1/8/09

എലിഅന്നാകരേനീനയും
ഓൾഡ്മാൻ ആൻഡ് ദി സീയും
മുഴുവനായും വായിച്ചുതീർത്ത
ഒരു എലി
എന്റെ അലമാരയിൽ
താമസമുണ്ടായിരുന്നു.
എലിയാണെങ്കിലും ആൾ പുലിയായിരുന്നു.
ചുള്ളിക്കാടിന്റെ ഗസൽ
പകുതി വായിച്ചപ്പോൾത്തന്നെ
ദുര
നരകരാത്രി
സത്രം
കരൾ, കറ എന്നിങ്ങനെ
ആവർത്തിക്കുന്ന വാക്കുകൾ
കാണാപ്പാഠം പഠിച്ച്
മധുസൂദനൻ നായരെപ്പോലെ
കച്ചേരിക്ക് ശ്രമിക്കുന്നത് കേട്ടു.
അങ്ങനെയാണ്
കാരാഗ്രഹത്തിന്റേതെന്നപോലെ
പണ്ടെന്നോ അടഞ്ഞ
പുസ്തക അലമാരയുടെ
തുരുമ്പിച്ച വാതിൽ ഞാൻ തുറക്കുന്നത്.

രണ്ടായ്‌മുറിഞ്ഞ പി.പി.രാമചന്ദ്രനും
കോമയിൽ കിടക്കുന്ന കുറൂരും
കുളത്തിലെ വിഷ്ണുപ്രസാദും
പൾപ്പായ ലതീഷും
നിലവിളിക്കുന്ന വിനോദും
നെഞ്ചും വിരിച്ചു തലകുനിച്ചുനിൽക്കുന്ന
എം.എസ്.ബനേഷും എന്നുവേണ്ട
പുറംചട്ടപോയ എഴുത്തച്ഛൻ മുതൽ
പുതിയചട്ടയുമായി കടത്തനാട്ട്
മാധവിയമ്മവരെ..
പഴയപുസ്തകങ്ങൾ വലിയ പാർക്കിലെ
മരങ്ങളെപ്പോലെ
‘വേരുകൊണ്ടും ഇലകൾകൊണ്ടും
പരസ്പരം കെട്ടിപ്പിടിച്ചും‘
കുഴഞ്ഞുമറിഞ്ഞും
ചിലചിലച്ചും
പുതിയപുസ്തകങ്ങൾ
പബ്ലിക് ലൈബ്രറിയിലെ
വായനക്കാരെപ്പോലെ
വലിയ സ്വപ്നങ്ങൾ തുറന്നുപിടിച്ച്
അവനവനെത്തന്നെ വായിച്ചുംകൊണ്ട്
പ്രതിമകൾ പോലെ
പരസ്പരം നോക്കുകപോലും
ചെയ്യാതെ മൌനമായും

ആദ്യമായ് കടക്കുമ്പോൾ
കള്ളൻ പവിത്രനെപ്പോലെ
അന്തിച്ചു നിൽക്കുന്ന എലിയുടെ
ചിത്രം ഞാൻ മനസിലോർത്തു.

അമ്പലമണികൾ
ഭൈരവന്റെ തുടി
കന്നിക്കൊയ്ത്ത്
ഒക്കെയും വായിച്ചുകഴിഞ്ഞിരിക്കുന്നു
എലി
വായനയുടെ വാർഷികവലയങ്ങൾ
ഓരോ പുസ്തകത്തിലും
കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ആൾ പുലിതന്നെന്നുറപ്പായെങ്കിലും
പൂച്ചയെ പേടിയാണെന്ന് തോന്നുന്നു.
പണിക്കരേയും
പിള്ളയേയും
ശ്രദ്ധയോടെ
രുചിനോക്കിയിട്ടുണ്ടെങ്കിലും
പവിത്രൻ തീക്കുനിയുടെ
മീന്മുള്ളിന്റെ പടമുള്ള പുസ്തകം
തൊട്ടുനോക്കിയിട്ടില്ല.
ഉറ്റുനോക്കുന്ന
ഒരു പൂച്ചയുടെ ചിത്രം
കവറിൽ ഉള്ളതുകൊണ്ടാവാം.

മണത്തുപോലും നോക്കിയിട്ടില്ല,
കെ.ആർ.ടോണിയെ.
എൻ.ജി.ഉണ്ണിക്കൃഷ്ണനും
ടി.പി.അനിൽകുമാറും ഭദ്രം
രണ്ടധ്യായങ്ങളുള്ള നഗരത്തിന്റെ
ഓടയിൽ നിന്നുവന്നതാണോ
ഈ എലി!

ജിജ്ഞാസയുടെ കെട്ടുപൊട്ടിയ
ഒരു അവധിദിനത്തിൽ
ആഴത്തിൽ വായിക്കുന്ന
ഈ വായനക്കാരനായുള്ള
അന്വേഷണാർത്ഥം
അലമാര ഖനനം ചെയ്തു
മുക്കിലും മൂലയിലും കുഴിച്ചു
എങ്ങും
എലിയുമില്ല പുലിയുമില്ല
കവിതമുശിടുള്ള കുറേഎലിക്കാട്ടവും
മൂഷികരോമവും മാത്രം
പിന്നെ ഈ എലിവായനയുടെ
ബഹളങ്ങളെവിടുന്നുവന്നു..!
വീണ്ടും
താളുകൾക്കിടയിൽ
കുഴിച്ചു
വാക്കിലും വരിയിലും
കുഴിച്ചു
കുത്തിലും കോമയിലും
കുഴിച്ചു
ദീർഘദീർഘമായ അന്വേഷണത്തിനൊടുവിൽ
ചുരുട്ടിക്കെട്ടിയ കവിതകളുടെ
കയ്യെഴുത്ത് പെട്ടിക്കുള്ളിൽ
പൊടിഞ്ഞുതുടങ്ങിയ ഒരു
അസ്ഥികൂടം കണ്ടുകിട്ടി

‘wow
skeleton of a mouse‘
സന്തോഷംകൊണ്ട്
മകൻ ഇംഗ്ലീഷിൽ തുള്ളിച്ചാടി.

ഏതുപുസ്തകം വായിച്ചിട്ടാണോ
പാവത്തിന്റെ അസ്ഥിത്വം
ഇത്രമാത്രം വെളിപ്പെട്ടത്!
അബദ്ധത്തിനെങ്ങാനും
എന്റെ കവിതകൾ കൂടി
വായിച്ചിട്ടുണ്ടാകുമോ നിഷ്കളങ്കൻ.

34 അഭിപ്രായങ്ങൾ:

 1. പാവം എലി!

  കൊന്നുകൊലവിളിക്കപ്പെടാനായിരുന്നു യോഗം.

  മറുപടിഇല്ലാതാക്കൂ
 2. രണ്ട് അദ്ധ്യായങ്ങളുള്ള നഗരത്തിന്റെ ഓടയില്‍ കവിത വായിക്കുന്ന എലികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല സനല്‍. വലിച്ചെറിഞ്ഞ സാനിറ്ററി നാപ്കിന്‍സ്, ഗര്‍ഭനിരോധന ഉറകള്‍, മദ്യക്കുപ്പികള്‍, ചീഞ്ഞ മധുരനാരങ്ങ, പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഇടിക്കട്ട... അതാണതിന്റെ റേഞ്ച് :)

  കവികളെ കോര്‍ത്ത് മെനഞ്ഞതാണെങ്കിലും നല്ല കവിത സനല്‍.

  മറുപടിഇല്ലാതാക്കൂ
 3. ആ എലി എന്റെയും അലമാരയില്‍ വന്നിരുന്നു. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് ശേഷം ബൈബിളും ദാസ്‌ കാപിടലും കൂട്ടികുഴച്ചു വായിച്ചു വേണ്ട എഡിറ്റിംഗ് നടത്തിയത് അവനായിരുന്നു!

  മറുപടിഇല്ലാതാക്കൂ
 4. nalla kavitha..എന്റെ അളമാരിയിലുമുണ്ട് കുറെ പുസ്തകങ്ങൾ....

  മറുപടിഇല്ലാതാക്കൂ
 5. എലി ആളു പുലിയായിരുന്നു...
  അഭിവാദ്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 6. മൗസ് ഈ കം‌പ്യൂട്ട(ര്‍/ട്ട്) കവിതയെ ഉരുട്ടിയുരുട്ടി തന്നുകൊണ്ടിരുന്ന വേളയിലെല്ലാം മനസ് എലിയുടെ അസ്ഥിത്വത്തെ തിരയുകയായിരുന്നു. ഒടുവില്‍ അസ്ഥി കണ്ടെത്തിയപ്പോള്‍ ആശ്വാസം. എന്റെ മൗസ് വയര്‍ നിറച്ച് ഇവിടുത്തെ കവിതകള്‍ വായിക്കാന്‍ കൂട്ടുനിന്നിട്ടുണ്ട്. നോക്കിയാല്‍ മൗസ്, മനസ് ഒരേനക്കേടിന്റെ വ്യത്യാസമല്ലാതെ മറ്റെന്ത്?
  വ്യത്യസ്തമായ കവിത, സമീപനം. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. പറയാന്‍ മറന്നു ഒരേനക്കേടെന്നാല്‍ ഒരേയൊരു ന കേടായതെന്നു വിവക്ഷ:):):)

  മറുപടിഇല്ലാതാക്കൂ
 8. മൌസില്ലാത്തവന്‍ എലിയെ എങ്ങനെ കെണ്ടെത്തും ജ്യോനവാ? അവന്‍‌റെ മനസ്സിന്‍‌റെ ഏനക്കേട് ഏതു പുസ്തകം തിന്നാലാണ് തീരുക. ഉള്ളില്‍ നിന്നും തുരന്ന് പുറത്തു വരുന്ന എലിയെ എങ്ങനെയാണ് അവന്‍ കെണി വച്ച് പിടിക്കുക? പുറത്ത് നിന്നും ഉള്ളിലേക്ക് കുഴിച്ച് പോകുന്നതാണെങ്കിലും അസ്ഥിത്വം കണ്ടു പിടിക്കുക അത്ര എളുപ്പമാണോ, ഓരോ പുസ്തകങ്ങള്‍ക്കും, ഓരോ കവിതകള്‍ക്കും ഓരോ രുചിയാണെന്നിരിക്കെ? ഇനി സ്കെലിട്ടണ്‍ കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ശേഷിക്കുന്നതെന്ത്, തിന്നു തീര്ത്തതും തീര്‍ക്കാത്തതുമായ കുറെ കവിതകളും കാഷ്ഠവും മാത്രം... അപ്പോള്‍ എലി എവിടെ?
  (ഹാ ഹാ ഹാ... എന്‍‌റെയൊരു കാര്യം)

  മറുപടിഇല്ലാതാക്കൂ
 9. കിനാവേ പാവമോ ഈ എലി തിന്നുതിന്നുമരിച്ചതല്ലേ..കൊന്നുകൊലവിളിക്കപ്പെട്ടതോ;)
  അനിലാ,
  “ഈ മണൽക്കൊട്ടാരങ്ങൾക്കു പിന്നിൽ
  വേറൊരു കവറ്റുകൊട്ടയുണ്ട്
  എന്നെപ്പോലെ കെറുതല്ലാത്ത
  ഒരു മുട്ടൻ രാജ്യം“ :)
  പിന്നെ
  “നിന്നിലേക്കുള്ള വഴിയിലൂടെ
  യാത്രപോയിട്ടേറെയായ്
  എവിടെയാണു നീയിപ്പോൾ
  എഴുതാറുണ്ടോ വല്ലതും ?”

  ലതീഷേ
  danx :)

  ആനന്ദാ അടുത്തതവണവരുമ്പോൾ ആ പുസ്തകം എനിക്കുതരണം. പുസ്തകമാണ് കൊടുക്കില്ല എന്ന് പറയരുത്.::)

  താരകൻ,മാഷേ,നജൂസ്,പാമരൻ...സന്തോഷ് :)

  ജ്യോനവാ,സുനേഷേ
  ഞാൻ കവിത വീണ്ടും വീണ്ടും വായിച്ചു..സത്യത്തിൽ അതിൽ അങ്ങനെയും ചില വലുപ്പങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ ഞാൻ ഏറെ ഏറെ ചെറുതാകുന്നത് ഞാനറിഞ്ഞു. കവിതയെക്കാൾ, നല്ലൊരു വായനക്കാരനെക്കാൾ എത്രയോ ചെറുതാകുന്നു എഴുത്തുകാരൻ..സലാം..

  മനസിന്റെ ഏ’ന’ക്കേടാണ് മൌസ് എന്നത് ഈ കാലവായനയിൽ വിപ്ലവകരമായ കണ്ടെത്തലാണ് ജ്യോനവാ ;)

  മറുപടിഇല്ലാതാക്കൂ
 10. സനാതനാ,

  ഏതുപുസ്തകം വായിച്ചിട്ടാണോ
  പാവത്തിന്റെ അസ്ഥിത്വം
  ഇത്രമാത്രം വെളിപ്പെട്ടത്!

  അസ്തിത്വമല്ലല്ലോ?

  മറുപടിഇല്ലാതാക്കൂ
 11. സനല്‍ പഴയ റേഞ്ചില്‍ വരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഇവിടെ മുകളില്‍ കമന്റിട്ട ഒരാളോട് പരാതി പറഞ്ഞു ഞാന്‍ :)) പരാതി പിന്‍‌വലിച്ചിരിക്കുന്നു :)

  അന്യഗ്രഹത്തിലെ എന്റെ ക്ലോണ്‍ ആയതുകൊണ്ടാവും ലതീഷിന്റെ ചില കവിതകള്‍ തുരന്ന് എല്ലും പല്ലും മാത്രമായി അടിഞ്ഞുപോകാറുണ്ട്. കവിത അന്യമായതുകൊണ്ട് [:(] യക്ഷിപിടിച്ച് എല്ലും തോലുമായി ബാക്കിയാവുന്നവന്‍ എന്ന് സ്വയം വിശ്വസിക്കാനാണ് പക്ഷെ പൊതുവേ ഇഷ്ടം :)

  മറുപടിഇല്ലാതാക്കൂ
 12. നല്ല കവിത എന്നു പറഞ്ഞ് കുറേ മൊഴികള്‍ മുകളില്‍ വായിച്ചു ഈയുളളവള്‍,എഴുതിയ ആളോ?പറഞ്ഞു പുകഴ്ത്തിയവരോ പറയുക;ഇതില്‍ എവിടെയാണ് കവിതയുള്ളത്!!

  മറുപടിഇല്ലാതാക്കൂ
 13. നല്ല കവിത എന്ന് മുകളില്‍ അധികം ആരും പറഞ്ഞിട്ടില്ലല്ലോ സ്മിജേ. ഞാന്‍ എന്തായാലും പറഞ്ഞിട്ടില്ല.

  ഞങ്ങള്‍ എലിയെക്കുറിച്ചും എലിതിന്നുപോയ പുസ്തകങ്ങളെക്കുറിച്ചും എലിയെ തിന്നുകളഞ്ഞ പുസ്തകങ്ങളെക്കുറിച്ചും ഒക്കെ സംസാരിക്കുകയായിരുന്നു :)

  മറുപടിഇല്ലാതാക്കൂ
 14. നല്ല കവിത.
  കവിത വായിച്ചാവില്ല,
  ഏതോ നിരൂപണം വായിച്ചു പാവം,
  അത് ദേഹം ത്യജിച്ചതാവാനാണ് സാധ്യത.
  ജ്യോനവന്റെ ഏനക്കേട്‌ തകര്‍ത്തു!

  മറുപടിഇല്ലാതാക്കൂ
 15. @ സ്മിജാ ഗോപാല്‍
  ഇത് ടി. എസ്. എലിയട്ടിന്‍‌റെ കവിതകള്‍ വായിച്ച് മനസ്സിലാകാതെ എലിയട്ട് എഴുതുന്നത് കവിതയേ അല്ല എന്നു പറയുന്നത് പോലെ ആണല്ലോ... സ്തുതിപാഠകവൃന്ദം എന്നൊക്കെ ആര്‍ക്കും ആരുടെ മേലും വെറുതേ എടുത്ത് ഉപയോഗിക്കാവുന്ന വിശേഷണങ്ങളല്ലേ? പരസ്പരം പുറം ചൊറിയല്‍ അല്ലാതെ ഒരു കാര്യം ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു എന്നു സത്യസന്ധമായി പറയുന്നതിനെ പുകഴ്ത്തല്‍ എന്നു വര്‍ഗ്ഗീകരിക്കുന്നതിനെ അല്പത്തം എന്നല്ലാതെ എന്താ പറയുക! ഇനി സ്മിജയുടെ കവിത എന്താണാവോ?
  (സനല്‍ എലിയട്ട് ആണെന്നല്ല പറഞ്ഞത് ;) പക്ഷേ സനലിന് കവിതയുണ്ട്)
  (ഇത്രയും സമയം ടൈപ്പ് ചെയ്ത് വേസ്‌റ്‌റ് ആയി)

  മറുപടിഇല്ലാതാക്കൂ
 16. ഹരോൾഡ്മാഷെ,
  അസ്ഥി---ത്വം തന്നെ :)
  ഗുപ്താ പഴയ റേഞ്ച് മടുത്തുതുടങ്ങി..പുതിയ റേഞ്ചിലേക്കുള്ള ശ്രമമായിരുന്നു..നടക്കുന്നില്ല.കവിത ഒരു അത്ഭുതമാണ് എഴുത്തും വായനക്കാരനും എഴുതുന്നവനും നേർ‌രേഖയിൽ വരുന്ന ഒരു ഗ്രഹണം..അതെല്ലായ്പ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ലല്ലോ.ചിലതൊക്കെ നല്ലതാണെന്ന് എനിക്കു തോന്നിയിട്ടുള്ളതും വായനക്കാരൻ നല്ലതല്ലെന്ന് വിധിയെഴുതുന്നു. അന്തിമവിധി ആരുടെതെന്ന് എനിക്കിപ്പോഴും അറിയില്ല നൂറുപേർ ചവറെന്ന് തള്ളുന്നത് ഏറെക്കാലത്തിനു ശേഷം ഒരാൾക്ക് പ്രകാശമാനമായ് തോന്നുന്നു എങ്കിൽ അത് ഏതു ഗണത്തിൽ പെടും.ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനിക്കപ്പെടാവുന്ന ഒന്നല്ലല്ലോ കാവ്യനീതി.
  സ്മിജ രാജഗോപാൽ ഈ വരികളിൽ കവിത കണ്ടില്ല,സുനീഷ് അത് കണ്ടു അത് സ്മിജയുടെ കുറ്റമാണോ? അതോ സുനീഷിന്റെ കുറ്റമാണോ? അതോ എന്റെ കുറ്റമോ..അറിയില്ല. എന്താ‍യാലും ഒന്നുറപ്പ് വായനക്കാരനിലാണ് ആസ്വാദനത്തിന്റെ കരിമരുന്നിരിക്കുന്നത് എഴുത്തുകാരൻ വെറും തീപ്പെട്ടിക്കൊള്ളി മാത്രം ഉരസുന്നു.

  മറുപടിഇല്ലാതാക്കൂ
 17. ബുഹാ ഹാ ഹാ ഹ!
  നിങ്ങള്‍ക്കിതു തന്നെ കിട്ടണം :)

  എന്റെ സ്മിജേ,

  എനിക്കൊരു സംശം

  എന്താണു കവിത?

  നമ്മുടെ രണ്ടു പേരുടേം സംശം മാറണമെങ്കില്‍ നമുക്കിവിടുന്നു തുടങ്ങാം.

  ബാക്കി മറുപടിക്കു ശേഷം.

  മറുപടിഇല്ലാതാക്കൂ
 18. സ്മിജയുടെ പ്രശ്നങ്ങള്‍ക്ക് സനലിന്റെ കവിതയുമായല്ല ബന്ധം..അത് മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ കവിതയുമായി ബന്ധപ്പെട്ട വിഷയമാണ്. :) അതിവിടെ ചര്‍ച്ചചെയ്താല്‍ തീരില്ല. (ചരിത്രപരമാ‍യ പരാമര്‍ശമൊന്നുമല്ല; എങ്കിലും സഗീറിന്റെ കവിത ചര്‍ച്ചചെയ്യപ്പെട്ട കോണ്ടക്സ്റ്റിലാണ് സ്മിജയുടെ രംഗപ്രവേശം എന്നുമാത്രം പറയാം. ഇതിനെക്കുറിച്ച് ഇനിയും ചര്‍ച്ചചെയ്യാന്‍ ഞാനില്ല)

  കവിയുടെ റോളിനെയും വായനക്കാരനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കവിതയുടെ ആന്തരികമായ (ഓബ്ജക്റ്റീവ് ) ഗുണത്തെയും സംശയിക്കേണ്ടതില്ല സനല്‍.

  ദുര
  നരകരാത്രി
  സത്രം
  കരൾ, കറ എന്നിങ്ങനെ
  ആവർത്തിക്കുന്ന വാക്കുകൾ
  കാണാപ്പാഠം പഠിച്ച്
  മധുസൂദനൻ നായര്‍ കച്ചേരി നടത്തുന്നത് സനല്‍ മാത്രമല്ല എല്ലാവരും കേള്‍ക്കുന്നതാണ്. ചിലര്‍ക്ക് കച്ചേരി കവിതയാണെന്ന് തോന്നുന്നുണ്ട്. ആ തോന്നല്‍ ശരിയല്ല എന്ന് വാദിക്കുന്നത് തികച്ചും വായനക്കാരന്റെ ആത്മനിഷ്ഠമായ നിലപാടല്ല. അങ്ങനെ വാദിക്കേണ്ടത് രൂപശാസ്ത്രപരമായ ഒരു ആവശ്യകതയാണ്.

  എഴുത്തിന്റെ ജീവന്‍ അതിന്റെ സമകാലികതയിലാണ്. നാളെ എന്റെ മകളുടെ മകള്‍ ഒരു റ്റെക്സ്റ്റ് കണ്ടെടുത്ത് അതില്‍ കവിത കണ്ടെത്തിയാല്‍ (മധുസൂദനന്‍ നായരുടെ കാര്യത്തില്‍ എന്റെ മരിച്ചുപോയ മുത്തശി കുഴിയില്‍ നിന്നെഴുന്നേറ്റ് കച്ചേരി ഗ്രാമഫോനീല്‍ കേട്ടാല്‍ എന്ന് പറയേണ്ടിവന്നേക്കും) അത് നാളെയേ കവിതയാവൂ. ഇന്നാവില്ല. അതുകൊണ്ട് നാളെ ആരെങ്കിലും കവിത കണ്ടേക്കും എന്ന പ്രതീക്ഷയില്‍ കവിക്കേണ്ടതില്ല.

  മറുപടിഇല്ലാതാക്കൂ
 19. സ്മിജ ഗോപാല്‍

  നല്ല കവിത എന്ന് ആദ്യം പറഞ്ഞത് ഞാനാണ്‌. മാപ്പു തരൂ.
  ഇനി പറയില്ല.
  (കവിതയില്‍ എന്റെ പുസ്തകത്തിന്റെ പേരു കണ്ടപ്പോള്‍ ഒന്നു പുറം ചൊറിഞ്ഞു കൊടുക്കാമെന്നു കരുതിയതാ. തമ്മസിക്കില്ല! )

  കവിത വിമര്‍ശിക്കപ്പെട്ടാല്‍ കൊടുവാളും ഇടിക്കട്ടയുമൊക്കെയായി ബൂലോകകവികള്‍ സംഘം ചേരുമെന്ന് പലയിടങ്ങളിലും വായിച്ചിരുന്നു. സത്യമാണല്ലേ!

  മറുപടിഇല്ലാതാക്കൂ
 20. അത് കവിത വിമര്‍ശിക്കപ്പെട്ടാലല്ലേ??

  മറുപടിഇല്ലാതാക്കൂ
 21. കിനാവേ...കവിത എന്താണെന്ന് നിങ്ങൾ തർക്കിക്കൂ ഞങ്ങൾ കേട്ടിരിക്കാം എന്തായാലും നഷ്ടമുണ്ടാവില്ല എന്നുറപ്പ്.

  ഗുപ്താ,

  ദുര
  നരകരാത്രി
  സത്രം
  കരൾ, കറ എന്നിങ്ങനെ
  ആവർത്തിക്കുന്ന വാക്കുകൾ
  കാണാപ്പാഠം പഠിച്ച്
  (എലി)
  മധുസൂദനൻ നായരെപ്പോലെ ...എന്നാണുദ്ദേശിച്ചത്
  മധുസൂദനൻ നായർ കാണാപ്പാഠം പഠിച്ചെന്നല്ല..അമ്മേ..
  അല്ലേൽ അടി അടുത്ത ചിങ്ങത്തിലും തീരൂല്ല :)

  എഴുത്തിന്റെ ജീവൻ അതിന്റെ സമകാലികതയിലാണെന്ന പ്രസ്താവത്തോട് വിയോജിപ്പുണ്ട്. എഴുത്തിന് ജീവനുണ്ടെങ്കിൽ അത് സമകാലത്തെ ചവിട്ടുകൾ അതിജീവിച്ച് അറിയപ്പെടാത്ത ഒരു കാലത്തേക്ക് മേയ്മാസ ചെടിപോലെ പുഷ്പ്പിക്കും എന്നാണ് എന്റെ തോന്നൽ.
  നാളെയാരെങ്കിലും കവിതകണ്ടേക്കും എന്നോർത്തല്ല ഒരിക്കലും കവിക്കുന്നത്. ഇന്ന് ഞാൻ കണ്ട കവിതയെയാണ് പകർത്തുന്നത്.അത് വായനക്കാരൻ കാണുന്നില്ലെങ്കിൽ എനിക്ക് അതിൽ കവിതയുണ്ട് ഇതാ കവിതകണ്ടെത്തൂ എന്ന് സ്വയം നിരൂപണം ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.ഇനി അങ്ങനെ ഞാൻ എന്റെ കവിതയിലെ കവിതയെ വായനക്കാരനു ചൂണ്ടിക്കാണിക്കുന്നു എന്നു തന്നെ ഇരിക്കട്ടെ അത് അപഹാസ്യമായിട്ടേ കണക്കാക്കപ്പെടുകയുള്ളു. അപ്പോൾ എന്താണ് പോംവഴി ഒന്നുകിൽ വായനക്കാരനെ തൃപ്തിപ്പെടുത്തുന്ന എഴുത്തിലേക്ക് സ്വയം പാകപ്പെടുത്തുക.അല്ലെങ്കിൽ വായനക്കാരനെ നിരാകരിച്ചുകൊണ്ട് എഴുതിക്കൊണ്ടേയിരിക്കുക.രണ്ടാമത്തേത് സ്വീകരിക്കുമ്പോൾ മറ്റൊരു ദാർശനികപ്രശ്നം വരും.ആർക്കുവേണ്ടിയാണ് ഒരാൾ എഴുതുന്നത് എന്ന്. തനിക്കുവേണ്ടിയാണ് എഴുതുന്നതെന്ന പഴയ പറച്ചിൽ ഇന്ന് ഫലിക്കുന്നില്ലല്ലോ, അവനവന്റെ മുന്നിൽ‌പ്പോലും.അപ്പോൾ സാങ്കൽ‌പ്പികനായ ഒരു വായനക്കാരനെ (നാളെ അങ്ങനെയൊരുവൻ വന്നേക്കും എന്ന് വെറുതേ വിശ്വസിച്ച്) മുന്നിൽ നിർത്തിക്കൊണ്ട് എഴുത്ത് തുടരേണ്ടിവരും. അത് എഴുത്തിന്റെ സ്വാതന്ത്ര്യത്തിന് ഗുണകരമായ ഒന്നായേ ഞാൻ കരുതുന്നുള്ളൂ.
  ഇവിടെ നാം തന്നെ പല ബ്ലോഗുകളും സന്ദർശിക്കുമ്പോൾ പലതരം മാനസികാവസ്ഥയിലായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ബ്ലോഗിൽ വരുമ്പോൾ അറിയാതെ തന്നെ എന്റെ ചരിത്രം മനുവിന്റെ കൂടെവരും എന്റെ ശൈലി,എന്റെ വിഷയങ്ങൾ,എന്റെ റേഞ്ച് ഒക്ക് വരും അതിന്റെ വേലിക്ക് പുറത്തേക്ക് തെറിച്ചുനിൽക്കുന്ന ഒന്നിനെ ഒറ്റനോട്ടത്തിൽ ദഹിച്ചെന്ന് വരില്ല അപ്പോൾ അങ്ങനെയുള്ള കവിതയിൽ/സൃഷ്ടിയിൽ മനുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ....ആ പ്രതികരണങ്ങൾ എന്നെ സ്വാധീനിച്ചാൽ ഉണ്ടാകുന്ന സൃഷ്ടികൾ എങ്ങനെയിരിക്കും. ഒന്നുകിൽ ഞാൻ ഒരേ റേഞ്ചിൽ എഴുതേണ്ടിവരും അതല്ലെങ്കിൽ വായനക്കാരനെ നിരാകരിച്ചുകൊണ്ട് നിൽക്കേണ്ടിവരും..എസ്കേപ്പിസം എന്നോ ആത്മരതി എന്നോ ...എന്താണതിനെ പറയുക. അതിനെ അതിജീവിക്കാനുള്ള ഒരു ശ്രമമായി കണ്ടാൽമതി നാളെ ഒരു വായനക്കാരനെ പ്രതീക്ഷിക്കുന്നതിലെ യുക്തി.

  വഴിപോക്കൻ എലിവിഷൻ തന്നെ :)
  അനിലാ അതുശരി പുറം ചൊറിയാൻ വന്ന എന്നെ പുറം ചൊറിയുന്നോ :)
  സ്മിജ സോറി സ്മിജ ഗോപാൽ എന്നത് സ്മിജ രാജഗോപാൽ എന്ന് തെറ്റായി എഴുതിപ്പോയി കമെന്റ് ആയതുകൊണ്ട് എഡിറ്റ് ചെയ്യാൻ വഴിയില്ല.

  മറുപടിഇല്ലാതാക്കൂ
 22. മൗസില്ലാത്തവന്‍‌ എലിയെ എങ്ങനെ കണ്ടെത്തും എന്ന സുനീഷ് ചോദ്യത്തിന്റെ ഉത്തരം പോലെ എനിക്കിപ്പ മനസില്ല കവിതയെ കണ്ടെത്താന്‍‌ എന്നു പറയും പോലെ 'മസിലു വിട്ടു വായിക്കപ്പാ' എന്നേതെങ്കിലുമൊരു വായനക്കാരനോടു ചോദിക്കേണ്ടി വരുന്നതുപോലെ 'എലി at സനല്‍' പുസ്തകങ്ങളായ കൂട്ടുപുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളില്ലാത്ത, പുസ്തകങ്ങളിലില്ലാത്തൊരു ഉത്തുംഗതയിലേയ്ക്ക് തന്റെ എലിയെ എല്ലാക്കുന്ന, പുല്ലാക്കുന്ന ആക്ഷേപപരമായ ആത്മനിഷ്‌ഠയെ, ഹാസ്യാത്മകതയെ കണ്ടെന്നും ഉള്‍‌ക്കൊണ്ടെന്നും പറയേണ്ടപ്പോള്‍‌ നല്ലതെന്നോ ഉദാത്തമെന്നോ സം‌തൃപ്തമെന്നോ ചേര്‍ക്കപ്പെടുന്നത് മറ്റാരുടെ വായനയെയും ചോദ്യം ചെയ്യാനല്ല:(

  മറുപടിഇല്ലാതാക്കൂ
 23. അയ്യയ്യോ! ഇപ്പോള്‍ ടൈപ്പു 'ചെയ്തതു' ശരിക്കും വേസ്റ്റായി. ഒടുവിലത്തെ കമന്റു ശ്രദ്ധിച്ചിരുന്നില്ല:)

  മറുപടിഇല്ലാതാക്കൂ
 24. ദേ കെടക്കണു ജ്യോനവന്റെ മുഴുനീളന്‍ കവിത. ഇതില്‍ കവിത ഇല്ലേ, അല്ല്ല അല്ലേ...

  മറുപടിഇല്ലാതാക്കൂ
 25. എലി പുരാണം പെരുത്തിഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 26. എലിയും കൊള്ളാം എലിയട്ടും കൊള്ളാം:).

  മറുപടിഇല്ലാതാക്കൂ
 27. സ്മിജ ഗോപാലിനെ തൃപ്തിപ്പെടുത്തിയേക്കാവുന്ന ഒരുത്തരമുണ്ട്:
  ഇതില്‍ കവിതയുള്ളത്
  1) അവസാനത്തെ ഖണ്ഡികയില്‍ അഞ്ചാമത്തെ വരിയില്‍,
  2)അതിനു മുകളിലെ വലിയ ഖണ്ഡികയില്‍ പത്താ‍മത്തെ വരിയില്‍:)
  3)ലേബലില്‍ :)

  മറുപടിഇല്ലാതാക്കൂ
 28. ആ വെളിപ്പെട്ട അസ്ഥിത്വം ഏതെങ്കിലും ലാബില്‍ അയച്ചാല്‍ അറിയാന്‍ കഴിഞ്ഞേക്കും മരണത്തിനു കാരണമായ പുസ്തകം ഏതെന്ന്.
  പാവം,ജീവിച്ചിരുന്നെങ്കില്‍ എന്തോരം ബുദ്ധി കാണേണ്ടതായിരുന്നു.ചത്തപ്പോള്‍ കക്കൂസില്‍ കിടക്കാനാണ് യോഗം :)

  മറുപടിഇല്ലാതാക്കൂ
 29. ha ha that's great
  paavam eli kakkoosil veenu chaththu..
  sanathanaa thanx :)

  മറുപടിഇല്ലാതാക്കൂ