22/10/08

കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക

ശാസ്ത്രീയമായി ചിന്തിച്ചാൽ
'കൊല്ലുക-കൊല്ലപ്പെടുക' എന്നതിന്
മനുഷ്യപുരോഗതിയിൽ
മഹത്തായ സ്ഥാനമുണ്ട്.

കൊല്ലപ്പെടുന്നവന്റെ വംശം
രക്ഷപ്പെടലിന്റെ നൂതനമായ മാർഗങ്ങൾ
ആരാഞ്ഞ് കണ്ടെത്തും.
അവരുടെ ജനിതകം,
കൊല്ലപ്പെടുക എന്ന
ആകസ്മികതയെ ചെറുക്കാനുള്ള റിഫ്ലെകുകൾക്ക്
ആവശ്യമായ ഹോർമോണുകൾ നിർമിക്കും.
കൊല്ലുന്നവനെ പ്രതിരോധിക്കാനുള്ള
വഴികൾക്കായി തല പുകഞ്ഞ്
അവർ നൂതനമായ കത്തികൾ,വാളുകൾ
തോക്കുകൾ,ബോംബുകൾ എന്നിവയും
പ്രയോഗത്തിന്റെ അനന്യമായ സാധ്യതകളും കണ്ടെത്തും
അങ്ങനെ ശാരീരികമായും ബൌദ്ധികമായും പുരോഗമിക്കും
അനന്തമായ പ്രതിരോധശക്തി കൈവരിച്ച
ഒരു മനുഷ്യകുലം ഉരുത്തിരിഞ്ഞുവരും

എന്നിരിക്കിലും കൊല്ലുന്നവന്റെ വംശം ഉണ്ടാക്കുന്ന
പുരോഗതിയാണ് ശരിയായ പുരോഗതി.
കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ
കൂടുതൽ പേരെ കൊല്ലാം
എന്ന ഗവേഷണങ്ങളിൽ അവർ മുഴുകും
അങ്ങനെ ലോകം ശാസ്ത്രീയമായി കുതിക്കും.
കൊല്ലൽ എന്ന ധാർമികപ്രശ്നത്തെ
എങ്ങനെ ന്യായീകരിക്കാം
എന്നതിനെക്കുറിച്ച് ചിന്തിച്ച് കൂടുതൽ കൂടുതൽ
പുരാണഗ്രന്ഥങ്ങൾ മനപ്പാഠമാക്കും,
പുതിയ വെളിപാട് പുസ്തകങ്ങൾ എഴുതും,
എഴുതപ്പെട്ടവയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കും,
അവയൊക്കെ കൊല്ലപ്പെടുന്നവന്റെ വംശത്തിൽ
പ്രചരിപ്പിച്ച് അവരെയും ആത്മീയമായി ഉദ്ധരിക്കും
അങ്ങനെ ലോകം ആത്മീയമായും മുന്നേറും.
കൊല്ലപ്പെടുന്നവനുണ്ടാകുന്ന
സുരക്ഷാ പ്രതിസന്ധികണക്കിലെടുത്ത്
കൂടുതൽ കൂടുതൽ നവീനമായ ആയുധങ്ങൾ ഉണ്ടാക്കും
അതൊക്കെ കൊല്ലപ്പെടുന്നവന്റെ വംശത്തിന് വിറ്റ്
സാമ്പത്തികമായും മുന്നേറും
സാമ്പത്തികവളർച്ചയുടെ തോതനുസരിച്ച്
കൊല്ലപ്പെടുന്നവന്റെ വംശത്തിന്
ഉദാരമായ വായ്പകൾ നൽകി
ലോകത്തിന്റെ തുലനം നിലനിർത്തും
അങ്ങനെ സമത്വസുന്ദരമായ ഒരു ലോകം വിടരും

ഇനി പറയൂ കൊല്ലലിനേക്കാൾ മഹത്തരമായ എന്താണ്
മനുഷ്യപുരോഗതിക്ക് നിദാനമായിട്ടുള്ളത്...
ഒന്നോർത്താൽ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും
തമ്മിലുള്ള പരസ്പരാശ്രിതത്വമല്ലേ
മനുഷ്യജീവിതത്തിന്റെ സൌന്ദര്യം.

5 അഭിപ്രായങ്ങൾ:

 1. സനല്‍,

  എനിക്കു കവിത? ഇഷ്ടപ്പെട്ടില്ല.
  ആശയം കൊള്ളാം - പക്ഷേ ഇതില്‍ കവിത ഇല്ല.

  ഈണമില്ലാത്തത് / ഉള്ളത് എന്ന തരം തിരിവല്ല. വായനക്കാരന് ഒരു പെണ്ണിനെ കാണുമ്പോള്‍ കവിത തോന്നുന്നതു പോലെയോ, മതിലില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന ഒരു സിന്ദൂരപ്പൊട്ടുകാണുമ്പോള്‍ കവിത തോന്നുന്നതുപോലെയോ - ഇതില്‍ തോന്നുന്നില്ല.

  ഇത് വരി മുറിക്കാതെ ഒരു ഖണ്ഡികയില്‍ എഴുതിയെങ്കില്‍ ഒരു ലേഖനം ആവില്ലേ?

  മറുപടിഇല്ലാതാക്കൂ
 2. ഒരു കഥ,കവിത പോലെ മനോഹരം എന്നു പറയുന്നത് കഥയെ കൊച്ചാക്കുന്നു,തിരിച്ചും.കഥയാവട്ടെ, കവിതയാവട്ടെ,സാമാന്യമാനദണ്ടങ്ങളുപയോഗിക്കുമ്പോള്‍ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാവട്ടെ,അത് നിങ്ങളില്‍ എന്തവശേഷിപ്പിക്കുന്നു എന്നതാണ് മുഖ്യം.കവിത എപ്പോഴും സൌന്ദര്യാനുഭൂതി പ്രദാനം ചെയ്യണോ വേണ്ടയോ എന്നത് കാലാകാലങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്.
  കവിത പോലെ മനോഹരമായ പെയിന്റിംഗ്,കവിതപോലെ മനോഹരമായ കഥ....അരാണ് കവിതക്കീ മേല്‍‌ക്കോയ്മ നല്‍കിയത്..?
  സം‌ഗീതമാസ്വദിക്കാത്തവരൊക്കെ മ്ലേച്ചന്മാരായിപ്പോകുന്ന ഈ കാലത്ത് കവിത ആസ്വദിക്കുന്നവരൊക്കെ ബുദ്ധിജീവികളാകുന്ന ഈ കാലത്ത്(ബ്ലോഗിലെ പല നല്ല എഴുത്തുകാരും ആത്മനിന്ദയോടെ പറയുന്നത് കേള്‍ക്കാം താന്‍ കവിത അധികമൊന്നും വായിക്കാറില്ല എന്ന്)
  ഇത്തരം വിവേചനങ്ങള്‍ക്കെതിര്‍ നില്‍ക്കുന്നതല്ലെ സത്യസന്ധത..?

  മറുപടിഇല്ലാതാക്കൂ
 3. ഈ കവിതയെ മുൻ‌നിർത്തിയല്ലെങ്കിലും സന്ദർഭവശാൽ ഒരു രസകരമായ സംഗതി പറയട്ടെ സിമീ,ഹാരിസ്..

  ഇത് വരി മുറിക്കാതെ ഒരു ഖണ്ഡികയില്‍ എഴുതിയെങ്കില്‍ ഒരു ലേഖനം ആവില്ലേ?

  ലേഖനം ആവില്ല..കാരണം ഇതിൽ ഫാക്റ്റ് ഇല്ല.ഇതുവെറും ഫിക്ഷൻ ആണ് ,അതിശയോക്തി,വിരുദ്ധോക്തി,വെറും ഭാവന ഇതെങ്ങനെ ലേഖനമാകും...പക്ഷേ ലേഖനമാവും എന്ന് തോന്നിയെങ്കിൽ അതിൽ കവിതയുണ്ട്.കവിതയ്ക്ക് മാത്രമുള്ള ഗുണമാണത് കഥയ്ക്കും നോവലിനും ഒന്നും ഇല്ലാത്ത ഒരു ഗുണം.പച്ചക്കള്ളമാണ് പറയുന്നതെങ്കിലും പരമമായ സത്യമാണെന്ന് തോന്നിക്കാനുള്ള ഒരു കഴിവുണ്ടതിന്.പ്രാപഞ്ചിക സത്യങ്ങൾ എന്ന മട്ടിൽ കവിതകളിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.അതു തന്നെയാണ് കവിതയെ ഒരുപടി മുന്നിൽ നിർത്തുന്നു എങ്കിൽ അതിന് കാരണം.അതല്ലാതെയുള്ള മനോഹാരിതകളോ അലങ്കാരങ്ങളോ അല്ല എന്നാണ് തോന്നൽ.

  കവിതയുടെ സൌന്ദര്യം അത്തരം ഒരു സംവേദനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് തോന്നുന്നു.മനം മയക്കുന്ന ഭംഗിയേക്കാൾ മനസുണർത്തുന്ന ഒരു പൊരി അതിലുണ്ടെങ്കിൽ മറ്റൊന്നും വേണ്ട എന്നാണ് കരുതുന്നത്.ഇത് അത്തരത്തിൽ ഉള്ള ഒന്നാണെന്നോ ഞാൻ എഴുതുന്നത് അത്തരത്തിലുള്ളതാണെന്നോ അല്ല പറഞ്ഞത്.ഞാൻ അത്തരത്തിൽ എഴുതാൻ മനസറിഞ്ഞ് ആഗ്രഹിക്കുന്നു എന്ന് മാത്രം.

  മറുപടിഇല്ലാതാക്കൂ
 4. കൊല്ലുന്നവനറിയുന്നില്ല
  താനെന്തിനാണ് കൊന്നതെന്ന്‌
  കൊല്ലപെട്ടവനും അറിയുന്നില്ല
  താനെന്തിനാണ് കുരുതിയാക്കപ്പെട്ടതെന്ന്‍

  മറുപടിഇല്ലാതാക്കൂ