16/9/09

സദാനന്ദന്റെ സമയം...

സമയം കിട്ടിയില്ല
സമയം കിട്ടിയില്ല

പറഞ്ഞും കേട്ടും മടുത്തുപോയതുകൊണ്ടാണ്
സമയലാഭത്തിനുള്ള യന്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയത്.
ബസ് കാത്തു നിൽക്കുന്ന സമയം ലാഭിക്കാൻ,
ബൈക്ക് വാങ്ങി.
പത്രവായനക്കുള്ള സമയം
ടി.വികൊണ്ട് ലാഭിക്കുന്നു.
ലാൻഡ് ഫോണിലേക്കെത്താനുള്ള സമയം
മൊബൈൽ ഫോൺ കൊണ്ട്,
വെള്ളം കോരാനുള്ള സമയം
പമ്പ് സെറ്റ് കൊണ്ട്,
അലക്കിനുള്ള സമയം
വാഷിങ്ങ് മെഷീൻ കൊണ്ട്,
എന്നുമെന്നും പാകം ചെയ്യുന്ന സമയം
ഫ്രിഡ്ജ് വാങ്ങി ലാഭിച്ചു....
അടുക്കളയിലാണ് സമയലാഭത്തിനുള്ള
ഉപകരണങ്ങൾ അധികവും;
അടുപ്പുമുതൽ ആട്ടുകല്ലുവരെ,
തുടുപ്പുമുതൽ തോരനരിയാനുള്ളതു വരെ.....
എല്ലാത്തിനും കൂടിയിപ്പോൾ
ഒരൊറ്റ സ്വിച്ചിടുന്ന സമയമേ നഷ്ടമാകുന്നുള്ളു.

പക്ഷേ എന്തൊക്കെ ചെയ്തിട്ടും
ഇപ്പൊഴും ഒന്നിനും,
സമയം തികയുന്നില്ല.
സ്വപ്നം കാണാൻ,
പ്രേമിക്കാൻ,
കാമിക്കാൻ,
ജീവിക്കാൻ....
.......................................
സമയം കിട്ടുന്നില്ല
സമയം കിട്ടുന്നില്ല
എന്ന് പരിതപിച്ചുകൊണ്ട് തന്നെ
ആളുകൾ മരിച്ചുപോകുന്നു...........

എവിടെപ്പോകുന്നു,
യന്ത്രങ്ങൾകൊണ്ട് നമ്മൾ മിച്ചം പിടിക്കുന്ന
ഈ സമയം മുഴുവൻ...!
നമുക്ക് കിട്ടുന്നില്ലെങ്കിൽ
എന്തിനീ
സമയ ലാഭത്തിന്റെ യന്ത്രശേഖരം.. !
ഒരുനാൾ ഇതെല്ലാം കൂടി
തല്ലിയുടച്ചു കത്തിക്കണം.
അന്നേരം, പ്ലാസ്റ്റിക് കത്തുമ്പോൾ
മുകളിലേക്ക് ഗുമുക്കനെ കുതിക്കുന്ന
കറുത്ത നദിപോലെ,
ലാഭിച്ചുകിട്ടിയ സമയമെല്ലാംകൂടി
ഒറ്റയടിക്ക് പൊട്ടിച്ചാടുമായിരിക്കും
ലോകം അതിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുമായിരിക്കും.