.................


തുടര്‍ച്ചയായി മഴപെയ്യുമ്പോള്‍
അലക്കിയിട്ട തുണികള്‍പോലെ
അയയിലും, വരാന്തയിലും
കതകിലും, ജനാലയിലും
തോരാതെ തൂങ്ങുന്ന
പൂപ്പല്‍ നാറുന്ന ദിവസങ്ങള്‍ .
റോഡപകടത്തില്‍ മരിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ
ചോരയില്‍ ചവുട്ടിയപോലെ
കാലുരച്ചുരച്ചില്ലാതാക്കാന്‍ തോന്നിക്കുന്ന അറപ്പ്..
മഴയില്‍ ചുവരു നനയുമ്പോള്‍
വെടിപ്പുകളില്‍ നിന്ന്
ചോനാനുറുമ്പുകളിറങ്ങുമ്പോലെ
വായില്‍ നിന്നും ചെവിയില്‍ നിന്നും
മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും
ഇഴഞ്ഞ് പരക്കുന്ന മടുപ്പ്.