4/9/09

പാസഞ്ചര്‍ : ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌

പുതിയ പ്രതിഭകൾ കടന്നുവരുമ്പോഴാണ് ഏതൊരു കലാരൂപവും പുതിയ ഊർജ്ജം പ്രസരിപ്പിക്കുക. മലയാള സിനിമയുടെ കാര്യത്തിലാണെങ്കിൽ ഇത് അത്ര സാധാരണമായി സംഭവിക്കുന്ന ഒന്നല്ല.സമീപകാലത്ത് ധാരാളം പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ കൊണ്ടുതന്നെ തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ കടന്ന് വരവ് മലയാള സിനിമയിൽ തുടർന്ന് വന്നിരുന്ന രീതികളിൽ നിന്നും ഒട്ടും വ്യത്യസ്തമായ പാതകൾ തുറന്നില്ല.സ്ഥിരം ഫോമുലകളിൽ തന്നെയായിരുന്നു ഇവരുടേതായി വെളിയിൽ വന്ന ചിത്രങ്ങൾ ഒക്കെയും.ബ്ലെസി (കാഴ്ച)റോഷൻ ആൻഡ്ര്യൂസ്(ഉദയനാണ് താരം) അൻ‌വർ റഷീദ് (രാജമാണിക്യം) അമൽ നീരദ് (ബിഗ് ബി) എന്നീ സംവിധായകരുടെയെല്ലാം ചിത്രങ്ങൾ മികച്ച വിജയം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു എങ്കിലും അവയ്ക്കൊന്നും തന്നെ പുതുമ അവകാശപ്പെടാനില്ലായിരുന്നു.കുടുംബം,പ്രണയം,പാട്ട്,നായകൻ, നായിക, താരം ഈ പന്ഥാവിൽ തന്നെയായിരുന്നു ഇവയൊക്കെയും.ഈ പശ്ചാത്തലത്തിലാണ് നവാഗത സംവിധായകനായ രഞ്ജിത് ശങ്കറിന്റെ പാസഞ്ചർ എന്ന ശരാശരി സിനിമ വ്യത്യസ്തമാകുന്നത്, ശ്രദ്ധേയമാകുന്നത്.

അതിശയോക്തി നിറഞ്ഞ ഒരു കഥയാണ് പാസഞ്ചർ പറയുന്നത്.കരിമണൽ ഖനനത്തിനെ ചെറുക്കുന്ന തീരദേശവാസികളെ ഉൻ‌മൂലനാശനം ചെയ്യാനുള്ള ഖനനമാഫിയയുടെ ഗൂഢതന്ത്രവും അതിനെ പൊളിക്കുന്ന ഒരു പത്രലേഖികയുടെയും അഭിഭാഷകനായ ഭർത്താവിന്റെയും ജീവന്മരണ പോരാട്ടവുമാണ് സിനിമയുടെ പ്രമേയം.ഇന്റെർനെറ്റ്, വെബ്കാം തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സമകാലത്തെ സ്വാംശീകരിക്കാൻ സിനിമ ശ്രമിക്കുന്നു എന്ന് സമ്മതിക്കാമെങ്കിലും ചിലതിന്റെയെങ്കിലും വിശദാംശങ്ങളിലുള്ള ഒട്ടും വിശ്വസനീയമല്ലാത്ത അവതരണവും ഏറ്റവും സാധ്യമായ ചില ഉപായങ്ങളുടെ തമസ്കരണവും അതിന്റെ മേന്മ
കെടുത്തിക്കളയുന്നുമുണ്ട്. വിമാനം ഉപയോഗിച്ചുകൊണ്ടുള്ള ഉന്മൂലനാശയവും അതിന്റെ പ്രയോഗസാധ്യതയെ
അന്ധമായി വിശ്വസിക്കുന്ന കൂർമ(കു)ബുദ്ധിയായ രാഷ്ട്രീയക്കാരനുമൊക്കെ അതിശയോക്തി കലർന്ന സ്ഥിരം
ചേരുവകളുടെ ജനിതകവ്യതിയാനം വരുത്തിയ വിത്തുകളാണെന്ന് പറയാതെ വയ്യ.വർഗീയകലാപം ഇളക്കിവിട്ടുകൊണ്ടും ബോംബ് സ്ഫോടനം
കൊണ്ടും ഉള്ള ഒഴിപ്പിക്കൽ തന്ത്രങ്ങൾക്ക് മറ്റൊരു മാർഗം ആരാഞ്ഞിരിക്കുന്നു എന്നല്ലാതെ കാതലായ
യാതൊരു മാറ്റവും ഇവിടെ കാണാനില്ല.പ്രമേയത്തിലുള്ള ഇത്തരംപുതുമയില്ലായ്മ കാരണമാണ് പാസഞ്ചറിനെ
ഒരു ശരാശരി സിനിമ എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നതും.

എന്നാൽ പ്രമേയത്തെ മാറ്റി നിർത്തിയാൽ സമകാലീന മലയാളത്തിലെ വാണിജ്യ സിനിമയ്ക്ക് സങ്കൽ‌പ്പിക്കാൻ കഴിയാത്തത്ര പുതുമകളുമായാണ് പാസഞ്ചർ എന്ന സിനിമ പ്രേക്ഷകനെ അഭിമുഖീകരിക്കുന്നത്.അവതരണം,താരനിർണയം എന്നിവയിലുള്ള വിപ്ലവകരമായ മാറ്റം കൊണ്ടു മാത്രമല്ല നായകനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന കഥനരീതിയിൽ നിന്നുമുള്ള ശക്തമായ വ്യതിചലനം കൊണ്ടും ഈ സിനിമ മുൻപ് പറഞ്ഞ നവാഗതരുടെ ആദ്യ സിനിമകളെ അതിശയിക്കുന്നു.നിലവിലുള്ള മലയാള വാണിജ്യസിനിമയുടെ പതിവു വഴിയിൽ സംഭാഷണത്തിലൂടെ തന്നെയാണ് ആഖ്യാനം പുരോഗമിക്കുന്നതെങ്കിലും അധികം ഉപകഥകളിലേക്ക് വ്യാപരിക്കാതെ( സത്യനാഥന്റെ വീട്ട്,നാട്ട് കാര്യങ്ങൾ ഒഴികെ) പറഞ്ഞ് വരുന്ന സബ്ജെക്റ്റിൽ ഊന്നി നിൽക്കാനുള്ള ആർജ്ജവം പാസഞ്ചർ കാണിക്കുന്നുണ്ട്.പ്രണയത്തിന്റെ പിൻബലമില്ലാതെയും ഒരു മലയാള സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ചു എന്നതും സ്ഥാനത്തും അസ്ഥാനത്തും കടന്ന് വന്ന് സിനിമയുടെ അവിഭാജ്യഘടകമായി മാറിയ പാട്ട് എന്ന അലങ്കാരവസ്തുവിനെ പാടേ ഒഴിവാക്കി എന്നതും പാസഞ്ചറിന്റെ മികവാണ്.

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കറിന് കിട്ടേണ്ടുന്ന ഏറ്റവും വലിയ പ്രശംസ മലയാള
സിനിമയ്ക്ക് തീരാശാപമായ നായകസങ്കൽ‌പ്പം പൊളിച്ചെഴുതിയതിന്റെ ആണെന്ന് പറയേണ്ടിയിരിക്കുന്നു.
ഉണ്ടയുണ്ടാക്കുന്നത് മുതൽ വെടിപൊട്ടിക്കുന്നതുവരെയുള്ള സകലതും താൻ തന്നെ ചെയ്യണം എന്ന് ശഠിക്കുന്ന
നായകൻ‌മാരുടെ വിഹാ(കാ)ര രംഗമായ മലയാള വാണിജ്യ സിനിമയ്ക്ക് ഒട്ടും സങ്കൽപ്പിക്കാനാവാത്ത ഒന്നാണ്
സിനിമയുടെ അന്ത്യം വരെയും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ ‘ബന്ധനസ്ഥനായ ഒരു നായകൻ‘.
പാത്ര സൃഷ്ടികൊണ്ട് ധീരോദാത്തനും അതിപ്രതാപ ഗുണവാനുമാണ് ദിലീപ് അവതരിപ്പിക്കുന്ന അഡ്വക്കേറ്റ്
നന്ദൻ മേനോൻ എങ്കിലും അത്രയൊന്നും ഗുണഗണങ്ങളില്ലാത്ത സത്യനാഥനാണ് സിനിമയെ മുന്നോട്ട് കൊണ്ട്
പോകുന്നത്.ഇത് തീർച്ചയായും മലയാള സിനിമയുടെ ഇനിയുള്ള പ്രയാണത്തെ സ്വാധീനിക്കാൻ പോകുന്ന
പ്രധാനമായ ഒരു വഴിത്തിരിവാണ്.നായകന് പ്രാധാന്യമില്ലെങ്കിൽ നായികയ്ക്കാവണം എന്ന സ്ഥിരം സങ്കൽ‌പത്തെപ്പോലും തിരുത്തി എഴുതുന്നു രഞ്ജിത് ശങ്കർ.

ദിലീപ്,മംത,ശ്രീനിവാസൻ,ആനന്ദ് സാമി,ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരുടെ മികച്ച പ്രകടനം സിനിമയെ സാധാരണ പ്രേക്ഷകന് ആസ്വാദ്യമാക്കുന്നുണ്ട്.പ്രമേയം,ദൃശ്യങ്ങളെക്കാൾ സംഭാഷണത്തിനുള്ള പ്രാമുഖ്യം,പശ്ചാത്തല സംഗീതത്തിനുള്ള സ്ഥിരം ശൈലി,പിരിമുറുക്കമുള്ള സീനുകളിലും നർമ്മം കുത്തിത്തിരുകാനുള്ള വ്യഗ്രത എന്നിവയിൽ ഒരു ശരാശരി സിനിമയുടെ നിലവാരമാണ് പാസഞ്ചർ പുലർത്തുന്നത്
എങ്കിലും.സ്ഥിരം ഫോർമുലകളിൽ നിന്ന് വ്യതിചലിക്കാനുള്ള ആർജ്ജവം, സിനിമയെ അതിശയിപ്പിക്കാത്ത
രീതിയിലുള്ള കഥാപാത്രസൃഷ്ടി എന്നിവകൊണ്ട് പാസഞ്ചർ സമീപകാലത്ത് വന്ന നവസംവിധായകരുടെ
സിനിമകളെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു.


എഴുത്ത് ഓൺ‌ലൈനിൽ വന്നത് ഓർമ്മയ്ക്കായി സൂക്ഷിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ