1/7/11

രക്താർബുദത്തിന് അത്ഭുതമരുന്നോ!!

ഇന്നലെ ശതമാനക്കണക്കുകൾ നിരാശപ്പെടുത്തിയ ദിവസമായിരുന്നു. 30 ശതമാനം എന്ന കുറഞ്ഞ സാധ്യതാ പ്രവചനം ശ്രവിച്ചുകൊണ്ട് ഒരു വലിയ യുദ്ധം വിജയിക്കുക എന്ന സ്വപ്നം കാണുന്നത് ഇത്തിരി കടുപ്പം തന്നെ. ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ വർഷം മാത്രമാണ് ആർ.സി.സിയിൽ തുടങ്ങിയത്. അതുകൊണ്ട് ആർ.സി.സിയിലെ അതിന്റെ വിജയ സാധ്യതയെക്കുറിച്ച് കൃത്യമായ കണക്കെടുപ്പ് അസാധ്യം. പക്ഷേ നിരാശയുടെ എത്രവലിയ ആഴക്കയത്തിലും മനുഷ്യൻ പ്രതീക്ഷയോടെ അന്ത്യശ്വാസം വരെ കൈകാലിട്ടടിക്കും. കിട്ടുന്നത് എത്രദുർബലമായ പിടിവള്ളിയാണെങ്കിലും അള്ളിപ്പിടിക്കുകയും ചെയ്യും.30 ശതമാനം സാധ്യതയൊന്നുമില്ലെങ്കിലും ഒരു ശതമാനമെങ്കിലും സാധ്യത അതിലും കാണില്ലേ എന്ന ഒരു വ്യാമോഹം കൊണ്ടുമാത്രം.അത്തരം ഒരു പിടിവള്ളി ഇന്നലത്തെ രാത്രിയെ പ്രകാശമുള്ളതാക്കി.

ശാരിക്കുവേണ്ടി ഇന്റർനെറ്റിൽ നടക്കുന്ന ധനസമാഹരണത്തെക്കുറിച്ച് ഹിന്ദുവിൽ എസ്.ആനന്ദൻ എഴുതിയ വാർത്ത വായിച്ച് ചങ്ങനാശേരിയിലെ ഡോ.സി.പി.മാത്യു ആനന്ദന് ഒരു കത്തയച്ചിരുന്നു. ശാരിയുടേതിന് സമാനമായ ഒരു കേസ് താൻ ചികിത്സിച്ച് മാറ്റിയിട്ടുണ്ടെന്നും ശാരിയുടെ അസുഖം പൂർണമായും ചികിത്സിച്ചുമാറ്റാൻ തനിക്കാവുമെന്നുമായിരുന്നുകത്ത്. കത്തിൽ അദ്ദേഹം ചികിത്സിച്ചു ഭേദമാക്കി എന്നവകാശപ്പെടുന്ന പെൺ‌കുട്ടിയുടെ പേരും ഫോൺ നമ്പരും ആർ.സി.സിയിലെ ഇൻ‌പേഷ്യന്റ് നമ്പരും വെച്ചിട്ടുണ്ടായിരുന്നു. അന്നു തന്നെ ആനന്ദൻ എനിക്ക് ആ കത്തിന്റെ വിവരങ്ങൾ അയച്ചു തന്നു. വള്ളിക്കുന്നം സ്വദേശിയായ റജീനയായിരുന്നു AML-Progressive Disease എന്ന് രോഗ നിർണയം നടത്തപ്പെട്ട് 23/3/2011 മുതൽ 28/3/2011 വരെ ആർ.സി.സിയിൽ ചികിത്സയിലിരുന്ന പെൺ‌കുട്ടി. ചികിത്സയില്ല എന്നതുകൊണ്ട് പാലിയേറ്റീവ് കെയർ വാർഡിലേക്ക് മാറ്റിയതിനു ശേഷം ആർ.സി.സിയിൽ നിന്നും അവരെ തിരിച്ചയയ്ക്കുകയായിരുന്നു എന്നും തന്റെ ചികിത്സകൊണ്ട് ആ പെൺ‌കുട്ടിയുടെ അസുഖം പൂർണമായും മാറി എന്നുമാണ് ഡോക്ടർ സി.പി.മാത്യു അവകാശപ്പെട്ടത്. ഞാൻ ആദ്യം റജീനയുടെ നമ്പരിൽ വിളിച്ചു. റജീനയുടെ മാമൻ ആണ് ഫോണെടുത്തത്. ഡോ.സി.പി.മാത്യു പറഞ്ഞ കാര്യങ്ങൾ പൂർണമായും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. റജീനയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ആംബുലൻസിലായിരുന്നു എന്നും ഡോക്ടർ മാത്യുവിന്റെ ചികിത്സകൊണ്ട് ഒരാഴ്ചകൊണ്ട് റജീനയ്ക്ക് എണീറ്റ് നടക്കാൻ കഴിയുന്ന അവസ്ഥയുണ്ടായി എന്നും പറഞ്ഞു. കൌണ്ടും പ്ലേറ്റ്ലെറ്റുമൊക്കെ വളരെ പെട്ടെന്ന് തന്നെ നോർമലായി മാറി എന്നും ഇപ്പോൾ റജീന കമ്പ്യൂട്ടർ ക്ലാസിനു പോകാൻ തയാറെടുക്കുകയാണെന്നുംപറഞ്ഞു. തുള്ളിമരുന്നുകൊണ്ടാണ് ചികിത്സയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ലാടവൈദ്യൻ എന്ന് വിധിയെഴുതി. പക്ഷേ പിന്നീടാലോചിച്ചപ്പോൾ ലാടവൈദ്യനായാലെന്ത്, മരണമാണ് അന്തിമചികിത്സ എന്ന് തിരികെ അയച്ച ഒരു രോഗിയെ ചികിത്സിച്ചു ഭേദമാക്കുന്നു എങ്കിൽ ആരായാലെന്ത് എന്ന് ചിന്തിച്ചു. പക്ഷേ റജീനയുടെ മാമൻ പറഞ്ഞതൊക്കെയും പൂർണമായും വിശ്വസിക്കാൻ മനസനുവദിച്ചില്ല. ഒരു പക്ഷേ ലാട വൈദ്യൻ തന്റെ ഏജന്റിനെ തനിക്കലുകൂലമായി സംസാരിക്കാൻ പഠിപ്പിച്ചു വിട്ടിട്ടുള്ളതാണെങ്കിലോ... വള്ളിക്കുന്നംസ്വദേശിയായ എന്റെ ക്ലാസ്‌മേറ്റ് അഡ്വ.രാജേഷിനെ വിളിച്ച് രജീനയുടെ കഥ ശരിയാണോ എന്നന്വേഷിക്കാൻ ആവശ്യപ്പെട്ടു. രാജേഷ് വള്ളിക്കുന്നത്ത് അന്വേഷിച്ച് റജീനയുടെ കഥ ശരിവെച്ചു. സംശയം കൌതുകത്തിലേക്ക് പകർന്നാട്ടം തുടങ്ങി..അന്വേഷണം വീണ്ടും തുടർന്നു. ആനന്ദൻ തന്ന നമ്പരിൽ ഡോക്ടർ മാത്യുവിനെ വിളിച്ചു. അദ്ദേഹം വളരെ സരളമായി സംസാരിച്ചു. രോഗവിവരങ്ങൾ പൂർണമായും ചോദിച്ചു മനസിലാക്കി. തനിക്ക് ശാരിയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാനാവുമെന്ന് ഡോക്ടർ അപ്പോഴും പറഞ്ഞു. എന്ത് മരുന്നാണ് സർ ഉപയോഗിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. സിദ്ധ ശാഖയിലുള്ള ഒരു മെഡിസിനാണെന്നും ആദ്യകാലങ്ങളിൽ അത് അലോപ്പതിക് മെഡിസിൻ ഉപയോഗിച്ചിരുന്നതാണെന്നും നേരിട്ടു വന്നാൽ വിശദമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് പോയി നോക്കിയാലോ എന്ന് മനസിൽ തോന്നിയെങ്കിലും എടുത്തു ചാടണ്ട എന്ന് മനസു പറഞ്ഞു. വിഷയം വൈദ്യമായതുകൊണ്ട് ബ്ലോഗിലൂടെ അത്യാവശ്യം പരിചയമുള്ള ഡോക്ടർ സൂരജിനെ വിളിച്ചു. സൂരജ് നേരത്തേ തന്നെ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷന്റെ കാര്യത്തിൽ താണ വിജയ ശതമാനത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. സൂരജിനോട് ഡോക്ടർ സി.പി.മാത്യുവിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം 99 % അത് ഫെയ്ക്ക് ആയിരിക്കും എന്ന് പറഞ്ഞു. ഞാൻ തർക്കിച്ചു അയാൾ ജെന്യൂൻ ആയിരിക്കാൻ 1 % സാധ്യതയുണ്ടെങ്കിൽ നമുക്കത് പ്രയോജനപ്പെടില്ലേ എന്ന് ചോദിച്ചു. എന്താണ് മരുന്ന് എന്ന് സൂരജ്... തുള്ളിമരുന്നാണെന്ന് പറഞ്ഞപ്പോൾ ഡോക്ടർ സൂരജ് ഒറ്റമൂലിപ്രയോഗത്തിലൊന്നും തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞു പിൻ‌വലിഞ്ഞു. ഞാൻ പറഞ്ഞു നമുക്ക് അന്വേഷിച്ചു നോക്കാം ഒരു പക്ഷേ അതിൽ വല്ല സത്യവുമുണ്ടെങ്കിലോ.. ഡോക്ടർ സി.പി.മാത്യു, എന്തായാലും റിട്ടയേഡ് പ്രൊഫസർ ഓഫ് ഓങ്കോളജി ആണ്.ഒരുപക്ഷേ അനുപമമായ ഒരു ജീവൻ രക്ഷാ മരുന്ന് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടെങ്കിൽ അത് അന്വേഷിക്കാത്തതുകൊണ്ട് കണ്ടെത്താതെ പോകണ്ടല്ലോ ഒന്നന്വേഷിക്കാമോ എന്ന് ചോദിച്ചു. നോക്കാം എന്ന് സൂരജ്. ഞാൻ ഡോക്ടർ സി.പി മാത്യുവിന്റെ നമ്പർ അയച്ചു കൊടുത്തു.

അന്ന് രാത്രിയിൽ അനിലിനെ ചങ്ങനാശേരി എസ്.ബി.കോളേജിലെ ലക്ചറർ ഡി.ജെ.തോമസ് വിളിച്ച് സംസാരിച്ചിരുന്നു. തന്റെ സഹോദരന് കാൻസർ ഉണ്ടായിരുന്നു എന്നും പലേടത്തും ചികിത്സിച്ചിട്ടും സുഖപ്പെടാതിരുന്ന രോഗം ഡോക്ടർ സി.പി.മാത്യു ചികിത്സിച്ച് ഭേദമാക്കി എന്നും പറഞ്ഞു.ഡോക്ടർ സി.പി.മാത്യുവിനെ കാണുന്നതാവും ശാരിക്കും നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു.ചങ്ങനാശേരിക്ക് വന്നാൽ ഡോക്ടറുടെ അടുത്തേക്ക് താൻ കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ഡോക്ടർ സൂരജ് അദ്ദേഹത്തെ വിളിച്ച ശേഷം എനിക്ക് ഒരു മെസേജ് അയച്ചു. ഞാൻ അദ്ദേഹവുമായി സംസാരിച്ചു.വൈകുന്നേരം വിളിക്കാം എന്നായിരുന്നു അത്. ഞാനിന്നലെ ശാരിയുടെ മജ്ജമാറ്റിവെയ്ക്കലിന്റെ സാധ്യതകളെക്കുറിച്ചന്വേഷിക്കാൻ ഡോക്ടർ ശ്രുതിയെ കണ്ട് സംസാരിച്ച കൂട്ടത്തിൽ ഡോക്ടർ സി.പി മാത്യുവിന്റെ കാര്യവും പറഞ്ഞു. ഡോക്ടർ ശ്രുതി വളരെ തുറന്ന മനസോടെയായിരുന്നു കാര്യങ്ങളെ സമീപിച്ചത്. അലോപ്പതിയിൽ ഈ രോഗത്തിന് പൂർണമായ ചികിത്സ ഇല്ല എന്നും ആയുർവേദത്തിലും സിദ്ധയിലും മറ്റും മരുന്നുണ്ടെന്ന് പറഞ്ഞ് രോഗികൾ തങ്ങളെ സമീപിക്കാറുണ്ടെന്നും അവർ പറഞ്ഞു. ഒരു ബ്ലൈൻഡ് എൻഡിൽ നിൽക്കുന്നതുകൊണ്ട് ഒരു വഴികളെയും നിരാശപ്പെടുത്താറില്ല എന്ന് അവർ പറഞ്ഞു. ശാരിയെ ഇന്നലെ ഡിസ്‌ചാർജ്ജ് ചെയ്തതുകൊണ്ട് അടുത്ത തവണ ആർ.സി.സിയിൽ വരുന്നതു വരെയുള്ള ഇടവേളയിൽ ഡോക്ടർ സി.പി.മാത്യുവിനെ കണ്ട് മരുന്നു കഴിക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ഞാൻ ചോദിച്ചു. ബോൺ മാരോ ചെയ്യുന്നില്ലെങ്കിൽ ചെയ്യാം എന്ന് ഡോക്ടർ... ബോൺ മാരോ ചെയ്യുക എന്ന സാധ്യത നിലനിർത്തിക്കൊണ്ട് ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ...എന്തായാലും ബോൺ മാരോ ചെയ്യാൻ 3 മാസത്തോളമുണ്ടല്ലോ ഡോക്ടർ മാത്യുവിന്റെ ചികിത്സ ഫലിക്കുന്നില്ലെങ്കിൽ ബോൺ‌മാരോ എന്ന പ്രതിവിധി നോക്കാമല്ലോ എന്ന് ഞാൻ.. കുഴപ്പമില്ല നോക്കിക്കോളൂ എന്ന് ഡോക്ടർ പറഞ്ഞു..

പുറത്തിറങ്ങി ഞാനും അനിലും ഡോക്ടർ സി.പി.മാത്യുവിനെ വിളിച്ചു. ശാരിയെ ഡിസ്‌ചാർജ് ചെയ്തു എന്ന് പറഞ്ഞു. എന്നാൽ ഇങ്ങോട്ട് തിരിച്ചോളൂ എന്ന് അദ്ദേഹം. ശാരിക്ക് ചങ്ങനാശേരിവരെയുള്ള യാത്ര ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞപ്പോൾ എല്ലാ റിപ്പോർട്ടുകളുമായി നിങ്ങൾ വന്നാൽ മതി എന്നദ്ദേഹം പറഞ്ഞു.ശരി എന്ന് ഫോൺ വെച്ചു. സമയം ഏതാണ്ട് രണ്ടര കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തുനിന്ന് ചങ്ങനാശേരിവരെ പോയി തിരിച്ചുവരുമ്പോൾ ഒരുപാട് വൈകും എന്നതിനാൽ യാത്ര ഇന്ന് രാവിലേ ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ച് ഡോക്ടറെ തിരികെ വിളിച്ചു. ഇന്ന് തന്നെ വരണം എന്ന് ഡോക്ടർ കടും‌പിടുത്തം പിടിച്ചു. ഞാൻ എന്റെ സുഹൃത്തായ കിഷോറിനെ വിളിച്ച് ഒരു കാർ അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു. തന്റെ വണ്ടിയിൽ തന്നെ പോകാമെന്ന് കിഷോർ പറഞ്ഞു.അങ്ങനെ സന്ധ്യയോടെ ഞങ്ങൾ ചങ്ങനാശേരിക്ക് തിരിച്ചു.അനിൽ,കിഷോർ,ബൈജു, ഞാൻ..മൂന്ന് വക്കീലന്മാരും ഒരു എക്സ് വക്കീലും..:) .

ചങ്ങനാശേരിയിലെത്തി ഡി.ജെ.തോമസിനെ കാത്ത് നിൽക്കുമ്പോൾ ഡോക്ടർ സൂരജിന്റെ കാൾ വന്നു. ഡോക്ടർ സി.പി.മാത്യുവിനെ വിളിച്ചിരുന്നു , അദ്ദേഹം ഉപയോഗിക്കുന്നത് ആർസെനിക്ക് എന്ന മരുന്നാണ് എന്ന് പറഞ്ഞു. ആർസെനിക്ക് പണ്ടുകാലം മുതൽ അലോപ്പതിക് ചികിത്സയിൽ ഉപയോഗിച്ചു വന്നിരുന്നതാണെന്നും സിഫിലിസിനായിരുന്നു സാധാരണ ഉപയോഗിച്ചിരുന്നതെന്നും ലുക്കീമിയക്കും ആർസെനിക് ഉപയോഗിച്ചിരുന്നതായി ഇന്റർനെറ്റിൽ തപ്പിയപ്പോൾ കാണുന്നു എന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോൾ ആർസെനിക് ഉപയോഗിക്കാത്തതെന്ന് അറിയില്ല എന്നും സി.പി.മാത്യുവിനോട് സംസാരിച്ചതിൽ വെച്ച് ആൾ എന്തായാലും ഒരു ഫ്രോഡാവാനുള്ള സാധ്യത താൻ കാണുന്നില്ലെന്നും ഡോക്ടർ സൂരജ് പറഞ്ഞു. മറ്റു പോംവഴികളൊന്നും അലോപ്പതിക്ക് നിർദ്ദേശിക്കാനില്ലാത്ത സ്ഥിതിക്ക് ഡോക്ടർ സി.പി.മാത്യുവിന്റെ മരുന്ന് കഴിച്ചു നോക്കുന്നതിൽ തെറ്റില്ലെന്നും സൂരജ് പറഞ്ഞപ്പോൾ ബലം ഒന്നുകൂടി.. ഡി.ജെ തോമസ് ഞങ്ങൾ വഴികാട്ടാനെത്തി മെയിൻ‌റോഡിൽ നിന്ന് ഊടുവഴികളിലൂടെ ഡോക്ടർ സി.പി.മാത്യുവിന്റെ ഒറ്റപ്പെട്ട വീട്ടിലേക്ക്..സമയം രാത്രി ഒൻപതര. പഴുക്കെ നരച്ച് എൺപത് എൺപത്തഞ്ചുള്ള വെളുത്തു കൊലുന്ന ഒരു വൃദ്ധൻ ഇറങ്ങി വന്നു. ലാടവൈദ്യന്മാർക്ക് ചേരാത്ത രൂപം :)

അനിൽ എ മുതൽ ഇസഡ് വരെ വള്ളിപുള്ളി തെറ്റാതെ ശാരിയുടെ രോഗവിവരങ്ങൾ പറഞ്ഞു. ഡോക്ടർ എല്ലാം വിശദമായി കേട്ടു. ഇത്രയും കുഴഞ്ഞുമറിഞ്ഞ രീതിയിലുള്ള ഒരു കേസ് താൻ ആദ്യമായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരു പക്ഷേ ഇത്തരം കോമ്പ്ലിക്കേറ്റഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് തന്നെ സംശയമാണെന്ന് പറഞ്ഞു. ശാരിയുടെ വലതു വശത്തെ ഒരു ഓവറി എടുത്തു കളഞ്ഞിരുന്നു. അതു പറഞ്ഞപ്പോൾ ഡോക്ടർ ചോദിച്ച ചോദ്യം ചികിത്സകന് ചികിത്സയെക്കുറിച്ചുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് എനിക്ക് തോന്നി. “നിങ്ങൾക്ക് കുട്ടികളുണ്ടോ?“.

ഏതാണ്ട് രണ്ടുമണിക്കൂർ ഞങ്ങൾ സംസാരിച്ചു. ആർസെനിക് എന്ന മരുന്നാണ് താൻ ചികിത്സക്കായി ഉപയോഗിക്കുന്നതെന്നും അലോപ്പതി ഒരു കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു. താൻ 25 വർഷമായി ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തുന്നുണ്ടെന്നും വളരെ വേഗം മരുന്ന് റെസ്പോണ്ട് ചെയ്യുന്നതായി കാണുന്നു എന്നും പറഞ്ഞു.സ്വാഭാവികമായി ഉണ്ടാകുന്ന സംശയങ്ങൾ ഞാൻ ചോദിച്ചു. 25 വർഷമായി കാൻസറിന് ഒരു മരുന്നുപയോഗിച്ച് സുഖപ്പെടുത്തുന്നു എങ്കിൽ എന്തുകൊണ്ട് അത് ഇതുവരെ പുറം ലോകം അറിഞ്ഞില്ല. പാലിയേറ്റീവ് കെയർ കൊടുത്ത് തിരിച്ചയക്കുന്ന രോഗികൾക്ക് ആർ.സി.സിയിലെ ഡോക്ടർമാർ എന്തുകൊണ്ട് ഈ മരുന്ന് ഉപയോഗിച്ച് ചികിത്സ നൽകുന്നില്ല? അതിന്റെ പിന്നിലുള്ള കളികളൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം പറയുന്നു. താൻ ധാരാളം അലോപ്പതിക് ഡോക്ടർമാരൊട് സിദ്ധവൈദ്യത്തിൽ കാൻസറിന് മരുന്ന് ഉള്ളവിവരവും ഈ മരുന്നിന്റെ പ്രവർത്തനക്ഷമതയെപ്പറ്റിയും പറഞ്ഞിട്ടും എഴുതിയിട്ടും ഒന്നും ആരും ചെവിക്കൊള്ളുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ആർ.സി.സിയിൽ നിന്ന് തിരിച്ചയച്ച റജീനയുടെ കേസിൽ താൻ അസുഖം പൂർണമായും ചികിത്സിച്ചു ഭേദമാക്കിയ വിവരം കാണിച്ച് ആർ.സി.സി.ഡയറക്ടർക്ക് എഴുതിയ കത്തിന്റെ കോപ്പി എന്നെ കാണിച്ചു. അതിന്റെ പൂർണ രൂപം ഇങ്ങനെയാണ് *.

Dr.C.P.Mathew MS,DMR Ph:0481-2320224
(Retd.Prof.of Oncology) (M)9447397321
Chirackadavil Website:www.drmathewscancercure.org
Thuruthy P.O Emai:drmathewscancercure@gmail.com
Changanachery-686535

To
The Director
Regional Cancer Centre
Trivandrum

Sir,
Sub:Dumping pts to palliative ward reg.
Ref:Pt Rejeena - aged 18 Cr. No.112046
DOA-24-2-2011
DOD-28-3-2011

Above pt is under my treatment from 6-4-2011. She was diagnosed as AML progressive disease and discharged from palliative ward of your institution on 28-03-11 in a moribund condition. She consulted me on 6-4-11. I started her on some simple drugs in the alternative system. Now she has recovered almost completely.Her blood count has become normal.Her haemogram report is attached.

This is not the 1st time I have had such experience. I have salvaged many many patients declared incurable by allopathic system, by using simple drugs in the alternative system. Please note that allopathy is not the last word in healing. When allopathy fails why not try other systems? Declaring a pt incurable and dumping him or her in to palliative ward is sheer cruelty. If you are interested I am prepared to share with you my experience in the field of alternative medicine in the treatment of cancer.

Yours faithfully


Copy to
1.Head, Medical oncology Dept.RCC
2.Editor, The Hindu With C/L

*സ്കാൻ ചെയ്തിടാനുള്ള സൌകര്യമില്ലാത്തതുകൊണ്ടാണ് ഇത് ടൈപ്പ് ചെയ്തിട്ടത്.

താൻ റിട്ടയർ ചെയ്യുന്നതിനും നാലുവർഷം മുൻപാണ് സിദ്ധവൈദ്യത്തിലെ കാൻസർ ചികിത്സാവിധിയെക്കുറിച്ച് പഠിക്കാനിടയാകുന്നതെന്നും അതിനുശേഷം മൂവായിരത്തോളം കാൻസർ രോഗികളെ താൻ ചികിത്സിച്ചിട്ടുണ്ടെന്നും ഡോക്ടർ സി.പി.മാത്യു പറയുന്നു. കാൻസർ ചികിത്സയിൽ അലോപ്പതിയുടെ മനം‌മടുപ്പിക്കുന്ന പരാജയം കണ്ട് സഹികെട്ടാണ് മറ്റേതെങ്കിലും ചികിത്സാവിധിയിൽ കാൻസർ പൂർണമായും സുഖപ്പെടുത്തുന്നുണ്ടോ എന്ന് അന്വേഷിച്ചത്. ഒരു ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ ഇരിക്കുമ്പോൾ ഒരു രോഗി വന്ന് കാൻസർ ചികിത്സിച്ച് സുഖപ്പെടുത്തുന്ന ഒരു വൈദ്യനെക്കുറിച്ച് പറഞ്ഞപ്പോൾ അയാളെയും കാറിൽ കയറ്റി വൈദ്യനെ അന്വേഷിച്ചു പോകുകയായിരുന്നത്രെ. വൈദ്യനെ കണ്ടെത്തുകയും രോഗി പറഞ്ഞത് സത്യമാണെന്ന് മനസിലാവുകയും ചെയ്തെങ്കിലും മരുന്ന് ഏതാണെന്ന് വെളിപ്പെടുത്താൻ വൈദ്യൻ വിസമ്മതിക്കുകയായിരുന്നത്രേ.. ഏറെ നാൾ പിന്നാലെ നടന്നുള്ള ചോദ്യത്തിനുശേഷം വൈദ്യൻ മൺ പാത്രത്തിൽ ഉരച്ചു നൽകുന്ന ഉരമരുന്ന് കാണിച്ചുകൊടുത്തു. പക്ഷേ എന്തൊക്കെയാണ് അതിലെന്നറിയാനുള്ള ശ്രമങ്ങൾ ഏറെ നാൾ പിന്നെയും പരാജയപ്പെട്ടു. ഒടുവിൽ വൈദ്യൻ ഉരച്ചു നൽകിയ പാത്രത്തിൽ പറ്റിയിരിപ്പുള്ള സാമഗ്രി നവപാഷാണമാണെന്ന് ഒരു സിദ്ധവൈദ്യൻ പറഞ്ഞുകൊടുക്കുകയായിരുന്നത്രേ. ആർസെനിക്കും മെർക്കുറിയുമാണ് നവപാഷാണത്തിലെ പ്രധാന ഘടകങ്ങൾ. അങ്ങനെയാണ് അർസെനിക് എന്ന ഘനലോഹം കാൻസർ ചികിത്സയിൽ ഫലപ്രദമാണെന്ന് തിരിച്ചറിയുന്നതും അതുപയോഗിച്ചുള്ള ചികിത്സ താൻ നടത്തിപ്പോരുന്നതും എന്ന് ഡോക്ടർ സി.പി.മാത്യു പറയുന്നു. ആർസെനിക് ഉപയോഗിച്ചുള്ള ചികിത്സ നാലാം ദിവസം മുതൽ ഫലം കണ്ടു തുടങ്ങുമെന്ന് ഡോക്ടർ അവകാശപ്പെടുന്നു.

ശാരിക്ക് ഒരു ബോട്ടിൽ മരുന്ന് അദ്ദേഹം അനിലിനെ എല്പിച്ചു.ഏതാനും ആയുർവേദ മരുന്നുകൾ എഴുതി നൽകുകയും ചെയ്തു. കാശ് വാങ്ങിയല്ല താൻ ചികിത്സ നടത്തുന്നത് എന്നതുകൊണ്ട് മൂന്നു രൂപ വിലയുള്ള ഈ മരുന്ന് സൌജന്യമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു നേരം അഞ്ചു തുള്ളി വീതം വെള്ളത്തിൽ ഒഴിച്ച് കഴിക്കണം നാലു ദിവസത്തിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ കൌണ്ടും പ്ലേറ്റ്ലെറ്റും ചെക്ക് ചെയ്യണമെന്നും രോഗം മാറുന്നതിന്റെ ലക്ഷണങ്ങൾ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ രാത്രി പതിനൊന്നരക്ക് ഡോക്ടർ സി.പി.മാത്യുവിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ നല്ല മഴ. ഡോക്ടറുടെ സംസാരമുണ്ടാക്കിയ ശുഭപ്രതീക്ഷയിൽ മനസിന് ഒരു സന്തോഷമൊക്കെ തോന്നുന്നുണ്ടായിരുന്നു.രോഗം മാറും .. ഡോക്ടർ ഉറപ്പ് പറയുന്നു.. വെളുപ്പിന് അഞ്ചരക്ക് തിരികെ വീട്ടിലെത്തിയപ്പോൾ ആദ്യം ചെയ്തത് ആർ.സി.സിയിലെ ഡോക്ടർ ശ്രുതിയുമായി സംസാരിച്ച വിവരങ്ങൾ കിരണിന്റെ ബസിലും സ്പ്രെഡ് ഷീറ്റിലും അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു. ഉറങ്ങി എണീറ്റപ്പോൾ ഡോക്ടർ സൂരജിനെ വിളിച്ചു. സൂരജ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിലുണ്ടായിരുന്നു. ആർസെനിക് എന്ന മരുന്ന് സിദ്ധവൈദ്യത്തിന്റെ കണ്ടുപിടിത്തമല്ലെന്ന് സൂരജ്..ആരുടെ കണ്ടുപിടുത്തമായാലും രോഗം മാറ്റിയാൽ മതിയെന്ന് ഞാൻ :) കാൻസർ ചികിത്സയിൽ ആർസെനിക് പ്രയോജനപ്രദമാണെന്ന് സൂചിപ്പിക്കുന്ന ധാരാളം ഗവേഷണപ്രബന്ധങ്ങൾ ഇന്റെർനെറ്റിലുണ്ടെന്നും ഡോ.സൂരജ് പറഞ്ഞു.പിന്നെന്തുകൊണ്ട് ആർ.സി.സിയിലെ ഡോക്ടർമാർ ഇതൊന്നു കാണുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

നെറ്റിൽ തപ്പിക്കിട്ടിയ ചിലത്:
ലിങ്ക് -1
ലിങ്ക്-൨
ലിങ്ക്-3

അനുബന്ധങ്ങൾ
൧. കാളിയമ്പിയുടെ ബസ്
൨.ഡോക്ടർ സി.പി.മാത്യുവിനെക്കുറിച്ചുള്ള അമ്പിയുടെ ഒരു കുറിപ്പ്
൩.ഡോക്ടർ സി.പി.മാത്യുവിന്റെ വെബ് സൈറ്റ്
4.യാത്രാമൊഴിയുടെ പോസ്റ്റ്

36 അഭിപ്രായങ്ങൾ:

 1. കൗതുകവും അദ്ഭുതവുമുണർത്തുന്ന ചലനങ്ങൾ, വർത്തമാനങ്ങൾ,യാത്രകൾ.ഒരു പക്ഷേ ശാരി ഒരു നിയോഗമാവാം.പലതിന്റെയും..!

  മറുപടിഇല്ലാതാക്കൂ
 2. അത്ഭുതം തോന്നുന്നു.ഇതൊക്കെ വായിക്കുമ്പോള്‍.മുകളില്‍ കിരണ്‍ പറഞ്ഞത് പോലെ ശാരി ഒരു നിയോഗമായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 3. Its the first time I read such a lenghty post completely.

  Athe. Ithoru Niyogamaavaam, Palathinteyum..!

  "A father Prays. A Child Hopes.. big miracles can happen.." (Evideyo vaayicha Orma.)

  മറുപടിഇല്ലാതാക്കൂ
 4. പൊയ്‌മുഖം said...Its the first time I read such a lengthy post completely. സനലിന്റെ ആദ്യ കുറിപ്പോടെ അത് ഞാനും ശീലിച്ചു തുടങ്ങി :)

  മറുപടിഇല്ലാതാക്കൂ
 5. നല്ല പ്രതീക്ഷ നല്കുന്ന പോസ്റ്റ്..., പ്രാർത്ഥിക്കാം നമുക്ക്....

  മറുപടിഇല്ലാതാക്കൂ
 6. ഈ പോസ്റ്റ്‌ ശരിക്കും അത്ഭുതമുനര്തുന്നത് തന്നെ ആണ്.

  കിരണ്‍ പറഞ്ഞത് പോലെ, ശാരി ഒരു ഒരു നിയോഗമായിരിക്കും .. നമുക്ക് പ്രാര്‍ത്ഥിക്കാം ..

  മറുപടിഇല്ലാതാക്കൂ
 7. ഒത്തിരി പ്രതീക്ഷകള്‍ നല്‍കുന്ന പോസ്റ്റ്!

  മറുപടിഇല്ലാതാക്കൂ
 8. I was trying to get some more information about it and some of the top medical journals in US (NEJM)has reported the use of arsenic in treating a special kind of lukemia called acute promyelocytic leukemia. Let us pray and hope that this will work and Anil will get his wife and that adorable beautful daughter will have her mom back..

  മറുപടിഇല്ലാതാക്കൂ
 9. രക്താര്‍ബുദം എന്നു പ്രയോഗിക്കുമ്പോള്‍ നിരവധി ക്ലിനിക്കല്‍/ബയോളജിക്കല്‍ ടൈപ്പ് ക്യാന്സറുകളെ ആണു സൂചിപ്പിക്കുന്നത്.
  ശാരി എന്ന പേഷ്യന്റിന്റെ ക്യാൻസർ ഏത് ക്ലിനിക്കൽ/ബയോളജിക്കൽ ടൈപ്പ് ആണെന്ന് എനിക്കറിയില്ല. സ്കാൻ ചെയ്തിട്ടിരുന്ന മെഡിക്കൽ റിപ്പോർട്ട് റെസലൂഷൻ കുറവായതുകാരണം ഒന്നും ക്ലിയർ അല്ല. Acute Myeloid Leukemia (AML) ആണെന്ന് പറയുന്നു. അതിൽ തന്നെ പല ടൈപ്പുകൾ ഉണ്ട്. അതിൽ ഒരു ടൈപ്പ് ആണു Acute Promyelocytic Leukema (APL). ഒരു പ്രത്യേക Chromosomal translocation മൂലം, രണ്ട് ജീനുകളുടെ ഭാഗങ്ങൾ തമ്മിൽ കൂടിച്ചേർന്ന് ഒരു ഫ്യൂഷൻ (ഹൈബ്രിഡ്, PML-RARalpha ) പ്രോട്ടീൻ ഉണ്ടാകുന്നതാണു എ.പി.എലിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇത് പി.സി.ആർ പോലെ ഉള്ള ടെക്നിക് ഉപയോഗിച്ച് കൺഫേം ചെയ്യാവുന്നതാണു. APL ടൈപ്പ് ലുക്കീമിയ ആണു ഇതുവരെ Arsenic trioxide (ATO) എന്ന ആർസെനിക് കോമ്പൗണ്ട് ഉപയോഗിച്ച് കുറച്ചെങ്കിലും വിജയകരമായി ചികിൽസിക്കാമെന്ന് തെളിയിച്ചിട്ടുള്ളത്.

  മൾട്ടിപ്പിൾ മയലോമ എന്ന മറ്റൊരു രക്താർബുദത്തിന്റെ രണ്ട് ക്ലിനിക്കൽ ട്രയൽ കഴിഞ്ഞതായി കാണുന്നുണ്ട് (clinicaltrails.gov). അത് ആർസെനിക് ഉൾപ്പെടെയുള്ള വിവിധ ഡ്രഗ്ഗുകളുടെ കോമ്പിനേഷൻ ആണു(ATO, Melphalan, Ascorbic Acid,Velcade ). ഇതിൽ ATO, Melphalan, Ascorbic Acid കോമ്പിനേഷൻ നൽകിയപ്പോൾ 48 പേഷ്യന്റ്സിൽ 11 പേർ പൂർണ്ണമായും റെസ്പോണ്ട് ചെയ്തതായി പറയുന്നു.

  ചുരുക്കത്തിൽ എല്ലാ രക്താർബുദത്തിനും അല്ലെങ്കിൽ എല്ലാ ക്യാൻസറിനും ഉള്ള അൽഭുതമരുന്നല്ല ആർസെനിക്. അതുകൊണ്ട് തന്നെ എതെങ്കിലും പൊളിറ്റിക്സ് കൊണ്ടാണു ആർസെനിക് പ്രിസ്ക്രൈബ് ചെയ്യാതെ പോകുന്നത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല.

  പേഷ്യന്റിന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥ വെച്ച് ആർസെനിക് ട്രീറ്റ്മെന്റ് ട്രൈ ചെയ്യാൻ തീരുമാനിച്ചാൽ അൽഭുതമില്ല. മറ്റ് തട്ടിപ്പുകളെ അപേക്ഷിച്ച് അറ്റ്ലീസ്റ്റ് കുറച്ചെങ്കിലും പോസിറ്റിവ് എവിഡൻസ് ഉണ്ട്. കൃത്യമായ ഡയഗ്നോസിസിന്റെ പിൻബലത്തോട് കൂടിയാണെങ്കിൽ വിജയസാധ്യത കൂടുമെന്ന് കരുതാമെന്ന് മാത്രം.

  വിഷ് ദെം ഗുഡ് ലക്.

  മറുപടിഇല്ലാതാക്കൂ
 10. സീ പീ മാത്യു സാർ എന്റെ ഗുരുവാണ്. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ഞങ്ങളുടെ എച് ഓ ഡീ ആയിരുന്നു. സാറു ലാടവൈദ്യനൊന്നുമല്ല. കോട്ടയം മെഡിക്കൽ കോളേജിന്റെ മെഡിക്കൽ സൂപ്രണ്ട് ആയിരുന്നു. സർജറിയിൽ ബിരിദാനന്തര ബിരുദവും റേഡിയോതെറാപ്പിയിൽ ഡിപ്ലോമയുമിള്ള അദ്ദേഹം ലോകമറിയപ്പെടുന്ന ചികിത്സകനാണ്

  കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ വകുപ്പ് തലവനായിരുന്നു. ഈ പ്രത്യേക കാര്യത്തിനു സിദ്ധ ആയൂർവേദ മരുന്നുകൾ കൊടുക്കുന്നുവെങ്കിലും സാധാരണ കീമോ, റേഡിയേഷൻ ചികിത്സകളും സാറു നൽകിവരാറുണ്ട്. ബ്രാക്കി തെറാപ്പിയിൽ (സൂചിവച്ചുള്ള റേഡിയേഷൻ ചികിത്സ) അഗ്രഗണ്യനാണ്. അദ്ദേഹം ഒരു നാൽപ്പതു കൊല്ലമൊക്കെ മുൻപു ചെയ്തു എന്നു പറഞ്ഞിട്ടുള്ള ടെക്നിക്കുകൾ ഇപ്പൊ ഏറ്റവും വലിയ ടെക്നോളജിയായി വരുന്നതിനെപ്പറ്റിയൊക്കെ ഞങ്ങൾ അത്ഭുതം വിചാരിച്ചിട്ടുണ്ട്. ചികിത്സയിൽ ലോകത്തുതന്നെ ആദ്യമായി പുതിയ രീതികൾ സാറു തുടങ്ങിവയ്ക്കുകയും പിന്നെ അത് സ്റ്റാന്റേഡ് റെജീം ആയി മാറുകയും ചെയ്തിട്ടുണ്ട്. ഗർഭാശയ ഗള കാൻസറിൽ റേഡിയേഷൻ ചികിത്സയോടൊപ്പം കീമോ ഉപയോഗിയ്ക്കുന്നത് അതിലൊന്നാണ്.(ഇതൊക്കെ സായിപ്പു ചെയ്യുമ്പോഴേ പേറ്റന്റു വരാറൂള്ളൂ)

  എന്റെ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തിനു ഏ എം എൽ എന്ന അസുഖത്തിനു സാറു ചികിത്സിച്ചതാണ്. (സാറിന്റെ തന്നെ സ്റ്റുഡന്റ് ആയിരുന്നു.എന്റെ കൂടെ ക്ലാസിൽ പഠിച്ചതാണ് .സാറുതന്നെ ചികിത്സിച്ചാൽ മതി എന്ന് അവൾ തന്നെ തീരുമാനിച്ചതായിരുന്നു). അവൾ ഏതാണ്ട് ഒരുകൊല്ലത്തോളം സാറിന്റെ ചികിത്സയിലായിരുന്നു.സാറിന്റെ ചികിത്സയോടൊപ്പം തന്നെ കീമോതെറാപ്പിയും ഉപയോഗിച്ചിരുന്നു. വെല്ലൂരിലും ആർ സീ സീയിലും ചികിത്സ പാരലൽ ആയിത്തന്നെ സാറിന്റെ ഉപദേശപ്രകാരം നടത്തിയിരുന്നു. ദൗർഭാഗ്യവശാൽ ഭേദപ്പെടുത്താൻ കഴിഞ്ഞില്ല.പക്ഷേ ജീവിച്ചിരുന്ന സമയമത്രയും അവളുടെ ക്വാളിറ്റി ഓഫ് ലൈഫ് എന്നത് അതേ രോഗമുള്ള സാധാരണ രോഗികളേക്കാൾ വളരെയേറെ ഭേദപ്പെട്ടതായിരുന്നു എന്ന് തീർച്ചയായും പറയാം. അതിനു കാരണം സാറിന്റെ മരുന്നുകളായിരുന്നു.

  ആർസെനിക് അടങ്ങിയ സിദ്ധ മരുന്നുകളോടൊപ്പം സാറവൾക്ക് ആയൂർവേദ മരുന്നുകളും നൽകിയിരുന്നു. സിദ്ധ മരുന്നിന്റെ ആദ്യ ഡോസിൽ തന്നെ രക്തപരിശോധനയിൽ നല്ല വ്യത്യാസം വന്നിരുന്നു.

  സാറൊരു അത്ഭുതമരുന്നു കച്ചവടക്കാരനല്ല.വൈദ്യശാസ്ത്രത്തിന്റെ പല മേഖലകളിലും കഴിവു തെളിയിച്ച ഒരു മഹാവൈദ്യനാണ്. സത്യം പറഞ്ഞു മനസ്സിലാക്കിത്തരുന്ന ഗുരുവാണ്. മരണത്തിൽ നിന്ന് ആരേയും രക്ഷിക്കാൻ സാറിനു കഴിയുകയില്ല. ഒരു എച് ഓ ഡീ യേക്കാൾ കൂടുതലായി സാറിനെ മനസ്സിലാക്കാൻ കഴിഞ്ഞതു കൊണ്ട് മരണഭയത്തിൽ നിന്നു രക്ഷിയ്ക്കാൻ കഴിയും എന്നത് ഉറപ്പാണ്.

  അത്ഭുതങ്ങൾ പറഞ്ഞ് കേൾപ്പിക്കാനാണെങ്കിൽ ഒരുപാടുണ്ട് സാറു ചെയ്ത വകയിൽ. ഒന്നും ഇവിടെ പറയുന്നതിൽ സാംഗത്യമില്ല. സാറു മരുന്നു നൽകി രക്ഷിച്ച ഒരാളെ നിങ്ങൾ കണ്ടു. ഒരുപാടുപേരെ കാണാൻ കഴിയും. മരുന്നു നൽകിയിട്ടും ഞങ്ങളുടെ കുട്ടിയെ മരണത്തിനു നൽകേണ്ടി വന്നു. പക്ഷേ മരുന്ന് ഫലിച്ചു എന്നു തീർച്ചയായും പറയും. പിന്നെ ശരീരം നന്നാക്കാൻ കഴിയാത്ത രീതിയിൽ കേടുവരുമ്പൊ മനുഷ്യൻ മരിയ്ക്കും.

  സാറു മരണത്തിൽ നിന്നു രക്ഷിച്ചവരൊക്കെ സാറിന്റെ ഏജന്റുമാരല്ല എന്നു ധൈര്യമായി മനസ്സിലാക്കിക്കൊള്ളുക. പണമോ പ്രശസ്തിയോ സാറിന്റെ ആവശ്യമല്ല.ഏതെങ്കിലും ഒരു ആശുപത്രിയിൽ പോകേണ്ട കാര്യമില്ല, കൺസൾട്ടന്റ് എന്ന് പേരുവയ്ക്കാൻ സമ്മതിച്ചാൽ തന്നെ സാറിന്റെ അക്കൗണ്ടിൽ വർഷാവർഷം കോടികൾ വന്നേക്കും. അത് ചെയ്യാതെ വീട്ടിൽ കൃഷിപ്പണിയും എസ് എം ഈയിലെ പാർടൈം എച് ഓ ഡീ സ്ഥാനവും (ബസു കൂലിക്കുള്ളത് യൂണിവേഴ്സിറ്റി കൊടുക്കുന്നുണ്ടോ എന്നു സംശയം)ആയിരിയ്ക്കുന്നത് അത് മതിയെന്ന് ചൂസ് ചെയ്തതു കൊണ്ടാണ്. അവസാനം കണ്ടപ്പോഴും മെഡിക്കൽ കോളേജ് ബസ്റ്റാന്റിൽ നിന്ന് അമ്പലക്കവല വരെ ബസു കയറാനായി നടന്നു വരുമ്പൊ (സാറിപ്പോഴും കാറു വളരെ അപൂർവമായേ ഉപയോഗിയ്ക്കൂ) റോഡു വക്കിലൊക്കെ മരങ്ങളുടെ വിത്തുകൾ കുഴിച്ചിട്ട് നടന്നുപോകുകയായിരുന്നു ആ മഹായോഗി. പത്തോ ഇരുപതോ കൊല്ലങ്ങൾ കഴിഞ്ഞ് വരുന്നവർക്ക് തണൽ നൽകാൻ.(അക്ഷരാർത്ഥത്തിൽ നടന്നതാണ്.ഉല്പ്രേക്ഷ എഴുതിയതല്ല.)

  നേച്ചറിലും സയൻസിലുമൊക്കെ റിവ്യൂ എഴുതി ഓങ്കോളജി പഠിപ്പിയ്ക്കുന്ന പ്രഫസർമാരുടെ ഒപ്പം ഞാൻ പഠിച്ചിട്ടുണ്ട്. സീ പീ മാത്യൂ സാർ എന്ന സൂര്യന്റെ മുന്നിൽ അവരൊക്കെ ചെറിയ ചെറിയ നക്ഷത്രങ്ങൾ മാത്രം.തീർച്ചയായും നല്ല സ്ഥലത്താണ് എത്തിപ്പെട്ടിരിയ്ക്കുന്നത്.സാറിനെ കാണുമ്പൊ എസ് എം ഈ യിൽ പഠിച്ചിരുന്ന മധുവിന്റേയും അശോകിന്റേയും സുഹൃത്തുക്കളാണെന്ന് പറഞ്ഞു നോക്കുക.അശോക്, സാറിന്റെ കീഴിൽ അവിടെ ലക്ചറർ കൂടി ആയിരുന്നു. ചിലപ്പൊ ഞങ്ങളെ ഓർത്തേക്കാം.

  (സാറിനെപ്പറ്റി 2007 ഇൽ എഴുതിയൊരു കുറിപ്പ് http://abhibhaashanam.blogspot.com/2007/07/blog-post_26.html)

  മറുപടിഇല്ലാതാക്കൂ
 11. ..ഇത്തരം കാര്യങ്ങളൊക്കെ വായിക്കുമ്പോൾ ഡോ.ശ്രുതിയും ഡോ.സൂരജുമൊക്കെ കാണിക്കുന്ന ഓപ്പൺനെസ്സിനെ പ്രശംസിക്കാതെ വയ്യ.എല്ലാം നന്നായ് വരട്ടെ.അമ്പിയണ്ണന്റെ കമന്റ് കോരിത്തരിപ്പോടെ വായിച്ചു.ഇങ്ങനേയും ചില മനുഷ്യർ ഉണ്ടെന്നുള്ളത് വായിക്കാനെങ്കിലും പറ്റുന്നത് ആശ്വാസമാണ്.

  മറുപടിഇല്ലാതാക്കൂ
 12. Dear Mr.Sanal,
  Today one of my friend mailed me that Adayar Cancer Institute providing free of cost medicine for Blood cancer patients. I don't know the truthfulness of the informaton.Adress is-Cancer Institute in Adyar, Chennai

  East Canal Bank Road, Gandhi Nagar
  Adyar
  Chennai -600020
  Landmark: Near Michael School

  Phone: 044-24910754 044-24910754 , 044-24911526 044-24911526 , 044-22350241 044-22350241

  മറുപടിഇല്ലാതാക്കൂ
 13. യാത്രാമൊഴി,
  എന്തെങ്കിലും പൊളിറ്റിക്സ് കൊണ്ടാണ് ആ‍ർസെനിക് പ്രിസ്ക്രൈബ് ചെയ്യാതെ പോകുന്നു എന്ന് പറയുകയോ പറയാൻ ശ്രമിക്കുകയോ ചെയ്തില്ല. ശാരിയുടെ കേസിൽ ഈ മരുന്ന് ഫലിക്കുമോ ഇല്ലയോ എന്നത് പ്രാർത്ഥനയോടെയും കൌതുകത്തോടെയും കാത്തിരിക്കുന്ന ഒന്നാണ്... അല്ലാതെ ഈ മരുന്ന് ഫലിക്കുമെന്ന് ഒരു അന്തിമവിധിയുമെനിക്കില്ല...പക്ഷേ ഇനി രക്ഷയില്ല എന്ന് അലോപ്പതി മടക്കിവിട്ട ഒരാൾ (ഒരുപാടുപേർ എന്ന് അദ്ദേഹത്തിന്റെ റെക്കോർഡിലുണ്ട്..കുറേ പെരുടെ ഫോൺ നമ്പർ തന്നു..ഞാൻ വിളിച്ചു നോക്കിയില്ല) മാത്യു സാറിന്റെ ചികിത്സയിലൂടെ ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചു വന്നു എന്നത് സത്യമാണെന്നറിഞ്ഞതിന്റെ അത്ഭുതമുണ്ട്.അങ്ങനെയെങ്കിൽ ശാരിയിലും ഈ ചികിത്സ ഫലിക്കണേ ദൈവമേ എന്ന് പ്രാർത്ഥന മാത്രം...

  ഇനി ഡോക്റ്റർ മാത്യു പറഞ്ഞ വിധത്തിൽ ഈ മരുന്നു കൊണ്ട് ശാരിയുടെ രോഗം ഭേദമാവുകയാണെങ്കിൽത്തന്നെ എന്തെങ്കിലുംവിധത്തിലുള്ള കുറ്റപ്പെടുത്തലുകൾക്കോ ആരോപണങ്ങൾക്കോ അല്ല അത് വഴി തുറക്കേണ്ടത് മറിച്ച് ആരോഗ്യകരമായ ഒരു ചർച്ചയ്ക്ക് വേദിയൊരുങ്ങണം എന്നാണ് ആഗ്രഹം.

  മറുപടിഇല്ലാതാക്കൂ
 14. മാത്യു സാറിന്റെ ഒരു ചോദ്യം ഏറെ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. പാലിയേറ്റീവ് കെയർ മാത്രമേ ഇനിയുള്ളു എന്ന് വിധിയെഴുതും മുൻപ് അതാ അവിടെ ഒരു മരുന്നുകൊണ്ട് ഒരാൾ ചികിത്സിച്ചു ഭേദമാക്കി എന്ന് കേൾക്കുന്നു അതുകൂടി ഒന്നു നോക്കിയേക്കൂ എന്ന് പറയാൻ എന്തു തടസമാണുള്ളത്... അശാസ്ത്രീയം എന്നതാണ് തടസവാദമെങ്കിൽ അത് ശരിയായ കാരണമാണെന്ന് തോന്നുന്നില്ല. മാത്യൂസ് സാറിന്റെ വാക്കുകൾ തന്നെ കടമെടുത്ത് പറഞ്ഞാൽ “കൂടോത്രം കൊണ്ട് ഒരു രോഗിയുടെ മാറാ രോഗം മാറുമെങ്കിൽ കൂടോത്രമാണെന്ന് പറഞ്ഞ് അതിനെ ഒഴിവാക്കി നിർത്തുന്നതെന്തിന്?”. ശരിക്കും ശാസ്ത്രം എന്നത് ഒഴിവാക്കലിന്റെ വഴിയാണ് പിന്തുടരുന്നത് എന്നെനിക്ക് തോന്നുന്നില്ല ശാസ്ത്രം സ്വാംശികരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതും. പക്ഷേ ദൌർഭാഗ്യവശാൽ ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ചിലർ ചിലപ്പോൾ അന്ധവിശ്വാസികളായി മാറും. ടെക്സ്റ്റ് ബുക്കിൽ കാണാത്ത എന്തെങ്കിലും കണ്ടാൽ ഉടൻ അത് കള്ളത്തരം തട്ടിപ്പ് എന്ന് ഒഴിവാക്കിവിടും. ശരിയാണ് അത്തരം ആയിരം കാര്യങ്ങൾ പരിശോധിച്ചാൽ തൊള്ളായിരത്തിത്തൊണ്ണൂറ്റൊൻപതും തട്ടിപ്പായിരിക്കും.പക്ഷേ അതുകൊണ്ട് ഭാവിയിലെ വിസ്മയകരമായ ശാസ്ത്രസത്യമാവാൻ സാധ്യതയുള്ള ‘ഒന്നിനെ‘ അറിയാൻ ശ്രമിക്കാതിരിക്കുന്നതും അറിയാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കുന്നതും കടുത്ത പിന്തിരിപ്പൻ മനോഭാവമാണ്. ശാസ്ത്രഞ്ജൻ എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചവനു മാത്രമേ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്താൻ കഴിയൂ എന്ന ധാരണയും തെറ്റാണ്. ഒരു സാദാ ഡോക്ടർക്ക് എന്തായാലും ടെക്സ്റ്റ് ബുക്കിൽ എഴുതിയതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ കാര്യങ്ങൾ കൊണ്ടുമാത്രമേ ചികിത്സിക്കാൻ കഴിയൂ.പക്ഷേ ടെക്സ്റ്റ് ബുക്കിൽ ഫലസിദ്ധിയുള്ള ചികിത്സ കണ്ടുപിടിച്ചിട്ടില്ല എന്ന് എഴുതിവെച്ചിട്ടുള്ള അവസ്ഥയിൽ മറ്റേതെങ്കിലും സാധ്യതകൾ ഉണ്ടോ എന്ന ഒരു ചോദ്യമായിട്ട് അതിനെ വായിക്കുന്നതല്ലേ ഇനി ചികിത്സയില്ല എന്ന് വായിക്കുന്നതിനെക്കാൾ ഗുണം ചെയ്യുക.അങ്ങനെ മറ്റേതെങ്കിലും സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് ആര് ഉത്തരം പറഞ്ഞാലും അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞും പരീക്ഷിച്ചുനോക്കിയും ഒരു തീരുമാനത്തിലെത്തുന്നതല്ലേ കണ്ണടച്ച് തട്ടിപ്പെന്ന് അതിനെ തിരസ്കരിക്കുന്നതിനെക്കാൾ നല്ലത്?. ഇന്നത്തെ അവസ്ഥയിൽ അലോപ്പതിയുടെ വിശ്വാസ്യതയേയും ആധികാരികതയേയും ചോദ്യം ചെയ്യാൻ ഒരു പൊട്ടക്കണ്ണനും തുനിയില്ല. പക്ഷേ ആയുർവേദത്തിലും സിദ്ധയിലും പെരറിയാത്ത ആയിരം പതിനായിരം ട്രൈബൽ ചികിത്സാവിധികളിലുമൊക്കെ അലോപ്പതി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മരുന്നുകൾ ഉണ്ടെങ്കിൽ അതുംകൂടി സ്വാംശീകരിച്ച് അലോപ്പതി ബലപ്പെടുകയാണെങ്കിൽ അത് മനുഷ്യരാശിക്കു തന്നെ ഗുണകരമാവുകയല്ലേ ഉള്ളൂ....
  ആർസെനിക് എന്ന പേരുപയോഗിക്കാതെ നവപാഷാണത്തിലെ ഒരു ചേരുവ ഉപയോഗിച്ചാണ് താൻ ചികിത്സിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഒന്നു നോക്കുന്നതിൽ തെറ്റില്ല എന്ന അഭിപ്രായം പോലും അലോപ്പതിക്കാരിൽ നിന്ന് കിട്ടിയെന്ന് വരില്ലായിരുന്നു.ഇനി താൻ ഒരു കല്ലുരച്ചുവെള്ളത്തിൽ കലക്കിയാണ് ചികിത്സിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ അയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽ‌പ്പിക്കാനാവും അലോപ്പതി ഡോക്ടർമാർ പറയുക. ഇവിടെയാണ് വിശാലമായ കാഴ്ചപ്പാടുണ്ടാവെണ്ടതെന്ന് തോന്നുന്നു.കല്ലുരച്ച് വെള്ളത്തിൽ കലക്കിയാണോ മന്ത്രവാദം ചെയ്തു കുളിപ്പിച്ചിട്ടാണോ ചികിത്സിക്കുന്നത് എന്നല്ല നോക്കേണ്ടത്. രോഗം മാറിയോ എന്ന് നോക്കണം. പത്തുപേരെ ചികിത്സിച്ചപ്പോൾ നാലുപേരിലെങ്കിലും മാറിയോ എന്ന് നോക്കണം. എന്നിട്ടാണ് ഗവേഷണം തുടങ്ങേണ്ടത്. എന്തു കല്ലാണ് ഉരച്ചത്.. മന്ത്രവാദത്തിൽ കുളിപ്പിച്ച വെള്ളത്തിൽ എന്തായിരുന്നു കലക്കിയിരുന്നത്..ഇങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്നാവും ഒരുപക്ഷേ ആഴ്സനിക്കിലേക്കോ മെർക്കുറിയിലേക്കോ എനിക്ക് പേരറിയാത്ത മൂലകങ്ങളിലേതിലേക്കെങ്കിലുമോ എത്തുക. അങ്ങനെ എത്തിച്ചേർന്നാൽ കല്ലിനേയും വെള്ളത്തേയും വിട്ടുകളഞ്ഞ് കൃത്യമായ ഘടകങ്ങളെ ഉപയോഗിച്ച് ചികിത്സ നടത്താമല്ലോ...അതല്ലേ നല്ലതാവുക... ?

  മറുപടിഇല്ലാതാക്കൂ
 15. അംബീ,
  ഞാനിന്ന് മാത്യുസാറിനെ വിളിച്ച് നിങ്ങളുടെ കാര്യം പറഞ്ഞു..പുള്ളിക്ക് നല്ല ഓർമയുണ്ട്... ചികിത്സ ഫലിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞുകൂടെങ്കിലും ഒരു ലുങ്കിയും നെഞ്ചുവരെ ബട്ടൺ തുറന്നിട്ട ഒരു ഷർട്ടും ധരിച്ച് വളരെ ലാളിത്യത്തോടെ മുന്നിലിരുന്ന് സംസാരിച്ചു തുടങ്ങിയപ്പോഴെ ആൾ ലാടവൈദ്യനല്ലെന്ന് മനസിലായിരുന്നു... എന്തുതന്നെ ആയാലും അദ്ദേഹത്തിന്റെ ചികിത്സാരീതിയെക്കുറിച്ച് ചർച്ചചെയ്യപ്പെടേണ്ടതുണ്ട് കപടമാണെങ്കിൽ അങ്ങനെ തെളിയട്ടെ അതല്ലെങ്കിൽ ഒരു വലിയ മാറ്റത്തിന് അത് വഴിമരുന്നിടട്ടെ... ഇന്നത്തെ സാഹചര്യത്തിൽ മലയാളത്തിലെ ബ്ലോഗുകൾക്ക് ഒരു സംവാദം ശക്തമായി തുടങ്ങിവെക്കാനും അത് ലോകമാകമാനം എത്തിക്കാനുമുള്ള ഊർജ്ജം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്...

  കിരണേ,
  സത്യമായിട്ടും കൌതുകവും അത്ഭുതവും തന്നെയാണ് എനിക്കും

  ക്ലോത്ത് മെർച്ചന്റ്,പൊയ്മുഖം,
  ശാരി ഒരു നിയോഗമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു..നമ്മളൊക്കെ ഒരു നിമിത്തവും :)

  മറുപടിഇല്ലാതാക്കൂ
 16. ശാരിക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍...

  ഒപ്പം നന്മയുടെ സുഗന്ധം പരത്തുന്ന ഈ നല്ല മനസ്സുകള്‍ക്ക് അഭിനന്ദനങ്ങളും.

  മറുപടിഇല്ലാതാക്കൂ
 17. I know Dr. C.P. Mathew. Trust in his medicines. I know many successful patients.

  Even though RCC or his medicines were not able to save my mother-in-law, she was healthy and happy until last day.

  മറുപടിഇല്ലാതാക്കൂ
 18. പ്രവീൺ,
  കുറച്ച് കൂടുതൽ വിവരങൾ എഴുതുമോ?

  മറുപടിഇല്ലാതാക്കൂ
 19. വളരെ അതിശയകരവും അതിലേറേ അത്ഭുതകരവുമായാണ് ഈ ഒരു കേസ് മുമ്പോട്ട് പോകുന്നത്. അതിനു നിമിത്തമായത് ബ്ലോഗും ബ്ലോഗറും ഇന്റർനെറ്റും ആയത് കാലഘട്ടത്തിന്റെ പ്രത്യേകതയാവാം. എന്തുതന്നെയായാലും, ഇതിന്റെ ഫലമെന്തെന്ന് അറിയാനുള്ള വ്യഗ്രതയോടെ കാത്തിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 20. സനൽ, ഈ ലിങ്ക് നോക്കു. http://www.cancer.org/Treatment/TreatmentsandSideEffects/GuidetoCancerDrugs/ARSENIC-TRIOXIDE . ആഴ്സനിക് ട്രയോക്സൈഡ് അമേരിക്കയിലും 2000 ആണ്ടുമുതൽ ചീകിത്സക്കായി അപ്രൂവ്ഡ് ആണത്രേ.

  മറുപടിഇല്ലാതാക്കൂ
 21. പ്രതീക്ഷയുണര്ത്തുന്ന സംഭവങ്ങള്‍.. ചിലപ്പോള്‍ ശാരിക്ക് ഈ രോഗം മാറുന്നതിലൂടെ അനവധി കാന്‍സര്‍ രോഗികള്‍ക്ക് ഈ മരുന്നിനെ കുറിച്ചുള്ള വിവരം ലഭിക്കകയും ചെയ്യും. ഇരുട്ടില്‍ വെളിച്ചവും കാത്തു നില്‍ക്കുന്നവര്‍ക്ക് ഒരു ആശ്വാസമാവുമെങ്കില്‍ അതൊരു നല്ല കാര്യം തന്നെയാണ്..

  മറുപടിഇല്ലാതാക്കൂ
 22. സനലിന്റെ മറുപടിയിൽ പ്രസക്തമെന്ന് തോന്നിയ ചില കാര്യങ്ങളെ അഡ്രസ് ചെയ്ത് എഴുതിയ കമന്റ് നീണ്ട് പോയതിനാൽ ഒരു പോസ്റ്റാക്കുന്നു. പോസ്റ്റിന്റെ കോണ്ടക്സ്റ്റിനു വേണ്ടി, അനുവാദം ചോദിക്കാതെ സനലിന്റെ കമന്റ് ചേർത്തിട്ടുള്ളത് കുഴപ്പമാകില്ലെന്ന് കരുതുന്നു.

  മറുപടിഇല്ലാതാക്കൂ
 23. ഇപ്പോള്‍ എങ്ങനെയുണ്ട്?

  പ്രാര്‍ത്ഥനകളോടെ

  മറുപടിഇല്ലാതാക്കൂ
 24. പത്തോ ഇരുപതോ കൊല്ലങ്ങൾ കഴിഞ്ഞ് വരുന്നവർക്ക് തണൽ നൽകാൻ.റോഡു വക്കിലൊക്കെ മരങ്ങളുടെ വിത്തുകൾ കുഴിച്ചിട്ട് നടന്നുപോകുകയായിരുന്നു ഡോ. സീ പീ മാത്യു എന്ന മഹായോഗിയെ നമിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 25. Sanal Sasidharan said... പ്രവീൺ,കുറച്ച് കൂടുതൽ വിവരങൾ എഴുതുമോ?

  I did much research on internet regarding cancer cure for my mother-in-law. Initially it was a breast cancer but it got extended to bones, etc. and affected badly on Liver. Internet search gave me info about the Radio Frequency Ablation (RFA) treatment and found that only 2-3 hospitals in India do this. I contacted one hospital in Ahmadabad and after analyzing the medical reports they estimated 1.5 Lakhs for liver cure. But since felt some fishy in dealings, I dropped the plans.

  This time, one of my senior in office who is form Changanasseri recommended Dr. C.P. Mathew. This senior's father was discharged from RCC with suggestion for admission to palliative care 16 years back. I talked to him and he and his family are very happy and they do recommend and praise Dr. C.P. Mathew for his treatments. They told me they know many successful patients.

  I had some idea from this family about the style of treatment.

  We reached the house of Dr. C.P.Mathew, around 7:30pm. My mother-in-law was very weak when we first met Dr. He was in a lungi and banyan (as most of the readers experienced). He gave us one bottle thulli marunnu (the magic medicine), some German medicines and a prescription for ayurvedic medicines (chenninayakam etc.).He did not charge for any of these medicines.

  There was a positive change in mother's health when she started medicine. We were continuing doing tests and we saw were hopeful (even after RCC doctors gave us a an idea about the life-time-span). After 2 months the German medicine got over and we did not get it from anywhere. Dr. told us we can avoid that when I informed him this medicine is no longer sold in Europe.

  First two tests were very positive but third one, which we took after 6-6 months were not good as we got the news cancer affected liver also.

  Dr. C.P. Mathew told me to continue RCC treatments and no need to visit him. He advised us to continue the thulli marunnu until the bottle finish.

  RCC doctors won as their prediction of timeline was correct.

  But we believe in Dr. C.P.Mathew as when comparing to other known patients, my mother-in-law was healthy and happier. She was in bed only for around 1-2 weeks.

  I recommended this Dr. to many patients but I don't know status. Once one blood cancer patient approached him but after reading the reports he advised to continue RCC. Heard this patient did not complete even one month.

  I do not remember where I got this piece of information anyway I will tell - Dr. C.P. Mathew use Ganja in one of his cancer medicine. He gave request to Kerala Govt for giving permission to grow ganja plants in his house but Govt. did not grant. Govt. was ready to give ceased ganja by excise but Dr. wanted something from the budding plants. I think Govt. must study and arrange facilities for these kind of people. When I searched Internet, I found those German medicines were very costly and he was giving it for free to the patients.

  മറുപടിഇല്ലാതാക്കൂ
 26. Ambi said... "(ഇതൊക്കെ സായിപ്പു ചെയ്യുമ്പോഴേ പേറ്റന്റു വരാറൂള്ളൂ)"

  നമ്മുടെ കണ്ടു പിടിത്തങ്ങള്‍ പേറ്റന്‍റ് ചെയ്യുന്നത് എന്തോ തരം താണ ഏര്‍പ്പാടാണെന്ന് പൊതുവേ നമുക്കൊരു തെറ്റിദ്ധാരണ ഉണ്ട്. ഇക്കാര്യത്തില്‍ സായിപ്പിന്റെ ചിന്താഗതി നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

  Miocrosoft തുടങ്ങിയ കാലത്ത് Bill Gates പുള്ളിയുടെ സോഫ്റ്റ്വെയര്‍ users നു നിങ്ങള്‍ സോഫ്റ്റ്വെയര്‍ pirate ചെയ്യരുതു എന്നു പറഞ്ഞു കൊണ്ട് ഒരു letter എഴുതിയ കഥ അങ്ങേരുടെ ആത്മകഥയില്‍ ഉണ്ട്. നിങ്ങള്‍ എന്റെ സോഫ്റ്റ്വെയര്‍ കാശു കൊടുത്തു വാങ്ങിക്കൂ, അങ്ങിനെ നിങ്ങള്‍ തരുന്നു കാശു കൊണ്ട് ഞാന്‍ ഇതിലും മെച്ചമായ സോഫ്റ്റ്വെയര്‍ ഉണ്ടാക്കി നിങ്ങള്‍ക്ക് തന്നെ തരാം എന്നതായിരുന്നു പുള്ളിയുടെ എഴുത്തിന്റെ ഉള്ളടക്കം.

  ഡോ. മാത്യൂ വിനെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുക അല്ല. ഒരു സാധാരണ ഭാരതീയന്റെ ചിന്താഗതി ഡോക്ടര്‍ പിന്‍ തുടരുന്നൂ എന്നെ ഉള്ളൂ. ഡോക്റ്ററിന്റെ ഇപ്പോഴത്തെ രീതിയിലുള്ള സൌജന്യ ചികില്‍സ ഒരു ചെറിയ എണ്ണം രോഗികള്‍ക്കല്ലേ ഇപ്പോള്‍ പ്രയോജന പ്പെടുന്നുള്ളൂ? എന്നാല്‍ ഈ ചികില്‍സ പദ്ധതിയെ systematic ആയി വികസിപ്പിച്ച്, article ഒക്കെ publish ചെയ്ത്, patent ഒക്കെ എടുത്താല്‍, ഡോക്റ്ററിന്റെ ചികില്‍സ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടും.

  ഇതാണ് സായിപ്പിന്റെ ചിന്താഗതിയും നമ്മുടെ രീതിയും തമ്മിലുള്ള വ്യത്യാസം.

  മറുപടിഇല്ലാതാക്കൂ
 27. യാത്രികാ,
  ഒന്നാലോചിച്ചു നോക്കൂ മുസ്ലി പവർ എക്സ്ട്രായും ഹരിദ്രയും ഒക്കെ ഇത്ര പ്രചാരം പിടിച്ചുപറ്റിയത് സിസ്റ്റമാറ്റിക് ആയതുകൊണ്ടാണോ? അവയെക്കുറിച്ചൊക്കെ പഠനങ്ങൾ ഏത് അന്താരാഷ്ട്രമാസികകളിലാണ് വന്നത്? ഈ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ചുപോലും എന്ത് പഠനങ്ങളാണുള്ളത്? മുസ്ലിപവർ നിരോധിക്കപ്പെട്ടിട്ടുകൂടി ആളുകൾ അതറിഞ്ഞിട്ടില്ല... പ്രശ്നം സിസ്റ്റമാറ്റിക് ആവുന്നതിന്റെയും പഠനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുന്നതിന്റെയും അല്ല..മാർക്കറ്റിംഗിന്റേതാണ്.. മാത്യുസാർ അക്കാര്യത്തിൽ പിന്നിലാണ്.. ഓപറേഷൻ കൂടാതെ പൈത്സ് മാറ്റും എന്ന് ആയിരം പരസ്യം വരുന്ന പത്രങ്ങളിൽ കുറഞ്ഞ ചിലവിൽ കാൻസർ ചികിത്സിച്ചുമാറ്റും എന്ന് ഒരു പരസ്യം വന്നെങ്കിൽ കഥ മാറും.. പക്ഷേ മാത്യുസാർ അതിനു തയാറല്ല... എനിക്ക് മനസിലാകാത്തത്.. ഒരു സിദ്ധമരുന്ന് അല്ലെങ്കിൽ ആയുർവേദമരുന്ന് അലോപ്പതിയുടെ സിസ്റ്റം അനുസരിച്ച് സിസ്റ്റമാറ്റിക് ആക്കണമെന്ന് നാം കടും പിടുത്തം പിടിക്കുന്നതെന്തിനാണെന്നാണ്.. അലോപ്പതിയോടുള്ള വിധേയത്വം കൊണ്ടല്ലേ അത്... ഇനി ശാസ്ത്രീയമായി അതിന്റെ നിജസ്ഥിതി കണ്ടെത്തണമെങ്കിൽ ശാസ്ത്രകുതൂഹലതയുള്ള ആരെങ്കിലും മുന്നോട്ട് വരാത്തതെന്തേ...എന്തിന് നമ്മൾ മാറി നിന്ന് തർക്കിക്കുക മാത്രം ചെയ്യുന്നു....സിദ്ധയും അംഗീകരിക്കപ്പെട്ട ഒരു തനതു ചികിത്സാ രീതിയല്ലേ..രോഗം മാറും എങ്കിൽ സിദ്ധമരുന്നാണ് എന്ന് കരുതിത്തന്നെ അത് കൊടുത്താൽ പോരേ അതിന് അലോപ്പതിയുടെ കുപ്പായം ഇടീക്കണമെന്ന് എന്തിനാണ് നിർബന്ധം...?

  മറുപടിഇല്ലാതാക്കൂ
 28. വളരെ അവഗാഹമായ അറിവുപകരുന്ന ഒരു പോസ്റ്റ്. ഇത് പ്രചരിപ്പിക്കാൻ ഞാൻ ആവതും ശ്രമിക്കുന്നതാണ്. ശ്രീ.സനൽ ശശിധരന് എന്റെ സർവ്വാത്മനായുള്ള അനുമോദനങ്ങളും ഭാവുകങ്ങളും നേരുന്നു... ഇവിടെ കമെന്റ് ബോക്സിൽ വന്നു വിശദീകരണം തന്ന എല്ലാ സഹൃദയജ്ഞാനികൾക്കും എന്റെ കൂപ്പുകൈ......

  മറുപടിഇല്ലാതാക്കൂ
 29. തീര്‍ച്ചയായും ഈ പോസ്റ്റ്‌ പലര്‍ക്കും ഉപകാരപ്പെടും. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 30. ഒരിക്കെല്‍ എന്റെ ഭാര്യ എന്നോട് പറഞ്ഞു “നിങ്ങളുടെ Cousin Sister ന് കാന്‍സറാണ്” ഞാന്‍ ഒന്നും പറഞ്ഞില്ല!എന്റെ Cousin Sister ന്റെ കാര്യം എന്നെക്കാള്‍ കൂടുതല്‍ നിനക്കെങ്ങിനെ അറിയാം എന്നോ, എനിക്കിതാന്ത്യമേ അറിയാമായിരുന്നു എന്നുള്ള ഭാവത്തോടെ ഇരിക്കാനേ അന്നെനിക്കായുള്ളൂ. പിന്നെ അമ്മയായാലും പെങ്ങളായാലും, ഭാര്യയായാലും പെണ്ണ് പെണ്ണല്ലെ, അവള്‍ എങ്ങിനെയെങ്കിലും അറിയും എന്ന് മനസ്സില്‍ പറഞ്ഞ് ഞാനത് മനസ്സില്‍ മുക്കി. ഇത് 2 ഓ 3 ഓ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണെന്ന് തോന്നുന്നു. 6 മാസങ്ങള്‍ക്ക് മുന്‍പാണെന്ന് തോന്നുന്നു, ഇതേ Cousin Sister ന്റെ brother എന്നോട് പറഞ്ഞു “Sister ന് തീരെ സുഖമില്ല, ഞാന്‍ നാളെ നാട്ടില്‍ പോവുകയാണെന്ന്” കണ്ണീല്‍ നോക്കിയുള്ള ആ സംസാരം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എനിക്കറിയില്ലാത്ത കാര്യം എന്റെ ഭാര്യ എന്നോട് പറഞ്ഞപ്പോള്‍ തന്നെ എന്നോട് ഇത് പറയാന്‍ Cousin Brother ന് “എന്തോ” ബുദ്ധിമുട്ടുണ്ടായിരിക്കണം എന്ന് ഞാന്‍ കരുതിയത് കൊണ്ട് എന്ത് പറയണം എന്നറിയാതെ തിരിച്ച് Cousin Brother ന്റെ കണ്ണില്‍ നോക്കി “cash വല്ലതും വേണോ എന്ന്” informal ആയി ചോദിച്ചു.(അതിലും തമാശ Cousin Brother ന്റെ അടുത്ത് നിന്നും വാങ്ങിയ 250/- ദര്‍ഹം മടക്കികൊടുക്കാനാണ് ഞാന്‍ പോയത്!!) 2 ദിവസത്തിനകം Cousin Sister മരണപ്പെട്ടു എന്ന് എന്റെ brother ഒരു പുലര്‍ച്ചെ വിളിച്ചു പറഞ്ഞു. ഞാനിപ്പോഴും ഓര്‍ക്കുന്നു. 6 മണിക്ക് ഉറക്കിലെ എന്റെ ജേഷ്ഠന്റെ ശബ്ദം “ഈയ്യ മരണപ്പെട്ടു, ഹാഷി വിളിച്ച് പറഞ്ഞതാണ്” തിരിച്ച് “ദൈവം തന്ന ജീവന്‍ ദൈവം തന്നെ തിരിച്ചിടുക്കുന്നു എന്ന്” അറബിയില്‍ പറഞ്ഞ് വേറെന്ത് പറയാന്‍ എന്നോര്‍ത്ത് ഫോണും പിടിച്ച് അല്പസമയം നിന്നു. അവര്‍ക്ക് എന്ത് അസുഖമാണെന്ന് ഇപ്പോഴും എനിക്കറിയില്ല. 2 കൊല്ലം മുന്‍പ് ദുബായിയില്‍ വന്ന് എന്റെ കവിളില്‍ തട്ടി “എന്താടാ മോനെ” എന്ന് ചോദിക്കുകയും പലയാളുകളോടും മകന് കൊടുത്ത dress കാണിച്ച് “ഇത് ഈയ്യ കൊടുത്ത dress ആണ് എന്നും ഈ dress ഇട്ട് അവര്‍ക്കൊറു ഫോട്ടോ അയച്ച് കൊടുക്കണം“ എന്ന് ഭാര്യയോട് പറഞ്ഞ ആ മോഹം ഇപ്പോഴും ഒരു മോഹമായി അവശേഷിക്കുന്നു...ഈ മരുന്ന് അവര്‍ക്ക് ഉപകരിക്കുമായിരുന്നോ? ഉപകരിക്കുകയാണെങ്കില്‍ തന്നെ ഇപ്പോഴല്ലെ ഞാനറിയുന്നത്? അറിഞ്ഞിരുന്നെങ്കില്‍ തന്നെ എന്ത് കാര്യം?....$%^&*#&^!%#$

  മറുപടിഇല്ലാതാക്കൂ
 31. oru former oncology hod yude treatment style ne kurichu parayumbo, ithre maathram samsayaaspathamayittu avatharipikenda kaaryamillayirunnu.
  palapozhum pala kaaryathilum science oru final say aanu ennulla chinthagathi, innu globally maari varigayaanu...Bcos, there is a lot beyond science, yet to explore!

  മറുപടിഇല്ലാതാക്കൂ
 32. Contact number ഒന്നു മെയിൽ ചെയ്യുമോ
  chanu.129@gmail.com

  മറുപടിഇല്ലാതാക്കൂ
 33. AML Type 4 ലുക്കീമിയ ആയിരുന്നു എന്റെ ഉമ്മാക്ക് M V R Cancer Center കോഴിക്കോട് ആയിരുന്നു അവിടുന്നാണ് സ്ഥിരീകരിച്ച് ഒരു മാസമേ ജീവിച്ചിരുന്നുള്ളൂ ഉമ്മ കീമോ യാ ണ് പ്രതിവിധി പക്ഷെ 10% to 20% ചാൻസാണ് പറഞ്ഞത് അത് കൊണ്ട് കീമോ ചെയ്യണ്ടാ എന്ന് തീരുമാനിക്കുക ആയിരുന്നു ഈ ചികിൽസയെ പറ്റി അറിഞ്ഞില്ല ക 2018 ഡിസംബർ 23 ന്‌ എന്റെ ഉമ്മ ഇന ലോകത്തോടു് വിട പറഞ്ഞു

  മറുപടിഇല്ലാതാക്കൂ