8/9/09

അനുസാരികൾ

എന്റെ മകൻ അനുസരണയുള്ളവനാണ്
അങ്ങനെയല്ലേ വരൂ
അവൻ എന്റെ മകനല്ലേ
ഞാൻ അച്ഛനെ അനുസരിച്ചാണ് വളർന്നത്
അച്ഛൻ അപ്പൂപ്പനെ
അപ്പൂപ്പൻ വല്യപ്പൂപ്പനെ
വല്യപ്പൂപ്പൻ
വല്യവല്യപ്പൂപ്പനെ...
ഞങ്ങൾ കുടുംബത്തോടെ
അനുസരണയുള്ളവരാണ്.
എന്റെ ഭാര്യയും അനുസരണയുള്ളവളാണ്
അവൾ എന്നെ അനുസരിച്ചാണ് ജീവിക്കുന്നത്
അതങ്ങനെയല്ലേ വരൂ
അവളുടെ അമ്മയും അങ്ങനെയാണ്
അവളുടെ അച്ഛനെ അനുസരിച്ചാണ് ജീവിക്കുന്നത്
അവളുടെ അമ്മൂമ്മയും അങ്ങനെതന്നെയായിരുന്നു
അവളുടെ അപ്പൂപ്പനെ അനുസരിച്ചായിരുന്നു
ജീവിച്ചിരുന്നത്.
അവരൊക്കെ കുടുംബത്തോടെ
അനുസരണയുള്ളവരാണ്.
അതുകൊണ്ടാണല്ലോ ഞങ്ങൾതമ്മിൽ ചാർച്ചയുണ്ടായത്
അച്ഛൻ എന്നോട് പറഞ്ഞു
നല്ല അനുസരണയുള്ളവൾ
ഇവളെക്കെട്ടിക്കോ
ഞാൻ അനുസരിച്ചു
അപ്പൂപ്പൻ അച്ഛനോട് പറഞ്ഞു
അനുസരണമുള്ളവൾ
ഇവളെക്കെട്ടിക്കോ
അച്ഛൻ അമ്മയെക്കെട്ടി
മുതുമുത്തച്ഛൻ പറഞ്ഞു
അനുസരണമുള്ളവൾ
ഇവളെക്കെട്ടിക്കോ
അപ്പൂപ്പൻ അമ്മൂമ്മയെക്കെട്ടി
എന്തിനധികം പറയണം,
തലമുറതലമുറയായി കൈമാറിവന്നതാണ്
അനുസരിപ്പെന്ന ഈ സദ്ഗുണം!
അനുസരിക്കലിന് പേരുകേട്ടകുടുംബമായതിനാൽ
ഞങ്ങൾക്ക് തലമുറകളായി സംസാരിക്കേണ്ടിവന്നിട്ടേയില്ല.

8 അഭിപ്രായങ്ങൾ:

 1. കവിത വായിച്ചു,കമന്റും വായിച്ചു അനുസരണയുടെ അനുസരണയില്ലാത്ത പോക്കും കണ്ടു..:)

  മറുപടിഇല്ലാതാക്കൂ
 2. അനുസരിപ്പ് ഒരു തെറ്റെഴുത്താണ്. അനുസരിപ്പിക്കലിന്റെ സംസാരശൂന്യതയിലേക്കുള്ള തെറ്റെഴുത്ത്. മിണ്ടാന്‍ കഴിവില്ലാത്തവരെ ‘പൊട്ടന്‍’ എന്ന് വിളിക്കാറുണ്ട്. അതൊരു അധിക്ഷേപമാണ്. അതൊരു ഡിസേബിലിറ്റിയാകുമ്പോള്‍...

  തെറ്റിവായിച്ചു എന്നറിയാം. ഇങ്ങനെയും വായിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 3. അനുസരിപ്പിക്കാന്‍ അധികാരമുപയോഗിക്കുന്നവര്‍ പടച്ചു വിടുന്ന ഏറാന്‍ മൂളികളുടെ വായ്മൂടിക്കെട്ടിയ തലമുറയിലെക്ക് ഒരു ചൂ‍ണ്ടു വിരല്‍
  ഇനിയും ഇനിയും മൂളുക്... ഏറെ അനുസരണയൊടെ

  മറുപടിഇല്ലാതാക്കൂ
 4. അമ്പട മനമേ, ഇതു കവിതയായിരുന്നോ..? നോം നിരീച്ചു നാലാം ക്ലാസ്സില്‍ പഠിക്കുന്ന പുള്ളേരു നോട്ടുബുക്കില്‍ നേരമ്പോക്കു വല്ലതും എഴുതി വച്ചതായിരിക്കുമെന്ന്.

  മറുപടിഇല്ലാതാക്കൂ
 5. അനുസരിപ്പെന്ന ഈ സദ്ഗുണം!
  Varikalum anusaranayode...!

  Manoharam, Ashamsakal...!!!

  മറുപടിഇല്ലാതാക്കൂ