19/10/08

ബുരി ഗൊങ്ങ

ഏറെ നാളായി ഗൂഗിൾഭൂമിയിൽ
വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു
ടീ ബോയി, ആലം ബിസു മിയാ,
അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ
മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ
ബാക്കിക്ക് മുടങ്ങാതെ വയറു മുറുക്കുന്നവൻ...

അവന് അവന്റെ “ബൊഡാ ഗാവ്” കാണണം
“ഛോട്ടാ ഗൊർ” കാണണം
നാലുവർഷങ്ങൾക്കപ്പുറം വിമാനം കയറാൻ
ആദ്യമായ് നഗരത്തിലെത്തുമ്പോൾ
ധാക്കയിലേക്കവനെ അനുഗമിച്ച
പ്രിയപ്പെട്ട “ബുരിഗൊങ്ങ” കാണണം...

അവന്റെ എല്ലുന്തിയ പുഞ്ചിരി
ഇല്ലാത്തിരക്കിൽ പൂഴ്ത്തി,
ഗൂഗിൾ ചാറ്റിൽ ഞാൻ മുങ്ങി ഏറെക്കാലം.
ഓരോ ചായക്കും മോണിറ്ററിലേക്ക് ഓരോ
എത്തിനോട്ടമെന്ന അവന്റെ ശല്യം
ശകാരിച്ചൊതുക്കിയ കുറ്റബോധം
കുത്തി നോവിച്ചപ്പോൾ, അവനായി ഞാൻ
പരതി “ബുരി ഗൊങ്ങ”.

ഗംഗയിൽ നിന്നറ്റുപോയ ചില്ല,ബുരിഗംഗ
തരം താണവരുടെ നദി
ബംഗാളി എന്ന് തലയുയർത്താത്ത
ബംഗാളികളുടെ ഗംഗ
അറ്റുപോയതിന്റെ മുറിവുണങ്ങാത്ത
നോവ് പേറുന്ന ഒഴുക്ക്

ബിസൂ,
യന്ത്രബോട്ടുകളെ വിഴുങ്ങിമരിച്ച
മലമ്പാമ്പിന്റെ എക്സ്രേചിത്രമാണോ
നിന്റെ ബൂരിഗംഗ,
അതോ ഇലപൊഴിഞ്ഞുണങ്ങിയ
കാട്ടുമരത്തിന്റെ മിഴിവുള്ള എണ്ണച്ഛായമോ
അഴുക്കുചാലുകളുടെ കരയിൽ വീടുവയ്ക്കുന്നവരുടെ
നഗരമാണോ ധാക്കയും?
പാപമൊക്കെ മുടങ്ങാതെ ഏറ്റുവാങ്ങുന്നുണ്ടോ,
പമ്പയെപ്പോലെ,ഗംഗയെപ്പോലെയിവളും...?

ഏതുതീരത്താണ് നിന്റെ കുടിൽ
ഏതുമരച്ചുവട്ടിൽ
ഏതുമലയടിവാരത്തിൽ?
വീതിയേറിയ പാതയോരത്തല്ലെങ്കിൽ,
കണ്ടെത്താനാവില്ല ഈ-വീട്

ബിസൂ,
നിന്റെ ഗംഗയിൽ എന്റെ പുഴയുടേയും
ശവമൊഴുകുന്നുണ്ടെന്നറിയാമോ
ഒരൊറ്റക്ലിക്കുകൊണ്ടെനിക്കെത്താം
ഗൂഗിൾ ഭൂമിയിൽ, നെയ്യാറിലും.
കണ്ണടച്ചാൽ കേൾക്കാം
ഹൈവേയിൽ ലോറികയറി മരിച്ച
നായയുടെ കുടൽ മാലപോലെ
ചതഞ്ഞുനീണ്ട രോദനം..
അതിന്റെ കരയിലെവിടെയോ
ഉണ്ടെനിക്കും
ഒരു “ചോട്ടാ ഗൊർ”

ഇത്രനാൾ തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല
എന്റെയും വീടെനിക്കിതേവരെ
പേരറിയാവുന്ന മലകളെ
പേരറിയാവുന്ന പാറകളെ
പേരറിയാവുന്ന മരങ്ങളെ,
കാണാനാവില്ല ഈ - ഭൂമിയിൽ..

നിനക്കറിയാമോ,
ഗൂഗിൾ ഭൂമിയിൽ അധിവസിക്കുന്നവരുടെ
മക്കൾക്ക് കോഴിമുട്ടകണ്ടാലിനി
ഓർമവരില്ല ഭൂമിയെ......
ചിത്രം:ഗൂഗിൾ എർത്ത്

9 അഭിപ്രായങ്ങൾ:

 1. Find 1000s of Malayalee friends from all over the world.

  Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

  Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

  മറുപടിഇല്ലാതാക്കൂ
 2. നിനക്കറിയാമോ
  ഗൂഗിൾ ഭൂമിയിൽ
  എന്റെ മകൻ ഇന്നലെ
  ലോകം മുഴുവൻ ചുറ്റിവന്നു,
  എനിക്കവനോട് അസൂയയായി...

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു കവിത.
  ‘ബൊഡാ’യും ‘ഗൊറും’ മൊക്കെ സുപരിചിതമാണ് എനിക്കു ചുറ്റുമുള്ള ബംഗാളികളില്‍ നിന്നും.

  ‘ബംഗാളി എന്ന് തലയുയർത്താത്ത
  ബംഗാളികളുടെ...’

  ബംഗാളി എന്ന പുച്ഛത്തോടെയുള്ള വിളിയാകാം ബംഗാളി എന്ന് തലയുയര്‍ത്താന്‍ ബുരിഗൊങ്ങയെപ്പോലെ അവര്‍ക്കും കഴിയാത്തത്. ബംഗാളി എന്ന പദത്തിന് നികൃഷ്ടമായ എന്തോ അര്‍ത്ഥമാണെന്നു തോന്നിപ്പോകും ചില വിളികളില്‍. മണലാരണ്യത്തിന്റെ ഇന്നിന്റെ തൊഴിലാളി ബംഗാളിയാണല്ലോ...

  ബംഗാളിയില്‍ നിന്നും മാറി മൊത്തം പ്രവാസികളേയും പിന്നെ ‘ഈ’-ഭൂമിയിലെ പേരറിയാത്ത മലകളിലും മരങ്ങളിലും പാറകളിലും സൌഹൃദങ്ങളിലും സ്വയം മറക്കുന്ന ഈ-ലോകവാസികളേയും തൊട്ടുതൊട്ടങ്ങിനെ സഞ്ചരിച്ച് ഒടുവില്‍ ഇത്രനാള്‍ തെരഞ്ഞിട്ടും എന്റെ വീടുപോലും കണ്ടെത്താനായില്ല എന്നതിരിച്ചറിവില്‍ തൊട്ടു നില്‍ക്കുന്നു കവിതയും ഞാനും

  മറുപടിഇല്ലാതാക്കൂ
 4. സുന്ദരന്‍ കവിത... കഥ പോലെ ഒഴുകിപ്പരക്കുന്നുവെങ്കിലും.

  മറുപടിഇല്ലാതാക്കൂ
 5. “ബൊഡാ ഗാവ്‌“ കാണണം
  “ഛോട്ടാ ഗൊർ“ കാണണം....
  ഗൂഗിൾഭൂമിയിൽ

  എത്ര തിരഞ്ഞിട്ടും ഞാനും കണ്ടില്ല സനല്‍.

  ബംഗാളികളെ കുറിച്ച്‌ കിനാവ്‌ പറഞ്ഞതിന് അടിവര. ആ വിളി നോവിക്കാറുണ്ട്‌ പലപ്പോഴും. ഒരേ സമയം പലവഴികളിലൂടെയായി എത്ര പേരാണ് ജീവിച്ചു പോവുന്നത്‌. അല്‍ഭുതം തോന്നുന്നു.

  വല്ലാതെ ഇഷ്ടായി...

  മറുപടിഇല്ലാതാക്കൂ
 6. ഒഴുകിവരുന്ന ഈ കവിത വളരെ ഇഷ്ടായി..
  അവസാനം ദൈവമേ.. എന്നൊന്നു വിളിച്ചുപോയെങ്കിലും..

  മറുപടിഇല്ലാതാക്കൂ
 7. എന്തൊക്കയൊ മുറിവുകള്‍ ബാക്കി വെക്കുന്നു ഈ ബുരി ഗൊങ്ങ

  മറുപടിഇല്ലാതാക്കൂ