7/3/10

തകർച്ചയുടെ ഗോപുരം

നല്ല ഉറപ്പുള്ള ഒരു തകർച്ചയുടെ മുകളിൽ
ആഴത്തിൽ വാനം തോണ്ടി
തകർച്ചകൾ ഉടച്ചൊരുക്കി
അസ്ഥിവാരമിട്ടു.
ചെറുതും വലുതുമായ അനേകം
തകർച്ചകൾക്കിടയിൽ നിന്നും
വീതിയേറിയ ഒന്നിനെ ചെത്തിച്ചെതുക്കി
മുകളിൽ പ്രതിഷ്ഠിച്ചു.
അതിനുമുകളിൽ ഒന്ന്,
അതിനും മുകളിൽ മറ്റൊന്ന്..
അങ്ങനെയങ്ങനെ..

ഇങ്ങനെയിങ്ങനെ
രാവും പകലും പണിയെടുത്ത്
ആകാശത്തോളം ഉയരത്തിൽ
തകർച്ചയ്ക്കുമുകളിൽ തകർച്ചകളെ
അടുക്കി
ഈ ഗോപുരം പണിതെടുക്കും.
അത്ഭുതകരമായ ഒരു വാസ്തുശില്പമായി
അത് നിലകൊള്ളും
സൂര്യൻ എവിടെ ഉദിച്ചാലും
ഇതിനകത്തേക്ക് വെളിച്ചം വരില്ല
കാറ്റ് എത്ര ശക്തിയിൽ വീശിയാലും
ഉള്ളിൽ ജീവശ്വാസമില്ല
എവിടെ നിന്ന് എങ്ങോട്ട് നോക്കിയാലും
എവിടെനിന്ന് എങ്ങോട്ട് നോക്കുന്നയാളെയല്ലാതെ
കാണാൻ കഴിയില്ല
മഴപെയ്താലും മഞ്ഞുപെയ്താലും അറിയില്ല
എന്നിങ്ങനെ അപാരമായ ഒരു നിർമിതിയായി
കാലം ഇതിനെ വാഴ്ത്തും.

വേഗമാകട്ടെ
വേഗമാകട്ടെ
തകർച്ചകളുടെ ഈ മഹാഗോപുരം
പണിതീർത്തിട്ടുവേണം
ഇതിനുമുകളിൽ കയറി നിന്ന്
“തകർക്കാമെങ്കിൽ തകർത്തോടാ”
എന്നെനിക്ക് വെല്ലുവിളിക്കാൻ..

3 അഭിപ്രായങ്ങൾ:

 1. വേഗമാകട്ടെ
  തകർച്ചകളുടെ ഈ മഹാഗോപുരം
  പണിതീർത്തിട്ടുവേണം
  ഇതിനുമുകളിൽ കയറി നിന്ന്
  “തകർക്കാമെങ്കിൽ തകർത്തോടാ”
  എന്നെനിക്ക് വെല്ലുവിളിക്കാൻ

  മറുപടിഇല്ലാതാക്കൂ
 2. തകരാത്ത തകര്‍ച്ചയുടെ രാവണത്തലകള്‍ !!! (ഹൊറിസോണ്ടല്‍ അല്ല, വെറ്‍ട്ടിക്കല്‍)

  മറുപടിഇല്ലാതാക്കൂ