10/6/08

പ്രതിഷേധവാരം ബാലെ-വിഷ്കംഭം

മാന്യമഹാജനങ്ങളേ എന്റെ വീടുകയറി മോഷ്ടിക്കുകയും,അതേപ്പറ്റി സൗമ്യമായി ചോദിച്ചു എന്ന കുറ്റത്തിന്‌ എന്നേയും എന്റെ വീട്ടുകാരെയും തെറി പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പകൽക്കള്ളനോട്‌ ഞാൻ ഇതിനാൽ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു..ഡും..ഡും..ഡും....
എന്റെ വീടിനു മുന്നിൽ കരിങ്കൊടി കെട്ടി അവനോടുള്ള പ്രതിഷേധം ഞാൻ ലോകസമക്ഷം പ്രകടിപ്പിച്ചുകൊള്ളുന്നു....ഡും..ഡും..ഡും....
പ്രതിഷേധം പ്രതിഷേധം
മോഷണത്തിൽ പ്രതിഷേധം
ഭീഷണിയിൽ പ്രതിഷേധം....
(എന്റെ പ്രതിഷേധത്തിന്റെ തിരനാടകം തയ്യാറാകാൻ ഇത്രയും താമസിച്ചതിൽ ക്ഷമിക്കുക,ആരെയും നോവിക്കാതെയും അധ്വാനമില്ലാതെയും എന്റെ വീടിന്റെ വാതിൽ തുറന്നു പുറത്തിറങ്ങാതെയും ഏറ്റവും ലളിതമായി എങ്ങനെ പ്രതിഷേധിക്കാമെന്ന് കൂലങ്കഷമായി ചിന്തിക്കുകയായിരുന്നല്ലോ ഞാൻ)
പ്രതിഷേധം..
പ്രതിഷേധം...
മോഷണത്തിൽ പ്രതിഷേധം
ഭീഷണിയിൽ പ്രതിഷേധം...
ഡും..ഡും..ഡും...
കാട്ടുകള്ളാ നീ മാപ്പു പറയുന്നോ ഇല്ലയോ..ഇല്ലെങ്കിൽ ഞാൻ എന്റെ സ്വന്തം വീടിന്റെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ചത്തുകളയും കട്ടായം..
കള്ളാ ഇതു സത്യം സത്യം സത്യം
(കാഴ്ചക്കാരോട്‌ ഒരപേക്ഷ:സഹൃദയരേ നിങ്ങൾക്കിടയിലെവിടെയെങ്കിലും ഈ കള്ളനിരുപ്പുണ്ടെങ്കിൽ ഈ ബാലേ കണ്ട്‌ അവന്റെ കണ്ണ്‌ നിറയുന്നുണ്ടെങ്കിൽ താമസം വിനാ ഈ കലാപരിപാടിയുടെ സംഘാടകരെ അറിയിക്കണമെന്നൊരപേക്ഷയുണ്ട്‌....പാവമാമക്കള്ളന്‌ കൂടുതൽ മനക്ലേശത്തിനിടവരുത്താതെ മാപ്പുകൊടുത്ത്‌ തിരശീലവലിക്കേണ്ടതുണ്ട്‌)

10 അഭിപ്രായങ്ങൾ:

 1. സനലേ ആ കൈയ്യൊന്നു തന്നേ. :).

  ഇതാണ് ഇതാണ് പ്രതിഷേധം

  മറുപടിഇല്ലാതാക്കൂ
 2. സനലേ
  :)
  ഡും ഡും ഡും...

  ചര്‍ച്ചചെയ്തും പോസ്റ്റിട്ടും അവനാളെക്കൂട്ടിക്കൊട്ക്കുവിന്‍...

  ഡും ഡും ഡും...

  പറ്റുമെങ്കില്‍ ഡും ഡും ഡും എന്ന് രണ്ടിരുട്ടടി ആകട്ടെ

  മറുപടിഇല്ലാതാക്കൂ
 3. ഏതുപ്രതിഷേധവും അങ്ങനെയൊക്കെ തന്നെയല്ലേ? ഒരു പ്രശ്നത്തെ സാമാന്യബോധത്തിലുറപ്പിക്കുകയാണ് ഏതു സമരത്തിന്റെയും പ്രാഥമികമായ ലക്ഷ്യം. ഒരല്പം ഉപ്പു കുറുക്കിയാല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം വിറച്ചോടുമോ എന്നാണ് 1930-ലും സാമാന്യബോധം ഉന്നയിച്ച ചോദ്യം. ഏതു സമരത്തിനും പ്രതീകാത്മകവും വിമോചനാത്മകവുമായ മൂല്യമുണ്ട്. ചിന്തിക്കുന്നവന്‍ ആദ്യം അതു തിരിച്ചറിയേണ്ടതുണ്ട്. ഇഞ്ചി, രാജപ്പന്‍.. ഉദാഹരണങ്ങളെ പിടിച്ചുള്ള കളി ബാഹ്യമായ കാര്യം മാത്രമാണ്.. ഈ ബഹളത്തിനിടയിലും മിമിക്രിയിലും അത്രയൊക്കെ നാം തിരിച്ചറിയേണ്ടതല്ലേ?

  മറുപടിഇല്ലാതാക്കൂ
 4. വെള്ളെഴുത്തേ സമരങ്ങളെ സാമാന്യവൽക്കരിക്കരുത്‌.ഓരോ സമരവും ഓരോന്നാണ്‌,ഓരോ ലക്ഷ്യവും ഓരോ എതിരാളിയും ഓരോ പോരാളിയുമായി അത്‌ മറ്റൊന്നിൽ നിന്നും വിഭിന്നമായി നിൽക്കുന്നു.അങ്ങനെ തന്നെയാവുകയും വേണം.ആർക്കെതിരെയാണ്‌ പോരാടുന്നതെന്ന് ഉറപ്പിച്ചിട്ടു വേണം എന്ത്‌ സമരമുറയാണ്‌ പ്രയോഗിക്കേണ്ടത്‌ എന്ന് ഉറപ്പിക്കേണ്ടത്‌.വംശീയമായി തെരഞ്ഞുപിടിച്ച്‌ ഗ്യാസ്‌ ചേംബറുകളിൽ അടച്ച്‌ ഉന്മൂലനാശം വരുത്തിയിരുന്ന നാസി ഭീകരതയ്ക്കെതിരെയായിരുന്നു ഗാന്ധിയൻ മാർഗ്ഗത്തിലുള്ള സത്യാഗ്രഹം മുന്നോട്ട്‌ വച്ചിരുന്നതെങ്കിലോ?
  ആനക്ക്‌ തുടലും പട്ടിക്ക്‌ തോട്ടിയും ഒരിക്കലും നിയന്ത്രണോപാധിയല്ല.അധവാ ആരെങ്കിലും അങ്ങനെ കരുതുന്നു എങ്കിൽ ഹ കഷ്ടമേ! എന്നല്ലാതെ എന്തു പറയാം നമുക്ക്‌!വിഷം ഇഷ്ടഭോജ്യമായവന്‌ വിഷം കൊടുക്കുന്നത്‌ എന്തു നേടാനാണ്‌..അതോ ഈ സമരം മറ്റു വല്ലവരേയും ഉദ്ദേശിച്ചായിരുന്നോ...കഥ മാറിയോ..

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. ഞാന്‍ ഈ സമര രംഗത്തെ സജീവ പങ്കാളിയൊന്നുമല്ല. എങ്കിലും നെറികേടിനെതിരെ പ്രതികരിക്കുക എന്ന സ്വഭാവദൂഷ്യം ഉള്ളതിനാലായിരിക്കണം, ഇഞ്ചിയുടെ പോസ്റ്റില്‍ ബഹളം വെക്കലല്ല നിയമപരമായി നേരിടുകയാണ് വേണ്ടതെന്ന രീതിയില്‍ ഒരു കമന്റിടുകയും കരിവാരാചരണം എന്ന് കേട്ടപ്പോഴേക്കും ചാടിപ്പുറപ്പെട്ട് ബ്ലോഗിനെ കരിപൂശുകയും ചെയ്തത്. സമരങ്ങള്‍ക്ക് പേരുകേട്ട ഒരു നാടിന്റെ പാരമ്പര്യമുള്ളതുകൊണ്ടും എത്ര എതിര്‍പ്പുള്ളവന്‍ ആഹ്വാനം ചെയ്യുന്നതായാലും സമരങ്ങളോട് പരമാവധി സഹകരിക്കൂകയും ചെയ്യുന്ന നമ്മുടെ ശീലം കൊണ്ടുമാകാം പലരും കരിവാരാ‍ചരണം എന്നു കേട്ടതും തങ്ങളുടെ ബ്ലോഗിനെ കറുപ്പിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. നാം നമ്മുടെ ബ്ലോഗുകളിലൂടെ നമുക്കു ചുറ്റും നടക്കുന്ന പല സംഭവങ്ങള്‍ക്കെതിരെയും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. നേരിട്ടല്ലെങ്കിലും ബ്ലോഗിലൂടെചിരപരിചിതരായ ചിലര്‍ക്കുനേരെയുണ്ടായ ഭീഷണിക്കെതിരെ ബ്ലോഗര്‍ എന്ന നിലയില്‍ ഒരു ചെറിയ പ്രതികരണം എന്ന നിലയില്‍ ബ്ലോഗ് കറുപ്പിച്ചതിനെ അതുകൊണ്ടു തന്നെ അത്ര വലിയ അപരാധമായി കാണേണ്ടതില്ലെന്ന് തോന്നുന്നു. ജാലിയന്‍ വാലാബാഗില്‍ കൂട്ടക്കൊല നടത്തിയ ഡയറിനെതിരെ ഭഗത്സിങ്ങ് പ്രതികരിച്ച രീതിയിലല്ല ഉദംസിങ്ങ് പ്രതികരിച്ചത് ആ രീ‍തിയിലല്ല ഗാന്ധി പ്രതികരിച്ചത്. എത്ര വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ആരും പറയുന്നില്ല ഏതായിരുന്നു ശരി, ഏതായിരുന്നു തെറ്റ് എന്ന്. ഒരു പക്ഷേ എല്ലാം ശരിയായിരുന്നു എന്ന്‍ ഈ കാലഘട്ടത്തില്‍ നാം പറയും.

  മറുപടിഇല്ലാതാക്കൂ
 7. കിനാവേ പ്രതിഷേധം ഏതുതരത്തിലുള്ളതായാലും അത് അപരാധമല്ല,പക്ഷേ ആരോടാണ് പ്രതിഷേധിക്കേണ്ടത് ആരെയാണ് പ്രതിരോധിക്കേണ്ടത് എന്ന് വ്യക്തമായി മനസിലാക്കിയിരിക്കണം.ഒരു ഭരണകൂടത്തിനെതിരെയോ,ഭരണാധികാരിക്കെതിരെയോ അതിന്റെ തെറ്റായ നയങ്ങൾക്കും പ്രവർത്തികൾക്കും എതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നതിനെ മനസിലാക്കാൻ കഴിയും.എന്നാൽ ഒരു കാട്ടുപോത്തിനെതിരെ,പേപ്പട്ടിക്കെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കുന്നത് എനിക്ക് മനസിലാക്കാനാവുന്നില്ല.അവിടെ നാം പ്രതിരോധിക്കുകയാണ് വേണ്ടത്,പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് വേണ്ടത്.അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഒരു കോടതി വിധിയുണ്ടായാൽ,അല്ലെങ്കിൽ ഒരു നിയമനിർമാണമുണ്ടായാൽ സ്വന്തം വായമൂടിക്കെട്ടി പ്രതിഷെധിക്കാം.പക്ഷേ കവലച്ചട്ടമ്പിയുടെ പേനാക്കത്തി ഭീഷണിക്കെതിരെ അത്തരം ഒരു പ്രതീകാത്മക പ്രതിഷേധം എത്ര പരിഹാസ്യമായിരിക്കും!

  മറുപടിഇല്ലാതാക്കൂ
 8. "അവിടെ നാം പ്രതിരോധിക്കുകയാണ് വേണ്ടത്,പ്രതിരോധത്തിനുള്ള മാർഗ്ഗങ്ങൾ ആരായുകയാണ് വേണ്ടത്"

  ആരാണ് നാം. അതല്ലേ പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
 9. കിനാവേ എത്രയൊക്കെ നിഷേധിച്ചാലും നാം എന്ന ഒരു ഇത് ..ഇവിടെയുണ്ട്.അതു കൊണ്ടുതന്നെയാണ് ഒന്നിലധികം ആളുകൾ ബ്ലോഗ് കറുപ്പാക്കാനും കമെന്റെഴുതി പിന്തുണ പ്രഖ്യാപിക്കാനും മുന്നോട്ട് വരുന്നത്.പക്ഷേ ഈ നാം എന്ന സാധനം മിസ്‌ലീഡ് ചെയ്യപ്പെടുന്നു അതാണ് പ്രശ്നം.

  മറുപടിഇല്ലാതാക്കൂ