക് പതിച്ചുകൊടുത്ത് അതിന്റെ വിലകളഞ്ഞതെന്ന് മനസ്സിലായില്ല സന്ദിഗ്ധാനന്ദാ.

  ഗോപീകൃഷ്ണന്റെ നിശബ്ദതക്ക് അതിലും അന്തസ്സുണ്ട്. ആ താരതമ്യം ഗോപീകൃഷ്ണനോടും ശിഹാബുദീനോടും സനല്‍ കാണിച്ച അനീതിയാണ്.

  ഇവിടെ വന്ന് കയ്യൊപ്പുവയ്ക്കുന്നവരൊക്കെ ഹരികുമാര്‍ ബ്ലോഗിനോട് കാണിച്ച ആത്മാര്‍ത്ഥതയില്‍ വിശ്വസിക്കുന്നവരാണൊ എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 9. ഭായീ.. ഇതുപോലെ ചില കലക്കന്‍ സംഭവങ്ങള്‍ ഇനിയും എഴുതൂ..

  താങ്ങളോടു പൂര്‍ണ്ണമായും യോജിക്കുന്നു.

  കൂട്ടത്തില്‍ ഗുപ്തന്‍ മാഷിന്റെ കമന്റിനോടും..:)

  മറുപടിഇല്ലാതാക്കൂ
 10. തന്നന താനാ തന്നാനാ.. സസ്സസ്സനാതനാ - ഇങ്ങനെ ഒരു കലക്കന്‍ വായ്ത്താ‍രിയിട്ടു പോന്നിരിക്കയാണ് ഗുപ്തനൊഴികെ ഏതാണ്ടെല്ലാരും. ഞാന്‍ അതിന്റെ ഒരു ലൈനനുസരിച്ച് ഭൂരിപക്ഷത്തിന്റെ കൂടെ തന്നെ...

  ‘ബ്ലോഗിനെ മറ്റോമ്മാര്‍ക്ക് ഭയങ്കര പേട്യാണേയ്’ എന്ന് സമാധാനിക്കുന്നവര്‍ ഇന്നത്തെ അവസ്ഥയില്‍ ദയനീയമായ ഒരു കാഴ്ച്ച തന്നെയാണ്.

  പൊതുജീവിതത്തെ സ്വാധീനിക്കാവുന്ന ഒരു സാംസ്ക്കാരികസ്വരൂപം എന്ന നിലയിലേയ്ക്ക് ബ്ലോഗ് വളര്‍ന്നിട്ടുണ്ടോ ? അല്ല, ഈ കോപ്പൊന്നു തുറക്കാന്‍ തന്നെ എന്തൊക്കെ സാങ്കേതികതകള്‍ അറിഞ്ഞിരിക്കണം! ഇമ്മടെ പത്രോ ? പുസ്സകോ ? താരതമ്യണ്ടോ ? ‘വെറുതേ സമയം കൊല്ലാന്‍ വേണ്ടി’ എന്ന് ഒരു ഒഴിച്ചൂട്ടാന്‍ ഒഴികഴിവു പറഞ്ഞ് എന്റെ ചാറ്റില്‍ പ്രത്യക്ഷപ്പെട്ട സീനിയര്‍ ബ്ലോഗര്‍മാരുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ എന്നെ വല്ലാതെ അധീരനാക്കിയിരുന്നു. കാക്കാശ് മുതല്‍മുടക്കിലാതെ ഒരു മൊബൈല്‍ പ്രസിദ്ധീകരണശാലയുടെ ഉടമസ്ഥാവകാശം, ഉപഭോക്തൃശിരോമണികളായ മലയാളികള്‍ക്ക് എന്താ ഒരു സായൂജ്യം !
  എന്നിട്ടും ഞാന്‍ ബ്ലോഗ് ചെയ്യുന്നു. ഇനീം ചെയ്യും.
  ഒരു രസം. ആ രസം കിട്ടാന്‍ വേണ്ടി അതിഭയങ്കര ആത്മാര്‍ഥതയോടെ ചെയ്യുന്ന ഒരു രാസലീല.

  എന്നെ ഓടിക്കരുത്, ഇടിച്ചോ.

  മറുപടിഇല്ലാതാക്കൂ
 11. ദേശാഭിമാനി,
  ബ്ലോഗുകള്‍ക്ക് മാധ്യമരം‌ഗത്ത് സ്വാധീനം ചെലുത്താന്‍ കഴിയുകയില്ല എന്നത് ശരിയായ വീക്ഷണം ആണെന്ന് എനിക്ക് തോന്നുന്നില്ല.ദിവസവും ആയിരക്കണക്കിന് ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നാല്‍ ആര് വായിക്കും എന്നുള്ള ആശങ്കയും അടിസ്ഥാന്‍ രഹിതമാണ്.എഴുത്തുകാരുടെ എണ്ണം കൂടുന്നതോടൊപ്പം വായനക്കാരുടെ എണ്ണവും കൂടുമെന്നും നല്ലത് എഴുതപ്പെടുന്നത് ഇന്നല്ലെങ്കില്‍ നാളെ വായിക്കപ്പെടുകതന്നെ ചെയ്യും.ഇപ്പറയുന്ന പ്രിന്റുമീഡിയയിലും വരുന്നുണ്ട് ആയിരക്കണക്കിനു ലേഖനങ്ങള്‍ അതിലുമുണ്ട് ചവറുകളും അല്ലാത്തതും.പിന്നെ ചവര്‍ എന്ന് ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിനേയും വേര്‍തിരിക്കാന്‍ കഴിയുകയില്ല.നാം ഒന്നും നല്ലതിന്റെയും ചീത്തയുടെയും യുക്തിപരമായ വേര്‍തിരിവ് നടത്തിക്കൊള്ളാം എന്ന് അടങ്കല്‍ ലേലം കൊണ്ടിട്ടില്ല.നല്ലതും ചീത്തയും എല്ലായ്പ്പോഴും ആപേക്ഷികമാണ്.അത് ആളിനേയും കാലത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.ബ്ലോഗിന് മലയാളത്തിന്റെ മണ്ണില്‍ വേരുറയ്ക്കണം എന്ന് ഞാന്‍ പറഞ്ഞത് ബ്ലോഗ് തന്നെ പ്രിന്റ്മീഡിയായിലേക്ക് ചെല്ലണമെന്ന്‍ ഉദ്ദേശിച്ചാണ്.കേരളത്തിലെ ദശലക്ഷക്കണക്കിന് സാധാരണ വായനക്കാരിലേക്ക് ഗ്രാമീണ ഗ്രന്ഥശാലകള്‍ വഴിയും.സ്കൂള്‍ കോളേജ് ലൈബ്രറികള്‍ വഴിയും ഒക്കെ അതിന് നടന്ന് ചെല്ലാന്‍ കഴിയണം.മലയാളത്തില്‍ നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തനമായി അതിനെ അം‌ഗീകരിക്കാന്‍ മറ്റു പ്രസ്ഥാനങ്ങള്‍ തയാറാവണം.ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍,ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ മുതല്‍ സാഹിത്യ അക്കാഡമി മുതല്‍,പ്രെസ്സ് ക്ലബ്ബുകള്‍ മുതല്‍....വരെ എന്നു പറഞ്ഞു നിര്‍ത്താന്‍ കഴിയാത്തത്ര സം‌ഘടിത പ്രവര്‍ത്തനങ്ങള്‍ ഉണ്ട് അവയൊക്കെ ഉപയോഗപ്പെടുത്താനും അവയോടൊപ്പം തോള്‍ ചേര്‍ന്ന് നില്‍ക്കാനും ബ്ലോഗിനു കഴിയണം.കഴിയും.പക്ഷേ ബ്ലോഗ് എന്തോ ആകാശകുസുമം ആണെന്ന മട്ടിലുള്ള നിലപാടുകള്‍ ബ്ലോഗ് തന്നെ മാറ്റിവയ്ക്കണം.കമെന്റ് ബട്ടണില്ലെങ്കില്‍ അച്ചടിച്ചാലും കാര്യമില്ലെന്ന മട്ടിലുള്ള ജ്വരസം‌ഭാഷണങ്ങള്‍ നാം അവസാനിപ്പിക്കണം.

  ഗുപ്തന്‍,
  അന്തസ്സുള്ള മൌനമൊക്കെ വളരെ പഴയ ക്ലീഷേകള്‍ ആണ്.ചുറ്റും ആരു പെറ്റാലും ആരു ചത്താലും ഞാനറിഞ്ഞില്ല എന്ന മട്ടിലുള്ള മൌനത്തെ കുലീനമായി വ്യാഖ്യാനിക്കുന്നത് മലയാളിയുടെ മാനസികാസുഖമാണ്.പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് തെറ്റുപറ്റുക സ്വാഭാവികമാണ്.കുലീനമായ മൌനമുള്ള ഒരാള്‍ എല്ലായ്പ്പോഴും അന്തസ്സുള്ള പാറകളായി വിഗ്രഹങ്ങളായി ഇരിക്കുകയും ചെയ്യും.ഞാന്‍ ഹരികുമാറിനെ പുകഴ്ത്തുകയോ ഗോപീകൃഷ്ണനെയോ പൊയ്ത്തും കടവിനെയോ ഇകഴ്ത്തുകയോ അല്ല ചെയ്തത്.ഹരികുമാറിനെ വിയോജിപ്പോടെ അം‌ഗീകരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.ഇഷ്ടമില്ലാത്ത അച്ചി വച്ചതെല്ലാം കുറ്റം എന്ന നിലപാട് ഗുപ്തനെപ്പോലെയുള്ളവര്‍ക്ക് ഭൂഷണമല്ല.എതിരഭിപ്രായങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുകയോ വഴക്കടിക്കുകയോ ചെയ്യുന്നവരെ പിന്തുടര്‍ന്ന് അതിര്‍ത്തികടത്തിവിടുക എന്നത് ഫാസിസമാണ്.ഹരികുമാര്‍ ബ്ലോഗിലേക്കിറങ്ങിവന്നത് മുന്‍‌വിധികളോടെ ആയിരുന്നിരിക്കാം പക്ഷേ അയാള്‍ക്ക് ആത്മാര്‍ത്ഥതയില്ലായിരുന്നു എങ്കില്‍ അയാള്‍ ഉമ്പാച്ചിയെയും വല്യമ്മായിയേയും സനാതനനേയും ഉള്‍പ്പെടെ എത്രയെങ്കിലും പേരെ വായിക്കുകയും പോസ്റ്റുകളിടുകയും ചെയ്യുകയില്ലായിരുന്നു.ആ പോസ്റ്റുകള്‍ തെറ്റാണോ ശരിയാണോ എന്നത് മറ്റൊരു വശമാണ്.തെറ്റുകള്‍ സംഭവിക്കുന്നതാണ് വരുത്തുന്നതല്ല,അതു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താനുള്ള മനോനില അയാള്‍ക്കില്ലായിരുന്നു എന്നതും ശരി.തനിക്കിഷ്ടമില്ലാത്തവരെ തള്ളിപ്പറയുക എന്ന നയവും അയാള്‍ക്കുണ്ടായിരുന്നു.ഇതൊക്കെക്കൊണ്ട് നഷ്ടമുണ്ടായത് അയാള്‍ക്ക് തന്നെയായിരുന്നു.അയാള്‍ക്ക് സ്വന്തം ഇമേജിനെക്കുറിച്ച് വലിയ ഭയങ്ങളൊന്നും ഇല്ലായിരുന്നതുകൊണ്ടാണ് അയാള്‍ കുട്ടിക്കുരങ്ങന്‍ കരണം മറിയുന്ന മട്ടില്‍ ഇതൊക്കെ കാട്ടിക്കൂട്ടിയത്.പക്ഷേ അയാള്‍ എതിര്‍ക്കപ്പെട്ടത് അയാള്‍ ബ്ലോഗില്‍ ഒരു സാന്നിദ്ധ്യമായപ്പോഴാണ്.തന്നോട് പ്രതികരിക്കുന്നവരോട് തിരിച്ചും പ്രതികരിച്ചപ്പോഴാണ്.കുലീനമായ മൌനവുമായി ഇരുന്നില്ല എന്നതാണ് അയാള്‍ക്ക് പറ്റിയ പിഴവ്‌.പിന്നെ ഹരികുമാറിനെ അം‌ഗീകരിക്കുന്നവര്‍ ആണോ ഇവിടെ വന്ന് കയ്യൊപ്പ് വയ്ക്കുന്നതെന്നറിയണം എന്നമട്ടിലൊക്കെയുള്ള വാചകങ്ങള്‍ അപക്വമാണെന്ന് എന്റെ അപക്വതകൊണ്ട് തോന്നിപ്പോകുന്നതാകാം.എവിടെ വായ് തുറക്കണം എവിടെ അടക്കണം എന്നറിയാത്തതാണ് നമ്മില്‍ പലരുടെയും കുഴപ്പം.

  മറുപടിഇല്ലാതാക്കൂ
 12. ഇവിടെ വന്ന് കയ്യൊപ്പുവയ്ക്കുന്നവരൊക്കെ ഹരികുമാര്‍ ബ്ലോഗിനോട് കാണിച്ച ആത്മാര്‍ത്ഥതയില്‍ വിശ്വസിക്കുന്നവരാണൊ എന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്

  ഇതാണ് ഞാന്‍ മുകളില്‍ എഴൂതിയ വാചകം. അതിലെ ആത്മാര്‍ത്ഥത എന്ന വാക്ക് എന്തുകൊണ്ട് അനുയോജ്യമല്ല എന്ന ഞാന്‍ കമന്റില്‍ പറഞ്ഞിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 13. ബ്ലോഗിന്റെ കയോട്ടിക് അവസ്ഥ പ്രിന്റ് മീഡിയയില്‍ എഴുതുന്നവരെ ആശയക്കുഴപ്പത്തിലെത്തിക്കാറുണ്ട്. ചുള്ളിക്കാട് മുതല്‍ ഹരികുമാര്‍ വരെ അതില്‍ വീണു പോയി. വി.കെ. ശ്രീരാമന്‍ ബ്ലോഗെന്നോര്‍ത്ത് ലാഘവത്തോടെ എഴുതി. പ്രിന്റ് മീഡിയയുടെ സ്വാധീനത്തിന്റെ നൂറയലത്തു പോലും ഒരിക്കലും ഭാവിയിലും ബ്ലോഗ് എത്തില്ല. ഓണ്ലൈന്‍ വായനകള്‍ വ്യാപകമാവുന്ന കാലത്ത് ഈ ഫ്രീ സ്‌പേസ് എഴുത്തു മാറി ഇപ്പോഴുള്ള രീതികള്‍ തന്നെ അപ്രത്യക്ഷമായിരിക്കും. ദശലക്ഷക്കണക്കിനു പേജുകള്‍ നിമിഷം തോറും അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന ഇ-ബുക്കുകള്‍ സ്കൂള്‍ കുട്ടികളുടെ കൈയില്‍ പോലും ഇപ്പോഴത്തെ കാല്കുലേറ്റര്‍ പോലെ വന്നെത്തും.

  എന്നാല്‍ അത് പ്രിന്റില്‍ നിന്ന് ബ്ലോഗിലേക്ക് എന്ന വാക്യമല്ല. അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്ക് എന്ന വസ്തുതയാണു യാഥാര്‍ത്ഥ്യമാക്കുക. ബ്ലോഗ് എന്ന പേരു തന്നെ അപ്പോള്‍ സമകാലികമല്ലാതായേക്കാം.

  ഇപ്പോള്‍ നടന്ന സംവാദങ്ങളും കൊലവിളികളും തെറികളും (കൈപ്പള്ളിക്ക് അതിന്റെ ക്രെഡിറ്റ്) ബ്ലോഗാണോ പ്രിന്റാണോ കേമം എന്ന മണ്ടന്‍ തലത്തിലേക്ക് മാറിപ്പോയി. എന്നാല്‍ ബ്ലോഗ് ചെയ്യുന്ന മലയാളിയുടെ ദുശ്ശീലങ്ങളിലേക്ക് വിരല്‍ ചൂണ്ടാന്‍ ഹരികുമാറിനു കഴിഞ്ഞു. യാഹൂ പുഴ പ്രശ്നങ്ങളില്‍ അതു മുമ്പും കണ്ടതാണു. പക്ഷേ ബ്ലോഗെഴുതുന്നവരെല്ലാം മോശക്കാരാണെന്ന നിരീക്ഷണവും നിലവാരം കുറഞ്ഞ പോസ്റ്റുകളും ഹരികുമാറിനെയും ആ ഗണത്തിലെത്തിച്ചു. സംവാദത്തിന്റെ സാധ്യത ഹരികുമാര്‍ തന്നെ കളഞ്ഞു കുളിച്ചു. അങ്ങനെ അതും പോയി.

  ബിസിനസ് കാര്‍ഡ് പോലെ പോക്കറ്റില്‍ കൊണ്ടു നടക്കാവുന്ന ഇലക്ട്രോണിക് മാധ്യമം സാധാരണക്കാരില്‍ സാധാരണക്കാരന്റെ കൈയിലെത്തുന്നതു വരെ രാവിലെ സൈക്കിളില്‍ വന്ന് പത്രമിടുന്ന പത്രക്കാരനെ നമ്മള്‍ കണ്ടു കൊണ്ടിരിക്കും.

  മറുപടിഇല്ലാതാക്കൂ
 14. ബ്ലോഗ് ശരീരമില്ലാതെ വായുവില്‍ നില്‍ക്കുന്നു എന്നതിനാല്‍ അതിന് മണ്ണിലേക്കിറങ്ങിവരാന്‍ കഴിയുന്നില്ല എന്നു സനാതനന്‍ പറയുന്നു.

  ബ്ലോഗിനു മണ്ണില്‍ സജീവമാകാന്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് താങ്കള്‍ക്ക് തരാനുള്ളത്?
  ഇനി ബ്ലോഗിലെഴുതുന്നതെല്ലാം അച്ചടിച്ചു വീടുവീടാന്തരം വിതരണം ചെയ്യണമെന്നാണെങ്കില്‍ ആര് എന്ത് അച്ചടിക്കും?
  ബ്ലോഗില്‍ പ്രസിദ്ധീകൃതമാകുന്ന എല്ലാ കൃതികളും അച്ചടിക്കുക എന്നത് പ്രായോഗികമാണ് ? അല്ല.
  അച്ചടിക്കപ്പെടാന്‍ യോഗ്യത ഉള്ളവ വലിയ പ്രയാസം കൂടാതെ മണ്ണിലേക്കിറങ്ങി വരും.
  ജനങ്ങളിലേക്കിറങ്ങിവരും.

  അതിനു ബ്ലോഗിനെ ആ തരത്തില്‍ കണ്ട് സംവേദനക്ഷമത്യുള്ള സൃഷ്‌ടികള്‍ എഴുതാന്‍ മെനക്കെടുന്ന ബ്ലോഗര്‍മാര്‍ ഉണ്ടാവണം.

  സമൂഹത്തില്‍ ചെറുചലനമെങ്കിലൂം സൃഷ്‌ടിക്കാനുതകുന്ന വിധം ബ്ലോഗിന്റെ സാധ്യതയെ മുതലെടുക്കുന്ന, ബ്ലോഗിംഗ് സീരിയസ്സായി കാണുന്ന ചിലരെങ്കിലും ഈ മലയാള ബ്ലോഗ് സമൂഹത്തില്‍ ഉണ്ടാവണം.

  മറുപടിഇല്ലാതാക്കൂ
 15. സിയ,
  അച്ചടിച്ചു വീടുവീടാന്തരം വിതരണം ചെയ്യുക എന്നതല്ല.മലയാളത്തിന്റെ സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ ഭൂമികയില്‍ ഒരു ചുവട് ചവിട്ടാന്‍ കിട്ടണം.ബ്ലോഗില്‍ എല്ലാം നല്ലതായിരിക്കുകയില്ല ഒരിക്കലും.പക്ഷേ ഒരു കാര്യം വാസ്തവമാണ് ഒരിക്കലും പ്രതിലോമാത്മകമായ ഒരു ആശയവും ഏകപക്ഷീയമായി പ്രചരണവിജയം നേടുകയില്ലിവിടെ.മറ്റു മാധ്യമങ്ങളില്‍ നടക്കാത്തത്ര ചടുലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടിവിടെ.അതിന്റെ വഴിതെറ്റിപ്പോകല്‍ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക തന്നെ വേണം എന്നത് ശരിയാണ്.ആ നിലക്ക് ബ്ലോഗ് പ്രതികരണ ശേഷിയുള്ള ഒരു മാധ്യമമായി വെളിച്ചത്തുവരണം.ഇവിടെ നടക്കുന്ന ചലനങ്ങള്‍ ചര്‍ച്ചകള്‍ ഒക്കെ വിലയിരുത്തപ്പെടണം.അതു ചിലപ്പോള്‍ വിമര്‍ശനമാകാം ചിലപ്പോള്‍ വാഴ്ത്തലുകളാകാം.ടെലിവിഷനിലും സിനിമയിലും നടക്കുന്ന ഓരോ മുന്നേറ്റവും പിന്നാക്കം പാച്ചിലും അച്ചടിമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.ഇതൊക്കെ സാധാരണക്കാരന്റെ ചായക്കപ്പിനൊപ്പം ചുണ്ടില്‍ ചേരുന്നുണ്ട്.തട്ടുകടകളിലും പാര്‍ട്ടിയാപ്പീസുകളിലും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.അങ്ങനെയൊരവസ്ഥ ബ്ലോഗിനുണ്ടാകണം.അതിന് അച്ചടിയാണ് വേണ്ടതെങ്കില്‍ അതുചെയ്യേണ്ടിവരും.

  മറുപടിഇല്ലാതാക്കൂ
 16. നല്ല കമന്റ് റിയാസ്

  ബ്ലോഗിംഗിനെ സീര്യസ്സയി എടുക്കുന്നവര്‍ ഉണ്ടാവണം സിയ. പക്ഷേ ബ്ലൊഗ് ആണ് എഴുത്തിന്റെ അവസാനം എന്നമട്ടിലുള്ള പ്രചാരണങ്ങള്‍ അബദ്ധമാണ്. ബ്ലോഗില്‍ നിലവാരമുള്ള എഴുത്തുണ്ട്. അതെല്ലാം അച്ചടിക്കപ്പെടണം എന്ന നിര്‍ബന്ധവും ഇല്ല.

  പക്ഷെ പ്രിന്റഡ് മീഡിയായുടെ കാലം കഴിഞ്ഞു എന്നൊക്കെ പറയുന്നവര്‍ ഒരു റിയാലിറ്റി ചെക്ക് നടത്തുന്നത് നല്ലതായിരിക്കും. ഭാവിയിലേക്ക് നോക്കാനാണെങ്കില്‍ എന്റെയോ സിയയുടെയോ മക്കളുടെ നല്ലകാലത്ത് പോലും ഇന്നത്തെ രൂപത്തിലുള്ള ബ്ലോഗിംഗ് പ്രസാധനത്തിനെ മുഖ്യധാര ആവില്ല. പുസ്തക പ്രസാധനം ഡിജിറ്റല്‍ ഫോമാറ്റിലേക്ക് മാറിയേക്കും വൈകാതെ തന്നെ. വളരെയേറെ രൂപം മാറിയ ഒരു ബ്ലോഗിംഗ് (വെബ് 102???) ഒരുപക്ഷെ മുഖ്യധാരയുടെ തന്നെ ഭാഗമായീന്നും വരാം. ഉണ്ടാകാത്തകുഞ്ഞിന്റെ ജാതകം കണ്ട് അച്ഛനെയും അപ്പൂപ്പനെയും അടക്കം തള്ളിപ്പറയുന്നത് പക്ഷേ മിനിമം അഹങ്കാരം എങ്കിലും ആണ്.

  ഇത് പ്രിന്റഡ് മാധ്യമങ്ങളോട് യുദ്ധം ചെയ്യാനുള്ള കാലമല്ല സംവാദത്തിനുള്ളകാലം ആണെന്നുള്ള സനാതനന്റെ /ഉമേഷ്ജിയുടെ/ മുകളില്‍ സജ്ജീവേട്ടന്റെ നിലപാടിനോട് പൂര്‍ണമായ യോജിപ്പാണെനിക്ക്.

  കലാകൌമുദിയോട് പ്രതിഷേധം ഉണ്ട്. കേരളത്തിന്റെ സാസ്കാരികപരിസരം മലിനമാക്കിക്കൊണ്ടിരിക്കുന്ന ഒരു കപടബുദ്ധിജീവിയെ ചുമക്കുന്നതിന്. അത് എനിക്ക് മുന്‍‌പറഞ്ഞ സംവാദത്തിന്റെ ഭാഗം മാത്രമാണ്.

  മറുപടിഇല്ലാതാക്കൂ
 17. കുലീനമായ മൌനവുമായി ഇരുന്നില്ല എന്നതാണ് അയാള്‍ക്ക് പറ്റിയ പിഴവ്‌ എന്നു പറഞ്ഞതിനോട് യോജിപ്പില്ല. കാരണം വായനക്കാരുടെ ചില കാര്യ മാത്ര പ്രസക്തമായ ചോദ്യങ്ങള്‍ക്ക് പലപ്പോഴും മറുപടി പറയാതെയും ചിലയിടങ്ങളില്‍ പുച്ഛത്തോടെയും മറുപടി പറയുകയും ചെയ്തത് ആത്മാര്‍ത്ഥതയില്ലാത്തതു കൊണ്ടുമാത്രമാണ്. എങ്ങനെയെങ്കിലും ശ്രദ്ധപിടിച്ചെടുക്കുക എന്നതു മാത്രമായിരുന്നില്ലേ
  അദ്ദേഹത്തിന്റെ ഉദ്ദേശ്യം? അല്ലെങ്കില്‍
  പായസം,മോരുകറി,എന്നൊക്കെയുള്ള ഭാവങ്ങള്‍ നിര്‍ത്തിക്കളഞ്ഞതെന്തേ? നാഴികക്ക് നാല്പത് പോസ്റ്റു വെച്ച് എഴുതുന്ന പണി നിര്‍ത്തിയതെന്തേ? ഒന്നും വേണ്ട,അഞ്ചല്‍ക്കാരന്റെ പോസ്റ്റിലെ അഴകൊഴമ്പന്‍ മറുപടി മതിയല്ലോ ആത്മാര്‍ത്ഥത അളക്കാന്‍!

  മറുപടിഇല്ലാതാക്കൂ
 18. ബ്ലോഗുകള്‍ പ്രിന്റ്മീഡിയയിലേയ്ക്ക് എത്തുകതന്നെചെയ്യും,അതൊരനിവാര്യതയാണ്‍.
  ഇവിടെ സജീവമായുള്ള ഇടപെടലുകളില്‍നിന്നു പലരും മാറിനില്‍ക്കുന്നത് (സമയക്കുറവൊക്കെയാകാംചിലര്‍ക്കു കാരണം)ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.
  കമന്റോപ്ഷന്‍ അടച്ചതോടെ,ഹരികുമാര്‍ തുറന്നുവിട്ട ബ്ലോഗിന്റെ വിശാലമായ സാദ്ധ്യതകള്‍ അദ്ദ്യേഹം തന്നെ ഇല്ലാതാകിയെന്നതിനോട് യോജിയ്ക്കാതെ വയ്യ-അതെത്രത്തോളം നിഷേധാത്മകമായിരുന്നാലും-ഇതൊരു പുനര്‍ചിന്തയില്‍ തോന്നിയതാണു.
  ആദ്യം തോന്നിയതു,ഒരാളും അങ്ങോട്ടു തിരിഞ്ഞു
  കേറരുതായിരുന്നു എന്നാണു(എന്റെ ബ്ലൊഗിലും ഞാനതെഴുതിയിരുന്നു)

  മറുപടിഇല്ലാതാക്കൂ
 19. ബ്ലോഗുകള്‍ക്ക് പ്രിന്റഡ് മീഡിയയില്‍ നിന്നും ഇലക്ട്രോണിക് മീഡിയയില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായൊരു അസ്തിത്വമുണ്ടാവില്ലേ? ബ്ലോഗിനു മാത്രമായൊരു ‘ഇടം‘ വരും കാലം ഉണ്ടാവുമെന്നാണെന്റെ വിശ്വാസം. ടെലിവിഷന്‍ വന്നപ്പോള്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറഞ്ഞില്ലല്ലോ? പത്രങ്ങളും വിഷ്വല്‍ മീഡിയയും തമസ്കരിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ബ്ലോഗുകള്‍ക്കു ചെയ്യാനുണ്ട്. അതുകൊണ്ടു തന്നെ ഒന്നു മറ്റൊന്നിലേക്ക് മാറ്റപ്പെടേണ്ട കാര്യവുമില്ല. ചില ബ്ലോഗുകള്‍ പ്രിന്റഡ് മീഡിയയിലെത്തിയേക്കാം, എത്തിയാലും ഇല്ലെങ്കിലും അവയ്ക്ക് സ്വന്തമായി നിലനില്‍പ്പുള്ള രീതിയിലേക്ക് ബ്ലോഗിംഗ് ഉയരണം. ഇത്രയും സംവേദനക്ഷമതയുള്ള മാധ്യമം തല്‍ക്കാലം മറ്റൊന്നില്ലെന്നത് ബ്ലോഗിന്റെ പ്രാധാന്യം വരും നാളുകളില്‍ ഉയര്‍ത്തുമെന്നതില്‍ സംശയം വേണ്ട. പക്ഷെ ജനങ്ങളിലേക്ക്, പ്രത്യേകിച്ചും സാധാരണക്കാരിലേക്ക് എത്താന്‍ ഇനിയുമൊരുപാടു ദൂരം ബ്ലോഗുകള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. ശ്രീജിത്ത്‌ കെ2008, ഫെബ്രുവരി 10 12:00 AM

  പോസ്റ്റിനോട് നൂറ് ശതമാനവും യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 21. സ്വന്തം നിലയ്ക്ക് തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍‌ത്താനും അവയെ വിപുലീകരിച്ച് പോസ്റ്റാക്കി സ്വന്തം ബ്ലോഗിലിടാനുമൊക്കെ സനാതനനു അവകാശമുണ്ട്. പക്ഷേ ഈയൊരേര്‍‌പ്പാടിനിടയ്ക്ക് ബി.ആര്‍‌.പി. ഭാസ്‌കര്‍, ശിഹാബുദ്ദീന്‍, ഗോപീകൃഷ്ണന്‍ തുടങ്ങിയവരെ വലിച്ചിട്ടത് ശുദ്ധവിവരക്കേടായിപ്പോയി!

  (ഇനി “ഇതൊക്കെ ആപേക്ഷികമല്ലേ?” എന്നു ചോദിച്ച് ആരും വരരുത്. ചിലതൊന്നും അത്രയ്ക്ക് ആപേക്ഷികമല്ല.)

  മറുപടിഇല്ലാതാക്കൂ
 22. സനാതനന്റെ ചില അഭിപ്രായങ്ങളോടു യോജിക്കുന്നു. വിയോജിപ്പുള്ളതില്‍ ചിലത് ഗുപ്തനും പരാജിതനും പറഞ്ഞു കഴിഞ്ഞു. പിന്നെ, ഹരികുമാര്‍ തന്റെ ബ്ലോഗില്‍ സംവാദത്തിന്‍് ഇടം നല്‍കി എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണ്. അയാളെ പുകഴ്ത്തി പറഞ്ഞവര്‍ക്ക് നന്ദി പറഞ്ഞു. തികച്ചും റീസണബിള്‍ ആയി വിയോജിച്ചവരെപോലും വെട്ടുകിളി കൂട്ടത്തില്‍ പെടുത്തുകയും ചെയ്തു...അത് വിട്.

  ബിയാര്‍പ്പിക്കും ഗോപീകൃഷ്ണനും പൊയ്ത്തുംകടവിനുമൊന്നും അവരുടെ ബ്ലോഗില്‍ എന്തെഴുതണം എന്നു തീരുമാനിക്കാനും അവകാശമില്ലേ..ബ്ലോഗിനെ മനസിലാക്കണം എന്നു നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറഞ്ഞാല്‍ പോര. അവരോടൊക്കെ ആശയവിനിമയം നടത്താന്‍ കഴിയുന്നതു തന്നെ ഭാഗ്യമെന്നാണു ഞാന്‍ കരുതുന്നത്.

  സനലിന്റെ എഴുത്ത് കാശും തന്ന് കൂടുതല്‍ വായനക്കാരുള്ള ഒരു നല്ല പ്രസിദ്ധീകരണം സ്വീകരിക്കുമെങ്കില്‍ സനലതു നിരസിച്ച് ബ്ലോഗില്‍ മാത്രമെഴുതുമോ..?(മുന്‍പ് പറഞ്ഞവരെ ഇതുമായി ബന്ധിപ്പിക്കല്ലേ..പ്ലീസ്)

  ബ്ലോഗ് സാമൂഹ്യജീവിതത്തില്‍ ഇടപെടുന്നത് എഴുത്തിലൂടെ മാത്രമാകണമെന്നില്ല. വല്ലാര്‍പാടം കുടിയൊഴിപ്പിക്കലിനെക്കുറിച്ച് ബി.ആര്‍.പി എഴുതിയിരിക്കുന്നു. എന്തേ ഹരികുമാര്‍ പ്രശ്നത്തില്‍ ചെയ്തതു പോലെ നമ്മള്‍ ബ്ലോഗര്‍മാരുടെ പ്രതിഷേധം കമന്റുകളായി സര്‍ക്കാരിനെയും പത്രക്കാരെയും അറിയിക്കാത്തത്..?

  കേരളത്തിലുള്ള ബ്ലോഗര്‍മാരില്‍ ചിലര്‍ക്കെങ്കിലും സമയമനുവദിക്കുമെങ്കില്‍ സംഭവസ്ഥലം വരെ പോകുകയോ പ്രതിഷേധമറിയിക്കുകയോ ചെയ്യാന്‍ സാധിക്കുമോ..?(ആഘോഷിക്കാനും ബ്ലോഗിന്റെ മഹത്വം പറയാനുമല്ലാതെ ഒരു ബ്ലോഗര്‍ മീറ്റ്)

  എം.കെ ഹരികുമാര്‍ വിവാദത്തില്‍ ചെയ്തതു പോലെ ചുരുങ്ങിയ പക്ഷം ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍..? ഇതൊന്നുമല്ലാതെ ഒരു പ്രതിഷേധപ്രകടനമുണ്ടെങ്കില്‍ കൂടെ റോഡിലിറങ്ങാനും വയ്യാത്ത അവസ്ഥയണിന്നെനിക്ക്. മറ്റു പലര്‍ക്കും...

  ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് രാഷ്ട്രീയമായ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനൊരു പൊതു ഇടമായി ഒരു ബ്ലോഗ് ഉണ്ടാക്കുകയും, ഇത്തരം സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലുള്ള പ്രതിഷേധം കേരളത്തിലുള്ള ചിലര്‍ പ്രതിനിധികളായി പൊതു സമൂഹത്തെ അറിയിക്കുകയും ചെയ്യുക...അങ്ങനെയും സാധ്യതകള്‍ ഉണ്ടല്ലോ. സനല്‍ തന്നെ പറഞ്ഞവ പ്രായോഗികതലത്തില്‍ അവതരിപ്പിച്ചതാണു ഞാന്‍. നമ്മുടെ സമൂഹത്തില്‍ നമ്മുടെ ചെറുശബ്ദം എങ്ങനെ ഉയര്‍ത്താമെന്നു കൂട്ടായി ചിന്തിക്കാം.

  മറുപടിഇല്ലാതാക്കൂ
 23. നന്ദി സനാതനന്‍. വളരെ പോസിറ്റീവായ വീക്ഷണവും സംവാദവും. ഇന്‍ററാക്ടീവ് മാധ്യമമെന്ന നിലയില്‍ ബ്ലോഗ് കല്‍പ്പിത ലോകത്തു തന്നെ തുടരാനാണു സാധ്യത. ബ്ലോഗ് താഴേക്കിറങ്ങുന്നതിനു പകരം മൊബൈലിന്‍റെ കാര്യത്തില്‍ സംഭവിച്ചതു പോലെ വായനക്കാര്‍ മുകളിലേക്ക് കയറും. ഇന്‍റര്‍നെറ്റ് ഉപയോഗം മൊബൈല്‍ ഉപയോഗത്തോളമെത്തുന്ന കാലത്തായിരിക്കും ബ്ലോഗ് എന്ന മാധ്യമം മാറ്റു തെളിയിക്കുന്നത്. ബ്ലോഗ് ജനങ്ങളിലേക്കിറങ്ങണ്ട, ജനം ബ്ലോഗിലേക്കെത്തും. മൊബൈല്‍ ഫോണില്‍ സംഭവിച്ചതു പോലെ.
  ആക്ടിവിസത്തിന്‍റെ പുറം ചട്ട ബ്ലോഗിനു ചേരുമോ എന്നതില്‍ വ്യക്തിഗതമായ സന്ദേഹങ്ങളുണ്ട്. സംവാദമോ ആശയവിനിമയമോ നടക്കുമായിരിക്കും.

  നല്ല പോസ്റ്റിനു സനാതനനു നന്ദി! പരസ്പരബഹുമാനത്തോടെ വീക്ഷണങ്ങള്‍ പങ്കുവെച്ച മറ്റുള്ളവര്‍ക്കും.

  മറുപടിഇല്ലാതാക്കൂ
 24. "ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് രാഷ്ട്രീയമായ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനൊരു പൊതു ഇടമായി ഒരു ബ്ലോഗ് ഉണ്ടാക്കുകയും, ഇത്തരം സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലുള്ള പ്രതിഷേധം കേരളത്തിലുള്ള ചിലര്‍ പ്രതിനിധികളായി പൊതു സമൂഹത്തെ അറിയിക്കുകയും ചെയ്യുക...അങ്ങനെയും സാധ്യതകള്‍ ഉണ്ടല്ലോ. സനല്‍ തന്നെ പറഞ്ഞവ പ്രായോഗികതലത്തില്‍ അവതരിപ്പിച്ചതാണു ഞാന്‍. നമ്മുടെ സമൂഹത്തില്‍ നമ്മുടെ ചെറുശബ്ദം എങ്ങനെ ഉയര്‍ത്താമെന്നു കൂട്ടായി ചിന്തിക്കാം."

  ഏകദേശം റോബിപറഞ്ഞതുപോലെയുള്ള ഈ ഒരു ബ്ലോഗ് തുടങ്ങുന്നതിനായി ബിആര്‍പി സര്‍ ഗൌരവമായിആലോചിയ്ക്കുന്നുണ്ടായിരുന്നു.
  പലരുമായും ബന്ധപ്പെടുന്നു എന്നും പറഞ്ഞിരുന്നു..എന്തുകൊണ്ടൊ വലിയ പുരോഗമനം പിന്നെക്കണ്ടില്ല.ഡെഡിക്കേറ്റഡ് എഴുത്തുകാരെക്കിട്ടാനുള്ള ബുദ്ധിമുട്ടാണോ കാര്യമെന്നറിയില്ല

  മറുപടിഇല്ലാതാക്കൂ
 25. പരാജിതന്‍,
  മൌനത്തിന്റെ മഹാമേരുക്കളുടെ തോളിലിരുന്നുതാഴേക്കുനോക്കിയാല്‍ നിലത്തിഴയുന്നതൊക്കെ ഉറുമ്പുകളാണെന്ന് തോന്നിയേക്കും.ആദ്യം കൊടുമുടികളില്‍ നിന്നും താഴേക്കിറങ്ങിവന്നാലും ഈ ചെളിനിലത്ത് ഒരല്‍പ്പനേരം നിന്നാലും എന്നിട്ടു നോക്കൂ ഇഴയുന്നവരുടെ കൂട്ടത്തിലും മനുഷ്യരുണ്ടെന്ന് കാണാം അവരെല്ലാം എന്നെപ്പോലെ വിവരംകെട്ടവരല്ലെന്നും കാണാം.

  ഇത്രയും പറഞ്ഞത് താങ്കള്‍ തെറ്റായ വായനവച്ചുകൊണ്ടു ചൊരിഞ്ഞ വാക്കുകള്‍ക്ക് മറുപടിയാണ്.ഞാന്‍ ഗോപീകൃഷ്ണനെയും,ബി.ആര്‍.പിയേയും,വികെ.ശ്രീരാമനേയും,പൊയ്ത്തുംകടവിലിനേയും ഒന്നും വലിച്ചിഴച്ചതല്ല പ്രിന്റു മീഡിയായില്‍ നിന്നും വന്ന ഹരികുമാറിന്റെ ഇടപെടല്‍ വിശകലനം ചെയ്തപ്പോള്‍ ഇവരെക്കൂടി എടുത്തുനിര്‍ത്തി എന്നേയുള്ളു.ഒന്നോ രണ്ടോ മാസം കൊണ്ട് നൂറ് പോസ്റ്റുകള്‍ എഴുതി എന്നതുമാത്രമല്ല ഹരികുമാറിന്റെ സവിശേഷത തന്റെ തട്ടകത്തില്‍(അതില്‍ അയാള്‍ യോഗ്യനാണൊ അല്ലയോ എന്നതു വിടുക)പ്രിന്റുമീഡിയയില്‍ ചെയ്തിരുന്നത് തന്നെ നൂറുശതമാനം അയാള്‍ ഇവിടെയും ചെയ്തു.ഗോപീകൃഷ്ണനെപ്പോലെ സമകാലിക മലയാളത്തില്‍ ഏറ്റവും ശ്രദ്ദേയനായ കവി ഇവിടെ വിവര്‍ത്തകനായാണ് അവതരിക്കുന്നത്.കഥാകാരന്മാരില്‍ ശ്രദ്ധേയനായ പൊയ്ത്തും കടവ് ഇവിടെ കവിയാണ്,വ്യത്യസ്തതകളുടെ കാഴ്ചക്കാരന്‍ ശ്രീരാമന്‍ തന്റെ മുഖപടങ്ങള്‍ വിവിധപോസുകളില്‍ പ്രസിദ്ധീകരിക്കാനുള്ള വേദിയായാണ് ബ്ലോഗിനെ കണ്ടത് .ഇങ്ങനെ തങ്ങളുടെ രണ്ടാംകിട രചനകള്‍ എറിഞ്ഞുതരുകയായിരുന്നു ഇവരൊക്കെ ചെയ്തത്.അതുമതി അത്രയ്ക്കുള്ള സ്റ്റാന്‍ഡേഡേ ഉള്ളു എന്നാവാം ഇവര്‍ ഉദ്ദേശിച്ചത്.ഈ കാഴ്ചപ്പാടിനെയാണ് ഹരികുമാറില്‍ ഞാന്‍ കാണാതിരുന്നത്.അയാളുടെ എല്ലാ തിന്മകളും നിലനില്‍ക്കുമ്പോള്‍ തന്നെ ഈ വസ്തുത കാണാതെപോകണമെങ്കില്‍ ഒന്നുകില്‍ കണ്ണടക്കണം അല്ലെങ്കില്‍ കണ്ണടവയ്ക്കണം.ബ്ലോഗിന്റെ വളര്‍ച്ചക്ക് ഈ രണ്ടാംകിട മനോഭാവം മാറിയേ മതിയാകൂ,പ്രിന്റ് മീഡിയക്കുള്ള ചില ഗുണങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ അതിനില്ലാത്ത ചില ഗുണങ്ങള്‍ ഉണ്ട് എന്നതുകൊണ്ടെങ്കിലും ബ്ലോഗും ഒരു മുഖ്യധാരാ മാധ്യമമായി പരിഗണിച്ചുകൊണ്ട് ഇവരൊക്കെ എഴുതാന്‍ തുടങ്ങിയാല്‍ മാത്രമേ കുട്ടിക്കളി എന്ന നിലയില്‍നിന്ന് ബ്ലോഗ് ഉയരുകയുള്ളു എന്നാണ് ഞാന്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് അതു തിരുത്താന്‍ ഞാന്‍ പരാജിതനെ വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.പൊത്തിനുള്ളില്‍ നിന്നും ചേരകള്‍ നാവുനീട്ടുന്നതുപോലെ തെറ്റിദ്ധാരണ എന്നൊക്കെപ്പറഞ്ഞിട്ട് ഉള്ളിലേക്ക് വലിഞ്ഞുപോയാല്‍ അതു തിരുത്തപ്പെടുകയുമില്ല എനിക്ക് അപരിഹാര്യമായ കഷ്ടനഷ്ടവും മാനാഹാനിയും മിച്ചമാകുകയും ചെയ്യും എന്ന് അറിയിച്ചു കൊള്ളുന്നു.

  ഓ.ടോ:വിവരക്കേട് ആപേക്ഷികമല്ല ആക്ഷേപികമാണ്.സാരമില്ല ഞാന്‍ സഹിച്ചു.

  മറുപടിഇല്ലാതാക്കൂ
 26. sanathanananu vaikiyaanekilum buddhiyudichu. kollaam.
  harikumaarinte pinnaale panjathil valla nettavum undo?
  ayaal bloginu kututhal pracharam nalkukayanu cheythathu. ayaal aarumariyathe kitanna gupthaneyum mattum , kuzhur ulpete, thante kolathil paramarsichu charcha vipuleekarchu.
  ennaalayaal upayogichathinekaal mosam vaakkukal upayogichu nerittaal bloginte mahathvam uyarukayilla. marichu ayaal paranjathanu sariyennu varum.
  blogile chilare peretuthu paranjanu ayaal vimarsichathu. appol athu ella blogarmaarkkum ethiraanennu vyaakhyaanichathil entho kuzhappam patiyittundu.ayaal ahankaariyaanu.
  athu iniyum thutarukayillennu parayaanokkumo?.kalakaumudiyil marupati varumaayirikkum. pakshe ,ayaal prathiphalam vaangikondu ezhuthunna mattu prasidheekaranangali ee vishayam ini aavarthikkukayilla ennuparayaanokkumo?
  athukondu itharam prasnangalil kuuttaayi prathikarikkunnathinu munpu chila blogarmaar undaakkunna chathikkuzhikalil veezhaathe nookkukayalle uchitha? chathikkuzhi prayogam harikumarinteyaanu ketto?
  theri nammute aayudhamalla. aasaya charachayum nalla marupatiyumaanu pradhaanam.
  pongummutante aabhaasathinu kamant ezhuthan pokunnavar vallathe vanjikkappetukayaanu.ithaanu ente nilapadu.enne engane vyaakhyaanichalum kuzhappamilla.

  sanathananu nandi. thankal ippol sariyaaya trakkilaanu.

  മറുപടിഇല്ലാതാക്കൂ
 27. സനല്‍ വികാരഭരിതനാകുന്നു...

  ഒന്നാം തരം, രണ്ടാം തരം എന്നതും ആപേക്ഷികമല്ലേ.

  വിവര്‍ത്തന കവിതകള്‍ ബ്ലോഗിലിടുന്നതിനു പകരം അതു പുസ്തകമാക്കാമല്ലോ ഗോപീകൃഷ്ണന്..എന്തേ വിറ്റു പോകില്ല എന്നു തോന്നുന്നുണ്ടോ..?
  കൂടുതല്‍ വായനക്കാരെയും കിട്ടും.

  പൊയ്ത്തും കടവ് കഥകള്‍ക്കു പകരം കവിതാ സമാഹാരമെഴുതിയാലും വാങ്ങാനും വായിക്കാനും ആളുണ്ടാവും. ഓരോരുത്തരും മുന്പ് ചെയ്തിരുന്നതു തന്നെ(മറ്റൊരു തരത്തില്‍ വളച്ചൊടിച്ചാല്‍ area of expertise) ബ്ലോഗിലും ചെയ്യണമെന്നു വാശി പിടിക്കണോ..?
  സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് ശ്ലോകവും രസതന്ത്ര ഗവേഷകന് കവിതയും എഴുതാമെങ്കില്‍ കവിക്ക് വിവര്‍ത്തനവും കഥാകാരന് കവിതയും എഴുതാം...

  ചുരുങ്ങിയ പക്ഷം ബ്ലോഗിന്റെ ജനാധിപത്യം/സ്വാതന്ത്ര്യം എന്നൊക്കെ പറയുന്നതില്‍ ഇതും പെടില്ലേ..?

  (ചര്‍ച്ച ഈയൊരു പോയിന്റില്‍ കേന്ദ്രീകരിക്കരുതെന്നുണ്ട്...എങ്കിലും)

  മറുപടിഇല്ലാതാക്കൂ
 28. റോബീ വഴിതിരിക്കരുത്.പ്ലീസ്
  നമുക്ക് മറ്റുവിഷയങ്ങള്‍ മറ്റൊരവസരത്തില്‍ ഉന്നയിക്കാം ഞാന്‍ പറഞ്ഞത് ഏതര്‍ഥത്തിലാണെന്ന് വിശദമാക്കിക്കഴിഞ്ഞു അതു മനസിലാകുന്നില്ലെങ്കില്‍ എന്റെ പിഴ,എന്റെ പിഴ എന്റെ വലിയ പിഴ....

  നമുക്ക് വിഷയത്തില്‍ നില്‍ക്കാം തല്‍ക്കാലം

  മറുപടിഇല്ലാതാക്കൂ
 29. ഒരു മാധ്യമത്തിന്‌ ഒരു സമൂഹത്തിന്റെ അഭിപ്രായ രൂപികരണത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ്‌ അതിന്‌ പ്രസക്തിയുണ്ടാവുകയുള്ളു എന്ന് സനല്‍ പയുന്നു. ബ്ലോഗിലെ വായനക്കാര്‍ അങ്ങനെയൊരു അഭിപ്രായ രൂപികരണം നടത്താന്‍ കഴിവുള്ളവരല്ലെ. കേരളത്തില്‍ താമസിക്കുന്നവരല്ല ഭൂരിഭാഗം ബ്ലോഗര്‍മാരും എന്നത്‌ കൊണ്ട്‌ അവരുടെ അഭിപ്രായ രൂപികരണത്തിന്‌ വിലയില്ലാതായി പോകുന്നു എന്ന വിലയിരുത്തല്‍ എത്ര കണ്ട്‌ ശരിയാണ്‌?. ഈ അളവുകോല്‍ വച്ചു നോക്കിയാല്‍ സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ പ്രസദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ മാത്രമേ പ്രസക്തിയുള്ളു എന്ന് വരുന്നു. സാഹിത്യസംബദ്ധിയായ ഒരു മാസികയുടെ പ്രസക്തി എന്താണ്‌. എത്ര ആളുകള്‍ ഒരു ലേഖനം വായിക്കുന്നു എന്നത്‌ വളരെ മുഖ്യമായ ഒരു അളവുകോലാണ്‌. വളരെ പ്രസക്തിയുള്ള ഒരു സമൂഹിക പ്രശ്നം പ്രസിദ്ധീകരിച്ച ഒരു മാധ്യമം വായിക്കപ്പെടാതെ പോയാല്‍ ?. ഹരികുമാറിന്റെ ലേഖനം എടുക്കുക. കേരളത്തില്‍ എത്ര ആളുകള്‍ കലാകൗമുദി വായിക്കുന്നുണ്ട്‌. അതില്‍ എത്രപേര്‍ ഹരികുമാറിന്റെ കോളം വായിക്കുന്നുണ്ട്‌. അതില്‍ എത്രപേര്‍ അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ട്‌.എത്ര പേരുടെ അഭിപ്രായ രൂപികരണത്തില്‍ ആ കോളം സ്വാധീനം ചെലുത്തുണ്ട്‌.വളരെ വളരെ കുറവായിരിക്കും. എനിക്ക്‌ തോന്നുന്നത്‌ മലയാളത്തിലെ ഒരു മാസികയില്‍ കഥയോ കവിതയോ വരുമ്പോള്‍ വായിക്കുന്ന വായനക്കാരുടെ അത്രയും ആളുകള്‍ ബ്ലോഗിലും കഥ വരുമ്പോള്‍ വായിക്കുന്ന കാലം വിദൂരമല്ല.പിന്നെ ഒരു മാധ്യമത്തിന്‌ ആളുകളുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിയുന്നു എന്ന് പറയുന്നത്‌ ആ മാധ്യമത്തിന്‌ വ്യക്തമായ രാഷ്ട്രീയമുള്ളതുകൊണ്ടാണ്‌. ബ്ലോഗിന്‌ അതിന്റേതായ പ്രത്യേകതകള്‍ കൊണ്ട്‌ ഒരിക്കലും ഒരു രാഷ്ടീയമുണ്ടാക്കാന്‍ സാധ്യമല്ല. ബ്ലോഗില്‍ ആളുകള്‍ കൂടുമ്പോള്‍ അതിന്‌ പ്രസക്തിയുണ്ടാവുക തന്നെ ചെയ്യും.

  മറുപടിഇല്ലാതാക്കൂ
 30. പോസ്റ്റിലെ ഹരികുമാര്‍ സംഭവത്തോടുള്ള ലേഖകന്റെ ‎അഭിപ്രായമൊഴികെ ബാക്കിയുള്ളവയെ പൊതുവെ അനുകൂലിക്കുന്നു. ‎ശിഹാബുദ്ധീനെപ്പോലുള്ളവരുടെ, ബ്ലോഗില്‍ ഇത്രമതി എന്ന ‎രീതിയോട് യോജിക്കാന്‍ കഴിയില്ല. എന്നുവെച്ച് ‎ഹരികുമാറിനെപ്പോലുള്ളവര്‍ ദിവസവും കാതലില്ലാത്ത അഞ്ചും ‎ആറും പോസ്റ്റിടുന്നത് ബ്ലോഗിന് ഗുണം ചെയ്യുമെന്ന ലേഖകന്റെ ‎നിലപാടിനെ അനുകൂലിക്കാനും വയ്യ. എഴുത്തിനെ അന്നമാര്‍ഗ്ഗമായി ‎കരുതുന്ന എഴുത്തുകാര്‍ക്ക് പ്രതിഫലമില്ലാത്ത, പ്രസംഗിക്കാന്‍ ‎സ്റ്റേജ് നല്‍കാത്ത, നമ്മളില്‍ ഒരുവനെന്ന സ്ഥാനം മാത്രം നല്‍കുന്ന ‎ബ്ലോഗിനെ വളര്‍ത്തിയിട്ടെന്തു കാര്യം? ബ്ലോഗ് സമാന്തര ‎മാധ്യമമായി വളരും എന്ന് തന്നെയാണ് പ്രതീക്ഷ. അതുകൊണ്ട് മറ്റു ‎മാധ്യമങ്ങളൊക്കെ കച്ചവടം നിര്‍ത്തിപോകുമെന്ന് ‎മൂഢവിശ്വാസമൊന്നുമില്ല. ചിലപ്പോള്‍ പുത്തന്‍ മാധ്യമങ്ങളുടെ ‎രംഗപ്രവേശത്തോടെ ഗ്രാമീണലൈബ്രറികള്‍ക്കുണ്ടായ ഗതി ചില ‎മാധ്യമങ്ങള്‍ക്കൊക്കെ ഉണ്ടായേക്കാം. ഒരു ബ്ലോഗര്‍ ഒരു ‎ചിത്രത്തില്‍ ചില കളികള്‍ കളിച്ചപ്പോള്‍ ചൊവ്വയില്‍ ‎സ്ത്രീയുണ്ടായെന്ന്‍ മാധ്യമവാര്‍ത്തകളുണ്ടായതുപോലെ ‎ഇല്ലാത്തവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളെ ‎നിയന്ത്രിക്കാനും ബ്ലോഗുകള്‍ക്കു കഴിഞ്ഞെന്നുവരാം. വളര്‍ച്ചയുടെ ‎ഘട്ടങ്ങള്‍ പടിപടിയായി തന്നെ മലയാള ബ്ലോഗിങ്ങും ‎പിന്നിടുമെന്നും അതിന് ഒരോ ബ്ലോഗറും തന്റേതായ ‘സംഭാവന‘ ‎നല്‍കുമെന്നും വിശ്വസിച്ചുകൊണ്ട് നിര്‍ത്തുന്നു.‎

  സംഭാവന പിരിക്കുന്ന ചുമതല ഞാന്‍ തന്നെ ‎ഏറ്റെടുക്കുന്നതായിരിക്കുമെന്നു കൂടി അറിയിക്കുന്നു.‎

  മറുപടിഇല്ലാതാക്കൂ
 31. പട്ടിയ്ക്കും പൂച്ചയ്ക്കും വരെ ബ്ലോഗ് ഉള്ള ഇക്കാലത്ത് ഒരു ബ്ലോഗ് ഉണ്ടാവുക എന്നുള്ളത് അത്ര വലിയ സംഭവം ഒന്നും അല്ല. വളരെ വ്യക്തിപരമായ ഒരു മാധ്യമമാണ് ബ്ലോഗ് എന്റെ കാഴ്ചപ്പാടില്‍. അത് കൊണ്ട് വി കെ ശ്രീരാമനും ഷിഹാബുദ്ദീനുമൊക്കെ പത്രമാധ്യമങ്ങളില്‍ എഴുതുന്നതിനേക്കാള്‍ ലാഘവത്തിലാണ് ബ്ലോഗില്‍ എഴുതുന്നത് എന്നൊക്കെ പറയുന്നത് ബാലിശമല്ലേ? ബ്ലോഗ് അച്ചടി മാധ്യമങ്ങളോട് മത്സരിക്കാനുള്ള ഒരു സാധനമാണ് എന്ന് എന്തോ എനിക്കിത് വരെ ബോധ്യപ്പെട്ടിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 32. ദില്‍ബന്‍ പറഞ്ഞത് ശരിയാണ് വ്യക്തിപരമായ ചുവരെഴുത്തുകള്‍ ആണ് ബ്ലോഗ്.പക്ഷേ ഒന്നിച്ചെടുത്ത് നോക്കിയാല്‍ അത് ഒരു സമൂഹത്തിന്റെ മുഴുവന്‍ സ്വരം ആകാന്‍ സാധ്യതകള്‍ ഉള്ള ഒരു മാധ്യമമം കൂടിയാണ്.പ്രവാസികളുടെ നേരമ്പോക്ക് എന്ന നിലയില്‍ നിന്ന് അത് ഗൌരവമുള്ള ഒരു ആശയപ്രകാശന മാര്‍ഗ്ഗമായും അഭിപ്രായരൂപീകരണ ഉപാധിയായും മാറണം എന്നാണ് ഞാന്‍ പറയുന്നത്.അതിനുള്ള സാധ്യതകള്‍ ഉള്ള ഒരു മാധ്യമമാണിത്.പക്ഷേ ഇപ്പോള്‍ അതിനുള്ള പരിമിതി അതിന്റെ റീച്ചബിലിറ്റി ആണ്.പലരും പറയുമ്പോലെ സമീപകാലത്തൊന്നും മലയാളം ബ്ലോഗ് സാധാരണ വായനക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയോ ഒരുപരിധിയിലധികം വായനക്കാര്‍ ബ്ലോഗിലേക്ക് കയറി വരികയോ ചെയ്യില്ല.ഇനി കയറി വരുന്നവരുടെ എണ്ണം കൂടിയാല്‍ തന്നെ അത് കേരളത്തിലുള്ളവര്‍ ആയിരിക്കില്ല പ്രവാസികളും അവരില്‍തന്നെ ഇന്റെര്‍നെറ്റ് ഫ്രീയായി ഉപയോഗിക്കാന്‍ സാധ്യതയുള്ളവരും ആയിരിക്കും.അപ്പോള്‍ പോലും ഇത്തരം സൌകര്യങ്ങള്‍ ഒന്നും എത്തിച്ചേരാത്ത എത്തിച്ചേര്‍ന്നാലും ഉപയോഗിക്കാന്‍ ശ്രമിക്കാത്ത സാധാരണക്കാര്‍ അതിനു പുറത്തുതന്നെയാകും.ഈ പുറത്തുനില്‍ക്കുന്നവരിലേക്ക് ബ്ലോഗിന്റെ സംവാദങ്ങള്‍ ബ്ലോഗിലുണ്ടാകുന്ന ചലനങ്ങള്‍ ഒക്കെ എങ്ങനെ എത്തിക്കാം എന്നു ചിന്തിക്കണം.അതൊന്നും ഒരിക്കലും സംഭവിക്കില്ല എന്നു മാറിനില്‍ക്കാന്‍ എളുപ്പമാണ്,അതുപക്ഷേ സംഭവിക്കാനിരിക്കുന്നതിനെ തടയുകയില്ല അതിന്റെ കാലയളവു വൈകിക്കുക മാത്രമേ ചെയ്യുകയുള്ളു.വര്‍ഷത്തിലൊരിക്കല്‍ മലയാളകവിതയില്‍ നടക്കുന്ന മുളപൊട്ടലുകളെ വെളിപ്പെടുത്താന്‍ “കേരള കവിത“ പ്രവര്‍ത്തിക്കുന്നതുപോലെ എന്തെങ്കിലും ഒന്ന് ചെയ്യാന്‍ നമുക്ക് കഴിയണം.കവിതയിലല്ല ബ്ലോഗില്‍ ആകമാനം ഒരുപാടു കാര്യമാത്രാപ്രസക്തമായ ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ട്.രാഷ്റ്റ്രീയമുള്‍പ്പെടെ പലതിലും ഗഹനമായ ചര്‍ച്ചകളും ലേഖനങ്ങളും വരുന്നുണ്ട്.ഇവയൊക്കെ വായുവില്‍ നിന്നും മണ്ണിലിറങ്ങണം.ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള പ്രസ്ഥാനങ്ങളെയും സാധിക്കുമെങ്കില്‍ ഡിസി പോലെയുള്ള പ്രസാധകസംഘങ്ങളെയും ഇതിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം.ഇതിലൊന്നും ഈഗോയുടേയും നാണക്കേടിന്റെയും പോരാട്ടത്തിന്റെയും പുറംതിരിഞ്ഞു നില്‍ക്കലുകള്‍ ഉണ്ടാകാന്‍ പാടില്ല.ബ്ലോഗിലേക്ക് വരുന്നതും ബ്ലോഗ് സ്വയം ജനതയിലേക്കിറങ്ങിച്ചെല്ലുന്നതുമായ പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ അത് സഹായിക്കും.അതിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രാപ്തരായവര്‍ ഇന്നിവിടെയുണ്ട് എന്നാണ് എന്റെ തോന്നല്‍.കലാകൌമുദിയുടെ എഡിറ്ററെ ഐ.എസ്.ഡി വിളിച്ചു വിറപ്പിക്കുന്നതിലും ക്രിയാത്മകമായിരിക്കും അത്.

  മറുപടിഇല്ലാതാക്കൂ
 33. "മൗനത്തിന്റെ മഹാമേരുക്കള്‍.." ഹഹഹ! സനാതനാ, ദിവസവും ഉണര്‍ന്നിരിക്കുന്ന പത്തു പതിനേഴു മണിക്കൂറില്‍ നല്ലൊരു പങ്ക്‌ സമയവും സംസാരിക്കലാ എനിക്കു പണി. :) ബ്ലോഗില്‍ വായിക്കുന്നതും കമന്റുന്നതുമൊക്കെ കുറവാണെന്നേയുള്ളു. പിന്നെ, എല്ലായിടത്തും ശബ്ദമുണ്ടാക്കിക്കൊള്ളാമെന്നു ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നു മുമ്പെപ്പോഴൊക്കെയോ പറഞ്ഞിട്ടുമുണ്ട്‌. അതു പോട്ടെ, കാര്യത്തിലേക്ക്‌ വരാം.

  1. ഒരു ഇഷ്യു നമ്മള്‍ ഇമാജിനേഷന്‍ കൊണ്ട്‌ വേറൊരു തലത്തിലെത്തിച്ചിട്ട്‌ വിശകലനം ചെയ്യരുത്‌. (കഥയും കവിതയും എഴുതാം ആ ലൈനില്‍. അതില്‍ തെറ്റില്ല.) ആശുപത്രിയില്‍ കിടക്കുന്നയാള്‍ മരിച്ചു പോയെന്നു പറഞ്ഞു കൊണ്ട്‌ അനുശോചനം എഴുതുന്ന പോലെയാണത്‌. അനുശോചനം മാത്രം വായിക്കുന്നവന്‍ സംഗതി സത്യമാണെന്നു വിചാരിക്കും. താങ്കള്‍ എഴുതിയിരിക്കുന്നത്‌ വായിച്ചാല്‍ ബ്ലോഗര്‍മാര്‍ എല്ലാവരും ചേര്‍ന്ന്, അല്ലെങ്കില്‍ ബഹുഭൂരിപക്ഷവും ചേര്‍ന്ന് പ്രിന്റ്‌ മീഡിയയ്ക്കെതിരെ പട നയിക്കുകയാണെന്നു തോന്നും. അങ്ങനെ ഒരു വേസ്റ്റ്‌ പരിപാടിക്കു വേണ്ടി സമയം മിനക്കെടുത്തുന്നവരല്ല ബ്ലോഗില്‍ കൊള്ളാവുന്ന എന്തെങ്കിലും സംഭാവന ചെയ്യുന്നവരിലേറെയും.

  കലാകൗമുദിക്കെതിരെ നടന്ന പ്രതിഷേധം പ്രിന്റ്‌ മീഡിയക്കെതിരെയുള്ള സമരപ്രഖ്യാപനമാണോ? നാളെ ഏതെങ്കിലും ടെലിവിഷന്‍ ചാനല്‍ ബ്ലോഗിനെപ്പറ്റിയോ ബ്ലോഗര്‍മാരെ പറ്റിയോ വിവരദോഷവും നുണയുമൊക്കെ എഴുന്നള്ളിച്ചാല്‍ അതിനെതിരെയും ബ്ലോഗില്‍ പ്രതിഷേധമുണ്ടാകും. ടെലിവിഷന്‍ എന്ന മാധ്യമത്തിനെതിരെയുള്ള യുദ്ധമാകുമോ അത്‌?

  2. പ്രിന്റ്‌ മീഡിയയുടെ റീച്ചിനും സ്വാധീനത്തിനും ഉദാഹരണമായി താങ്കള്‍ ചൂണ്ടിക്കാട്ടുന്നത്‌ ദിനപ്പത്രങ്ങളെയാണ്‌. ദിനപ്പത്രങ്ങളെയും ബ്ലോഗിനെയും താരതമ്യം ചെയ്യാനാവില്ല. വാര്‍ത്തകള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു കൊമേഴ്‌സ്യല്‍ സെറ്റപ്പല്ലല്ലോ ബ്ലോഗുകള്‍. പത്രങ്ങള്‍ നേരിട്ടു ലഭിക്കാത്തവര്‍ അവയുടെ ഇന്റര്‍നെറ്റ്‌ എഡിഷനുകളെയാണ്‌ ആശ്രയിക്കുന്നത്‌, ബ്ലോഗുകളെയല്ല. അപ്പോള്‍ ആ താരതമ്യം തന്നെ അപ്രസക്തം.

  മറിച്ച്‌, ആനുകാലികങ്ങളുടെ കാര്യമെടുക്കൂ. മാതൃഭൂമി വാരികയും മാധ്യമം വാരികയും ഭാഷാപോഷിണിയുമൊക്കെ എത്ര പേര്‍ വായിക്കുന്നുണ്ടാകും? സമൂഹത്തിലെ ബഹുഭൂരിപക്ഷം? :) അവയൊക്കെ വായിക്കുന്നത്‌ ചെറിയ, വളരെ ചെറിയൊരു കമ്മ്യൂണിറ്റിയാണ്‌ ; അല്ലേ? അതു പോലെ ഒരു കമ്മ്യൂണിറ്റിയാണ്‌ ബ്ലോഗ്‌ വായനക്കാരും. ഈ കമ്മ്യൂണിറ്റിക്ക്‌ സ്വാഭാവികമായ വളര്‍ച്ചയുണ്ടാകും. ആനുകാലികങ്ങള്‍ വായിക്കുന്നവരെക്കാള്‍ ബ്ലോഗ്‌ വായിക്കുന്നവരുടെ എണ്ണം കൂടാം, കേരളത്തിനകത്തു പോലും. സാംസ്കാരിക, രാഷ്ട്രീയതലങ്ങളിലുള്ള വായനയ്ക്ക്‌ പ്രിന്റ്‌ മീഡിയയെ ആശ്രയിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകള്‍ ബ്ലോഗുകളെയും ആശ്രയിക്കും. അതേ സമയം തന്നെ, പലരും പല തവണ പറഞ്ഞിട്ടുള്ളതു പോലെ, സംവാദങ്ങള്‍/ ചര്‍ച്ചകള്‍ വഴിയുള്ള നൂതന കാഴ്ചപ്പാടുകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ബ്ലോഗിനു ഒരു തരം മുന്‍തൂക്കം നല്‌കുകയും ചെയ്യും.

  3. ബ്ലോഗുകള്‍ അവ വായിക്കുന്നവരില്‍ വിശേഷിച്ചൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന മട്ടില്‍ താങ്കള്‍ എഴുതുന്നു. എന്താണ്‌ അതിന്റെ അടിസ്ഥാനം? പലരുടേയും എഴുത്ത്‌ എത്രയെങ്കിലും പേരുടെ ചിന്തകളെ സ്വാധീനിക്കുന്നുണ്ടന്നത്‌ വളരെ സ്പഷ്ടമല്ലേ? (എന്തിന്‌ അധികം ഉദാഹരണങ്ങള്‍? ടിബറ്റിനെപ്പറ്റി ദേവന്‍ എഴുതിയ ലേഖനം തന്റെ ചില ധാരണകളെ മാറ്റിയതായി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ സമ്മതിച്ചതു മാത്രം നോക്കിയാല്‍ മതി.) അതില്‍ കൂടുതലൊന്നും ലോകത്ത്‌ ഒരെഴുത്തിനും ചെയ്യാന്‍ പറ്റില്ല.

  4. ഹരികുമാര്‍ സംവാദത്തില്‍ താല്‌പര്യമുള്ളയാളായിരുന്നെന്നോ? തമാശ പറയാതെ, സനാതനാ!

  5. പ്രിന്റില്‍ നിന്ന് ബ്ലോഗിലെത്തുന്നവര്‍ എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ നിയമമുണ്ടോ? നിയമങ്ങളും ബാധ്യതകളും എഡിറ്ററുമൊന്നുമില്ലാത്ത ഏര്‍പ്പാടല്ലേ ബ്ലോഗിങ്ങ്‌?

  ഗോപീകൃഷ്ണന്‍ ബ്ലോഗില്‍ കവിത പോസ്റ്റണോ വേണ്ടയോ എന്നത്‌ അദ്ദേഹത്തിന്റെ മാത്രം താല്‌പര്യമാണ്‌. (അനിലന്‍ എഴുതുന്ന മിക്ക കവിതകളും ആദ്യം പ്രിന്റിലേക്കാണയയ്ക്കുന്നത്‌. "അതു പറ്റില്ല, ആദ്യം ബ്ലോഗിലിട്‌!" എന്ന് വിശേഷബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറ്റു ബ്ലോഗുകള്‍ പതിവായി നോക്കി കഴിയുന്നത്ര പോസ്റ്റുകളോടു പ്രതികരിക്കണമെന്ന ബാധ്യത പ്രിന്റില്‍ നിന്നു വന്നവര്‍ക്കെന്നല്ല, ബ്ലോഗെഴുതുന്ന ആര്‍ക്കും തന്നെയില്ല. ശിഹാബുദ്ദീന്റെ കാര്യവും ഇതുപോലെ തന്നെ.

  പിന്നെ, ബി.ആര്‍.പി. ഭാസ്കറിനെ പോലെ, എഴുപത്‌ കഴിഞ്ഞിട്ടും കര്‍മ്മനിരതനായിരിക്കുന്ന, സമുന്നതനായ ഒരു ജേണലിസ്റ്റ്‌ വിശേഷിച്ചു യാതൊരു ധാര്‍ഷ്ട്യവും കാട്ടാതെ മലയാളത്തില്‍ ബ്ലോഗ്‌ ചെയ്യുന്നതിനെ ആഹ്ലാദത്തോടെ കാണുന്നതിനു പകരം അതേപ്പറ്റി 'വില കെട്ട വിമര്‍ശനം' ഉന്നയിച്ചയാളിന്റെ വിശേഷബുദ്ധിയെ അല്‌പം പുച്ഛത്തോടെയല്ലാതെ നോക്കാന്‍ പറ്റുന്നില്ല. ക്ഷമിക്കുക.

  മറുപടിഇല്ലാതാക്കൂ
 34. ഓഹോ അപ്പോള്‍ ഇതാണ് പഞ്ചപുച്ഛം അല്ലേ പരാജിതാ.എന്തായാലും പുച്ഛങ്ങള്‍ ഓരോന്നായി അക്കമിട്ടു നിരത്തിപഠിപ്പിച്ചതിന് നന്ദി.
  ഞാന്‍ പറഞ്ഞതെന്തെന്ന് മനസിലാകാതിരിക്കാനുള്ള “വിശേഷബുദ്ധി”യൊന്നും താങ്കള്‍ക്കുണ്ട് എന്നെനിക്കു തോന്നിയിട്ടില്ല.പക്ഷേ എന്തിനാണ് താങ്കള്‍ അങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയുന്നില്ല.ഇനി ഒരു പക്ഷേ മനസിലാകായ്കയാണോ.ചിലപ്പോള്‍ ആയിരിക്കും.മൌനത്തിന്റെ മഹാമേരുക്കളുടെ തോളിലിരിക്കുന്നു താങ്കള്‍ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ സ്വയം മൌനത്തിന്റെ ആള്‍ ആണെന്നാണ് ഞാന്‍ പറഞ്ഞതെന്ന് വായിച്ചെടുത്തിരിക്കുന്നല്ലോ.അതുകൊണ്ട് ചിലപ്പോള്‍ മനസിലാകായ്കയായിരിക്കാം.പോട്ടെ സാരമില്ല.

  1.ഇനി പുച്ഛം ഒന്നിനുള്ള മറുപടി
  കലാകൌമുദിക്കെതിരെയുള്ള പ്രതിഷേധം പ്രിന്റുമീഡിയക്കെതിരെയുള്ള സമരപ്രഖ്യാപനമാണെന്ന് ഞാന്‍ പറഞ്ഞില്ല എന്റെ വാചകം ചുവടെ
  “ബ്ലോഗ്ഗറെന്നനെഞ്ചെടുപ്പോടെ മീശയും പിരിച്ച് അച്ചടിപ്രസ്ഥാനങ്ങളുമായി മല്ലയുദ്ധത്തിനിറങ്ങുന്നു എന്നുതോന്നിക്കുന്നവരും യാഥാര്‍ഥ്യത്തെ കാണുന്നുണ്ടോ എന്ന് സംശയമാണ്“
  എന്നുവച്ച് അങ്ങനെയൊന്ന് ഇല്ലയെന്നും എനിക്കഭിപ്രായമില്ല ഈ ലിങ്കു കാണൂ
  http://mallu-ungle.blogspot.com/2008/02/blog-post_10.html

  2.പുച്ഛം രണ്ടിനുള്ളത്
  സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ വായിക്കുന്നു എന്നല്ല പ്രിന്റ് മീഡിയയെക്കുറിച്ച് ഞാന്‍ പറഞ്ഞത്.എന്റെ വാചകം ചുവടെ
  “സമൂഹം എന്ന കടലില്‍ സാരമായ ഒരുവിഭാഗത്തിലേക്കെങ്കിലും തങ്ങള്‍ അച്ചടിച്ചുവിടുന്നത് എത്തിക്കാന്‍ അവയ്ക്ക് കഴിയുന്നതുകൊണ്ടാണ്.അങ്ങനെ അച്ചടിച്ചുവിടുന്നത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ ഉത്കൃഷ്ടമോ അധമമോ ആയിക്കൊള്ളട്ടെ,അതിന് ഒരു വലിയ സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തില്‍ പങ്കുവഹിക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടാണ്.എത്രമാത്രം ജനങ്ങളിലേക്കാണ് എത്താന്‍ സാധിക്കുക എന്നത് മാത്രമല്ല ഇവിടെ വിഷയം.എവിടെയുള്ള ജനതയിലേക്കാണ് എത്തുന്നത് എന്നതുകൂടിയാണ്.മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല,താന്‍ എഴുതുന്നത് തന്റെ കുടുംബത്തിലുള്ളവര്‍പോലും വായിക്കും എന്നുറപ്പിക്കാന്‍ മിക്കവാറും‌ പേര്‍ക്ക് കഴിയുന്നില്ല.തന്റെ അഭിപ്രായം ഒരു വൃത്തത്തിനുള്ളിലെ നാലുപേരുടെ ചിന്തയില്‍ ജ്വലിപ്പിക്കാന്‍ അവന് കഴിയുന്നില്ല.യുദ്ധത്തില്‍ ചിതറിപ്പോയ ഒരു സൈന്യം‌പോലെ അവിടെയും ഇവിടെയും നിന്നുള്ള ഉള്ളുരുകലുകള്‍ അവനവനില്‍ത്തന്നെ വീണടിയുന്ന അവസ്ഥയാണ് ഉള്ളത്.ഇതു തന്നെയാണ് മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ തടസ്സമെന്ന് കരുതണം.“

  3.പുച്ഛം മൂന്ന്
  ബ്ലോഗുകള്‍ വായിക്കുന്നവരില്‍ ഒരു സ്വാധീനവും ചെലുത്തിന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്.എന്റെ വാചകം ചുവടെ
  “വായന ബ്ലോഗിലേക്ക് വരികയും വായിക്കുന്നവര്‍ക്ക് കേരളം എന്ന ഭൂപ്രദേശത്തിന്റെ ജൈവീകവും വൈകാരികവുമായ അഭിപ്രായരൂപീകരണത്തില്‍ ഭൌതീകമായ സ്വാധീനം ഉണ്ടാകുകയും ചെയ്യാത്തിടത്തോളംകാലം ബ്ലോഗ് അച്ചടിമാധ്യമങ്ങളുടെ ഏഴയലത്തെങ്കിലുംവരും എന്ന് കരുതുന്നത് മണ്ടത്തരം മാത്രമാണ്.“

  4.പുച്ഛം നാല്
  ഹരികുമാര്‍ സംവാദത്തില്‍ താല്‍പ്പര്യമുള്ളയാളാണെന്നല്ല ഞാന്‍ പറഞ്ഞത്.അയാള്‍ സംവാദപരമായ് സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി എന്നാണ്.അതിനു പിന്നീട് ഞാന്‍ ഉദാഹരണങ്ങള്‍ നിരത്തിയിട്ടുണ്ട് വായിച്ചു നോക്കുക.

  5.പഞ്ചപുച്ഛം.
  ഗോപീകൃഷ്ണനെയും,ശ്രീരാമനേയും,പൊയ്ത്തും കടവിലിനേയും എടുത്തുകാട്ടിയത് വ്യക്തമായ ഉദാഹരണങ്ങളോടെയാണ്.ബീ.ആര്‍.പിയുടെ കാര്യത്തില്‍ പരാമര്‍ശം വേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നുന്നു.പക്ഷേ ഹരികുമാറിന്റെ ഇടപെടലും ഇവരുടെ ഇടപെടലും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു കാണിക്കാന്‍ മാത്രമായിരുന്നു അവ.മനോഭാവങ്ങളെ ചൂണ്ടിക്കാട്ടുകയായിരുന്നു ഞാന്‍. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.

  6.ഇനി ഞാന്‍ എഴുതിയതൊക്കെ തെറ്റായി വായിച്ച് എനിക്ക് പഞ്ചപുച്ഛങ്ങള്‍ പഠിപ്പിച്ച പരാജിതന് എന്റെ വക ഒരു ഷഠപുച്ഛം.
  നിങ്ങള്‍ പുച്ഛം,വിവരമില്ല,തുടങ്ങിയ ശിലായുധങ്ങളുമായാണോ ചര്‍ച്ചക്കുവരുന്നത്.ചര്‍ച്ചയാണോ യുദ്ധമാണോ നിങ്ങളുടെ ഉദ്ദേശ്ശം.യുദ്ധമാണെങ്കില്‍ വഴിപുറത്തേക്കാണ്.പ്ലീസ്.

  മറുപടിഇല്ലാതാക്കൂ
 35. സനാതനാ,

  'മഹാമേരു പ്രശ്നത്തില്‍', സത്യത്തില്‍, അസ്ഥാനത്തുള്ള ഒരു സ്യൂഡോ പൊയെറ്റിക്‌ പ്രകടനം കണ്ടൊന്നു ചിരിച്ചതല്ലേ ഞാന്‍. :) അല്ലാതെ ഉത്തരാധുനിക കവിത വായിച്ചു വിമര്‍ശനമെഴുതിയതൊന്നുമല്ല.

  എന്തായാലും ഈ കമന്റൊക്കെ നമ്മള്‍ രണ്ടാളും മാത്രമല്ല വായിക്കുന്നതെന്നതോര്‍ക്കുമ്പോള്‍ എന്താ ആശ്വാസം!

  ലിങ്ക്‌ വഴി കൈപ്പള്ളിയുടെ പോസ്റ്റ്‌ കണ്ടു. അത്‌ 'അച്ചടിപ്രസ്ഥാനങ്ങളുമായുള്ള മല്ലയുദ്ധ'മാണോ? കലാകൗമുദി കാണിച്ച ചെറ്റത്തരത്തിന്‌ ആ വാരിക നാലെണ്ണം വാങ്ങിച്ചു കത്തിച്ചു. അത്‌ കൈപ്പള്ളിക്ക്‌ തോന്നിയ ഒരു പ്രതിഷേധരീതി. പിന്നെ പലപ്പോഴും അച്ചടി ആനുകാലികങ്ങളോട്‌ താന്‍ തത്വത്തില്‍ എതിരാണെന്നു കൈപ്പള്ളി പറഞ്ഞിട്ടുണ്ട്‌. ബ്ലോഗര്‍ അല്ലായിരുന്നെങ്കിലും അങ്ങേര്‍ അത്‌ പറഞ്ഞേനെ എന്നാണ്‌ എന്റെ തോന്നല്‍. അത്‌ വേറെ കാര്യം. അതുമിതും കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. അപ്പോള്‍, ബ്ലോഗര്‍മാരും അച്ചടിക്കാരും തമ്മില്‍ സ്‌പര്‍ദ്ധയൊന്നുമില്ല, അല്ലേ? അക്കാര്യത്തില്‍ ഒരു തീരുമാനമായി.

  രണ്ടാമത്‌: "സമൂഹം എന്ന കടലില്‍ സാരമായ ഒരു വിഭാഗ...". (അതൊക്കെ നേരത്തേം വായിച്ചാരുന്നു, കേട്ടോ.) അതു തന്നെയാ ഞാനും ചോദിച്ചത്‌. പ്രിന്റിലുള്ള ആനുകാലികങ്ങളില്‍ വരുന്നത്‌ എത്ര പേര്‍ വായിക്കും, എത്ര സ്വാധീനമുണ്ടാക്കും എന്ന്. ഉദാഹരണത്തിന്‌ പുതിയ മാതൃഭൂമി വാരികയില്‍ പി. പവിത്രന്‍ എഴുതിയ 'ആധുനികതായുക്തിയില്‍ നിന്ന് വിമുക്തമായ മാര്‍ക്സിസം' എന്ന ലേഖനം കേരളത്തില്‍ എത്ര പേര്‍ വായിക്കും? അങ്ങനൊരു ലേഖനം ബ്ലോഗില്‍ വന്നാലോ? മിനിമം അഞ്ചെട്ടു പേര്‍ അവിടെ ചര്‍ച്ചയെങ്കിലും ചെയ്യും. അനേകം പേര്‍ ചര്‍ച്ചയില്‍ ആകൃഷ്ടരായി വായിച്ചെന്നുമിരിക്കും. എഴുത്ത്‌ സമൂഹത്തിലുണ്ടാക്കുന്ന ഇംപാക്ടും അതൊക്കെ തന്നെ.

  പിന്നെ, വിദേശമലയാളികളാണ്‌ (ഇപ്പോള്‍) ബ്ലോഗ്‌ ചെയ്യുന്നവരിലധികവും എന്നതില്‍ എന്താ ഇത്ര കുഴപ്പം? അതും വിദേശമലയാളിയുടെ പണം കൊണ്ട്‌ മെച്ചമുള്ള ഒരു ദേശത്തിന്റെ കാര്യത്തില്‍. പ്രിന്റ്‌ മാഗസിനുകള്‍ വിദേശമലയാളിയുടെ സബ്‌സ്ക്രിപ്ഷന്‍ തുക ആഗ്രഹിക്കുന്നതെന്തിനാണ്‌? തന്നെയുമല്ല, വിദേശത്തിരിക്കുന്ന മലയാളി ബ്ലോഗെഴുതുന്നതിന്റെ മെച്ചം നോക്കണ്ടേ നമ്മള്‍? ദേവന്‍ ഒരിക്കല്‍ പറഞ്ഞതു പോലെ 'കത്യൂഷ'യെക്കുറിച്ച്‌ ഇസ്രായേലിലിരുന്ന് ഡാലി എഴുതുമ്പോള്‍ കൊച്ചിയിലിരിക്കുന്ന പച്ചാളത്തിനും കോയമ്പത്തൂരിരിക്കുന്ന എനിക്കും വായിക്കാമത്‌.

  "ഒരു വൃത്തത്തിനുള്ളിലെ നാലു പേരുടെ ചിന്തയെ ജ്വലിപ്പിക്കാന്‍ അവനു കഴിയുന്നില്ല..." എന്നതിന്റെ അര്‍ത്ഥം എന്താണ്‌ സനാതനാ? ബ്ലോഗെഴുത്ത്‌ വായിക്കുന്നവരില്‍ സ്വാധീനമുണ്ടാക്കുന്നില്ല എന്നല്ലേ? അതിനു മറുപടി പറഞ്ഞപ്പോള്‍ 'ജൈവിക, വൈകാരിക അഭിപ്രായരൂപീകരണ'മായി പ്രശ്നം. ആനുകാലികങ്ങള്‍ വായിക്കുന്ന ചെറിയൊരു കമ്മ്യൂണിറ്റിയിലുണ്ടാകുന്ന തരം സ്വാധീനത്തെക്കാള്‍ കുറേക്കൂടി സജീവമായ സ്വാധീനം സാധിച്ചെടുക്കാന്‍ പോന്നതല്ലേ ബ്ലോഗിന്റെ ഘടന. വായനക്കാരുടെ എണ്ണം കൂടാനാണ്‌ സാധ്യതയും.

  ഒരാള്‍ 'സംവാദപരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി' എന്നതിനര്‍ത്ഥം അയാള്‍ സംവാദത്തിന്റെ സാധ്യതയില്‍, അതായത്‌ സംവാദത്തില്‍, താല്‌പര്യമുള്ളയാളായിരുന്നു എന്നല്ലേ? അതോ 'അത്ര താല്‌പര്യമൊന്നുമില്ലായിരുന്നെങ്കിലും 'നീയൊക്കെ സംവദിച്ച്‌ പണ്ടാരമടങ്ങ്‌!' എന്ന ലൈനില്‍ സാധ്യതയെ ഉപയോഗപ്പെടുത്തി'യതാണോ? ആ.. ആര്‍ക്കറിയാം!

  ഗോപീകൃഷ്ണന്‍, ശ്രീരാമന്‍, പൊയ്‌ത്തും കടവ്‌ പ്രശ്നം...! അതിനിയും പറയണോ? ബി ആര്‍ പി യുടെ കാര്യത്തില്‍ മന:സ്താപം തോന്നിയത്‌ നന്നായി. അക്കാര്യത്തില്‍ മാത്രമാണ്‌ 'അല്‌പം പുച്ഛം' എന്നു ഞാന്‍ പറഞ്ഞത്‌. അല്‌പം എന്നാല്‍ slightly എന്ന്. പഞ്ചവും പഞ്ചാരയുമൊന്നുമല്ല. :) പിന്നെ വിവരക്കേടിനെ 'ഖേദജനകമായ പരാമര്‍ശം' എന്നൊക്കെ വിശേഷിപ്പിക്കാനുള്ള ഡിപ്ലോമസി എന്റെ കയ്യിലില്ലാതെ പോയി. എന്തു ചെയ്യാം, ചില ഇല്ലായ്മകളുമായി നമ്മള്‍ പൊരുത്തപ്പെട്ടല്ലേ പറ്റൂ?

  'ചര്‍ച്ചയോ യുദ്ധമോ?' എന്ന ചോദ്യം ഭയങ്കര ചോദ്യമായിപ്പോയി. :) :)

  മറുപടിഇല്ലാതാക്കൂ
 36. പരാജിതനിപ്പൊഴും ഞാന്‍ പറഞ്ഞതെന്തെന്ന് പൂര്‍ണമായങ്ങു ദഹിച്ചിട്ടില്ല എന്നു തോന്നുന്നു.മാതൃഭൂമി വാരിക ബ്ലോഗുവായിക്കുന്നവരെക്കാള്‍ കൂടുതല്‍ എത്രപേര്‍ വായിക്കുന്നുണ്ട് എന്നതില്‍ പരാജിതന് വല്ല സംശയവുമുണ്ടോ.അതോ വെറും തര്‍ക്കത്തിനുവേണ്ടി തര്‍ക്കിക്കുന്നതാണോ.അതൊക്കെ പോട്ടെ.മാതൃഭൂമി വാരിക വായിക്കുന്നവരുടെ അളവ്‌ എത്ര തന്നെ ചെറുതായാലും അവരില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികളും,രാഷ്ട്രീയക്കാരും,പരിസ്ഥിതി പ്രവര്‍ത്തകരും,സാമൂഹികപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഒക്കെയായി കേരളം എന്ന സാമൂഹിക രാഷ്ട്രീയ ഭൂമികയില്‍ ജീവിക്കുന്നവരാണ്.അവര്‍ക്ക് ബസിലും,ട്രെയിനിലും,കോളേജിലും,ഓഫീസിലും തട്ടുകടയിലുമൊക്കെ തങ്ങളുടെ വായനയിലൂടെ ഉണ്ടായ പുതിയ ചിന്ത പങ്കുവയ്ക്കാന്‍ കഴിയുന്നുണ്ട്.അത് കേട്ടുനില്‍ക്കുന്നവനിലൂടെ പടരുകയും ഒരു സമൂഹത്തിലാകമാനം ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യുന്നുണ്ട്.ഇതാണ് ശരിക്കും ഒരു മാധ്യമത്തിന് ചെയ്യാനുള്ള ശരിയായ പ്രവര്‍ത്തനം.മാത്രവുമല്ല മാതൃഭൂമിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു വിഷയം പലപ്പോഴും മറ്റു മാധ്യമങ്ങള്‍ വഴിയും തലനാരിഴകീറി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.അത് ദൃശ്യമാധ്യമങ്ങള്‍ മുതല്‍ ലിറ്റില്‍ മാഗസിനുകള്‍ വരെ വിമര്‍ശനങ്ങളായോ ആശയാനുവാദനങ്ങളായോ ആവര്‍ത്തിക്കപ്പെടുന്നു.ഇത്തരം ചലനം ഉണ്ടാക്കാന്‍ ബ്ലോഗിനു കഴിയുന്നില്ല എന്നതാണ് ഞാന്‍ പറഞ്ഞത്.ഒരു കുടുമ്പത്തിനുള്ളിലെ വൃത്തത്തിലെ നാലുപേരില്‍ ആശയങ്ങളെ ജ്വലിപ്പിക്കാന്‍ ഒരു ബ്ലോഗറുടെ ചെയ്തികള്‍ക്ക് കഴിയുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്.അതിനു വേണ്ടത് ബ്ലോഗും ഇതര ആശയപ്രചാരണ മാധ്യമങ്ങളെപ്പോലെ കേരളത്തിന്റെ സാമൂഹികമായ ഭൂമികയില്‍ ഭൌതീകമായി എത്തിപ്പെടണം ബ്ലോഗില്‍ നിന്നും തിരിച്ചും ആശയങ്ങളുടെ ഒരു ഒഴുക്കുണ്ടാകണം അപ്പോള്‍ മാത്രമേ ബ്ലോഗിന് സാമൂഹികമായ ഒരു സമ്മിതിയുണ്ടാകുകയുള്ളു എന്നാണ് ഞാന്‍ പറഞ്ഞത്.ഇതൊക്കെ വ്യക്തമായി ഞാന്‍ പറഞ്ഞതുമാണ്.“പ്രിട്ടന്‍ഷ്യസ് ട്രാഷ്“ എന്നൊക്കെയുള്ള പരമപൊട്ടത്തരങ്ങള്‍ എഴുന്നള്ളിച്ചതുപോലെ “സ്യൂഡോ പോയറ്റിക്” ആയി എന്റെ വാചകങ്ങളെ വായിച്ചതില്‍ പിണഞ്ഞതാണ് ഈ ആശയക്കുഴപ്പം.എന്റെ വാചകം മുഴുവനായി വായിച്ചു നോക്കുക :
  “എത്രമാത്രം ജനങ്ങളിലേക്കാണ് എത്താന്‍ സാധിക്കുക എന്നത് മാത്രമല്ല ഇവിടെ വിഷയം.എവിടെയുള്ള ജനതയിലേക്കാണ് എത്തുന്നത് എന്നതുകൂടിയാണ്.മലയാളത്തില്‍ ബ്ലോഗെഴുതുന്നവരും വായിക്കുന്നവരും ഏറിയപങ്കും മലയാളത്തിന്റെ ഭൂമിയില്‍ ജീവിക്കുന്നവരല്ല,വലിയൊരളവിന് വോട്ടുപോലും ചെയ്യാന്‍ കഴിയില്ല,താന്‍ എഴുതുന്നത് തന്റെ കുടുംബത്തിലുള്ളവര്‍പോലും വായിക്കും എന്നുറപ്പിക്കാന്‍ മിക്കവാറും‌ പേര്‍ക്ക് കഴിയുന്നില്ല.തന്റെ അഭിപ്രായം ഒരു വൃത്തത്തിനുള്ളിലെ നാലുപേരുടെ ചിന്തയില്‍ ജ്വലിപ്പിക്കാന്‍ അവന് കഴിയുന്നില്ല.യുദ്ധത്തില്‍ ചിതറിപ്പോയ ഒരു സൈന്യം‌പോലെ അവിടെയും ഇവിടെയും നിന്നുള്ള ഉള്ളുരുകലുകള്‍ അവനവനില്‍ത്തന്നെ വീണടിയുന്ന അവസ്ഥയാണ് ഉള്ളത്.ഇതു തന്നെയാണ് മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയില്‍ ഏറ്റവും വലിയ തടസ്സമെന്ന് കരുതണം“.

  ഹരികുമാറിനേയും ഇതര പ്രതിഭകളേയും നമുക്കു തല്‍ക്കാലം മാറ്റി നിര്‍ത്തി സംസാരിക്കാം കാരണം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സൌഹൃദവും ശത്രുതയുമൊക്കെ ഒരു തരത്തിലുള്ള
  സ്വതന്ത്ര കാഴ്ചപ്പാടും ആര്‍ക്കും സമ്മാനികുകയില്ല.നമുക്ക് ബ്ലോഗിനെക്കുറിച്ച് സംസാരിക്കം ഇപ്പോഴുള്ള നിലയില്‍ നിന്ന് ഒരിഞ്ചെങ്കില്‍ ഒരിഞ്ച് അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് കഴിയുമൊ എന്ന് നോക്കാം.വ്യക്തിപരമായി സ്പര്‍ദ്ധയുണ്ടാക്കുന്ന വാക്കുകള്‍ ഒഴിവാക്കാം.പരിമിതമായ വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ ബാര്‍ബേറിയന്‍ വാക്കുകള്‍ തിരയുന്നവര്‍ ടോയ്‌ലറ്റ് പേപ്പറിന് പകരം സാന്‍ഡ് പേപ്പര്‍ വിനിമയം ചെയ്ത വില്‍പ്പനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 37. സനാതനാ, ഒരു പക്ഷേ പ്രിന്റ് മീഡിയയില്‍ നിന്ന് എത്തുന്നവര്‍ "സവിശേഷര്‍" ആണ്‌ എന്നൊരു ധാരണയാണ്‌ അവര്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമായിരുന്നു എന്ന് പറയിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഗോപീകൃഷ്ണനോ, ശിഹാബുദ്ദീനോ, ബി.ആര്‍.പി.യോ ആ പേരിനപ്പുറത്ത് നോക്കിക്കഴിഞ്ഞാല്‍ മറ്റൊരു ബ്ലോഗെഴുത്തുകാരന്‍ മാത്രമാണ്‌. (വ്യക്തികളോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാന്‌ പറയുന്നത് - ഉദാഹരണത്തിനായി മാത്രം). ഗോപീകൃഷ്ണന്‍ സ്വന്തം കവിതയെഴുതിയത് കൊണ്ട് ബ്ലോഗിന്‌ കൂടുതല്‍ പ്രാധാന്യം കൈവരുമോ? ശ്രദ്ധിക്കുക - ഗോപീകൃഷ്ണനും, ശിഹാബുദ്ദീനും ബ്ലോഗര്‍മാര്‍ ആണെന്ന് പലരും അറിയുന്നതു തന്നെ ഒരു പക്ഷേ ഈ ചര്‍ച്ചക്ക് ശേഷമായിരിക്കും. കാമ്പില്ലാത്ത കാര്യങ്ങളാണ്‌ അവര്‍ എഴുതുന്നതെങ്കില്‍ ശ്രദ്ധിക്കാനും, അംഗീകരിക്കാനും ആളും ഉണ്ടാവില്ല. വായനാ ലിസ്റ്റുകള്‍ നോക്കൂ - സനാതനനോ, അനിലനോ, ലാപുടയോ, പ്രമോദോ, വിഷ്ണുമാഷോ ഒക്കെ പങ്കു വെക്കപ്പെടുന്നപോലെ ഗോപീകൃഷ്ണന്റെ പേരു കണ്ടിട്ടുണ്ടോ?

  പ്രിന്റ് മീഡിയയില്‍ നിന്ന് ആള്‍ക്കാര്‍ വന്നു വേണം ബ്ലോഗിന്റെ ഭാഗധേയം തിരുത്താനെന്ന ധാരണ തന്നെ ആദ്യം മാറേണ്ടതാണ്‌. ഇവിടെ നമ്മുടെ എല്ലാ പരിമിതികള്‍ക്കകത്തു നിന്നു പോലും, ഒരു സ്വതന്ത്ര സംസ്കാര രൂപീകരണം നടക്കുന്നുണ്ട്. ആ സംസ്കാരം ഒരു പോര്ണോ സംസ്കാരമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചതിനാണ്‌ ഹരികുമാര്‍ ചീത്ത കേട്ടത്. മാതൃഭൂമിക്കും, കലാകൗമുദിക്കും ഒക്കെ ഒരു കാലത്ത് ഒരു ചെറിയ സമൂഹത്തെ ഇങ്ങനെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് പൈങ്കിളി വാരികകള്‍ പെട്ടെന്ന് പ്രചാരം നേടിയപ്പോള്‍ അവ നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തില്‍ നാം വേവലാതി കൊണ്ടു. അത്, പൂര്‍ണ്ണമായും മാറി എന്ന് സനാതനന്‌ തോന്നുന്നുണ്ടോ? ട്രെയിനിലും, ബസ്സിലും, തട്ടുകടയിലും മാതൃഭൂമി ലേഖനങ്ങള്‍ / അല്ലെങ്കില്‍ ഉള്ളടക്കം, ചര്‍ച്ച ചെയ്യപ്പെടും എന്ന് വിശ്വസിക്കാന്‍ വയ്യ എനിക്ക് - നാടു വിട്ടിട്ട് പതിനാല്‌ കൊല്ലം ആയെങ്കിലും. അതു കൊണ്ടു തന്നെ ബ്ലോഗ് പ്രതിനിധാനം ചെയ്യുന്ന സംസ്കാര രൂപികരണത്തിന്‌ വളരെ പ്രസക്തിയുണ്ടെന്ന് കരുതുന്നയാള്‍ ആണ്‌ ഞാന്‍. സനാതനന്‌ സംശയമുണ്ടെങ്കില്‍ ഇവിടെ എഴുതിത്തുടങ്ങിയവരുടെ ആദ്യകാല രചനകളും, പിന്നീട് അവരിലുണ്ടായ ക്രിയാത്‌മകമായ വളര്‍ച്ചയും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും തരാം ഞാന്‍. പ്രിന്റ് മീഡിയ ഇങ്ങനെ ഒരു വളര്‍ച്ചക്ക് ഒരിക്കലും സ്പേസ് നല്‍കില്ല. ഒരു സുഭാഷ് ചന്ദ്രനെയോ, കെ.ആര്‍.മീരയേയോ, കാലടി മോഹ്നകൃഷ്ണനെയോ ഒഴിച്ചു നിര്‍ത്തിയാല്‍ ഓണപ്പതിപ്പെഴുത്തുകാര്‍ക്ക് ചുറ്റും കെട്ടിയിട്ട് കറക്കുന്ന കാളയാക്കി മാറ്റി മലയാള സാഹിത്യത്തെ എന്നതാണോ പ്രിന്റ് മീഡിയയുടെ ഭൗതിക സാന്നിധ്യം മലയാളത്തില്‍ സൃഷ്ടിച്ച ചലനം?

  മറുപടിഇല്ലാതാക്കൂ
 38. “സ്വന്തം കവിതകള്‍ അച്ചടിമാധ്യമത്തിലേയുള്ളു എന്ന മട്ടില്‍ എഴുതുന്ന ഗോപീകൃഷ്ണനും,ബ്ലോഗില്‍ കവിതകള്‍ മാത്രമേയുള്ളു എന്നമട്ടിലെഴുതുന്ന കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ബ്ലോഗിന്റെ സാധ്യതയെ ഉപയോഗിക്കുന്നു എന്നല്ലാതെ അതിന്റെ വളര്‍ച്ചക്ക് ഉതകും വിധം ഒരു ഇടപെടല്‍ നടത്തുന്നുണ്ടോ എന്ന് വസ്തുനിഷ്ഠമായി ചിന്തിക്കേണ്ടിയിരിക്കുന്നു.“
  ഇതു വായിച്ചപ്പോളുണ്ടായ ചില സംശയങ്ങള്‍:)))
  1)ബ്ലോഗിന്റെ സാധ്യതയെ ഉപയോഗിക്കുന്നു എന്നത് ബ്ലോഗിന്റെ വളര്‍ച്ചക്ക് ഉതകും വിധമുള്ള ഒരു ഇടപെടലല്ലേ?
  2)ഗോപീകൃഷ്ണന്റെ വിവര്‍ത്തനങ്ങളിലൂടെയാണ് ചില എണ്ണം പറഞ്ഞ അന്യഭാഷാ കവികളെ പരിചയപ്പെടാന്‍ കഴിഞ്ഞത്.ഗോപീകൃഷ്ണന്റെ സ്വന്തം കവിതകള്‍ മിക്കതും പ്രിന്റ് മീഡിയയിലൂടെ പരിചയപ്പെടാന്‍ അവസരമുണ്ടാകാറുണ്ട്,പക്ഷെ ഈ വിവര്‍ത്തനങ്ങളോ? സ്വന്തം കവിതകളും കൂടി ബ്ലോഗില്‍ ഇടുന്നത് വായനക്കാര്‍ക്ക് സഹായകരമാകുമെന്ന് ഗോപീകൃഷ്ണനോട് നേരിട്ട് അഭ്യര്‍ത്ഥിക്കാം.അല്ലാതെ ഇത്തരം ഒരു കാലാവസ്ഥയില്‍ ഇവരുടെ പേരുകള്‍ ഉപയോഗിച്ചത് അസ്ഥാനത്തല്ലേ?
  3)ബ്ലോഗിലെന്തെഴുതി എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതല്ലേ എന്തെഴുതിയില്ല എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനെക്കാള്‍ അഭികാമ്യം?

  മറുപടിഇല്ലാതാക്കൂ
 39. വിഷ്ണു പ്രസാദ്2008, ഫെബ്രുവരി 12 12:59 AM

  കൈപ്പള്ളി കലാകൌമുദി കത്തിച്ച് ചിത്രം ബ്ലോഗിലിട്ടത് ഹരികുമാര്‍ ഇഷ്യൂവിന്റെ തുടക്കത്തിലില്ല.ആ വിഷയം സംബന്ധിച്ച് നിരവധി പോസ്റ്റുകള്‍(കൈപ്പള്ളിയുടെ അടക്കം)വരികയും ചര്‍ച്ചകള്‍ നടക്കുകയും ചെയ്തതിനു ശേഷമാണ്.ഇതിനെ ബ്ലോഗ് തീവ്രവാദം എന്നേ പറയാനാവൂ.

  മാതൃഭൂമിയോ ഭാഷാപോഷിണിയോ വായിക്കുന്നത്ര വായനക്കാര്‍ ഒരു ബ്ലോഗിനും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

  കലാകൌമുദി മലയാളം ബ്ലോഗുകളെ അവമതിക്കുക തന്നെയാണ് ചെയ്തത്.സന്ദര്‍ഭോചിതമല്ലാത്ത ചിത്രങ്ങള്‍ നല്‍കി വിശാലമനസ്കനുമായുള്ള അഭിമുഖം മാതൃഭൂമി പ്രസിദ്ധീകരിച്ചത് മറ്റൊരവമതിയായി തന്നെയാണ് ഞാന്‍ കാണുന്നത്.

  പ്രിന്റില്‍ എഴുതുന്നവര്‍ എങ്ങനെ/എന്ത് എഴുതണം എന്നത് അതാത് എഴുത്തുകാരുടെ സ്വാതന്ത്ര്യം തന്നെയാണ്.പക്ഷേ അത് നിരീക്ഷിക്കാനും ബ്ലോഗിനോടുള്ള അവരുടെ സമീപനം വിലയിരുത്താനും
  നമുക്കും സ്വാതന്ത്ര്യമുണ്ട്.അവര്‍ ബ്ലോഗിങ് ചെയ്യുന്നു എന്നത് പോസിറ്റീവായ കാര്യം.പ്രിന്റില്‍ പ്രസിദ്ധീകരിച്ചിട്ട് ബ്ലോഗില്‍ വന്നാല്‍ മതി എന്ന് ഒരെഴുത്തുകാരന്‍ വിചാരിക്കുന്നെങ്കില്‍ ബ്ലോഗ് അയാള്‍ക്ക് രണ്ടാമത് എന്നു തന്നെ വായിക്കണം.
  സനാതനന്‍ തന്നെ ഗോപീകൃഷ്ണന്റെ ബ്ലോഗില്‍ സ്വന്തം കവിത ഇടണമെന്ന ആവശ്യം ഉന്നയിച്ചതായി ഓര്‍ക്കുന്നു.ഇടാമെന്നു തന്നെയാണ് കവി മറുപടി നല്‍കിയതും.തിരക്കൊഴിയുന്നതിനനുസരിച്ച് ഗോപീകൃഷ്ണനും സ്വന്തം കവിതകള്‍ ബ്ലോഗിലിട്ടേക്കാം.നമുക്കത് വായിക്കാന്‍ ഭാഗ്യവുമുണ്ടായേക്കാം.വായനക്കാരന്റെ ആര്‍ത്തി മാത്രമല്ലേ ഇത്തരം പരാതികള്‍ അയാളെക്കൊണ്ട് പറയിപ്പിക്കുന്നത്.ഹരികുമാറിനെ വെള്ള പൂശുക എന്നൊരു ഉദ്ദേശ്യം സനാതനന് ഉണ്ടായിരുന്നതായി കരുതാന്‍ വയ്യ.എങ്കിലും ഒരു മനുഷ്യനെ എവിടെ വരെ എത്രത്തോളം എതിര്‍ക്കാം/വിമര്‍ശിക്കാം...
  ഒരു പാട് എതിര്‍ക്കപ്പെടുന്നവനോട് സ്വാഭാവികമായി തോന്നാവുന്ന സഹതാപം തന്നെയാണ് സനാതനന് ഹരികുമാറിനോട് തോന്നിയത്.(സനാതനന്‍ ഒരു കവി കൂടിയാണ്.കവികളുടെ ഹൃദയം അറിയാമല്ലോ... :))

  ശിഹാബുദ്ദീന്‍ നല്ല കഥാകൃത്താണ്.കവിതകളെക്കുറിച്ച് ഒന്നും ദയാവായി പറയിപ്പിക്കരുത്.അതൊക്കെ വായിക്കാനിടയായവര്‍ ഇങ്ങനെയൊക്കെ പറഞ്ഞിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.


  ബ്ലോഗ് കീഴാള മാധ്യമം എന്നോ അധമ മാധ്യമം എന്നോ കാണുന്ന മലയാളവെബ് സൈറ്റുകള്‍(ഏതൊക്കെ എന്ന് ചോദിക്കണ്ട,പറയ്യൂല്ല) വരെയുണ്ടല്ലോ.
  അങ്ങനെ കാണാന്‍ അവര്‍ക്കുമുണ്ട് സ്വാതന്ത്ര്യം.അവരുടെ കാഴ്ച്ച ഇങ്ങനെ എന്ന് തിരിച്ചറിയാനും വിളിച്ചു പറയാനും നമുക്കുമുണ്ട് നമ്മുടെ സ്വാതന്ത്ര്യം.

  വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍(ദേവസേനയുടെ കവിതയ്ക്കുള്ള ഹരിയുടെ കമന്റ്)സനാതനന്‍ തന്നെ ഇവിടെ പരാമര്‍ശിച്ചത് മോശമായിപ്പോയി.ആശയങ്ങള്‍ തമ്മില്‍ മാത്രമാവണം ഉരസല്‍.

  മറുപടിഇല്ലാതാക്കൂ
 40. ' പ്രിന്റ് മീഡിയ ഇങ്ങനെ (ബ്ലോഗ് തരുന്ന തരം) ഒരു വളര്‍ച്ചക്ക് ഒരിക്കലും സ്പേസ് നല്‍കില്ല.‘
  കണ്ണൂസ്സ് കീ ജെയ് !

  നല്ലൊരു പാഠശാലയാണീ ബ്ലോഗ്. അതല്ലേ ഏറ്റവും വല്യ കാര്യം ? കണ്ണൂസ്സിന്റെ ഉദാഹരണ -ക്കൂട്ടത്തിലേയ്ക്ക് ഇതാ ഞാനും ഇടിച്ചു കയറുന്നു.. :)

  മറുപടിഇല്ലാതാക്കൂ
 41. സനാതനാ, സോറി. മൂന്നുനാലു ദിവസമായി നല്ല തിരക്കായിപ്പോയതു കാരണം തല്‍സമയം റിപ്ലൈ ഇടാന്‍ പറ്റിയില്ല. :)

  ബ്ലോഗിനു പ്രിന്റിനെക്കാള്‍ റീച്ചുണ്ടെന്നു ഞാന്‍ എപ്പോഴാണ്‌ തര്‍ക്കിച്ചത്‌? നല്ല കാര്യമായി! ഭാവിസാധ്യതയെപ്പറ്റി പറഞ്ഞുവെന്നു മാത്രമേയുള്ളു. മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി തുടങ്ങിയവയുടെയൊക്കെ സര്‍ക്കുലേഷന്‍ നോക്കിയാല്‍ (ഉദാഹരണത്തിന്‌ ഭാഷാപോഷിണിയ്ക്ക്‌ 15000 ആയിരുന്നു എന്നാണ്‌ അറിവ്‌. മാറ്റം കണ്ടേക്കാം. മാതൃഭൂമിയ്ക്ക്‌ അതിന്റെ രണ്ടിരട്ടിയില്‍ കൂടുതല്‍ ഉണ്ടാകാം. അതു മുഴുവന്‍ വില്‍ക്കുന്നത്‌ കേരളത്തിനുള്ളിലല്ല താനും. എന്തായാലും ലക്ഷങ്ങളൊന്നും വില്‍ക്കുന്നില്ല ഇവരാരും.) അതൊരു ചെറിയ കമ്മ്യൂണിറ്റിയാണെന്നൂഹിക്കാന്‍ ആര്‍ക്കാണ്‌ പ്രയാസം? (തട്ടുകട, ബസ്‌ ഡിസ്‌കഷന്റെ കാര്യം കണ്ണൂസ്‌ പറഞ്ഞതു തന്നെ.) ബ്ലോഗ്‌ വായിക്കുന്നവരുടെ എണ്ണം അതിനൊപ്പം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എത്താനുള്ള സാധ്യത അത്രയ്ക്കൊന്നും അകലെയല്ലെന്നു ഊഹിക്കാവുന്നതേയുള്ളു. കേരളത്തിനകത്ത്‌ കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുകയും നെറ്റിലെ മലയാളത്തിന്റെ സാധ്യത അവരിലേക്ക്‌ (സ്വാഭാവികമായി) എത്തുകയും ചെയ്യുമ്പോള്‍ ബ്ലോഗുകള്‍ കൂടുതല്‍ വായിക്കപ്പെടുമെന്നത്‌ ആരും വിശേഷിച്ച്‌ പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ വരുമ്പോള്‍ ബ്ലോഗും പ്രിന്റും തമ്മിലുള്ള അന്തരത്തിന്റെ പ്രസക്തി ഏറും. ഉദാഹരണത്തിന്‌ പുതിയ ലക്കം മാതൃഭൂമി വായിക്കുന്ന ഒരാളിന്‌ പത്തു കൊല്ലം മുമ്പ്‌ അതേ വിഷയത്തില്‍ അതേ വാരികയില്‍ വന്ന ലേഖനം എങ്ങനായിരുന്നുവെന്ന് ഉടനടി നോക്കാന്‍ പറ്റുമോ? ബ്ലോഗില്‍ ഒരു ഹൈപ്പര്‍ലിങ്ക്‌ ഇടുന്ന പണിയേയുള്ളല്ലോ അത്‌ സാധ്യമാക്കാന്‍. അതു പോലെ എന്തെല്ലാം മെച്ചങ്ങള്‍. (ഇതൊക്കെ പലരും പലവട്ടം പറഞ്ഞ കാര്യങ്ങളാണ്.) ഇമ്മാതിരി പ്രതിസന്ധികളൊക്കെ പ്രിന്റ്‌ മാധ്യമങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്നു കണ്ടു തന്നെയറിയണം.

  (വേറൊന്നുണ്ട്‌. ലോകമെമ്പാടും പ്രതിനിധികളെ വയ്ക്കാന്‍ പാങ്ങില്ലാത്ത, വ്യവസ്ഥാപിത എഴുത്തുകാരില്‍ നിന്നും സുഹൃദ്‌വലയങ്ങളില്‍ നിന്നും ശുപാര്‍ശവാഹകന്മാരില്‍ നിന്നും മാത്രം ഉള്ളടക്കം സമ്പാദിച്ചു ശീലിച്ച പ്രിന്റ്‌ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ ബ്ലോഗിനെ ഫലപ്രദമായി ഉപയോഗിക്കാം. കൊള്ളാവുന്ന ബ്ലോഗെഴുത്തുകാരെ തിരഞ്ഞു പിടിച്ച്‌ അവരെഴുതുന്ന നല്ല കൃതികള്‍ ബ്ലോഗില്‍ വരുന്നതിനു മുമ്പേ തങ്ങളുടെ ആനുകാലികത്തില്‍ വരുന്ന വിധം വ്യവസ്ഥയുണ്ടാക്കാം. അതിന്‌ തുറന്ന മനഃസ്ഥിതി വേണമെന്നു മാത്രം.)

  പിന്നെ, ഹരികുമാറിനെയും മറ്റുള്ളവരെയുമൊക്കെ മാറ്റിനിറുത്താമെന്നു പറഞ്ഞതു നന്നായി. ലേഖനത്തിന്റെ തലക്കെട്ടു കൂടി മാറ്റണേ. :)

  അതിരിക്കട്ടെ, 'പ്രിറ്റന്‍ഷ്യസ്‌ ട്രാഷ്‌' എന്ന് ഒരു കവിതയെപ്പറ്റി അഭിപ്രായം പറഞ്ഞാല്‍ അത്‌ പൊട്ടത്തരമാണോ? :) സനാതനാ, കവിതയും കലയും ഒക്കെ പോലെയുള്ള ക്രിയേറ്റീവ്‌ വര്‍ക്കുകളെക്കുറിച്ച്‌ നമുക്ക്‌ ഇഷ്ടമുള്ള അഭിപ്രായം പറയാം. ആര്‍ജ്ജവത്തോടെ പറയണമെന്നേയുള്ളൂ. ദേവസേനയുടെ കവിതയെന്നല്ല, പികാസോയുടെ പെയിന്റിങ്ങും ചവറാണെന്ന് ഒരാള്‍ക്ക്‌ പറയാം. പറയുന്നവരുണ്ടെന്നു തന്നെയല്ല, അവരൊന്നും മണ്ടന്മാരുമല്ല. ഇതൊന്നും അറിയില്ലാരുന്നു, അല്ലേ? സാരമില്ല. എന്തായാലും ഇമ്മാതിരി മുനയൊടിഞ്ഞ ഒരമ്പ്‌ ഇങ്ങോട്ടെയ്ത സ്ഥിതിയ്ക്ക്‌ കൃത്യം കാളക്കണ്ണില്‍ തന്നെ തറയ്ക്കുന്ന ഒരെണ്ണം അങ്ങോട്ടു വിടട്ടെ? അല്ലേല്‍ വേണ്ട. ക്ഷമിച്ചിരിക്കുന്നു. :)

  ഒരു കാര്യം മറന്നു. മതിലേല്‍ പറ്റിയിരിക്കുന്ന പായലും ചെളിയും പോകാന്‍ ടോയ്‌ലെറ്റ്‌ പേപ്പറിട്ടു തുടച്ചാല്‍ പോര. സാന്‍ഡ്‌ പേപ്പര്‍ തന്നെ വേണം.

  മറുപടിഇല്ലാതാക്കൂ
 42. ബ്ലോഗിനു വായനക്കാരുണ്ടെന്ന് പതുക്കെപ്പതുക്കെയാണെങ്കിലും ഞാന്‍ അനുഭവിച്ചറിയുന്നു.

  മറുപടിഇല്ലാതാക്കൂ