5/2/09

00000000X00000000

31x365=11315
11315 രാപ്പകലുകൾ കടന്നുപോയിരിക്കണം
ഒന്നും എനിക്കോർമയില്ല
ഇന്നത്തെപ്പോലെ
ശപ്തമായവയുണ്ടാകാം അവയ്ക്കിടയിൽ
കടഞ്ഞുവച്ചപോലെ
സൌന്ദര്യമുള്ള ചിലതും ഉണ്ടാകാം.
ഒന്നും എനിക്കോർമ്മയില്ല,
ഇന്നിനെയല്ലാതെ.

അൽ‌പ്പസമയത്തിനകം ഞാനുറങ്ങും
ചിലപ്പോൾ
ഏതെങ്കിലും സ്വപ്നം കണ്ടേക്കാം
ഒരു പാമ്പ് കൊത്താൻ വരുന്നതായോ
കൂർത്ത ഒരുമലമുകളിലൂടെ നടക്കുന്നതായോ
അല്ലെങ്കിൽ
കുട്ടിക്കാലത്തെന്നപോലെ
മരങ്ങളിലും മതിലുകളിലും തൊന്നിത്തൊന്നി
പറക്കുന്നതായോ
നിലത്ത് ഊതിയാൽ പറന്നുപൊന്തുന്നതരം
സിദ്ധികൈവന്നതായോ

5x60x60=18000
18000 സെക്കന്റുകൾ
ഏറിയാൽ അത്രയും സമയത്തിനുള്ളിൽ
ഞാനുണരും
ഇന്ന് എന്ന ഇത് നാളെ ആയി മാറും
സ്വപ്നങ്ങൾ ഒന്നും എനിക്കോർമയുണ്ടാകില്ല
എന്നത്തേയും പോലെ
ഞാൻ മുഖവും കൈകാലുകളും കഴുകി
എന്റെ ദിവസം ആരംഭിക്കും
ആകൃതിയിലോ പ്രകൃതിയിലോ മാറ്റം വരാതെ
ഞാൻ ഞാനായിത്തന്നെ
നിലനിൽക്കുന്നു എന്ന്
വേദനയോടെ തിരിച്ചറിയും....

18 അഭിപ്രായങ്ങൾ:

 1. ജീവിതത്തിന്റെ വ്യര്‍ഥത,നിശ്ചലത വൈരുദ്ധ്യങ്ങള്‍ എന്നിവയെ പലമട്ടില്‍ ആവിഷ്കരിച്ചിട്ടുണ്ട് സനല്‍ പല കവിതകളിലും.ഈ കവിതയും ആ ഗണത്തില്‍ പെടുന്നുവെങ്കിലും മെച്ചപ്പെട്ട ഒരു രചനയായി തന്നെ
  അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

  ഞാൻ ഞാനായിത്തന്നെ
  നിലനിൽക്കുന്നു എന്ന്
  വേദനയോടെ തിരിച്ചറിയും....


  തിരിച്ചറിഞ്ഞാല്‍ മതിയല്ലോ,വേദനയെന്തിന്?

  മറുപടിഇല്ലാതാക്കൂ
 2. മാറ്റം ഉണ്ടാവണം .. സനാതനന്‍ നാളെ പകല്‍കിനാവന്‍ ആകുമോ..?
  :)

  മറുപടിഇല്ലാതാക്കൂ
 3. സ്വപ്നത്തില്‍ നിന്നും ജാഗ്രത്തിലേക്കുള്ള ഉണര്‍വ്വില്‍ ഞാന്‍ ഞാനായിട്ട് നില്‍ക്കുന്നെന്ന് അറിയുമ്പോള്‍ തോന്നുന്ന രണ്ടാണ് നിരാശയും വേദനയും. ഉണരുന്നത് ഒരു സാധാരണ നിമിഷത്തിലേക്കാകുമ്പോള്‍ നിരാശയും, വ്യര്‍ഥതയുടെയും ശിഥിലതയുടെയും പോയ ഒരു നിമിഷത്തിലേക്കാകുമ്പോള്‍ വേദനയും.
  വേദനിക്കൂ... മുറിവില്‍ കവിതയുപ്പ് പുരട്ടട്ടെ...

  മറുപടിഇല്ലാതാക്കൂ
 4. നാളെകളില്‍ ഇന്നലകളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കാനെങ്കിലും ഞാന്‍ തന്നെ ആകണ്ടെ?? ആ...

  മറുപടിഇല്ലാതാക്കൂ
 5. ഉമേഷ്ജി,
  പോസ്റ്റു വായിച്ചു.
  അടി+പിടി പോലെയല്ലോല്ലോ
  കൈ+കാൽ പോലെയല്ലല്ലോ
  രാപ്പകൽ
  രാ+പകൽ അല്ലല്ലോ...രാവ്‌+പകൽ അല്ല്ലേ
  “വ്‌“ ന്റെ ലോപം എവിടെക്കൊണ്ടുചെന്ന് സന്ധിചെയ്യും?

  മറുപടിഇല്ലാതാക്കൂ
 6. രാ + പകൽ തന്നെ രാപകൽ. രാവ് + പകൽ ആയിരുന്നെങ്കിൽ വ ലോപിക്കാൻ വകുപ്പില്ലല്ലോ.

  മറുപടിഇല്ലാതാക്കൂ
 7. വ! രേ വ!
  എന്നാലും ഈ കവിതയോടെങ്ങനെ വ ലോപിപ്പിക്കും
  വേണമെങ്കില്‍ വേണ്ടാത്തൊരു ചന്ദ്രക്കലയെക്കുറിച്ച് മിണ്ടില്ല.
  :)

  മറുപടിഇല്ലാതാക്കൂ
 8. അങ്ങനെ ഉറപ്പിച്ചെങ്ങനെ പറയാം ഉമേഷ്ജീ
  സംസ്കരിച്ച് സ്ഫുടം ചെയ്ത ശേഷം ഉപയോഗിച്ചുതുടങ്ങിയതല്ലല്ലോ ഭാഷ,ഉപയോഗിച്ച് പഴക്കം വന്നതിനെ സ്ഫുടം ചെയ്തെടുക്കുന്നതല്ലേ

  പായ് പാ ആയതുപോലെ
  കായ് കാ ആയതുപോലെ
  തായ് താ ആയതുപോലെ
  രാവ് രാ ആയതാണെങ്കിലോ

  രാവും പകലും എന്നതിന്റെ നീളം കുറയ്ക്കാൻ ഉപയോഗം കൊണ്ടുണ്ടായ ഉപാധിയാണ് രാപ്പകൽ എങ്കിലോ?
  മറ്റൊന്നുകൂടിയുണ്ട് വ്യാകരണം ഭാഷയെ ഉണ്ടാക്കുകയോ നവീകരിക്കുകയോ ചെയ്യുന്നില്ല എന്ന് ശ്രദ്ധിക്കണം.വായ്മൊഴിയുടെ വഴക്കം ഇല്ലായിരുന്നെങ്കിൽ ഒരു ഭാഷയിലും ഒരു വാക്കുപോലും പുതുതായി ഉണ്ടാകില്ലായിരുന്നു.ഭാഷയുടെ ഗണിതശാസ്ത്രം കൊണ്ട് വായ്മൊഴിയുടെ മെയ്‌വഴക്കത്തെ നിരാകരിക്കാൻ ആവുമോ ഉമേഷ്ജീ..?

  *വായ്മൊഴി എന്നത് എഴുതിവന്നപ്പോൾ വരമൊഴി എന്ന് ആയിപ്പോയി ആ തെറ്റു തിരുത്തിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 9. അടുത്തു കണ്ട സിനിമയില്‍ നിന്ന്‌ കിട്ടിയതാണ്‌ രാ+മായണം=രാമായണം.മാറുന്നുണ്ട്‌ സനല്‍ജീ ഈ കവിതകള്‍ വായിക്കുമ്പോള്‍

  മറുപടിഇല്ലാതാക്കൂ
 10. തൊന്നിത്തൊന്നി (00000000ക്ഷ്00000000 ), കെതുങ്ങിത്തൊഴുത് (കളരി) രണ്ടക്ഷര പിശാച്ചുക്കള്‍

  മറുപടിഇല്ലാതാക്കൂ
 11. കവിതകളേല്ലാം വളരെ ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 12. മഹീ അതു രണ്ടും അക്ഷരപ്പിശകുകളല്ല..ഞങ്ങൾ കുട്ടിക്കാലം മുതൽ ഉപയോഗിക്കുന്ന പദങ്ങളാണ്
  നനഞ്ഞ കോഴിയെപ്പോലെ ഒഴിഞ്ഞൊഴിഞ്ഞുള്ള നടപ്പിനെയാണ് കെതുങ്ങി നടക്കുക എന്ന് പറയുക -കോഴിയെപ്പോലെ പതുങ്ങി എന്നാണോ എന്തോ :)-
  തൊന്നി എന്നതും അതുപോലെ. പാദത്തിന്റെ മുൻഭാഗം ഊന്നിച്ചാടുന്നതിനെയാണ് അങ്ങനെ പറഞ്ഞിരുന്നത്.ഊഞ്ഞാലാടുമ്പോഴാണ് തൊന്നി ആടിയിരുന്നത്.കൊന്നിയാടുക എന്നും പറയാറുണ്ട്.
  ശബ്ദതാരാവലി നോക്കണ്ട :)

  മറുപടിഇല്ലാതാക്കൂ
 13. സനാതനൻ പറഞ്ഞതു കാര്യം. രാവ് ലോപിച്ചു തന്നെയാവാം രാ ആയതു്. പക്ഷേ ആ ലോപം സംഭവിച്ചതു സന്ധിയിലല്ല. രാ‍പകൽ, രാപ്പാടി, രാപ്പനി രാക്കിളി തുടങ്ങിയ വാക്കുകളിൽ എത്തുമ്പോഴേയ്ക്കു് അതു രാ ആയിക്കഴിഞ്ഞു.

  ഞാൻ ആ പോസ്റ്റിൽ പറഞ്ഞതു് തുല്യപ്രാധാന്യമുള്ള രാ, പകൽ എന്നിവ ചേരുമ്പോൾ രാപകൽ എന്നേ ആവൂ എന്നാണു്, കൈകാലുകൾ പോലെ. അല്പം പ്രായമായ ആളുകൾ (കൂകിപ്പായും തീവണ്ടിയ്ക്കു മുമ്പുള്ളവർ) രാപകൽ എന്നു തന്നെയാണു പറഞ്ഞിരുന്നതു്.

  എന്തായാലും തീവണ്ടി കൂകിപ്പാഞ്ഞു് ഇപ്പോൾ രാപ്പകൽ ശരിയായി പ്രചരിച്ചു. യാദൃശ്ചികവും ക്ഷണനവും ജാത്യാലും പോലെ. അതിനാൽ അതിനെ ശരിയായി കൂട്ടുന്നതിൽ തെറ്റില്ല.

  നല്ലോരു കവിത നിറയുന്ന വന്നു് ഇമ്മാതിരി ചോരയിൽ കൌതുകം കാണിക്കുന്ന ഈ കൊതുകിനു മാപ്പു്...

  മറുപടിഇല്ലാതാക്കൂ
 14. കവികള്‍ക്കൊരിക്കലും 0.25 ഇല്ല ഗുരുവേ... ഒന്നെങ്കില്‍ ഒന്ന് അല്ലെങ്കില്‍ പൂജ്യം... ഒന്നെങ്കില്‍ കവിത അല്ലെങ്കില്‍ ശൂന്യം...

  മറുപടിഇല്ലാതാക്കൂ
 15. കവിതേ...............
  അതൊരു പെണ്‍കുട്ടിയുടെ പേരായിരുന്നു!

  മറുപടിഇല്ലാതാക്കൂ
 16. കണ്‍ഫ്യൂഷന്‍..കണ്‍ഫ്യൂഷന്‍...
  കുറച്ച് വായിച്ച് നോക്കി..
  ജനിച്ച ദിനം ഒന്നും അല്ലല്ലോ..
  അല്ലങ്കില്‍ ക്ഷമി...

  മറുപടിഇല്ലാതാക്കൂ