8/4/09

ദൈവം സാക്ഷിയല്ലാത്ത നിമിഷങ്ങൾ

കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള
ചൂളംവിളിയുടെ ലോക്കൽ കമ്പാർട്ട്മെന്റിൽ
യാത്രക്കാർക്ക് ലഗേജ് വെയ്ക്കാനുള്ള ഉയരത്തിൽ
ഉറങ്ങുകയാണെന്ന ഭാവേന കയറിയിരുന്ന്
ദൈവം ഭൂമിയിലേക്കെന്നപോലെ
താഴേക്ക് നോക്കുകയായിരുന്നു ഞാൻ.

താഴെ കാലുകുത്താൻ സ്ഥലമില്ലാത്തവണ്ണം
തിങ്ങി നിറഞ്ഞ ജീവിതം.
ഒറ്റക്കാലിൽ തപസുചെയ്യുന്ന മാമുനിമാർ
മുട്ടിയുരുമ്മി തപസിളക്കാനെത്തുന്ന
മേനകമാർ
യുദ്ധം കഴിഞ്ഞ് ആയുധങ്ങളുമായി
മടങ്ങിപ്പോകുന്ന യോദ്ധാക്കൾ
കഴിഞ്ഞ പോരാട്ടത്തെ മുൻ‌നിർത്തി
വരാനിരിക്കുന്നതിനെ വ്യാഖ്യാനിക്കുന്ന
പണ്ഢിതവരേണ്യർ
പുകവലിക്കരുതെന്ന നിയമത്തെ
പുകവലിച്ചുകൊണ്ട് ഓർമ്മിപ്പിക്കുന്ന
നിയമപ്രാചാരകരിങ്ങനെ
ദീർഘചതുരത്തിൽ ഒരുമഹാഭാരതം
അതിനിടയിൽ അഴകൊത്ത ഒരു പെണ്ണും
അരികിൽ ഒരുത്തനും.

ഉറക്കത്തിന്റെ ഒന്നുരണ്ട് ചെറുകിടസ്റ്റേഷനുകളിൽ
രണ്ടോ മൂന്ന് മിനിട്ടുകൾ നിർത്തിയിട്ടെന്നല്ലാതെ
ഞാനെന്ന ദൈവം ഉണർവിന്റെ
ദീർഘമായ പാളങ്ങളിലൂടെ ലക്ഷ്യബോധത്തോടെ
ഓടുകതന്നെയായിരുന്നു.
അവൻ അവളെ വലതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
അവൻ അവളെ ഇടതുകൈകൊണ്ടാണ് തൊടുന്നതെങ്കിൽ
ഏറ്റവും സാധ്യമായ സ്ഥാനം ഏതായിരിക്കും!
വലതായാലും ഇടതായാലും
ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ
ഉണർന്നിരിക്കണേ ഉണർന്നിരിക്കണേ എന്ന്
കണ്ണുകൾ ഞാൻ തുടരെ തിരുമ്മിക്കൊണ്ടിരുന്നു.

ഇടമില്ലാത്തതിന്റേ വിമ്മിട്ടത്തിൽ
അവൾ ചെരിഞ്ഞിരുന്നപ്പോൾ
അവളുടെ മുലവടിവ് ഞാൻ വിമർശനം ചെയ്തു
അവൾക്ക് ഇടം നൽകാനെന്നപോലെ
അവൻ പിന്നിലേക്ക് നീങ്ങിയപ്പോൾ
അവന്റെ മനസു വായിച്ച് രസിച്ചു.
അവന്റെ ഇടം കയ്യോ വലം കയ്യോ
എന്ന ചോദ്യം ഹൃദയത്തിൽ മിടിച്ചു.
അവളൊരൽ‌പ്പം കുനിഞ്ഞപ്പോൾ
തയ്യൽ വിട്ടുപോയ ചുരിദാറിന്റെ വിടവിലൂടെ
അവളുടെ തൊലിവെളുപ്പിനു മാർക്കിട്ടു...

ഉറങ്ങല്ലേ ഉറങ്ങല്ലേ എന്നമന്ത്രമുണ്ടായിരുന്നെങ്കിലും
ആ ദിവ്യമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ
എനിക്ക് കഴിഞ്ഞില്ല
ഉറക്കത്തിന്റെ ഒരു ചെറുതുരങ്കം കടക്കുന്നതിനിടയിൽ
അവൾ എന്റെ കാഴ്ചച്ചതുരത്തിൽ നിന്ന് ഇറങ്ങിപ്പോയി.
അവനാണെങ്കിൽ തന്റെ കൈകൾ രണ്ടും കവിളിൽചേർത്ത്
ഒരു ദീർഘനിദ്രയെപ്രാപിച്ച്
എനിക്ക് താൽ‌പ്പര്യമില്ലാത്ത ദാരുശിൽ‌പ്പമായി.
എത്രയൊക്കെ കരുതലുണ്ടായാലും,
ദൈവം സാക്ഷിയല്ലാത്ത
ചിലമുഹുർത്തങ്ങളുണ്ടാകുന്നതെങ്ങനെയെന്ന്
എനിക്ക് മനസിലായി....