7/7/08

പ്രണയം പ്രണയമാകുന്നു

കണ്ണാടിയിലെ മുഖം നോക്കി
മീശ വെട്ടിയൊതുക്കുമ്പോള്‍
എന്നെ പ്രേമിച്ചിരുന്ന
ആണ്‍കുട്ടികളെ ഓര്‍മ്മവരും
വിരലുകളില്‍ സ്പര്‍‍ശിക്കാനും

കാല്‍മുട്ടുകളില്‍ തലോടാനും
രഹസ്യം ചൊല്ലാനെന്ന മട്ടില്‍
കാതില്‍ ചുംബിക്കാനും
ദാഹിച്ച്‌ അരികിലിരുന്ന
ചകിത നിശ്വാസങ്ങളെ
ഓര്‍മ്മവരും

ആണ്‌ പെണ്ണിനോട്‌ എന്ന
ജീവശാസ്ത്രത്തിന്റെ
അഡ്രിനാലിന്‍ പരിഭാഷയിലും
xx,xyഎന്ന പ്രത്യുല്‍പ്പാദനത്തിന്റെ
ഗണിത സമവാക്യത്തിലും
+ve, -ve എന്ന
ഭൗതീകശാസ്ത്രത്തിന്റെ
ആകര്‍ഷണ വികര്‍ഷണ
സിദ്ധാന്തങ്ങളിലും
ഒതുങ്ങാത്ത
നിതാന്ത വിസ്മയത്തെ
ഓര്‍മ്മ വരും

സ്പര്‍ശനങ്ങളിലും
ചുംബങ്ങളിലും
അസ്വസ്ഥനാകുമ്പൊഴും
അരികിലിരിക്കുന്ന
പ്രണയത്തെയോര്‍ത്ത്‌,
ഉടഞ്ഞുപോയേക്കാവുന്ന
ഒരു ഹൃദയത്തെയോര്‍ത്ത്‌
അനിഷ്ടം കാട്ടാതെ
വിമ്മിട്ടപ്പെട്ട നിമിഷങ്ങളെ
ഓര്‍മ്മവരും

പ്രണയം പ്രണയമാകുന്നു
എന്ന ധ്യാനത്തില്‍
‍കണ്ണടച്ചിരിക്കുമ്പോള്‍
മീശയുള്ള മനുഷ്യനും
മീശയില്ലാത്ത മനുഷ്യനും
തമ്മിലുള്ള പോരുകളെക്കുറിച്ച്‌
ചിരിയും വരും*20/4/2008 ല്‍ ഇ-പത്രത്തില്‍ വന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ