മരങ്ങൾ ഇണചേരുമോ !



രാത്രി വൈകി,
തോപ്പിനും തോടിനും നടുവിലൂടെ
വീടിലേക്കിഴഞ്ഞ് പോകുന്ന വഴിയേ നിശബ്ദം
നടക്കുകയായിരുന്നു ഞാൻ.
നിലാവിന്റെ ഇരുൾ വെളിച്ചത്തിൽ
ഇരു വശവും മരങ്ങളുടെ ചലനങ്ങൾ
എന്നെ സംശയാലുവാക്കി.

ഇലകൾ പൊഴിച്ച് നഗ്നമായ മേനി
പരസ്പരം കാട്ടിയും
തൊട്ടുനോക്കിയും
ഉരുമ്മിയുമ്മവച്ചും
അവ തങ്ങളിൽ തങ്ങളിൽ പങ്കുവെയ്ക്കുന്നു.

പറിഞ്ഞുപോരുമോ എന്ന് തോന്നിക്കുമാറ്
വലിഞ്ഞ് മുറുകിയ വേരുകൾ മീട്ടി
ഗാഢമായൊരു തന്ത്രിവാദ്യമാകുന്നു.
ജലത്തിൽ വീഴുന്ന നിഴലുകൾ നാഗങ്ങളായി
പിണഞ്ഞ് ചുംബിക്കുന്നു.

മരങ്ങൾ ഇണചേരുമോ !
എന്റെ സംശയം വായ് പിളർന്നു.
എല്ലാ ചലനങ്ങളും ഒരു നിമിഷത്തേക്ക് നിലച്ചു
ഏതോ ഇളമരം
ഒച്ചകളെല്ലാം ഉള്ളടക്കം ചെയ്ത ഒരു നിശ്വാസം
ആകാശത്തിലേക്ക് ഊതിവിട്ടു
മേഘങ്ങളുടെ തടുപ്പില്ലാതെ മുനിഞ്ഞു നിന്നിരുന്ന
നക്ഷത്രങ്ങളും അമ്പിളിക്കണ്ണും
തിരിതീർന്ന മണ്ണെണ്ണ വിളക്കുകൾ പോലെ
ഒറ്റമാത്രയിൽ കെട്ടുപോയി.
പ്രണയപാരവശ്യങ്ങളുടെ ശീൽക്കാരം മാത്രം പിന്നീട് കേട്ടു...