27/9/13

കളിമണ്ണിനെക്കുറിച്ച് - ദ്യുതിയിൽ വന്ന കുറിപ്പ്.

ഈ കുറിപ്പ് എന്റെ നാട്ടിലെ ദ്യുതി എന്ന അക്ഷരക്കൂട്ടായ്മ പുറത്തിറക്കിയ ലിറ്റിൽ മാഗസിന്റെ ഓണപ്പതിപ്പിൽ വന്നതാണ്. ഓർമയ്ക്കായി ഇവിടെ പങ്കുവെയ്ക്കുന്നു.

കളിമണ്ണിനെക്കുറിച്ച് ഞാൻ എഴുതിയ കുറിപ്പ് വായിച്ചതിനാൽ വിരുദ്ധാഭിപ്രായങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെ സിനിമകാണാൻ പോയി കാശും സമയവും നഷ്ടപ്പെട്ടതിൽ വെച്ചുണ്ടായ മനോവിഷമം തീർക്കാനായി എന്നെ വിളിക്കാൻ കരുതി വെച്ച ചീത്തകൾ ഒരുമാസം കഴിഞ്ഞ് ഞാൻ അങ്ങോട്ട് ഫോൺ ചെയ്തപ്പോൾ പോലും, മറക്കാതെ എന്നെത്തന്നെ വിളിച്ച് സമാധാനം പ്രാപിച്ച പ്രിയപ്പെട്ട സുഹൃത്തിന് ഈ കുറിപ്പ് സമർപ്പിക്കുന്നു. ചീത്തവിളികൾ ഇനിയുമുണ്ടാകുമെന്ന് അറിയാം. ഏറ്റുവാങ്ങാൻ ചെവിയിൽ പഞ്ഞിയുമായിതാ ഞാൻ ;)  

‘കളിമണ്ണ്’ മലയാള സിനിമയോട് ചെയ്തത്.
ഇന്ത്യൻ സിനിമ അതിന്റെ 100 വയസ് ആഘോഷിക്കുകയാണ്. രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിൽ ഒട്ടും ചെറുതല്ലാത്ത ഒരു കാലയളവാണ് ഈ ഒരു നൂറ്റാണ്ട് എന്നത്. മറ്റൊരു കലാരൂപവും സിനിമയുടെ അത്ര അഴത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ട്രെൻഡുകൾ സൃഷ്ടിക്കുകയും പൊളിക്കുകയും ചെയ്യാനുള്ള അതിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. കവിതയിലും കഥയിലും നൃത്തത്തിലും നാടകത്തിലും എന്നുവേണ്ട പ്രണയത്തിലും കുറ്റകൃത്യങ്ങളിലും പോലും പ്രകടമായ ഒരു ‘സിനിമാറ്റിക് എഫക്ട്’ അത് സൃഷ്ടിച്ചു. ഇത് സിനിമ എന്ന കലാരൂപം നമ്മുടെ ഭാഷായോടോ ജീവിതത്തോടോ മാത്രം ചെയ്ത ചെയ്ത്തല്ല. ലോകമെമ്പാടും അത് അങ്ങനെ തന്നെയാണ്. ഒരു ആസ്വാദകനെ സംബന്ധിച്ച് സിനിമയുടെ പൂർവികൻ ഫോട്ടോഗ്രാഫിയോ ബയോസ്കോപ്പോ അല്ല, അത് എല്ലാ ചുവരുകളിലും അവൻ തേടുന്ന ഒരു ചെറിയ ചതുരമാണ്, ഒരു ജാലകം അല്ലെങ്കിൽ ഒരു മുഖക്കണ്ണാടി.  വളരെ എളുപ്പത്തിൽ സിനിമ മനുഷ്യനെ കീഴടക്കുന്നതിനു കാരണം ഒരു കണ്ണാടിയോടും ജാലകത്തോടുമുള്ള അവന്റെ സ്വാഭാവികമായ അടുപ്പമാണ്.
സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കാനുള്ള ഈ കഴിവു പക്ഷേ സിനിമ ഉപയോഗപ്പെടുത്തിയത് സ്വന്തമായി ഒരു നിലപാടോ അഭിരുചിയോ സൃഷ്ടിച്ചുകൊണ്ടല്ല കാലാകാലമുള്ള സമൂഹത്തിന്റെ മൂല്യബോധങ്ങളോട് കണ്ണടച്ച് ചേർന്നു നിന്നുകൊണ്ടാണ്. ഒരുതരത്തിൽ പറഞ്ഞാൽ പരമ്പരാഗതമായതും പുരുഷ-പുരോഹിത നിർമിതമായതും വരേണ്യശാസനങ്ങൾക്ക് അനുസൃതമായതുമായ ഒരു മൂല്യബോധനത്തിന്റെ പ്രചരണോപാധിയായി പ്രവർത്തിക്കുകയായിരുന്നു സിനിമ ചെയ്തു പോന്നത്. ഒരു ജയിലിൽ ഏതൊക്കെ ചുവരുകളിൽ ജനാലകൾ ആവാമെന്നും അവ എങ്ങോട്ടൊക്കെ തുറക്കാമെന്നും ജയിലധികാരികൾ തീരുമാനിക്കുന്ന പോലെയാണ് ഏതൊക്കെ തരത്തിലുള്ള സിനിമകൾ ആവാമെന്നും എത്രമാത്രം കാഴ്ചകൾ കാണിക്കാൻ അവയെ അനുവദിക്കാമെന്നും സമൂഹത്തിലെ നിയന്ത്രണ കേന്ദ്രങ്ങൾ തീരുമാനിക്കുന്നത്. ഇതിനനുസൃതമായിത്തന്നെയാണ് ഭരണകൂടങ്ങളും പ്രവർത്തിക്കുന്നത്. അതിനു തെളിവാണ് സിനിമയ്ക്ക് മാത്രമുള്ള സെൻസർ ബോർഡുകൾ. നാടകത്തിനോ, സംഗീതത്തിനോ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾക്കോ ഒന്നും സെൻസർ ബോർഡ് ഇല്ലാതിരിക്കുമ്പോൾ എന്തുകൊണ്ട് സിനിമയ്ക്ക് സെൻസർ ബോർഡ് എന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരമേയുള്ളു. സിനിമയും നിലനിൽക്കുന്ന സമൂഹവും തമ്മിൽ മറ്റൊരു കലാരൂപവും സമൂഹവും തമ്മിലില്ലാത്ത ഒരുടമ്പടിയുണ്ട്. ആ ഉടമ്പടി ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തലാണ് സെൻസർ ബോർഡ് ചെയ്യുന്നത്. ഈ അലിഖിത ധാരണകൾ എപ്പോഴൊക്കെ, ഏതൊക്കെ സിനിമകൾ ഭഞ്ജിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത്തരം സിനിമകൾക്കെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്.
കളിമണ്ണ് എന്ന സിനിമയെക്കുറിച്ചുള്ള പ്രാരംഭവാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന എതിർപ്പുകൾക്ക് കാരണവും അതുതന്നെയാണ്. പ്രസവം യഥാർത്ഥത്തിൽ കാണിക്കുന്നത് കലയല്ല എന്നും കച്ചവടമാണെന്നുമായിരുന്നു ഒരു പ്രധാന വിമർശനം. അത് ധ്വന്യാത്മകമായി കാണിക്കാമായിരുന്നു എന്നതാണ് മറ്റൊരു വാദം. ശരിക്കു പറഞ്ഞാൽ കഥകളിപോലെയോ നാടകം പോലെയോ സിനിമ സിമ്പോളിസത്തിന്റെ കലയല്ല. യാഥാർത്ഥ്യത്തെ അതിന്റെ സ്ഥലത്തും സമയത്തും ചെന്ന് പകർത്താനുള്ള സ്വാതന്ത്ര്യമാണ് സിനിമയുടെ ഏറ്റവും വലിയ ശക്തിയും സാധ്യതയും. ഒരു കാലത്ത് സ്റ്റുഡിയോ സെറ്റുകളിൽ അരങ്ങേറുന്ന നാടകങ്ങളുടെ വീഡീയോഗ്രാഫി എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സിനിമ അവിടെ നിന്നും പുറം വെളിച്ചത്തിലേക്ക് രക്ഷപെട്ടിട്ട് അരനൂറ്റാണ്ടോളമായെങ്കിലും ഇന്നും നാടകത്തിന്റെ സ്വഭാവമായ സിമ്പോളിസത്തിൽ നിന്നും അത് രക്ഷപെട്ടിട്ടില്ല. ഇപ്പോഴും സിനിമകൾ നാടകത്തിന്റെ വീഡിയോഗ്രാഫിയായി തന്നെ തുടരുന്നു. നാടകം അരങ്ങേറുന്നത് സെറ്റിലല്ല നിരത്തിലാണെന്ന് മാത്രം. ശാരീരിക ബന്ധം കാണിക്കേണ്ടിവരുമ്പോൾ വിളക്കണയ്ക്കുന്നതും, പ്രസവം കാണിക്കേണ്ടിവരുമ്പോൾ കുട്ടിയുടെ കരച്ചിൽ ശബ്ദം കേൾപ്പിക്കുന്നതും ഒക്കെ നാടകത്തിന്റെ പരിമിതികൾ അതേപടി സിനിമയിൽ ഉപയോഗിക്കുന്നതാണ്. പ്രേക്ഷകന് മനസിലാകാൻ അത് മതി എന്നാണ് നിരൂപകർ പറയുന്നത്. പ്രേക്ഷകനെ മനസിലാക്കിക്കുക അല്ല സിനിമയുടെ ലക്ഷ്യം, പ്രേക്ഷകനെ അനുഭവിപ്പിക്കുകയാണ്. പ്രസവമുറിക്ക് പുറത്ത് ഉലാത്തുന്ന പുരുഷന്റെ സിഗരറ്റ് വലിയാണ് മലയാള സിനിമാ പ്രേക്ഷകൻ അറിയുന്ന പ്രസവ സംബന്ധിയായ ഏറ്റവും വലിയ ടെൻഷൻ. ഉള്ളിൽ ഒരു സ്ത്രീ പ്രസവിക്കുന്നു എന്നു മനസിലാകാൻ അതുമതി പക്ഷേ പുറത്തുലാത്തുന്ന പുരുഷൻ ഉള്ളിലെ സ്ത്രീയെക്കാൾ എത്ര നിസാരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കണമെങ്കിൽ ക്യാമറ ഉള്ളിലേക്ക് പോകണം. പ്രസവം എന്നാൽ വേദന കടിച്ചുപിടിച്ച് ഒരു സ്ത്രീ തലയിട്ടുരുട്ടുമ്പോൾ കുഞ്ഞുവാവ കരഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെടുന്ന മഹാത്ഭുതമല്ലെന്ന് അനുഭവിക്കണമെങ്കിൽ ക്യാമറ കുറേക്കൂടി സാഹസത്തിനു മുതിരേണ്ടിവരും. പക്ഷേ അത്രത്തോളം പോകാൻ ക്യാമറയെ നമ്മുടെ സമൂഹം അനുവദിച്ചിട്ടില്ല. ഏറിയാൽ നിറവയർ വരെ. അതുകഴിഞ്ഞാൽ ഒരു ബ്ലാക്ക് ഔട്ടും കുട്ടിക്കരച്ചിലും കൊണ്ട് കാര്യം നടത്തിക്കോണം എന്നാണ് ശാസന.
ഈ പരിധികൾ ലംഘിച്ച് ക്യാമറ സാഹസത്തിനു മുതിർന്നു എന്നതിലാണ് കളിമണ്ണ് വിമർശകരുടെ രോഷത്തിന് പാത്രീഭൂതമായത്.  സിമ്പോളിസങ്ങളിലൂടെ കടുപ്പമുള്ള യാഥാർത്ഥ്യങ്ങളെ പൈങ്കിളീകരിച്ച് തൂവൽസ്പർശങ്ങളായി അവതരിപ്പിക്കുന്നതുകൊണ്ട്  സിനിമകൾ സമൂഹത്തിനോടു ചെയ്യുന്നത് കൊടും പാതകമാണ്. ഒരു കണ്ണാടി നമ്മളോട് കള്ളം പറയാൻ തുടങ്ങിയാൽ എന്താണോ അവസ്ഥ അതായിരിക്കും അപ്പോഴുണ്ടാകുന്ന സ്ഥിതി വിശേഷം. മുഖത്തെ കരി കണ്ടില്ലെങ്കിൽ നാം അതും കൊണ്ട് നിരത്തിലേക്കിറങ്ങി നടക്കും. അതേക്കുറിച്ച് ചിന്തിക്കാൻ സമയം പാഴാക്കുന്നതെന്തിന്?

കളിമണ്ണ് എന്ന സിനിമ ഏതു തരത്തിൽ നോക്കിയാലും ഒരു മഹത്തായ സിനിമയല്ല. കച്ചവടസിനിമയുടെ എല്ലാ സ്വഭാവ വിശേഷങ്ങളോടും കൂടിയ ഒരു സിനിമയാണത്. പക്ഷേ അത് മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരിക്കും. സമൂഹത്തിന്റെ സാംസ്കാരിക ബോധത്തിനനുസരിച്ചായിരിക്കണം സിനിമാക്കാരന്റെ ക്യാമറ ചലിക്കേണ്ടത് എന്ന അലിഖിത നിയമത്തെ അത് സധൈര്യം ലംഘിച്ചിരിക്കുന്നു.  പഴമയുടെ മൂല്യബോധങ്ങൾ പുതിയ കാലത്തേക്കും അടിച്ചേൽപ്പിക്കാനുള്ള ഉപാധിയല്ല സിനിമ എന്നും പുതിയ അവബോധങ്ങളും വീക്ഷണകോണുകളും അവതരിപ്പിക്കാനും ചർച്ചയ്ക്കുവെയ്ക്കാനുമുള്ള കലാമാധ്യമമാണ് സിനിമ എന്നും അത് ഓർമിപ്പിക്കുന്നു. ആ നിലയ്ക്ക് കളിമണ്ണും, സംവിധായകൻ ബ്ലെസിയും നായിക ശ്വേത മേനോനും അഭിനന്ദനമർഹിക്കുന്നു.

1 അഭിപ്രായം:

  1. ///മറ്റൊരു കലാരൂപവും സിനിമയുടെ അത്ര അഴത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിച്ചിട്ടില്ല///.
    വളരെ ശരി ആണ് . ഇത്രയേറെ മനുഷ്യനെ സ്വാധീനിച്ച , സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കലാരൂപവും ഇല്ലതന്നെ . ലൂമിയര്‍ സഹോദരന്മ്മാരുടെ ഒരു പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വന്നു നില്‍ക്കുന്ന ആദ്യകാല പ്രദര്‍ശനം കണ്ടു കാഴ്ചക്കാര്‍ പരിഭ്രാന്തരായി ഇറങ്ങി ഓടി എന്ന് എവിടെയോ വായിച്ചിട്ടുണ്ട് . അതേ വിസ്മയം തന്നെ കുറച്ചുകൂടി കൂടിയ അളവില്‍ തന്നെ ഉണ്ടാക്കി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു ഇന്നും സിനിമ

    മറുപടിഇല്ലാതാക്കൂ