27/9/09

ജനാലയിൽ നിന്നും താഴോട്ട്

നഗരമേ,
നിന്റെ സമുദ്രനിരപ്പിൽ നിന്നും
മേൽക്കുമേലടുങ്ങിയ
എത്രാമത്തെ ജനാലയുടെ
താഴോട്ടു നോട്ടമാണ് ഇപ്പോൾ ഇവൻ!
നഗരമേ
നഗ്ന നഗരമേ
താഴെ,
എനിക്കു കാണാം
നിന്റെ പാവാട കീറിയുണ്ടാക്കിയ
കൊടികൾ കൊണ്ട്
അലങ്കരിച്ചിരിക്കുന്ന വിളക്കുകാലുകൾ,
തിരക്കൊഴിഞ്ഞിട്ട് ചുരുട്ടിവെക്കാമെന്ന്
നീ നിവർത്തിയിട്ടിരിക്കുന്ന
കറുത്ത ജീവിതം,
തെരുവുപട്ടികൾ,
സൈക്കിൾ റിക്ഷകളിൽ
കറുത്ത കണങ്കാലുകൾ,
മനുഷ്യരെപ്പോലെ തോന്നിക്കാത്ത
മനുഷ്യർ,
ആർക്കും പരിചയമില്ലാത്ത ആരുടെയോ അച്ഛൻ,
ആരെയും പരിചയമില്ലാത്ത ആരുടെയോ മകൾ,
ഒഴുക്ക് നിലക്കാത്ത കാളിന്ദിയുടെ
കരയ്ക്കടിഞ്ഞവർ...
ചെളി...
നഗരമേ
നിന്റെ ചെളി..
നിലത്തിറങ്ങി നടക്കാൻ വയ്യ
അവർ എന്റെ നേരേ കൈകൾ നീട്ടുന്നു
പോക്കറ്റടിക്കുമോ എന്ന് ഞാൻ ഭയക്കുന്നു
വേശ്യകൾ എന്നെ തൊട്ട് എയ്ഡ്സ് വരുത്തുമോ
ശവങ്ങൾ
കൊന്നുകളയണം
നിന്റെ വീഥികൾ
തൂത്ത് വൃത്തിയാക്കി
വെളുത്ത ചായം പൂശണം
നഗരമേ....

5 അഭിപ്രായങ്ങൾ:

 1. മുകളിൽ നിന്നും താഴോട്ട് നോക്കുമ്പോൾ
  എത്രചെറിയവരാണ് നമ്മൾ.
  കവിത നന്നായി.

  മറുപടിഇല്ലാതാക്കൂ
 2. എല്ലാവര്ക്കും ഇങ്ങനെ നോക്കാന്‍ കഴിഞ്ഞെങ്കില്‍

  മറുപടിഇല്ലാതാക്കൂ
 3. താഴേക്കു നോക്കുമ്പോള്‍ ഇതൊക്കെ കാണാന്‍ പറ്റുന്നവരുണ്ടല്ലോ...:)

  മറുപടിഇല്ലാതാക്കൂ