മലയാളം ബ്ലോഗ് സ്വതന്ത്രമായ ഒരു എഴുത്തിടം മാത്രമല്ലെന്ന് സമീപകാലം തെളിയിക്കുന്നു.
അൻവർ അലി, പി.പി.രാമചന്ദ്രൻ, എം.കെ.ഹരികുമാർ, ഗോപീകൃഷ്ണൻ, ബി.ആർ.പി.ഭാസ്കർ തുടങ്ങിയ പ്രമുഖ എഴുത്തുകാർ ബ്ലോഗിൽ സജീവസാന്നിദ്ധ്യമായതും ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി പോലുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങൾ ഗൌരവത്തോടെ ചിന്തിക്കാൻ തുടങ്ങിയതും ഈ ഇടക്കാലത്താണ്.
ബ്ലോഗിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങൾ എന്നതിന്റെ പ്രാരംഭചർച്ചകൾ അണിയറയിൽ നടക്കുമ്പോൾ തന്നെ ബ്ലോഗിൽ നിന്നൊരു ചലച്ചിത്രം ഉരുവം കൊള്ളുന്നു. വായുവിൽ ജനിച്ച ഭാവനകൾ പുസ്തകത്തിലേക്കും, ചലിക്കുന്ന ഫ്രെയിമുകളിലേക്കും ആലേഖനം ചെയ്യപ്പെടുകയാണ്. ഇതൊരുപക്ഷേ മലയാള ബ്ലോഗിന് ഒരു വഴിത്തിരിവായേക്കാം. നേരമ്പോക്കാണ് ബ്ലോഗിങ്ങ് എന്ന ധാരണ തിരുത്തിയെഴുതാൻ ഈ സംരംഭങ്ങൾക്ക് കഴിഞ്ഞേക്കാം.
അക്ഷരാർത്ഥത്തിൽ ബ്ലോഗിൽ നിന്നുള്ള ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭമാണ് പരോൾ. പ്രവാസം കുട്ടികളിൽ നിന്നും നഷ്ടമാക്കുന്ന ജീവിതമാണ് കഥാതന്തു. കാഴ്ച ചലച്ചിത്ര വേദിയുടെ ബാനറിൽ നിർമ്മാണം നിർവഹിക്കുന്നത് ബ്ലോഗ് മുഖാന്തിരമുണ്ടായ ഒരു സൌഹൃദ സംഘമാണ്.
തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ഏറെക്കാലമായി ബ്ലോഗിൽ സജീവമായി നിൽക്കുന്ന രണ്ടുപേരാണ്
സങ്കുചിതൻ എന്ന പേരിൽ എഴുതുന്ന കെ.വി. മണികണ്ഠന്റെ ബ്ലോഗായ സങ്കുചിതത്തിലെ പരോൾ എന്ന ചെറുകഥയ്ക്ക് അദ്ദേഹം തന്നെ തയാറാക്കിയ തിരക്കഥയാണ് പരോൾ എന്ന പേരിൽ വീഡിയോ ചലച്ചിത്രമാകുന്നത്. സനാതനൻ എന്ന സനൽ ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിജിറ്റൽ ഫോർമാറ്റിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പട്ടാമ്പിയിൽ ചാത്തന്നൂരിൽ വച്ച് നവംമ്പർ 25 , 26, 27, 28 തീയതികളിൽ നടക്കും.
ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ സഹായിയും ബ്ലോഗറുമായ റെജിപ്രസാദ് ആണ്. കലാസംവിധാനം ഡിസ്നി വേണു.
അഭിനേതാക്കളിലുമുണ്ട് ബ്ലോഗിന്റെ സാന്നിദ്ധ്യം. ഒരുപ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബ്ലോഗറായ കുമാറിന്റെ മകൾ കല്യാണിയാണ്.
കരമന സുധീർ, സന്ധ്യ രമേഷ്, വിജയൻ ചാത്തന്നൂർ, വത്സല ബാലഗോപാൽ, വിപ്ലവം ബാലൻ, രെജീഷ്.പി, സിജി, അഭിജിത്, കുഞ്ചോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഡിസംബർ ആദ്യവാരത്തോടെ ചിത്രത്തിന്റെ പ്രഥമ പ്രദർശനം തിരുവനന്തപുരം പ്രെസ് ക്ലബിൽ വച്ചു നടക്കും.