28/4/11

“മഹാ സമാധി”

ഒരാളുടെ മരണത്തിൽ സന്തോഷിക്കുന്നത് ഒരു മാനസികരോഗമോ സംസ്കാര ശൂന്യതയോ കൊടും ക്രൂരതയോ ആണ്. അത് അടുപ്പമൊന്നുമില്ലാത്ത ഒരാളുടേയോ അപരിചിതന്റേയോ ശത്രുവിന്റേ തന്നെയോ ആയിക്കോട്ടെ അപരിഷ്കൃതമായ ഒരു മനസിനെയാണ് സൂചിപ്പിക്കുന്നത്.( എന്നാണ് എന്റെ പൊതുവേയുള്ള വിചാരം.) ആ വിചാരത്തിന് അടിവരയിടുന്ന തരത്തിലാണ് സാധാരണ ഗതിയിൽ മരണങ്ങളോട് എന്റെ മനസ് പ്രതികരിക്കാറും. എന്തിന്, സദ്ദാം ഹുസൈന്റെ മരണത്തിൽ‌പ്പോലും ദുഃഖിച്ചയാളാണ് ഞാൻ. പക്ഷേ വിചിത്രമെന്ന് മാത്രമേ പറയാനാകൂ സത്യ സായിബാബ എന്ന വയോവൃദ്ധൻ ആശുപത്രിക്കിടക്കയിൽ വെന്റിലേറ്ററിൽ കിടന്നപ്പോഴും മറ്റേതൊരു മനുഷ്യന്റേയും സകല നിസഹായതകളോടും കൂടി മരണത്തിന് കീഴടങ്ങി എന്ന വാർത്ത വന്നപ്പോഴും എനിക്ക് സന്തോഷമാണുണ്ടായത്. ഈ വിചിത്രമായ മാനസികാവസ്ഥയെക്കുറിച്ച് എത്രമാത്രം ചിന്തിക്കുമ്പോഴും പൊതു നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എന്റെ മനസിനെ ന്യായീകരിക്കാനല്ലാതെ എനിക്കു കഴിയുന്നേയില്ല.അതിനു ചില കാരണങ്ങളുമുണ്ട്.

ഡിഗ്രിക്കാലത്താണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തിൽ നിന്നും ഈ മനുഷ്യനെക്കുറിച്ച് ഞാൻ കാര്യമായി കേട്ടുതുടങ്ങുന്നത് .കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ നെയ്യാറ്റിൻ‌കരയിൽ ഒരു ട്യൂട്ടോറിയൽ കോളേജിൽ പോയിരുന്നു. അക്കാലത്താണ് ഞാനും ഇവനും ആദ്യമായി പരിചയപ്പെടുന്നത്. പഠനത്തിൽ അസാമാന്യ മിടുക്കുള്ള ഒരുവൻ. അവന്റെ കയ്യിൽ പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു പുരാണങ്ങൾ മുതൽ കാമശാസ്ത്രം വരെ. അവന്റെ കയ്യിൽ നിന്നാണ് വ്യാത്സ്യായനനേയും കൊക്കോഗനേയും ഞങ്ങൾ വായിക്കുന്നത് (അല്ല വായിച്ചു പഠിക്കുന്നത്). സെക്സിന്റെ കാര്യത്തിൽ തിയററ്റിക്കലായ അവന്റെ അറിവുകൾക്ക് ഞങ്ങൾ ശിഷ്യപ്പെട്ടിരുന്നു. (ഒരിക്കൽ വീട്ടിൽ ആളില്ലാത്ത സമയം ഞങ്ങൾ കുറച്ചുപേർ അവന്റെ വീട്ടിൽ ഒത്തുചേർന്ന് ഒരു കൂട്ട ഹസ്തമൈഥുനയജ്ഞം നടത്തി :) . ഓരോരുത്തർക്കും എത്രയാണ് കപ്പാസിറ്റി എന്നറിയലായിരുന്നു ലക്ഷ്യം ). സെക്കന്റും ഫസ്റ്റും ഗ്രൂപ്പെടുത്ത് പഠിച്ച ഒരുകൂട്ടം പേരായിരുന്നു ആ സുഹൃദ് സംഘത്തിലെ അംഗങ്ങൾ. എൻ‌ട്രൻസ് എഴുതി എൻ‌ജിനീയർ അല്ലെങ്കിൽ ഡോക്ടർ ആവുകയായിരുന്നു ഓരോരുത്തരുടേയും (വീട്ടുകാരുടെ) ആഗ്രഹം. നിർഭാഗ്യം കൊണ്ട് ശരീര ശാസ്ത്രത്തിൽ അപൂർവമായ അറിവുകൾ അക്കാലത്ത് ഞങ്ങളെല്ലാം നേടിയിരുന്നെങ്കിലും അന്ന് പ്രവേശന പരീക്ഷയെഴുതിയ ഞങ്ങളുടെ ബാച്ചിലെ ആരും വാതിൽ കടന്നില്ല. പലരും പിന്നീട് പലവഴിക്ക് തിരിഞ്ഞു. ഞാൻ ഡിഗ്രിക്ക് സുവോളജിയെടുത്തു. അവൻ ബോട്ടണിയും. ഒരേ കോളേജിൽ (വി.ടി.എം.എൻ.എസ്.എസ്) . അങ്ങനെ ഞാനും അവനും തമ്മിലുള്ള സൌഹൃദം അപ്പൊഴും തുടർന്നു. അവന്റെ അക്വേറിയത്തിൽ നിന്നും സാരിവാലികളെ വീട്ടിലേക്കും എന്റെ പൂന്തോട്ടത്തിൽ നിന്നും ക്രോട്ടണുകളെ അവന്റെ വീട്ടിലേക്കും ബാർട്ടർ ചെയ്തു. പുസ്തകങ്ങളും കമ്പിപ്പുസ്തകങ്ങളും കൈമാറി. ഒരിക്കൽ വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന ഒരു പൂച്ചക്കുഞ്ഞിനെ കൊണ്ടു ചെന്നപ്പോൾ എന്റെ വീട്ടിൽ കേറ്റാത്തതുകൊണ്ട് അവന്റെ വീട്ടിലേക്ക് പത്തു കിലോമീറ്റർ സൈക്കിൾ ചവുട്ടി. ചെറുവഴുതനകൊണ്ട് അവന്റെ അമ്മ വെയ്ക്കുന്ന കറികൂട്ടി ചോറുണ്ണാൻ ഇടയ്ക്കിടെ വീട്ടിൽ പോയി. ..എഴുതുന്ന പൊട്ടക്കഥകളും കവിതകളും അവനെക്കൊണ്ടു വായിപ്പിച്ചു അവന്റെ ഫിലോസഫികളെ തർക്കിച്ച് തോൽ‌പ്പിക്കാൻ പരിശ്രമിച്ചു.... അങ്ങനെയങ്ങനെ പൊതുവേ ദൃഢതയുള്ള സുഹൃദ് ബന്ധങ്ങൾ കുറവായ എനിക്ക് ഉണ്ടായിരുന്നതിൽ ഏറ്റവും നല്ല സുഹൃത്തായിരുന്നു അവൻ.

പക്ഷേ പെട്ടെന്നായിരുന്നു ഞങ്ങൾ തമ്മിൽ അകന്നത്. ഒരു ദിവസം അവൻ ഒരു ചിത്രവുമായി വന്നു. കാവിജുബ്ബയിട്ട കാടുപോലെ മുടിയുള്ള സായിബാബയുടെ ചിത്രം. ദൈവമാണ് അയാളെന്നും അവന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ബാബയുടെ ചിത്രം വെച്ച് പൂജിക്കുന്നുണ്ടെന്നും ദിവസവും ഭജനയുണ്ടെന്നും പറഞ്ഞു. എനിക്ക് മനുഷ്യദൈവങ്ങൾ തട്ടിപ്പുകാരാണെന്ന വിശ്വാസമാണ് അക്കാലത്തുതന്നെ ഉണ്ടായിരുന്നത്.അതിന് ഒരു കാരണവുമുണ്ട്. ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ കോളേജിനടുത്ത് ഒരു അമ്പലത്തിൽ ഒരു ദിവ്യസ്വാമി വന്നു താമസിക്കുന്നുണ്ടെന്ന് കേട്ട് ഞാനും അനിൽ എന്നൊരു സുഹൃത്തും ഒരു പായ്ക്കറ്റ് സിഗരറ്റും വാങ്ങി അവിടെ പോയിരുന്നു.അദ്ദേഹം ഭക്ഷണം കഴിക്കില്ല എന്നാണ് അവൻ പറഞ്ഞത്. പകരം പുള്ളി തുടർച്ചയായി സിഗരറ്റ് വലിക്കും. ഞങ്ങൾ പോയി കുറേ നേരം സ്വാമിയുടെ കാൽക്കൽ വായും പൊളിച്ചിരുന്നു. സ്വാമി കുറേ സിഗരറ്റ് വലിച്ചു.ഗീഥാ ശ്ലോകങ്ങൾ കാണാതെ പറഞ്ഞു.പോരാൻ നേരം എനിക്കും അവനും അന്തരീക്ഷത്തിൽ നിന്നും കുറച്ച് ഭസ്മമെടുത്തു തന്നു. ഞങ്ങൾ രണ്ടും ഒരുപോലെ അത്ഭുതപ്പെട്ടെങ്കിലും എനിക്ക് സ്വാമിയോടെന്തോ ഭക്തിയൊന്നും തോന്നിയില്ല. പക്ഷേ അനിൽ പിന്നീടും അവിടെപ്പോയി. അവൻ ഒരു രണ്ടാഴ്ചക്കാലം അയാളുടെ ശിഷ്യനായി അവിടെയുണ്ടായിരുന്നു. സ്വാമിക്ക് ആശ്രമം കെട്ടാൻ നാട്ടിൽ നിന്നും ചെറിയൊരു പിരിവും അവൻ നടത്തി. അങ്ങനെ ശിഷ്യഗണങ്ങളിൽ നിന്നൊക്കെ പത്തുപതിനായിരം രൂപ കിട്ടിയപ്പോൾ സ്വാമി മുങ്ങി. ഒടുവിൽ അനിലും മറ്റു ചില ശിഷ്യന്മാരും ചേർന്ന് കള്ളസ്വാമിയെ തപ്പിപ്പിടിച്ചു പണം തിരികെ വാങ്ങി.അതുകൊണ്ടാവും ദിവ്യന്മാരെയും മനുഷ്യദൈവങ്ങളേയും തട്ടിപ്പുകാരായിട്ടാണ് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്. അതുകൊണ്ടുതന്നെ എന്റെ ഈ സുഹൃത്ത് സായിബാബയെക്കുറിച്ച് സ്തുതി പാടാൻ തുടങ്ങിയപ്പോൾ ഞാൻ കളിയാക്കി.

വളരെ താമസിയാതെ അവൻ ഒരു അടിയുറച്ച സായി ഭക്തനായി. ട്യൂഷൻ ഫീസ് കൊടുക്കാൻ വീട്ടിൽ നിന്ന് വാങ്ങുന്ന കാശുകൊണ്ട് സായി ബാബയുടെ ചില്ലിട്ട ചിത്രങ്ങൾ വാങ്ങി. അവന്റെ സ്വകാര്യ പുസ്തക ശേഖരത്തിൽ സായിബുക്സ് മാത്രമായി. സായി ബാബയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ കൊണ്ട് അവന്റെ മുറിയുടെ ചുവരുകൾ മുഴുവൻ അലങ്കരിക്കപ്പെട്ടു. ഒരു ദിവസം എന്നെ അവൻ നിർബന്ധിച്ച് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ചിത്രത്തിൽ നിന്ന് വന്ന ധൂളിയും നെയ്യും കാണിക്കാനായിരുന്നു അത്. ചില്ലിട്ട ചിത്രം തുടയ്ക്കാത്തതുകൊണ്ട് ഗ്ലാസിൽ പറ്റിയിരിക്കുന്ന പൊടിയാണ് അതെന്നും വിളക്ക് കത്തിക്കുമ്പോൾ തെറിക്കുന്ന എണ്ണയാണ് അവൻ നെയ്യെന്ന് പറയുന്നതെന്നും ഞാൻ പറഞ്ഞെങ്കിലും അവൻ വിശ്വസിക്കാൻ തയാറല്ലായിരുന്നു. ക്രമേണ അവന്റെ യുക്തിബോധം ഇല്ലാതാകുന്നതും അടിയുറച്ച വിശ്വാസം അന്ധമായ വിശ്വാസമായി മാറുന്നതും ഞാൻ കണ്ടു. വളരെ നല്ല മാർക്കുവാങ്ങിയിരുന്ന അവൻ ക്ലാസിനു തന്നെ വരാതെയായി. സായി ബാബയെ പൂജിക്കുമ്പോൾ അവന് സായി ചൈതന്യമുണ്ടാകുമത്രേ. സായി ഭജനത്തിലൂടെ അവന് വരാൻ പോകുന്നതൊക്കെ കാണാൻ കഴിയുമെന്നും മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയുമെന്നും അവൻ വിശ്വസിച്ചു. പഠനം മുടങ്ങി. സായി ഭജനാലയങ്ങളിലും സേവാസമിതികളിലുമായി അവൻ സമയം കളഞ്ഞു. ഇടയ്ക്ക് വീട്ടിൽ ചെല്ലുമ്പോൾ അവന്റെ അമ്മ അവനിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ് എന്റെ മുന്നിലിരുന്നു കരഞ്ഞു. അങ്ങനെ ഞാൻ വീട്ടിലോട്ടും പോകാതെയായി.ഒരു ദിവസം അവന്റെ വീടിനടുത്തുള്ള ഒരു സുഹൃത്ത് പറഞ്ഞാണറിയുന്നത് അവൻ ആശുപത്രിയിലാണെന്ന്. ഞാൻ പോയി. താലൂക്കാശുപത്രിയിൽ ഒരു പേവാർഡ് മുറിയിൽ അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. അവന്റെ കട്ടിലിന്റെ ഒരരുകിലിരുന്ന് അവന്റെ അമ്മ എന്നെ കണ്ടതും കരച്ചിൽ തുടങ്ങി. എന്തിനാണ് അമ്മ കരയുന്നതെന്ന് അവന് മനസിലാകുന്നില്ല എന്നവൻ പറഞ്ഞു ചിരിച്ചു. തന്നെ വെറുതേ പിടിച്ച് അടച്ചിട്ടിരിക്കുകയാണ്. അമ്മയുടെ മനസിൽ ചെകുത്താൻ കയറിയിരിക്കുകയാണ്. ഞാൻ സായി ബാബയാണ്...അവൻ പുലമ്പിക്കൊണ്ടിരുന്നു.. എനിക്ക് എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയില്ലായിരുന്നു. അവന്റെ കീർത്തി ഏഴു ഭൂഖണ്ഡങ്ങളിലും ഉടൻ പരക്കുമെന്നും നെയ്യാറ്റിൻ‌കരയിൽ മറ്റൊരു പുട്ടപർത്തി ഉണ്ടാകുമെന്നും അവൻ പറഞ്ഞു. മാനസിക നില പൂർണമായും തെറ്റിയ അവനെക്കണ്ട് എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി. ഞാൻ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.
പുറത്ത് അവന്റെ അച്ഛനുണ്ടായിരുന്നു. അവന് മാനസികരോഗമാണ് മോനേ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞതാണ്.പക്ഷേ നാളെമുതൽ നാട്ടുകാർ അവനെ പ്രാന്തനെന്ന് വിളിക്കുമല്ലോ എന്നു കരുതി ഇവിടെ കൊണ്ടിട്ടിരിക്കുന്നതാണ്. അദ്ദേഹം എന്റെ കൈപിടിച്ച് വിങ്ങിപ്പൊട്ടി.അദ്ദേഹത്തിൽ നിന്നാണ് സംഭവിച്ചതെന്തെന്ന് ഞാനറിയുന്നത്. തലേന്ന് സായി പൂജ കഴിഞ്ഞ് അവൻ വീടുവിട്ടുപോയി. കളിയിക്കാവിളവരെ നടന്നു. അവിടെ ഏതോ ആലിന്റെ ചുവട്ടിൽ കുത്തിയിരുന്നുകൊണ്ട് താൻ സായി ബാബയാണെന്നും തനിക്ക് ഇവിടെ ആ‍ശ്രമം പണിഞ്ഞു തരണമെന്നും പറഞ്ഞുവത്രേ. അവനെ അറിയാവുന്ന യാത്രക്കാരിലാരോ വീട്ടിൽ വിവരമറിയിച്ചു.പക്ഷേ വീട്ടുകാർ അവിടെയെത്തുമ്പോഴേക്കും അവൻ അവിടെനിന്നും പോയിരുന്നു. ഒരു വീട്ടിൽ കയറിച്ചെന്ന് താൻ സായി ബാബയാണെന്നും ഈ വീട് തന്റെ ആശ്രമമാണെന്നും പറഞ്ഞുപോലും. ഏറെ പണിപ്പെട്ട് അവന്റെ യഥാർത്ഥപേരും വീടും ചോദിച്ചുമനസിലാക്കിയ ആ വീട്ടുകാർ അവനെ വീട്ടിലെത്തിക്കുകയായിരുന്നു.

അവന് പ്രാന്തുണ്ട് എന്ന് നാട്ടുകാർ പറയുമല്ലോ എന്ന് ഭയന്ന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സിച്ചു ഭേദമാക്കാം എന്ന അവന്റെ വീട്ടുകാരുടെ ആഗ്രഹം നടന്നില്ല. മനോരോഗ ചികിത്സതന്നെ വേണ്ടി വന്നു, അവനെ സാധാരണ നിലയിലെത്തിക്കാൻ. പിന്നീട് ഞാനവനെ കാണുമ്പോൾ മനസിനുള്ള മരുന്നുകളുടെ ശരീരത്തിലുള്ള പ്രതിപ്രവർത്തനം കൊണ്ട് അവൻ ഊതിവീർപ്പിച്ച ബലൂൺ പോലെ ആയിരുന്നു. പിന്നീടും അവൻ സായിഭക്തനായിത്തന്നെ തുടർന്നു. അച്ഛന്റെ മരണ ശേഷം അമ്മയും അവനും മാത്രമായപ്പോൾ അമ്മയുടെ നിർബന്ധം കാരണം അവൻ വിവാഹം കഴിച്ചു. അധികകാലം കഴിയും മുൻപ് അതും തകർന്നു. ഇപ്പോഴും അവനുണ്ട്.ഒറ്റയ്ക്ക്. അവന് എത്താമായിരുന്ന ഒരിടത്തും എത്താതെ..ഒരു തകർപ്പൻ തുടക്കത്തിനു ശേഷം പകുതിയിൽ തുടർച്ചയായി വിക്കറ്റുകൾ കൊഴിഞ്ഞുപോയ ഒരു ക്രിക്കറ്റ് കളിപോലെ അവന്റെ ജീവിതം.

ആരോഗ്യമുള്ള ഒരു മനസിനെ ചില ലൊടുക്കുമാജിക്കുകൾ കൊണ്ട് സായിബാബ എന്ന ഈ തട്ടിപ്പുകാരൻ തകർത്തുകളയുന്നത് ഞാൻ കണ്ടു. ഇത് വളരെ ചെറിയ ഒരുദാഹരണം മാത്രമാണെന്നെനിക്കറിയാം. ഈ മനുഷ്യൻ ദൈവമാണെന്നും അയാളുടെ പ്രവചനം സത്യമാണെന്നും ഒക്കെ സ്ഥാപിക്കാൻ പെടാപ്പാടുപെടുന്ന പഴയ വിപ്ലവകാരികളേയും ന്യായാധിപന്മാരെയും രാഷ്ട്രീയക്കാരെയും ഒക്കെ കാണുമ്പോൾ എനിക്ക് സഹതാപമാണ് തോന്നുന്നത്. സായിബാബ എന്ന രോഗത്തിന് അടിപ്പെട്ട് മാനസികാരോഗ്യം തകർന്നുപോയ നിസഹായരായ മനുഷ്യരാണവർ. എന്റെ മുന്നിൽ ഇയാൾ ഒരു കൊടും കുറ്റവാളിയാണ്. ഒരു സമൂഹത്തിലെ ആരോഗ്യമുള്ള മനസുകളിലേക്ക് വിദഗ്ദ്ധമായി നുഴഞ്ഞുകയറി യുക്തിബോധം നശിപ്പിച്ച് തകർത്തുകളയുന്ന ഒരു വൈറസിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹത്തിന്റെ എല്ലാ തട്ടിപ്പുകളും തകർത്തുകൊണ്ട് മരണം ആശ്രുപത്രിക്കിടക്കയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഐസിയുവിൽ കിടക്കാതെ വെന്റിലേറ്ററിൽ ശ്വസിക്കാതെ ഇരുന്ന ഇരുപ്പിന് ഹാർട്ടറ്റാക്ക് വന്നോ സ്ട്രോക്ക് വന്നോ ആണ് ഇയാൾ മരിച്ചിരുന്നതെങ്കിൽ ഇയാളുടെ രോഗാതുരമായ മനസുള്ള അനുയായികൾ കൂടുതൽ പേരിലേക്ക് കൂടുതൽ ശക്തിയോടെ സായിബാബ എന്ന രോഗം പരത്തിയേനെ.“മഹാ സമാധി” എന്ന് പീറപ്പത്രങ്ങൾ ആയിരം മടങ്ങ് ശക്തിയിൽ എഴുതിയേനെ. മരണമേ നിനക്ക് സ്തുതി. നീ മാത്രമേ സത്യം സത്യമായിട്ട് പുറത്തുകൊണ്ടുവരുന്നുള്ളു.

6 അഭിപ്രായങ്ങൾ:

 1. അജ്ഞാതന്‍2011, ഏപ്രിൽ 28 1:31 PM

  താങ്കളുടെ ഫ്രണ്ട്‌ തുലയാന്‍ തുനിഞ്ഞിറങ്ങിയനായിരുന്നു എന്നേയുള്ളു, സായിബാബക്കിതില്‍ പങ്കില്ല, ഇയാള്‍ ഇങ്ങിനെ ഒരു ഭക്തനാണെന്നു സായിബാബ അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ ഉപദേശിച്ചു ശരിയാക്കിയേനെ, അവണ്റ്റെ മാതാ പിതാക്കള്‍ അവനെ പുട്ടപര്‍ത്തിയില്‍ കൊണ്ടു പോയി ഈ പ്രശ്നം പറയണമായിരുന്നു, കേട്ടിടത്തോളം ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസനെപോലെ ഒരു കഥാപാത്രം ആയിരുന്നു സുഹ്ര്‍ത്‌, സായി അല്ലെങ്കില്‍ അമ്ര്‍താന്ദമയി അല്ലെങ്കില്‍ കേ പീ യോഹന്നാന്‍ എങ്ങിനെ എങ്കിലും അവന്‍ നശിക്കുമായിരുന്നു, സായിബാബ ദിവ്യന്‍ അല്ലായിരിക്കാം പക്ഷെ അയാളെക്കൊണ്ട്‌ നമുക്ക്‌ ഉപദ്രവം ഇല്ലായിരുന്നു, പുട്ടപര്‍ത്തിക്കാര്‍ക്കെങ്കിലും ഗുണം ആയിരുന്നു

  ഞാന്‍ സായിയുടെ ആളല്ല ഒരു മനുഷ്യ ദൈവത്തെയും തൊഴാന്‍ പോകാറുമില്ല അകാരണമായി താങ്കള്‍ സായിയെ വെറുക്കുന്നത്‌ തെറ്റാണെന്നു പറയുന്നു അത്രയെ ഉള്ളു

  മറുപടിഇല്ലാതാക്കൂ
 2. സായി നിറയെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നു എന്ന് വ്യക്തമായി അറിവുണ്ട്. അദ്ദേഹം ദൈവം ആണെന്ന് പറയുന്നതിനോട് യോജിച്ചിരുന്നില്ല.

  മറുപടിഇല്ലാതാക്കൂ
 3. ഈ മനുഷ്യൻ ദൈവമാണെന്നും അയാളുടെ പ്രവചനം സത്യമാണെന്നും ഒക്കെ സ്ഥാപിക്കാൻ പെടാപ്പാടുപെടുന്ന പഴയ വിപ്ലവകാരികളേയും ന്യായാധിപന്മാരെയും രാഷ്ട്രീയക്കാരെയും ഒക്കെ കാണുമ്പോൾ എനിക്ക് സഹതാപമാണ് തോന്നുന്നത്.

  Well said

  മറുപടിഇല്ലാതാക്കൂ
 4. A mainstream magazine sometime ago had done a cover story on the exploits of the Sathya Sai and the secret inner life in his palatial ashram. But that was a time when journalism still retained its sheen.
  The most-heard argument of Sathya Sai supporters is that he had done a lot of humanitarian aids. Even Red Cross has been doing as much. So why not make RED CROSS BABAs then?
  Besides, there's nothing godly in making a show of giving 'divine' peanuts to a few people (the needy still don't get anything and as far as i know devotees of all these mortal gods belong to affluent families and invariably harbour ulterior motives) after amassing filthy money by way of donations, claiming to be the saviour of the world. Pity the lowest common denominator (read the poor public) failt to recognise such exploiters.

  മറുപടിഇല്ലാതാക്കൂ
 5. He was a fake.. lived mocking and cheating innocent and feeble people..really it's a crime ! now, more truths are to come out !! Still there are more dying Gods out there !
  Hasan

  മറുപടിഇല്ലാതാക്കൂ