28/10/08

രണ്ടുതരം നായ്ക്കൾ

മുസ്ലീമല്ലെന്ന് കരുതി
ബോംബുവച്ച്
എന്നെ കൊല്ലാനിറങ്ങിയ നായകളേ
അറിയുക ഞാനുമൊരു മുസ്ലീം
നോക്കൂ നിങ്ങളുടേതുപോലെ
എന്റെ കൈ
നിങ്ങളുടേതുപോലെ
എന്റെ കാൽ
ചിതറിപ്പോയേക്കാവുന്ന എന്റെ തലയും
നിങ്ങളുടേതുപോലെ...

എന്നെ കൊല്ലരുത്
ഞാനുമൊരു മുസ്ലീമെന്നതിന്
എന്റെ കയ്യിലുള്ളത്
ഒരേയൊരു തെളിവ് ;
എല്ലാവരേയും പോലെ
ജീവിക്കാനുള്ള കൊതികാരണം
അതു വെളിപ്പെടുത്താൻ
നാണമെനിക്കില്ല
കാണണോ?

മുസ്ലീമല്ലെന്ന് കരുതി
വേട്ടയിൽ നിന്നും
എന്നെ ഒഴിവാക്കിയ നായകളേ
അറിയുക ഞാനുമൊരു മുസ്ലീം
നോക്കൂ അവരുടേതുപോലെ
എന്റെ കൈ
അവരുടേതുപോലെ
എന്റെ കാൽ
നിങ്ങളുടെ പല്ല് തുളച്ചേക്കാവുന്ന മുഖവും
അവരുടേതുപോലെ...

എന്നെയും ഒഴിവാക്കരുത്
ഞാനുമൊരു മുസ്ലീമാണെന്നതിന്
എന്റെ കയ്യിലുള്ളത്
ഒരേയൊരു തെളിവ്;
അവരുടെ തോൾചേർന്ന്
നിൽക്കാനുള്ള കൊതികാരണം
അതുവെളിപ്പെടുത്താൻ
നാണമെനിക്കില്ല
കാണണോ?

13 അഭിപ്രായങ്ങൾ:

 1. മനസ്സില്‍ തറയ്ക്കുന്ന കവിതയെന്നു പറയുന്ന കവിതയ്ക്ക് ഉദാ‍ഹരണമാണു ഈ കവിത.

  പിന്നെ... ഏത് മതത്തിലും തീവ്രചിന്താഗതിയുള്ളവര്‍ ഉണ്ടാവും....അതിനു ഒരു മതത്തിനെ കണ്ണടച്ച് കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലല്ലോ.....

  ഇസ്ലാം ഒരിക്കലും തീവ്രവാദത്തെ അനുകൂലിക്കുന്നില്ല

  മറുപടിഇല്ലാതാക്കൂ
 2. ഈ തമാശന്‍ ആദ്യായ്ട്ടാണെ ഇങ്ങട്ട് വരണത്..
  മുഖസ്തുതിയാണെന്ന് നിരീക്കരുതു ആ പേരു നമുക്കു നന്നായി പിടിച്ചുട്ടൊ...പിന്നെ കവിത.. പറയാതിരിക്കാന്‍ തരല്ലാ..വളരെ നന്നായിരിക്കണു ആ എഴുത്തിന്റെ രീതി...ആഴം...

  മറുപടിഇല്ലാതാക്കൂ
 3. മൂര്‍ച്ചയുള്ള വാക്കുകള്‍...

  നന്നായിട്ടുണ്ടു..

  മറുപടിഇല്ലാതാക്കൂ
 4. നായ്ക്കള്‌ ഒരു തരമേയുള്ളൂ. മുസ്ലിമായാലും ഹിന്ദുവായാലും യഹൂദനോ ക്രിസ്ത്യാനിയോ ആയാലും. പലഭാഷയില്‍ കുരയ്ക്കുന്നതിനും ഒരേ അര്‍ത്ഥം: വെറുപ്പ്‌.

  തീവ്രം.

  മറുപടിഇല്ലാതാക്കൂ
 5. ദൈവമേ എന്നൊന്നു വിളിച്ചോട്ടേ?
  ഇതില്‍‌പരം ഒരു കവിത ഉള്ളിലേയ്ക്കിറങ്ങിച്ചെന്ന് കയര്‍ക്കില്ല.

  മറുപടിഇല്ലാതാക്കൂ
 6. തീവ്രവും സമയോചിതവുമായ കവിത.
  നന്ദി സനല്‍...

  മറുപടിഇല്ലാതാക്കൂ
 7. ശക്തമായ ഭാഷ.
  അതുകൊണ്ടുതന്നെ കൊതിപ്പിക്കുന്ന കവിതയും

  മറുപടിഇല്ലാതാക്കൂ
 8. ആശയം നല്ലത്‌. പ്രസക്തം. സമയോചിതം. പക്ഷേ കവിത ഒഴിഞ്ഞപോലെ. (എണ്റ്റെ തോന്നലാകാം)

  മറുപടിഇല്ലാതാക്കൂ
 9. എല്ലാ വായനകൾക്കും നന്ദി

  ജിതേന്ദ്രകുമാർ,
  അഭിപ്രായത്തിന് നന്ദി

  “കാണണോ?”
  എന്ന വാക്ക് ഒഴിച്ചു നിർത്തി വായിച്ചാൽ കവിത ഒഴിഞ്ഞതായി തോന്നില്ലെന്ന് തോന്നുന്നു. ആ വാക്ക് അൽ‌പ്പം വൾഗാരിറ്റിക്ക് വേണ്ടി മനപ്പൂർവം ഉപയോഗിച്ചതാണ്. ആ വാക്ക് ഉണർത്തുന്ന വൾഗാരിറ്റി തന്നെയാണ്, തീവ്രവാദം എന്ന പേരിൽ നടക്കുന്ന അശ്ലീലനാടകങ്ങളും, അതിനെതിരേ എന്നപേരിൽ നടക്കുന്ന ചാപ്പകുത്തലുകളും എന്നിൽ ഉണർത്തുന്ന അനുഭവം.അത് പങ്കുവയ്കാൻ ആ വാക്കിനേ കഴിയൂ എന്ന് തോന്നി.
  സുന്ദരമായ കവിതയിൽ എനിക്ക് വിശ്വാസമില്ല.

  മറുപടിഇല്ലാതാക്കൂ
 10. ഇതു കേള്‍ക്കേണ്ടവര്‍ കേട്ടിരുന്നെങ്കില്‍..?
  ആശയ സമ്പുഷ്ടമായ വരികള്‍..

  മറുപടിഇല്ലാതാക്കൂ