22/8/13

മനുഷ്യനെ സൃഷ്ടിച്ചത് കളിമണ്ണുകൊണ്ടല്ല!


മനുഷ്യനെ ദൈവം കളിമണ്ണുകൊണ്ടുണ്ടാക്കി ജീവശ്വാസമൂതിവിട്ടതാണെന്ന കാലഹരണപ്പെട്ട മതബോധനങ്ങളാണ് ഇന്നും നമ്മെ നയിക്കുന്നത്. പരിണാമസിദ്ധാന്തം വന്നിട്ടും ജനിതകശാസ്ത്രം ഡിഎൻഎയും ജീനുമൊക്കെ ഡീ കോഡ് ചെയ്ത് കാട്ടിയിട്ടും ക്ലോണിങ്ങും ജനിതകവിത്തുകളും ടെസ്റ്റ് ട്യൂബ് ശിശുക്കളുമൊക്കെ എമ്പാടും ചർച്ചാ വിഷയമായിട്ടും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും നാം, മനുഷ്യനെ ദൈവം പൊടിയിൽ നിന്നും സൃഷ്ടിച്ചുവിട്ടതാണെന്ന മണ്ടൻ കഥ കണ്ണടച്ച് വിശ്വസിക്കുന്നു. ശരീരം കളിമണ്ണുകൊണ്ടുള്ളതാണെന്ന് നിസാരവത്കരിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന കഥകകളിലൂടെ മനുഷ്യന്റെ ജൈവ ചോദനകളെ അടക്കിഭരിച്ചും മതം, മജ്ജയും മാംസവും ചോരയുമുള്ള സത്യത്തെ ഇരുട്ടിൽ ചവുട്ടിത്താഴ്ത്തുന്നു. ശരീരം തെറ്റാണ്, ലൈംഗീക അവയവങ്ങൾ കൊടും തെറ്റാണ്, സ്ത്രീ പാപമാണ്, അവളുടെ സ്രവങ്ങൾ തീണ്ടാപ്പാടകലെ നിർത്തേണ്ടതാണ് എന്നൊക്കെയുള്ള കണ്ണില്ലാത്ത വിശ്വാസങ്ങളെയാണ് നമ്മുടെ സദാചാര സംരക്ഷകർ 'നമ്മുടെ സംസ്കാരം, നമ്മുടെ പൈതൃകമെന്ന്' നാഴികയ്ക്ക് നാൽപ്പതുവട്ടം ഉദ്ഘോഷിക്കുന്നത്. പുരുഷാധിപത്യത്തിന്റെ സന്തതിയായ 'ഈ നമ്മുടെ പൈതൃകം, നമ്മുടെ സംസ്കാരം' ഒട്ടും കോട്ടം തട്ടാതെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്നത് പലപ്പോഴും സ്ത്രീകൾ തന്നെയാണെന്നതാണ് വിരോധാഭാസം. പുരുഷാ നീ പുറത്തുവന്നത് തീണ്ടാപ്പാടകലെ നിർത്തേണ്ടതെന്ന് നീ പറയുന്ന സ്രവങ്ങൾ പുറത്തുവന്ന അതേ സുഷിരത്തിലൂടെയാണെന്ന് പുരുഷനെ ഓർമിപ്പിക്കാൻ ഒരു സ്ത്രീയെങ്കിലും മുന്നോട്ട് വന്നാൽ പുരുഷ നിർമിതമായ 'ഈ നമ്മുടെ പൈതൃകം നമ്മുടെ സംസ്കാരം' കടലിലേക്ക് ഇടിഞ്ഞു വീഴും. പുരുഷൻ എന്നത് തൊട്ടുകൂടാത്ത ഒരു തീണ്ടാരിത്തുണിയായി ഇരുട്ടറയിൽ ഒളിക്കേണ്ടിവരും. ബ്ലെസിയുടെ കളിമണ്ണ് കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിയതാണിത്.

കളിമണ്ണ് ഒരു ക്ലാസിക് സിനിമയല്ല. അതൊരു സാധാരണ കച്ചവട സിനിമയാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന വിഷയം ഇന്നേവരെ മലയാളത്തിൽ ഒരു ക്ലാസിക് സിനിമാക്കാരനും കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത വിഷയമാണ്. കുഞ്ഞ് പുറത്തുവരുന്നത് വായിലൂടെയാണോ മൂക്കിലൂടെയാണോ പൊക്കിളിലൂടെയാണോ മലദ്വാരത്തിലൂടെയാണോ എന്നുപോലും അറിഞ്ഞുകൂടാത്ത എണ്ണമറ്റ കഴുതകൾ ജീവിച്ചിരിക്കുന്ന നാടാണ് നമ്മുടേത്. എന്തായാലും അത് യോനിയിലൂടെ ആവാൻ വഴിയില്ല എന്നവർ കരുതുന്നു. അത്രയ്ക്ക് പാപപങ്കിലമായ ഒരവയവമായാണ് അതിനെ പലരും മനസിലാക്കിയിരിക്കുന്നത്. ഒരു പാമ്പിനെ തല്ലിക്കൊല്ലുന്ന അതേ ലാഘവത്വത്തോടെ അതിലൂടെ ശ്വാസകോശം വരെ ഇരുമ്പുദണ്ഡ് ഇടിച്ചുകയറ്റാൻ പുരുഷനു കഴിയുന്നതും അതുകൊണ്ടുതന്നെ. കളിമണ്ണുകൊണ്ട് ദൈവമുണ്ടാക്കിയ പ്രതിമയല്ല മനുഷ്യനെന്ന് ഉച്ചത്തിൽ പറയാൻ ഇനിയും സിനിമകൾ, കൂടുതൽ ശക്തമായ ആവിഷ്കാരങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം ഒരു തുറന്നുപറച്ചിലിലേക്കുള്ള ധീരമായ ഒരു ചുവടുവെയ്പ്പാണ് കളിമണ്ണ്. അഭിസാരികയായി ശ്വാസം പോയാലും അഭിനയിക്കില്ലെന്ന മേനിപറച്ചിലുകാർ നടികർ തിലകങ്ങളായി പാറി നടക്കുന്ന നാടാണിത്. അത്തരമൊരു നാട്ടിൽ ഒരു ലക്ഷ്യബോധമുള്ള സബ്ജക്ടിനായി, അതിന്റെ സിനിമാവിഷ്കാരത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റം അർപ്പണബോധത്തോടെ ചേർന്നു നിൽക്കാൻ മനസുകാണിക്കുന്ന ഒരു നടി ഉണ്ടാകുന്നത് ഒരു സംവിധായകന്റെ ഭാഗ്യമാണ്. ശ്വേതാമേനോൻ എന്ന നടി ഒപ്പം നിന്നില്ലായിരുന്നുവെങ്കിൽ ബ്ലെസിക്ക് കളിമണ്ണ് ഇങ്ങനെ ഉണ്ടാക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു സംവിധായകന്റെ സിനിമ മാത്രമല്ല ചങ്കുറപ്പുള്ള ഒരു നടിയുടേയും കൂടി സിനിമയാണ്.

ഒരു നല്ല ആർട്ട് ഹൗസ് മൂവിക്കുള്ള എല്ലാ സാധ്യതകളും ഉള്ള ഒരു വിഷയമായിരുന്നെങ്കിലും കളിമണ്ണ് ജനപ്രിയ സിനിമയുടെ ഫോർമുലയുള്ള ഒരു സിനിമയാണ്. ആദ്യം എനിക്ക് അതേക്കുറിച്ച് ഒരതൃപ്തിയുണ്ടായിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ  സംവിധായകൻതിരഞ്ഞെടുത്ത വഴിയായിരുന്നു ശരിയെന്ന് തോന്നി. ഈ സിനിമ കാണേണ്ടത് ഫെസ്റ്റിവലുകളിൽ കളിക്കുന്ന സിനിമകൾ മാത്രം കാണുകയും മദ്യപാന സദസുകളിൽ വ്യാകരണം കൊണ്ടുബന്ധിപ്പിക്കാത്ത വാചകങ്ങൾ കൊണ്ട് ചർച്ചി(ദ്ദി)ച്ച് ആത്മരതി പൂകുകയും ചെയ്യുന്നവരല്ല. ഇത് കാണേണ്ടത് സാധാരണക്കാരാണ്. നിരത്തിൽ ജീവിക്കുന്നവർ. കളിമണ്ണിന് സാധാരണ ഇടിപ്പടങ്ങൾ കാണാനിഷ്ടപ്പെടുന്നവരെ മുഷിപ്പിക്കാത്ത ഭാഷയായതിനു കാരണം അതാവും. പ്രസവരംഗം കാണിക്കുന്നു എന്നാരോപിച്ച് തനിക്കും തന്റെ നായികയ്ക്കും നേരേ വാളോങ്ങിയവർക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്നുണ്ട് ബ്ലെസി. പ്രസവ രംഗം സിനിമയ്ക്ക് അനിവാര്യമായിരുന്നു എന്നതുകൊണ്ടുതന്നെ ഒരു കലാകാരനെന്ന നിലയിൽ തന്റെ സത്യസന്ധതയിൽ കളങ്കമേൽക്കാതെ സൂക്ഷിക്കാനും ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്. യാതൊരാവശ്യവുമില്ലാതെ കപ്പ കപ്പ കപ്പ പുഴുങ്ങുന്നവരെ തൊള്ളപൊളിച്ചു വിഴുങ്ങുന്ന മലയാളി പ്രേക്ഷകന് കൃത്യമായ ബോധ്യത്തോടെ തന്റെ സിനിമയെ സമീപിച്ചിട്ടുള്ള ബ്ലെസിക്കെതിരെ ചെറുവിരൽ ഉയർത്താനുള്ള ധാർമിക അവകാശമില്ല.

ശ്വേതയ്ക്ക് കൊടുത്ത ശബ്ദം വല്ലാതെ മുഷിപ്പിച്ചു. മാധ്യമപ്രവർത്തകരും സിനിമാക്കാരൊഴികെയുള്ള എല്ലാ മനുഷ്യരും സിനിമാക്കാരെ അന്യഗ്രഹജീവികളെപ്പോലെയാണ് സമീപിക്കുന്നത് എന്ന മട്ടിലുള്ള അവതരണവും വിരസമായി. ആദ്യപകുതിയിൽ ബോറടിപ്പിച്ചു. എല്ലാ പോരായ്മകളും മറന്നുപോകുന്ന രീതിയിൽ രണ്ടാം പകുതിയിൽ സിനിമ അനുഭവവേദ്യമായി. 

3 അഭിപ്രായങ്ങൾ:

  1. മാഷേ,വളരെക്കാലത്തിനു ശേഷം തമ്മിൽ ക്കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലയെന്നത് ദു:ഖം.താങ്കളുടെ ഹ്രസ്വസിനിമകൾ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.നേരിട്ടുവന്നാൽ അവ തരുമോ?ഫ്രോഗ് പ്രത്യേകിച്ച്.എല്ലാവിധ ആശംസകളും നേരുന്നു.സ്വന്തം ഹരി ചാരുത http://mydeadlines.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. നന്ദി പുസ്തകപ്പുഴു..
    ഹരി, കണ്ടത് വളരെ സന്തോഷം. തീർച്ചയായും സിനിമകൾ കാണാം. കാഴ്ചയുടെ മൂന്നു സിനിമകളും നാട്ടിൽ പ്രൊജക്ട് ചെയ്യാനുള്ള ഒരു പദ്ധതിയുണ്ട്( ഞാൻ കമന്റുകൾ കണ്ടില്ലായിരുന്നു. അതാണ് മറുപടി വൈകിയത്. ക്ഷമിക്കണം. )

    മറുപടിഇല്ലാതാക്കൂ