ഞങ്ങൾ വാതിലടച്ചു.
ഇനിയിങ്ങോട്ടാരും വരണ്ട
ഞങ്ങളെങ്ങോട്ടും പോകുന്നുമില്ല.
ഉള്ളിലിപ്പോൾ ഞങ്ങൾ,
ഞാനും എന്റെ ഭാര്യയും
ഞങ്ങളുടെ മക്കളും
ഓരോരുത്തരുടെ വഴികളും മാത്രമായി.
കടലിൽനിന്ന് മടങ്ങിവന്ന വള്ളത്തിലെന്നപോലെ
ഒരു വീട് നിറയെ വഴികൾ
ചുറ്റിപ്പിണഞ്ഞ് കുരുക്കുവലപോലെ കിടക്കുന്നു.
ഒരൊറ്റ വാതിലിലൂടെ
ഇത്രയധികം വഴികൾ വലനെയ്തതോർത്ത്
കണ്ണ് തുറിച്ച് നോക്കുമ്പോഴുണ്ട്
കണ്ണികളിൽ പറ്റിപ്പിടിച്ചിരിക്കുന്നു
അയൽവീടുകൾ,
പിടയ്ക്കുന്നു ജനാലകളിൽ വെട്ടം.
ഉള്ളിലേക്ക് നോക്കുമ്പോഴതാ അവരും
വഴികൾ കുടഞ്ഞ് പെറുക്കുകയാണ്
അതിൽ പറ്റിപ്പിടിച്ചിരിക്കുന്നു ഞങ്ങളുടെയും വീട്.