ആയിരം കടമ്പ - [സ്ക്രിപ്റ്റ്- സീൻ 1]

സത്യജിത് റായുടെ പാഥേർ പാഞ്ചലി
ആദ്യമായി പ്രൊജക്ട് ചെയ്ത കൽക്കട്ട
ബസുശ്രീ സിനിമയിലെ ഫിലിം പ്രൊജക്ടർ
ഓർമവെച്ച കാലം മുതൽ ചോരയിൽ കയറിക്കൂടിയ ആഗ്രഹമായിരുന്നു സിനിമ. അതിന്റെ പിന്നാലെയുള്ള അലച്ചിലുകൾ ഏറെക്കാലം നീണ്ടുപോയി. പറഞ്ഞറിയിക്കാനാവാത്ത തിരസ്കാരങ്ങൾക്കും നിരാശകൾക്കും ഒടുവിലാണ് കഷ്ടിച്ച് ആറു വർഷങ്ങൾക്കു മുൻപ് ആദ്യ സിനിമയായ ഒരാൾപ്പൊക്കം സംഭവിക്കുന്നത്. ഒരാൾപ്പൊക്കമായിരുന്നില്ല ആദ്യമായി എഴുതിയ സ്ക്രിപ്റ്റ്. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതരം സിനിമയും അല്ലായിരുന്നു ആദ്യകാലത്തൊക്കെ എഴുതിയവയുടെ ഉള്ളടക്കവും. സിബി മലയിൽ മുതൽ ഫഹദ് ഫാസിൽ വരെ ഞാൻ കാണാത്തവരും കഥ പറയാത്തവരും വിരളം. പറഞ്ഞ കഥകൾ പലതും ഇതാ സിനിമയായി എന്ന തോന്നലുണ്ടാക്കിക്കൊണ്ട് നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി. അവയൊന്നുമായിരുന്നില്ല സംഭവിക്കേണ്ടിയിരുന്നതെന്ന് അക്കാലത്തെ നിരാശകളുടെ കടൽ കടന്നപ്പോൾ മനസിലാവുകയും ചെയ്തു.

ഇപ്പോൾ കൊറോണ ലോക്ക് ഡൗൺ നീണ്ടു നീണ്ടു നീണ്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ വെറുതേ പണ്ട് എഴുതിവെച്ചതൊക്കെയും ഒന്നെടുത്തു നോക്കി. ഒരുപക്ഷേ ഇനി അതൊന്നും സിനിമയാവില്ലായിരിക്കും എന്നു തോന്നുന്നു. ഓരോന്നും എഴുതിക്കഴിയുമ്പോൾ ഒന്നുകിൽ പോരാ എന്നൊരു തോന്നൽ വരും. തിരുത്തൽ മഹായഞ്ജങ്ങൾക്കൊടുവിൽ ഇനി വേണ്ട എന്നുപേക്ഷിക്കും. അല്ലെങ്കിൽ ഇതാ നടന്നു എന്നരീതിയിൽ കാര്യങ്ങൾ പുരോഗമിച്ച ശേഷം ഇല്ല നടക്കില്ല എന്ന സത്യം പതിയെപ്പതിയെ വന്ന് മൂടുന്ന നിരാശയിൽ ഉപേക്ഷിക്കപ്പെടും. മറ്റൊന്നെഴുതുമ്പോൾ മുൻപെഴുതിയത് മറന്നേ പോകും. അങ്ങനെ എഴുതിയ ആറോ ഏഴോ സ്ക്രിപ്റ്റുകൾ കെട്ടിപ്പൂട്ടിവെച്ചിരിക്കുന്നത് വെറുതേ പൊടിതട്ടിയെടുത്തു നോക്കി. ചോല അങ്ങനെ മുൻപെഴുതിയതിൽ മാറ്റങ്ങൾ വരുത്തിയ സിനിമയാണ്. മുരിക്കിൻ പൂക്കൾ എന്ന പേരിൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു അത്. ഇപ്പോൾ ൻ മുരിക്കിൻ പൂക്കളും ചോലയും രണ്ട് സിനിമകൾ തന്നെയാണ്. (ഞാനും കെവി മണികണ്ഠനും ചേർന്നായിരുന്നു മുരിക്കിൻ പൂക്കൾ എഴുതിയത്) ആലോചിക്കുമ്പോൾ പലതരം മരങ്ങളുടെ വിത്തുകൾ പോലെയാണ് പലതരം സിനിമകളുടെ ആശയങ്ങളും എന്നു തോന്നും. ചിലത് മരത്തിൽ നിന്നേ മുളപൊട്ടി മണ്ണിൽ വീണ് വളരും. ചിലത് മണ്ണിൽ വീണിട്ട് വർഷങ്ങൾക്കു ശേഷം മുളയ്ക്കും. ചിലത് മുളയിലേ തന്നെ പുഴുതിന്നു പോകും. ചിലത് പ്രതീക്ഷിക്കാത്ത ഒരു മഴയിൽ പ്രതീക്ഷിക്കാത്ത കാലത്ത് വളർന്ന് മരമാകും.  നമ്മുടെ ആഗ്രഹങ്ങൾക്കോ തയ്യാറെടുപ്പുകൾക്കോ ഉള്ളിൽ നിന്നല്ല ജീവിതത്തിൽ ഒന്നും സംഭവിക്കുന്നത് എന്ന പരമമായ രഹസ്യം മനസിലാക്കാൻ മനുഷ്യൻ ഒരുപാട് കാലമെടുക്കുന്നു. കരയുന്നു കുതറുന്നു നീണ്ട നെടുവീർപ്പുകളിൽ സ്വയം മുങ്ങിത്താഴുന്നു. ഒടുവിൽ ആ പരമമായ സത്യം മുന്നിൽ വന്ന് ചിരിക്കുന്നു. സംഭവിക്കാനുള്ളത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കേണ്ടതുപോലെ സംഭവിക്കും. നല്ലതും ചീത്തയും ഒക്കെ അങ്ങനെ തന്നെ. നമ്മളൊക്കെ വെറും നിമിത്തങ്ങളാകുന്നുവെന്നേയുള്ളു.

എന്തായാലും എഴുതിവെച്ചിട്ടുള്ളവയിൽ ഒരല്പമൊക്കെ രസമുണ്ട് എന്ന് തോന്നുന്നവ ചെറിയ തിരുത്തുകളോടെ ഇവിടെ പ്രസിദ്ധീകരിക്കാൻ ആലോചിക്കുകയാണ്.  A2Z എന്ന സ്ക്രിപ്റ്റ് 2010-2011 സമയത്ത് എഴുതിയതാണ്. പേര് ചെറുതായി മാറ്റി "ആയിരം കടമ്പ" എന്നാക്കുന്നു. (കാവാലം നാരായണപ്പണിക്കർ സാറിന്റെ പ്രശസ്തമായ അവനവൻ കടമ്പയുമായി ഈ സ്ക്രിപ്റ്റിന് ഒരു ബന്ധവുമില്ല. രണ്ടുമാസത്തോളം കാവാലത്തിന്റെ സോപാനം നാടക കളരിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ഓർമകൂടിയായിട്ടാണ് അവനവൻ കടമ്പയിലെ കടമ്പ കടമെടുക്കുന്നത് ). സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിന് ഈ തിരക്കഥ വായിച്ചു കേൾപ്പിച്ചിരുന്നു പണ്ട്. അന്നദ്ദേഹം ഇത് പ്രൊഡ്യൂസ് ചെയ്യാൻ താല്പര്യമുണ്ടെന്നൊക്കെ പറയുകയും ഷൈജു ഖാലിദും ഫഹദ് ഫാസിലും ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടാക്കുകയും  ചെയ്തിരുന്നു. അങ്ങനെ ഇതാ നടന്നു എന്ന് കരുതി നടക്കാതെ നിരാശയുണ്ടാക്കിയ സ്ക്രിപ്റ്റ് കൂടിയാണിത്. ഇന്നോർക്കുമ്പോൾ എല്ലാ നിരാശകൾക്കും മധുരം. എല്ലാ വേദനകൾക്കും മധുരം. ജീവിതം അങ്ങനെയാണ്. ജീവിക്കുമ്പോൾ മാത്രമാണ് വേദന. ഓർമകൾക്കെല്ലാം മധുരം മാത്രം.


പ്രതീക്ഷകളൊന്നുമില്ലാതെ വെറുതേ വായിച്ചു പോവുക. ദിവസം ഒരു സീൻ എന്ന രീതിയിൽ പ്രസിദ്ധീകരിക്കാനാണ് ആലോചന.സീൻ-1
ഓഫീസ് /പകൽ

ഒരു ഇന്റർവ്യൂ ഹാൾ. വാതിൽ ഉൾപ്പെടുന്ന ഒരു ചുവര്‍ (ഒരു സ്റ്റിൽ ഫോട്ടോ പോലെ..) ഈ ഫ്രെയിമിലാണ് ആദ്യടൈറ്റിലുകൾ വന്നുപോകുന്നത്. ടൈറ്റിലിന്റെ പകുതിയിൽ. വാതിലിന്റെ ഹാൻഡീൽ തിരിയുന്നു. ഉള്ളിലേക്ക് വാതിൽ തുറന്ന് തലനീട്ടുന്ന സാബിർ. ഇരുപത്തഞ്ച് വയസ് പ്രായം. ഒരു ബിസിനസ് എക്സിക്യുട്ടീവ് തസ്തികയുടെ ഇന്റർവ്യൂവിന് എത്തുന്ന വേഷം (ക്യാമറ ഫിക്സഡ് ആണ്. സാബിറിന്റെ എതിരെ ഇരിക്കുന്നവരുടെ ശബ്ദസാന്നിദ്ധ്യം  മാത്രമേ ഉള്ളു. ഒറ്റഷോട്ടുള്ള സീൻ)

                                                  സാബിർ: 
മേ ഐ കമിൻ സർ?
                                         ഒരാളുടെ ശബ്ദം:
യെസ് ..
സാബിർ അകത്തേക്ക് നടക്കുന്നു.
                                                ഒരുശബ്ദം:
ഇരിക്കൂ...            
                           ഇരുന്നുകൊണ്ട്    സാബിർ:
താങ്ക്യു സർ...      
                                             മറ്റൊരുശബ്ദം:
സാബിർ ഖാൻ...ഫ്രം..കൊല്ലം...
                                                  സാബിർ:
അതെ സർ..
ഒരു സ്ത്രീശബ്ദം:
ഗുഡ്...കശുവണ്ടിയുടെ നാട്...
                                       ഒരു പുരുഷശബ്ദം:
മദ്യ ദുരന്തങ്ങളുടെയും...
എല്ലാവരും ചിരിക്കുന്നു
                                               ഒരു ശബ്ദം:
സാബിർ...എം.ബി.എ ആണല്ലേ?
                                                 സാബിർ:
                                                               യെസ് സർ ...
                                     മറ്റൊരാളുടെ ശബ്ദം: 
പ്ലസ് ടുവിന് സയൻസായിരുന്നു..
                                                   സാബിർ:
അതെ സർ..
സാബിർ പരുങ്ങലോടെ നോക്കിയിരിക്കുന്നു                     
                                      മറ്റൊരാളുടെ ശബ്ദം:
എന്തായിരുന്നു ഈ ജോലിയോടുള്ള താല്പര്യം...
                                                        സാബിർ:
ഇത് എന്റെ സ്വപ്നമാണ് സർ....
                      ഹാർഷായ ഒരു പുരുഷ ശബ്ദം:
പ്ലസ് ടുവിന് സയൻസ്.. ഡിഗ്രിക്ക് ലോ.. പോസ്റ്റ് ഗ്രാജുവേഷൻ എംബിഎ ഉം?
                                                    
സാബിറിന്റെ മുഖം വിളറുന്നു.
                                        ശബ്ദം തുടരുന്നു:
ഇതായിരുന്നു സ്വപ്നജോലിയെങ്കിൽ എന്തുകൊണ്ട് ഡിഗ്രിക്ക് പബ്ലിക് റിലേഷൻസ് എടുത്തില്ല..?
സാബിർ വിളറിയ ചിരി ചിരിക്കുന്നു.
                                          ഒരു സ്ത്രീശബ്ദം:
ഇപ്പൊഴത്തെ പിള്ളാരൊക്കെ ഇങ്ങനെയാ... ഒരു ലക്ഷ്യബോധമില്ല... സയൻസീന്ന്. ലോ... ലോയീന്ന്.. മാർക്കറ്റിംഗ് . മാർക്കറ്റിംഗീന്ന് ഡാൻസ്...

ആളുകളുടെ ചിരിക്കിടയിൽ സാബിറിന്റെ മുഖം മ്ലാനമാവുന്നു..... 
                    
                                                  സാബിർ:
എന്റെ തെറ്റല്ല സാർ...
ഒന്ന് ചിരിച്ചുകൊണ്ട് ഒരു ശബ്ദം:
പിന്നെ.. ഈസ് ഇറ്റ് ഔർ ഫാൾട്ട്...?
എല്ലാവരും പൊട്ടിച്ചിരിക്കുന്നു. കുലുക്കമില്ലാതെ
                                                 സാബിർ:
അതെ സാർ.. നിങ്ങളുടെയൊക്കെ തന്നെ...
എല്ലാവരും സൈലന്റാവുന്നു
    ശബ്ദമുയർത്തി വികാരാധീനനായി സാബിർ:
മൈ ഡാഡ് ഈസ് അൾമോസ്റ്റ് യുവർ ഏജ്...  ഹീ വാണ്ടഡ് മീ ടു ബിക്കം എ ഡോക്ടർ.. അങ്ങനെ +2വിന് സയൻസെടുക്കേണ്ടി വന്നു. ആരും


എന്റെ താല്പര്യം എന്താണെന്ന് ചോദിച്ചില്ല. ലാബിൽ തവളയെ കീറിയപ്പോ ചോര കണ്ട് ഞാൻ കറങ്ങി വീണു. അങ്ങനെ ഡോക്ടറായില്ല. എന്നെ വക്കീലാക്കാ നായിരുന്നു മമ്മീടെ ചോയിസ്... അങ്ങനെയാ സാർ എൽ.എൽ.ബിക്ക് ചേർന്നത്.. അപ്പോഴും അവരാരും എന്റെ ഇന്ററസ്റ്റ് ചോദിച്ചില്ല.. പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോ കേസില്ലാ വക്കീലായി കുടുംബത്തിന്റെ പേരു കളയുമെന്ന് പേടിച്ച് ഡാഡി വാങ്ങിത്തന്നതാ എം.ബി.എ. ഡാഡിയെ ഹര്‍ട്ട് ചെയ്യണ്ടാന്ന് കരുതി അതും ചെയ്തു..  സാറിന്റെ മക്കൾ സാറ് പറയുന്നത് അനുസരിക്കാതിരുന്നാൽ സാറിന് സഹിക്കുമോ സാർ..

         ആരും മിണ്ടുന്നില്ല. സാബിർ തുടരുന്നു  
ഞങ്ങൾ യങ്സ്റ്റേഴ്സിന്റെ ജീവിതം പകുതിയും ജീവിച്ചു തീർക്കുന്നത് നിങ്ങൾ  അച്ഛനമ്മമാരാ ഒടുവിൽ പഴി മുഴുവൻ ഞങ്ങൾക്കും

ഇന്റർവ്യൂ പെട്ടെന്നവസാനിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു നീണ്ട ബെൽ മുഴങ്ങി..

കട്ട്