യാത്രക്കാരനിൽ ഒരു കാഴ്ചക്കാരന്റെ ശതമാനം

അഞ്ചുമണി വൈകുന്നേരം
വാഹനങ്ങളുടെ അമറലുകൾ -
കുത്തിയൊലിക്കുന്ന എൻ.ഏച്ച്.47
ഇതാ ഇപ്പോ പൊട്ടിച്ചോടിവരുമെന്ന്
ചുരമാന്തി മുക്രയിടുന്ന മഴക്കൂറ്റൻ
60% ബ്രേക്കും 40 % ലക്കുമില്ലാത്ത
എന്റെ ബജാജ് സി.റ്റി.100
മഴവീണാൽ തളം കെട്ടുന്ന തമ്പാനൂരിൽ നിന്നും
നിന്നുപെയ്താൽ ഒലിച്ചുപോകുന്ന വീട്ടിലേക്ക്
60-65 ൽ ആക്സിലേറ്റർ പിടിക്കുന്ന ഞാൻ


പറയൂ കാഴ്ചക്കാരാ
എത്രശതമാനം സാധ്യതയാണ് വീടെത്താൻ
എനിക്കുള്ളത്?
നിറയെ പുഴമണൽ തിന്നുവരുന്ന
പല്ലിളിച്ച പാണ്ടിലോറി
എന്നെ ഉമ്മവെയ്ക്കാനുള്ള
സാധ്യത എത്ര ശതമാനം?

റോഡിലേക്ക് ഉരുണ്ടുവീണ ആപ്പിൾ
ലക്ഷ്യമാക്കി ഓടുന്ന
പഴക്കച്ചവടക്കാരൻ കിഴവനെ
എന്റെ ബൈക്ക് തച്ചുടയ്ക്കാൻ
സാധ്യത എത്ര ശതമാനം?

ഹെൽമറ്റിൽ നിന്നും ഊരിത്തെറിക്കുന്ന
എന്റെ തലയിൽ വി.എസ്.എസ്.സി ബസിന്റെ
കൂറ്റൻ ചക്രങ്ങൾ കയറിനിരങ്ങാൻ
എത്രശതമാനം സാധ്യത?

മഴപെയ്യാനുള്ള സാധ്യത എത്രശതമാനം?
പെയ്യാതിരിക്കാനുള്ള സാധ്യത എത്രശതമാനം?
മഴപേടിച്ച് ഒടിഞ്ഞുവീഴുന്ന മരക്കൊമ്പുകൾക്കടിയിൽ
ഞാൻ ചോരകൊണ്ട് ഒപ്പുവെയ്ക്കാൻ
സാധ്യത എത്ര ശതമാനം?

കാഴ്ചക്കാരാ,
ശതമാനക്കണക്കുകൾ അളന്ന്
നിങ്ങൾ ഒരു കട്ടൻ ചായകുടിച്ച് നിൽക്കുക
ഞാൻ പോയ്‌വരാം
ചിലപ്പോൾ വരാതെ പോകാം
സാധ്യത എത്ര ശതമാനം?
ആർക്കറിയാം?
ആർക്കറിയണം?
എന്തായാലും
തട്ടുകടയിൽ ചായകുടിച്ച്
സാധ്യതകളളന്ന്
നൂറുശതമാനം നിങ്ങളിവിടെ ഉണ്ടാകുമല്ലോ..!