28/6/12

ഹലോപ്പതി...!ഏഴെട്ടുമാസം വരും എന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടി പനിവന്നു മരിച്ചിട്ട്. പനി നാലഞ്ചു ദിവസം കുറയാതെ നിന്നപ്പോള്‍ അവളുടെ അച്ഛനമ്മമാര്‍ നെയ്യാറ്റിന്‍കര ഗവ. ജില്ലാ ആശുപത്രിയില്‍ കുട്ടിയേയും കൊണ്ട് പോയിരുന്നു. അധികം പരിശോധനകളൊന്നും നടത്താതെ സാധാരണ ആന്റി ബയോട്ടിക്കുകളും പാരാസെറ്റമോളും കൊടുത്ത് അവളെ ഡോക്ടര്‍ വീട്ടിലേക്കയച്ചു. പനി കുറഞ്ഞില്ല. നില വഷളായപ്പോള്‍ അവര്‍ പിറ്റേന്ന് വീണ്ടും ആശുപത്രിയിലേക്ക് പോയി. അന്നും അതുതന്നെ സംഭവിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് അവളെ അഡ്മിറ്റ് പോലും ചെയ്യാതെ ഡോക്ടര്‍ മടക്കി അയച്ചു. വീട്ടിലെത്തിയപ്പോള്‍ കുട്ടി ചോര ഛര്‍ദ്ദിച്ചു കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. വിദ്യാഭ്യാസമൊന്നുമില്ലാത്ത, കൂലിപ്പണിചെയ്ത് അന്നന്നത്തെ അന്നം നേടുന്ന മാതാപിതാക്കള്‍ നിലവിളിക്കുക മാത്രം ചെയ്തു. ഡോക്ടര്‍ക്കെതിരെ, ചികിത്സാപ്പിഴവുകളുടെ ചൂണ്ടുവിരല്‍ കത്തിയെങ്കിലും അത് ഉടന്‍ തന്നെ കെട്ടു. പരാതിയുണ്ടെങ്കില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടിവരും എന്ന ഒറ്റ വാചകത്തില്‍ പരാതിയില്ല എന്ന് അവര്‍ ഒപ്പിട്ടുകൊടുത്തു. പിന്നീടതേക്കുറിച്ചവരോട് സംസാരിച്ചപ്പോള്‍ കുട്ടിയുടെ ശരീരം കീറിമുറിക്കുന്നത് സഹിക്കില്ലാത്തതുകൊണ്ടാണ് അന്നങ്ങനെ ചെയ്തതെന്ന് അവര്‍ പറഞ്ഞു.

ഇതിപ്പോള്‍ പറയുന്നത്, നമ്മുടെ അലോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണക്കാരനെ എത്രമാത്രം ശ്രദ്ധയോടെയാണ് ചികിത്സിക്കുന്നതെന്ന് ഓര്‍മിപ്പിക്കാനാണ്. പണവും സ്വാധീനവുമുണ്ടെങ്കില്‍, അത്യാവശ്യം നാവുയര്‍ത്തി സംസാരിക്കാനുള്ള കെല്പെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരാശുപത്രികളില്‍ മാന്യമായ ചികിത്സ ലഭിക്കൂ എന്നതാണവസ്ഥ. മാസത്തില്‍ ഒന്നുരണ്ടുതവണയെങ്കിലും സര്‍ക്കാരാശുപത്രികളില്‍ പോകേണ്ടിവരുന്നതുകൊണ്ട് നേരിട്ടറിയാം. രോഗം ഒരു കുറ്റമാണെന്ന മട്ടിലാണ് രോഗികളോടുള്ള പെരുമാറ്റം. നൂറും ഇരുനൂറും രോഗികള്‍ കിടക്കുന്ന വാര്‍ഡുകളില്‍ ആകെയുണ്ടാവുക രണ്ടോ മൂന്നോ സിസ്റ്റര്‍മാരാകും. ഒരിക്കല്‍ സര്‍ക്കാരാശുപത്രിയില്‍ പോയിട്ടുള്ളവര്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രിയിലേ പോകൂ. സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ കഴിവില്ലാത്തവര്‍ ഒരു വഴിയുമില്ലെങ്കിലേ ആശുപത്രിയില്‍ തന്നെ പോകണമെന്ന് ചിന്തിക്കൂ. ആശുപത്രിയില്‍ പോകും മുന്‍പ് തന്നെ മനസു തയാറെടുത്തിരിക്കും, എത്ര വലിയ അവഗണനയും സഹിക്കാന്‍, എത്ര വലിയ അനീതിയ്ക്കും കണ്ണടയ്ക്കാന്‍. ഇതാണവസ്ഥ. ഇതു പക്ഷേ സാധാരണക്കാരന്റെ കാര്യം മാത്രമാണ്. കയ്യില്‍ കാശുള്ളവന് ഇതൊന്നും ഒരു പ്രശ്നമല്ല. അവന്റെ സങ്കല്പത്തിലെ ആശുപത്രിയുടെ അകത്തളം ടിവിയും എസിയുമുള്ള ഒരു വിശ്രമമുറിയായിരിക്കും. അവന്‍ രോഗം വരുന്നതിനു മുന്നേ ആശുപത്രി സ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്നവനാകും.

സാധാരണക്കാരന്‍ പനിമുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങളില്‍ അലോപ്പതിയല്ലാതെ മറ്റെന്തെങ്കിലും ശമനമാര്‍ഗമുണ്ടോ എന്ന് തേടിപ്പോകുന്നത് ഇങ്ങനെയൊരവസ്ഥയിലാണ് . മന്ത്രവാദം മുതല്‍ ഗോമൂത്രം വരെയും ലാടം മുതല്‍ ഹോമിയോപ്പതി വരേയുമുള്ള എല്ലാത്തിനും അവന്‍ തലവെച്ചുകൊടുക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് എന്നതുകൊണ്ടുമാത്രം അവന്‍ ഒന്നിനേയും നിഷേധിക്കുകയില്ല. ഉടന്‍ മരിച്ചുപോകുന്ന വിഷമൊഴികെ എല്ലാം സസന്തോഷം സ്വന്തം ശരീരത്തില്‍ പ്രയോഗിക്കാന്‍ അവന്‍ തയാറാകും. അതിന്റെ പേരില്‍ അവനെ അധിക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവര്‍ ഒരു നിമിഷമെങ്കിലും അവന്റെ ആശുപത്രിയാതനകളിലൂടെ കടന്നുപോകണം. അതറിഞ്ഞു കഴിഞ്ഞാല്‍, അലോപ്പതിയല്ലാതെ, ആശുപത്രിയില്‍ പോകാതെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോയാലും അധികനാള്‍ കഴിയേണ്ടിവരാതെ രോഗം മാറുമോ എന്ന അന്വേഷണങ്ങള്‍ അവന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തെറ്റുപറയാന്‍ കഴിയാതെ വരും. രോഗത്തിന് സ്വന്തമായി മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്നു വാങ്ങിക്കഴിക്കുന്നതും, ചുറ്റുവട്ടത്തെ പച്ചിലകളില്‍ നിന്നും മരുന്നുകണ്ടെത്താന്‍ ശ്രമിക്കുന്നതും രണ്ടായി കാണണം. ഒറ്റമൂലികളെന്ന് വിളിച്ചു കളിയാക്കുന്ന ചിലതിലെങ്കിലും ചില്ലറ അസുഖങ്ങളെ ഭേദമാക്കാനുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഇപ്പറയുന്ന ശാസ്ത്രീയമായിത്തന്നെ തെളിയിച്ചിട്ടുണ്ടല്ലോ. അത് തുളസിയിലക്കഷായമായിക്കോട്ടെ ചുക്കുകാപ്പിയായിക്കോട്ടെ അലോപ്പതിക്കെതിരെയുള്ള വെല്ലുവിളിയായല്ല, പ്രകൃതിയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാനുള്ള സാഹസമായി കരുതുന്നതാണ് നല്ലത്. അത്തരം സാഹസങ്ങള്‍ മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണം ചെയ്യുകയേ ഉള്ളു.

 അലോപ്പതിമാത്രമാണ് ശാസ്ത്രീയമെന്ന രീതിയിലുള്ള വാദമുഖങ്ങളുന്നയിക്കുന്നവര്‍ ആയുര്‍വേദവും, സിദ്ധയും, യുനാനിയും, ഹോമിയോപ്പതിയും എന്തിന് ലാട വൈദ്യവും നാട്ടുവൈദ്യവും വരെയുള്ള ചികിത്സാ രീതികളില്‍ മരുന്നുകൊണ്ട് രോഗം മാറുന്നോ എന്നല്ല, മരുന്നിന് ശാസ്ത്രീയമായ തെളിവുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചുക്കുകാപ്പികൊണ്ട് പനിമാറും എന്നു പറയുമ്പോള്‍ പനിമാറുമോ എന്നല്ല ചുക്കിന് ശാസ്ത്രീയതയുണ്ടോ എന്നാണവര്‍ ചോദിക്കുക. അത്തരം ചോദ്യങ്ങള്‍ തീര്‍ച്ചയായും നല്ലതു തന്നെ. ചുക്കിന്റെ ശാസ്ത്രീയത കണ്ടെത്താനുള്ള ഒരു വാതിലാണതെങ്കില്‍ ‍. എന്നാല്‍ സംഭവിക്കുന്നത് മിക്കപ്പോഴും മറിച്ചാണ്. ചുക്കു വാദികളും ചുക്ക് വിരുദ്ധരും എന്ന രണ്ടു തട്ടില്‍ അണിനിരന്ന് ചുക്ക് ഗുണങ്ങളും ചുക്കു ദോഷങ്ങളും തമ്മിലുള്ള യുദ്ധമായി അത് മാറും. വിജയത്തിനായി ഗുണങ്ങളെ തമസ്കരിക്കാനും ദോഷങ്ങളെ പെരുപ്പിച്ചു കാട്ടാനും ഒരുപക്ഷം ശ്രമിക്കും മറുപക്ഷം തിരിച്ചും.

അലോപ്പതിക് മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തുന്ന അതേ സമ്പ്രദായം കൊണ്ട് ഇതര ചികിത്സാരീതികളിലെ മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് മനസിലാകുന്നില്ല. നിശ്ചയമായും അലോപ്പതി അതിന്റെ കൃത്യതകൊണ്ടും ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കലിനുള്ള അതിന്റെ മാര്‍ഗങ്ങള്‍ കൊണ്ടും മരുന്നുശാസ്ത്രങ്ങളില്‍ മുകള്‍ത്തട്ടില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ മറ്റ് ചികിത്സാ പദ്ധതികളൊക്കെ അലോപ്പതി പിന്തുടരുന്ന അതേ മാര്‍ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ ശാസ്ത്രീയത തെളിയിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? ഒരു പ്രത്യേകതരം രാസവസ്തു ഒരു രോഗത്തിന് ഉപയോഗിക്കാമോ എന്നും അതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കുന്ന അതേ രീതിയില്‍ തന്നെ, ഒരു പ്രത്യേകതരം ഭക്ഷണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്തുകൊണ്ട് ഒരു രോഗം ചികിത്സിക്കാം എന്നവകാശപ്പെടുന്ന ഒരു ചികിത്സാ പദ്ധതിയിലെ മരുന്നുകള്‍ പരിശോധിക്കണമെന്നുണ്ടോ? അതു പ്രത്യേകിച്ചും തലമുറകളായി ആളുകള്‍ ഉപയോഗിച്ചു വരുന്നതോ, പെട്ടെന്ന് കുറച്ചുപേര്‍ സ്വമനസാലെ സാഹസം പോലെ സ്വയം പരീക്ഷണവസ്തുവായിക്കൊണ്ട് അനുഭവങ്ങളിലൂടെ തെളിയിച്ചതോ ആണെങ്കില്‍..?

3 അഭിപ്രായങ്ങൾ:

  1. അലോപ്പതിക് മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തുന്ന അതേ സമ്പ്രദായം കൊണ്ട് ഇതര ചികിത്സാരീതികളിലെ മരുന്നുകള്‍ പരിശോധിച്ചുറപ്പുവരുത്തണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് മനസിലാകുന്നില്ല. നിശ്ചയമായും അലോപ്പതി അതിന്റെ കൃത്യതകൊണ്ടും ശാസ്ത്രീയമായി പരീക്ഷിച്ചുറപ്പിക്കലിനുള്ള അതിന്റെ മാര്‍ഗങ്ങള്‍ കൊണ്ടും മരുന്നുശാസ്ത്രങ്ങളില്‍ മുകള്‍ത്തട്ടില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ മറ്റ് ചികിത്സാ പദ്ധതികളൊക്കെ അലോപ്പതി പിന്തുടരുന്ന അതേ മാര്‍ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ ശാസ്ത്രീയത തെളിയിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?

    മറുപടിഇല്ലാതാക്കൂ
  2. മരുന്നുകളുടെ കൊള്ളവിലയെപ്പറ്റി പറയാനും ആളുണ്ടായിരുന്നെങ്കില്‍ നന്നായേനെ. പതിന്നാലുരൂപയുടെ ടാബ്ലെറ്റ് അവര്‍ നൂറിനും നൂറ്റി ഇരുപതിനും വിട്ടു കൊള്ളലാഭം ഉണ്ടാക്കുന്നതിനെപ്പറ്റി ആരുണ്ട്‌ പറയാന്‍.....

    മറുപടിഇല്ലാതാക്കൂ