ദളിത കവി

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
വയൽത്തണ്ടിന്റെ ഊത്തും
കരഞണ്ടിന്റെ ഇറുക്കും
നനഞ്ഞ മണ്ണിളകുമ്പോൾ
കലപ്പനാവിൽ നിന്നുയരുന്ന
മന്ത്രവാദവും മറന്നിട്ടില്ല


കലപ്പയേന്തിയ കർഷകനെ
ചുവരിൽ വരച്ചിരുന്ന
കോശിയുടെ
മണ്ണുപൂശിയ വീട്
പൊളിഞ്ഞുപോയെങ്കിലും
വേലിയിലെ
ചെമ്പരത്തിപ്പൂവിന്റെ
ചുവപ്പു മാഞ്ഞിട്ടില്ല

മുറമ്പോലെ
വിരിഞ്ഞ്, ആകാശം നോക്കി
കിടക്കുന്ന മുറ്റത്ത്
കൊറ്റു പാറ്റിക്കൊഴിച്ചിരുന്ന്
സൊറപറയുന്ന
അമ്മായി മാർക്ക്
കൂട്ടിരിക്കാറുണ്ടായിരുന്ന
അമ്പിളിയമ്മാമനെ മറന്നിട്ടില്ല

പത്തായവും
പട്ടിണിയും ഒരുമിച്ചു വീതം കിട്ടിയ
ജന്മിയും
കുടിയാനുമായിരുന്നെങ്കിലും
ഓലവാരിയിൽ
അച്ഛൻ സൂക്ഷിച്ചിരുന്ന
കൊയ്ത്തരിവാൾ മൂർച്ച
ഇനിയും മറന്നിട്ടില്ല

പുന്നെല്ല് വേവുന്നതിന്റെ മണം
പിടിതരുന്നില്ലെങ്കിലും
പുഴുക്കലരി ചിക്കാനുള്ള
ഈറമ്പായയിൽ
ചാണകം കൊണ്ട്
അമ്മ വരച്ചിരുന്ന
ചിത്രങ്ങളൊന്നും മറന്നിട്ടില്ല

മറക്കാത്ത ചിത്രങ്ങൾ കൊണ്ട്
ഞാനൊരു കവിതയുണ്ടാക്കിയാൽ
ഓർക്കാത്ത ശിൽ‌പ്പങ്ങളിൽ നിന്ന്
ഇറങ്ങിവരുന്ന
നിങ്ങളെല്ലാം ചേർന്ന്
എന്നെ
ദളിത കവി
എന്ന് വിളിച്ചാലോ!

അല്ലെങ്കിൽത്തന്നെ
ഉറക്കത്തിലെപ്പോഴും മനപ്പാഠം
ചൊല്ലുന്ന ഒറ്റവരിക്കവിതയ്ക്ക്
കാള ർ‌ർ‌ർ‌ർ‌റ
എന്ന താളമാണെന്ന്
ഭാര്യ പറയാറുണ്ട്..