16/3/10

ഇരപിടുത്തം

പച്ചപ്പാടത്തിനു നടുവിലൂടെ,
ചക്രവാളത്തിലേക്ക്
ഒരു നെടുനീളൻ മുറിവ്.
അതിലൂടെ,
പുറംതിരിഞ്ഞ് നടന്നുപോകുന്ന പെൺ‌കുട്ടി.
അവളുടെ നെറുകയിൽ സൂര്യപ്പഴം.
അവളുടെ പാദം തുഴയുന്നു ചോരപ്പുഴ.
ഇരുവശവും അവളുടേതല്ലാത്ത വയൽ.

കണ്ണുകൾക്ക് നടുവിൽ
കൊക്ക്, ഉയരമുള്ള ഒരു മുറിവ്.
ചിറകുകൾക്കു നടുവിൽ
ഉടൽ, ഉയർന്നുതാഴുന്ന മുറിവ്.
ഞാൻ, വായുവിൽ ലംബമായി ഒരു മുറിവ്.
എന്റെ കാഴ്ചയിൽ നിരാലംബയായി ആ പെൺകുട്ടി.
ഞാൻ, അവളിലേക്ക് കൂപ്പുകുത്തുന്ന
മാംസഭുക്കായ പക്ഷി.

ചുണ്ടുകൾക്കിടയിലിപ്പോൾ
അവൾ, പിടയുന്നൊരു മുറിവ്.
ആഴക്കിണർപോലെ
അന്നനാളം, വിശപ്പിന്റെ മുറിവ്.
ഉൾക്കടൽ പോലെ ഹൃദയം,
ഏറ്റവും ഏകാന്തമായ മുറിവ്.
അവളെ ഞാൻ ഒറ്റയിറക്കിനു വിഴുങ്ങി.
തെങ്ങുകളുടെ കാട്ടിൽ ഒളിച്ചിരുന്ന രാത്രി,
സൂര്യപ്പഴം വിഴുങ്ങി.
പാടങ്ങളിൽ ഒളിച്ചിരുന്ന ഇരുട്ട്,
ഭൂമിയെ പച്ചയ്ക്ക് വിഴുങ്ങി.
മുറിവുകൾക്ക് നിദ്ര ഒരു ചെറിയ ശാന്തി...
ഞാൻ നിദ്രയിലേക്ക് പറന്നു...