അയാൾക്കറിയില്ലെങ്കിലും


മരിച്ചുപോയ ഒരാൾ
താൻ മരിച്ചുപോയി എന്ന് ഒരിക്കലും അറിയുന്നില്ല..
അയാളെ ആളുകൾ വെള്ളവസ്ത്രം പുതപ്പിക്കുമ്പോഴും
അതിനുമേൽ പുഷ്പചക്രങ്ങൾ വെയ്ക്കുമ്പോഴും
അതിനും മേൽ പ്രിയപ്പെട്ടവരുടെ നിശ്വാസം പൊതിയുമ്പോഴും
ജീവിതത്തിൽ താനൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത 
സ്വസ്ഥതയിൽ അയാൾ ലയിച്ച് കിടക്കും..
ശാമ്പ്രാണിയുടെ പുകയോടൊപ്പം
അയാളുടെ മരണം മുറ്റത്ത് വന്നവരോട് കുശലം പറയുമ്പോൾ
അവസാനം പറയാനാഞ്ഞ വാചകം ചുണ്ടിൽ കടിച്ചുപിടിച്ച്
അയാൾ ആകാശം നോക്കി ആലോചിക്കുകയാവും..
ഇനി ഉണരില്ല എന്ന് എല്ലാവരും അറിയുമ്പോഴും
ഇനി ഉണരില്ല എന്ന് അയാൾ അറിയുന്നില്ല..
ആരും ഒന്നും ചെയ്തില്ലെങ്കിൽ ചീഞ്ഞു നാറിയാലും
ഇനി വയ്യ എന്ന് അയാൾ കാത്തിരിപ്പവസാനിപ്പിക്കില്ല..
ഉണരുന്നതു വരെ, വീണ്ടും ചലിക്കുന്നതുവരെ
എത്രകാലം വേണമെങ്കിലും മടുപ്പില്ലാതെ
അയാൾ അതേ കിടപ്പ് കിടക്കും..
പക്ഷേഎന്തു ചെയ്യാനാണ്
മണിക്കൂറുകൾ കഴിയും മുൻപേ
അയാൾക്ക് വേണ്ടപ്പെട്ടവർ അയാളെ ചിതയിലേക്കെടുക്കും..
അയാൾക്കറിയില്ലെങ്കിലും അവർക്കറിയാമല്ലോ 
അയാൾ മരിച്ചുപോയെന്ന്...