4/5/08

അപക്വം

ഒരു വിത്തിന്‌ ചെയ്യാവുന്നതില്‍ ഏറ്റവും അപക്വമായ കൃത്യമാണ്‌ മുളയ്ക്കുക എന്നത്‌.കട്ടിയുള്ളതും സുരക്ഷിതവുമായ പുറന്തോട്‌ തകര്‍ത്ത്‌,വിശപ്പടങ്ങാത്ത പുഴുക്കളും പുല്‍ച്ചാടികളും നിറഞ്ഞ അരക്ഷിതമായ മണ്ണിലേക്ക്‌ നഗ്നവും മൃദുലവുമായ മുകുളവുമായി ഇറങ്ങിച്ചെല്ലുക എന്നതില്‍പ്പരം അപകടകരമായ അവിവേകം എന്താണുള്ളത്‌?

സര്‍വ്വാദരണീയമായ മൗനത്തിന്റെ തിളങ്ങുന്ന കവചമുപേക്ഷിച്ച്‌ അപഹാസ്യത്തിന്റെ മുനകൂര്‍ത്ത അമ്പുകളിലേക്ക്‌ തഴമ്പിക്കാത്ത വാക്കുകളുമായി നഗ്നരാകുന്ന വിഢികളെ ഓര്‍മ്മിപ്പിക്കുന്നില്ലേ അത്‌?

26 അഭിപ്രായങ്ങൾ:

 1. സര്‍വ്വാദരണീയമായ മൌനത്തിന്റെ തിളങ്ങുന്ന കവചമുപേക്ഷിച്ച് അപഹാസ്യത്തിന്റെ മുനകൂര്‍ത്ത അമ്പുകളിലേക്ക്‌ തഴമ്പിക്കാത്ത വാക്കുകളുമായി ഞാനിതാ നഗ്നനാകുന്നേ...

  ആമേന്‍

  മറുപടിഇല്ലാതാക്കൂ
 2. പേടിച്ചു വിറച്ച് മുളയ്ക്കാതിരുന്നാല്‍ നാം നഷ്ടപ്പെടുത്തുന്ന ആകാശമോ? ഈ പോസ്റ്റും ചേര്‍ത്ത് വായിക്കാം.

  മറുപടിഇല്ലാതാക്കൂ
 3. വിത്തുപൊട്ടി മുളച്ച മുള്ളുചെടി.
  വാക്കിലെ കലഹപാകത.
  :)
  ഉശിരന്‍ ചിന്തകള്‍.

  മറുപടിഇല്ലാതാക്കൂ
 4. വിവേകിയാവാന്‍ എന്തെളുപ്പം! വിഡ്ഢിത്തം ചിന്തിയ്ക്കുകയും പിന്നെ പറയാതിരിയ്ക്കുകയും ചെയ്യുക.

  വിഡ്ഢിയാവാന്‍ താങ്കള്‍ പറഞ്ഞതു പോലെ ഇത്തിരി കഷ്ടപ്പാടാണു.

  (ടെമ്പ്ളേറ്റ് കണ്ട് ചിരിച്ചു പോയി!)

  മറുപടിഇല്ലാതാക്കൂ
 5. വേനലിന്‍ മാറുപിളര്‍ത്തി
  തലനീട്ടിയ പുല്‍നാമ്പുകള്‍
  തൊണ്ടകീറി കരയുകയാവണം
  വൈകി വന്ന യാചകനെപ്പോലെ..

  മറുപടിഇല്ലാതാക്കൂ
 6. എല്ലാ മൗനത്തിനും അത്ര തിളക്കമൊന്നുമില്ല.

  ചിലതൊക്കെ മുളച്ചു പടുമുളകളും,പാഴ്മരങ്ങളും ചിലപ്പോഴെങ്കിലും തണല്‍മരങ്ങളുമാകുന്നുണ്ട്.
  .
  .
  .
  വിഡ്ഡിത്തമായോ എന്തോ

  മറുപടിഇല്ലാതാക്കൂ
 7. നല്ല ചിന്ത...നല്ല വരികള്‍...

  മറുപടിഇല്ലാതാക്കൂ
 8. കുറേ പാമരന്മാരുണ്ടെങ്കിലല്ലേ പാണ്ഡിത്യം തിരിച്ചറിയപ്പെടൂ.. അതുകൊണ്ട്‌ ഒട്ടും ചെറുതല്ലാത്ത റോളാണു ഞങ്ങള്‍ വിഡ്ഢികളുടേതും എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.. വിത്തിനകത്തു വെമ്പിനില്‍ക്കുന്ന വിഡ്ഢിത്തങ്ങളേ.. വാല്‍മീകം തകര്‍ത്തു പുറത്തു വരൂ..

  മറുപടിഇല്ലാതാക്കൂ
 9. ശരിയാണ് അങ്ങു പറഞ്ഞത് ആ വിത്തിന്റെ അവസ്ഥയെ ഓര്‍മ്മപെടുത്തുന്നു മനുഷ്യന്റെ ചിന്താഗതിക്കളും

  മറുപടിഇല്ലാതാക്കൂ
 10. വിഡ്ഡിയാവാന്‍ ബുദ്ധിമുട്ടുതന്നെ

  മറുപടിഇല്ലാതാക്കൂ
 11. ഒരു പാഴ്വിത്തായി ജീവിതം ഹോമിക്കുന്നതിനെക്കാള്‍ ശ്രേഷ്ടം പുഴുക്കളുടെയും പുല്‍ച്ചാടികളുടെയും കര്‍മ്മകാണ്ഡത്തിന്റെ പൂര്‍ത്തീകരണമാകുന്നതാണെന്ന് പൗരാണികഭാരതം നമ്മെ പഠിപ്പിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 12. ഭീരുക്കള്‍ ഒളിച്ചിരിക്കും ധീരന്‍‌മാര്‍ പട പൊരുതും :)

  എല്ലാവരും ചെയ്യുന്നതെന്ന് ന്യായം പറയാമെങ്കിലും അഴുക്കല്ലെ അത് സനാതനാ , ആ പേര് തന്നെ വേണമായിരുന്നോ? ചോദ്യം അസ്ഥാനത്തെങ്കില്‍ വിട്ടുകള , സ്വാതന്ത്രം തന്നെ അമൃത് അല്ലെ!
  ( ഇനി ഇതും പറഞ്ഞ് എന്‍റ്റെ തലയില്‍ കയറെണ്ട ;) )

  മറുപടിഇല്ലാതാക്കൂ
 13. അഴുക്കുകള്‍ അത്ര അഴുക്കല്ല തറവാടീ.വ്യവസ്ഥയില്‍ കലാപമുണ്ടാക്കി സ്വമേധയാ പുറത്തുപോകുന്നവരെ പുറത്താക്കിയതായി നാം നോട്ടീസിറക്കുമ്പോലെയല്ലെ,നമ്മെ വിസര്‍ജ്ജിച്ചുപോകുന്ന വസ്തുക്കളെ നാം അഴുക്കെന്ന് പറയുന്നതെന്ന് തോന്നിപ്പോകും ചിലപ്പോള്‍.
  [എന്തിനാ തലയില്‍ക്കയറുന്നേ :).പറയാനുള്ളതൊക്കെ പറയേണ്ടപ്പോള്‍ പറയേണ്ടവരോട് പറയാനുള്ളതുപോലെ പറയണം അത്രേയുള്ളു.]

  മറുപടിഇല്ലാതാക്കൂ
 14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 15. മൌനം വിദ്വാനു ഭൂഷണമെന്നും വിഡ്ഡിക്കലങ്കാരമെന്നുമാണല്ലൊ

  വിത്ത് വളര്‍ന്ന് ചെടിയാകുമ്പോഴറിയാം വിത്ത് ഗുണം

  മറുപടിഇല്ലാതാക്കൂ
 16. മൌനം മുറിച്ചു കൂട്ടമായ് അലറിയ വിത്തുകളാണോ
  ഈ പ്രപഞ്ചത്തെ ഇങ്ങനെ ആക്കിയത്.,
  ആകാശം ചോപ്പിച്ചും,കറുപ്പിച്ചും
  മണ്ണിനെ ചെടിപ്പിച്ചും....?

  എങ്ങൊട്ടെക്കെയൊ ക്ണ്ടുപോകുന്നുണ്ടീ
  നല്ല കവിതകള്‍. :)

  മറുപടിഇല്ലാതാക്കൂ
 17. (ഈ അപ്പൂപ്പന്‍ താടി
  കുറിപ്പു കൂടി ചേര്‍ത്തു വായിക്കാം അല്ലെ?)


  തന്നില്‍ അടങ്ങിയിരിക്കുന്ന ജീവനെ നല്ല മണ്ണില്‍ മുളപ്പിക്കുക എന്നത് വിത്തിന്റെ ധര്‍മ്മമാണ്. ജനിച്ചുപോയ എന്തിന്റേയും ലക്ഷ്യം ജീവിച്ചിരിക്കുക, അല്ലെങ്കില്‍ ജീവനെ നിലനിര്‍ത്തുക എന്നത് തന്നെയാണ്. ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം തന്നെ ആണ് ജനിപ്പിക്കുക എന്ന കര്‍മ്മത്തിലൂടെ ചെയ്യുന്നത്.

  അതിനായി പലപ്പോഴും പുഴുക്കളോടും പുല്‍ച്ചാടികളോടും പോരടിക്കേണ്ടിയും വന്നേക്കാം. എങ്കിലും ഒരു ജീവന്റെ മുഴുവന്‍ സത്തയും അതില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് അനേകം പുതു ജീവനുകളെ ജനിപ്പിക്കുവാന്‍, ഇറങ്ങി ചെല്ലുക തന്നെ വേണം...
  അല്ലാ... ജീവനുള്ളതാണെങ്കില്‍ ഇറങ്ങി ചെല്ലുക തന്നെ ചെയ്യും...

  അതു വാക്കായാലും വിത്തായാലും...

  മറുപടിഇല്ലാതാക്കൂ
 18. അപക്വം....???

  ഒരു വിത്തിന്‌ ചെയ്യാവുന്നതില്‍
  ഏറ്റവും അപക്വമായ കൃത്യമാണ്‌
  മുളയ്ക്കുക എന്നത്‌.

  കട്ടിയുള്ളതും സുരക്ഷിതവുമായ
  പുറന്തോട്‌ തകര്‍ത്ത്‌,
  വിശപ്പടങ്ങാത്ത പുഴുക്കളും
  പുല്‍ച്ചാടികളും നിറഞ്ഞ
  അരക്ഷിതമായ മണ്ണിലേക്ക്‌
  നഗ്നവും മൃദുലവുമായ
  മുകുളവുമായി
  ഇറങ്ങിച്ചെല്ലുക എന്നതില്‍പ്പരം
  അപകടകരമായ
  അവിവേകം എന്താണുള്ളത്‌?

  സര്‍വ്വാദരണീയമായ
  മൗനത്തിന്റെ തിളങ്ങുന്ന
  കവചമുപേക്ഷിച്ച്‌
  അപഹാസ്യത്തിന്റെ
  മുനകൂര്‍ത്ത അമ്പുകളിലേക്ക്‌
  തഴമ്പിക്കാത്ത വാക്കുകളുമായി
  നഗ്നരാകുന്ന വിഢികളെ
  ഓര്‍മ്മിപ്പിക്കുന്നില്ലേ അത്‌?

  മറുപടിഇല്ലാതാക്കൂ
 19. ഈ കിനാവിന്റെ ഓരോ അപക്വതകള്‍ ;)

  മറുപടിഇല്ലാതാക്കൂ
 20. ഈ അപക്വതയുടെ ഓരോ കിനാവുകള്‍ എന്നും വായിക്കാം... :)

  മറുപടിഇല്ലാതാക്കൂ