31/10/08

അച്ചടക്കം

ഏറെ നാളായി ഒന്നൊച്ചവച്ചിട്ട്,
നാടറിയും വിധം കുലുങ്ങിച്ചിരിച്ചിട്ട്,
കാതടപ്പിക്കും മട്ടിൽ ഒന്നാക്രോശിച്ചിട്ട്.
എന്തിനേറെ പറയുന്നു,
പുറംകൈകൊണ്ട് വായപൊത്താതെ
ഞെളിഞ്ഞ് പിരിഞ്ഞ്
ഹാ..മ്മേ എന്നൊരുകോട്ടുവായിട്ടിട്ടുപോലും.....

ഇഞ്ചക്ഷൻ സൂചികണ്ടാൽ
ഏഴുവായിൽ നിലവിളിച്ചിരുന്നു
കൂട്ടാനിൽ ഉപ്പുകുറഞ്ഞാൽ
അയൽവീടറിയെ കലഹിച്ചിരുന്നു
ഉത്സവ ഘോഷയാത്രയിലെ
നെയ്യാണ്ടിമേളത്തിനൊപ്പം
അറഞ്ഞാടിയിരുന്നു..
ഇലക്ഷൻ പ്രചരണത്തിൽ
ഉച്ചഭാഷിണിതോൽക്കുമാറ്
ഹിയ്യാ ഹുയ്യാ എന്നലറിയിരുന്നു...

അതൊക്കെ പഴയ കഥ

പുഴക്കക്കരേയ്ക്ക്
എറിഞ്ഞുകൊള്ളിക്കുമ്പൊലെ
ഉന്നം പിഴക്കാതെ കൂക്കിയിരുന്ന
കാലം മറന്നു
നിറഞ്ഞ ബസിനുള്ളിൽ
ക്രിമിനൽ കോടതിപോലെ
ക്രോസു വിസ്തരിച്ചിരുന്ന
കാലവും മറന്നു
P.W.D.കലുങ്കിലുയർന്നിരുന്ന
രാഷ്ട്രീയത്തർക്കങ്ങളുടെ
ഒച്ചക്കുന്നുകളിടിഞ്ഞു....

അതൊക്കെ പഴയ കഥ

ഈയിടെയായി
ക്യൂവിൽ നിന്ന്,
യാത്രാരേഖകാട്ടി,
കസ്റ്റംസ് ചെക്കിങ്ങ് കഴിഞ്ഞ് ,
മറ്റൊരു രാജ്യത്തേക്കിറങ്ങുന്ന
വിമാനയാത്രികരെപ്പോലെയാണെന്റെ ശബ്ദം..
തൊണ്ടയിൽ തടഞ്ഞ് പരിശോധിക്കപ്പെടാതെ
ഒന്നും പുറത്തുവരാറേയില്ല.
അറിഞ്ഞവരറിഞ്ഞവർ പറയുന്നു
എനിക്ക് പക്വത വന്നത്രേ....

9 അഭിപ്രായങ്ങൾ:

 1. ഇഷ്ടമായി മാഷെ.. ഇമ്മിഗ്രേഷനും കഴിഞ്ഞു ഗ്രീന്‍ ചാനലിലൂടെ വരുന്ന പ്രതികരണങ്ങള്!

  മറുപടിഇല്ലാതാക്കൂ
 2. ഒന്ന്‌ മനസ്സറിഞ്ഞ്‌ തെറിവിളിച്ചിട്ട്‌
  തൊണ്ട പൊട്ടിയൊന്ന്‌ ആര്‍ത്ത്‌ വിളിച്ചിട്ട്‌
  പിറുപിറുത്ത്‌ നിലച്ചുപോയേക്കുമോ...
  ഈ പേടിയെനിക്കെപ്പോഴുമുള്ളതാ സനല്‍..

  മറുപടിഇല്ലാതാക്കൂ
 3. ഈയിടെയായി ഇവിടെ ഏത് കവിത വായിച്ചാലും സനാതനനെ കാണാറില്ല. സനലിനെ കാണുന്നത് കൊണ്ട് ഈ വഴി വരവും കുറവാ.

  മറുപടിഇല്ലാതാക്കൂ
 4. സ്മാര്‍ട്ട് ഗേറ്റിലൂടെ അകം പുറം കടക്കുന്ന
  വെറും e-ജന്മങ്ങളാകുന്നു നമ്മള്‍
  ഒന്നു നീട്ടി നിലവിളിക്കാന്‍ പോലും കഴിയാതെ....

  മറുപടിഇല്ലാതാക്കൂ
 5. കൂക്കു വിളിച്ചില്ലെങ്കിലും, തെറി പറഞ്ഞില്ലെങ്കിലും ഇത്രേയെങ്കിലും ഒക്കെ പറയാന്‍ കഴിയുന്നതും, ഇതൊക്കെ വായിക്കാന്‍ കഴിയുന്നതും തന്നെ വലിയ ഭാഗ്യം...

  മറുപടിഇല്ലാതാക്കൂ
 6. ഉം. എറിഞ്ഞ വടിയും പരഞ്ഞ വാക്കും എന്നല്ലേ..

  ഇത് പക്വത തന്നെ

  മറുപടിഇല്ലാതാക്കൂ
 7. ഇതു നന്നായിട്ടുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 8. പക്വത എന്നതുണ്ടാക്കുന്ന ഒരു ‘പ്രഷര്‍’ ആണല്ലേ അച്ചടക്കം?
  അതോ തിരിച്ചോ?

  മറുപടിഇല്ലാതാക്കൂ